10000 പുതിയസംഘങ്ങളും രണ്ടു കമ്പനികളും സ്ഥാപിക്കാന്‍ ക്ഷീരവികസനപരിപാടി നവീകരിച്ചു
10,000 പുതിയ ക്ഷീര സഹകരണസംഘങ്ങളും രണ്ടു ക്ഷീരോല്‍പാദകക്കമ്പനികളും സ്ഥാപിക്കല്‍ അടക്കമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ദേശീയക്ഷീരവികസനപരിപാടി (എന്‍പിഡിഡി) നവീകരിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കു പ്രത്യേകപ്രാധാന്യം നല്‍കിക്കൊണ്ടാണു പദ്ധതികള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രക്യാബിനറ്റ് ഇത് അംഗീകരിച്ചു. കേന്ദ്രമേഖലാപദ്ധതിയാണ് എന്‍പിഡിഡി. 1000കോടിരൂപകൂടി ചെലവില്‍ ഇതു വിപുലമാക്കും. ഇതോടെ പതിനഞ്ചാംധനകാര്യകമ്മീഷന്‍കാലത്തു പരിപാടിയുടെ ബജറ്റ് 2790കോടിയുടെതായി ഉയരും.രണ്ടു ഘടകങ്ങളാണു പദ്ധതിയിലുള്ളത്. ഘടകം എ യില്‍ പാല്‍ശീതീകരണപ്ലാന്റുകള്‍പോലുള്ള അടിസ്ഥാനസൗകര്യങ്ങളുടെ വികസനം, പാല്‍ പരിശോധനാലബോറട്ടറികള്‍ കൂടുതല്‍ ആധുനികമാക്കല്‍, സര്‍ട്ടിഫിക്കേഷന്‍ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തല്‍ എന്നിവയാണുള്ളത്. പുതിയ ഗ്രാമീണ ക്ഷീരസഹകരണസംഘങ്ങളെ ശക്തിപ്പെടുത്തലും ഉള്‍പ്പെടുന്നു. ഇതിന്റെ ഭാഗമായി വടക്കുകിഴക്കന്‍ മേഖലയിലും മലമ്പ്രദേശങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ക്ഷിരസംഭരണ-സംസ്‌കരണപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. രണ്ടു ക്ഷീരോല്‍പാദകക്കമ്പനികള്‍ സ്ഥാപിക്കും. പിന്നാക്കപ്രദേശങ്ങളില്‍ വികസനത്തിനു പ്രത്യേകപരിഗണന നല്‍കും.
സഹകരണസ്ഥാപനങ്ങളിലൂടെ ക്ഷീരവികസനം അഥവാ ഡയറിയിങ് ത്രൂ കോഓപ്പറേറ്റീവ്‌സ് (ഡിടിസി) എന്നാണു ഘടകം ബി യുടെ പേര്‌്. ജപ്പാന്‍സര്‍ക്കാരുമായും ജപ്പാന്‍ അന്താരാഷ്ട്രസഹകരണഏജന്‍സിയുമായും (ജിക) സഹകരിച്ചു ക്ഷീരവികസനം നടപ്പാക്കാനുള്ളതാണിത്. ഇതിനുകരാറുകള്‍ ഒപ്പുവച്ചു. ആന്ധ്രാപ്രദേശ്, ബിഹാര്‍., മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍, തെലങ്കാന, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ ക്ഷീരസഹകരണസംഘങ്ങളുടെ സുസ്ഥിരവികസനം, ഉല്‍പാദന-സംസ്‌കരണ-വിപണനഅടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.എന്‍പിഡിഡിയുടെ നിലവിലുള്ള പദ്ധതികള്‍ 18.74 ലക്ഷം കര്‍ഷകര്‍ക്കു പ്രയോജനപ്പെട്ടു. 30,000 തൊഴിലുകള്‍ പ്രത്യക്ഷമായും പരോക്ഷമായും സൃഷ്ടിക്കപ്പെട്ടു. പ്രതിദിനം 100.95 ലക്ഷം ലിറ്റര്‍ പാല്‍ അധികം ഉല്‍പാദിപ്പിച്ചു. അത്യാധുനിക ക്ഷീരപരിശോധനാ-ഗുണനിലവാരസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. 51777 ഗ്രാമതല ക്ഷീരപരിശോധനലാബുകളും 5123 ബള്‍ക്ക് മില്‍ക്ക് കൂളറുകളും സ്ഥാപിക്കപ്പെട്ടു. ഇവയുടെ സംയോജിതശക്തി 123.33 ലക്ഷം ലിറ്ററാണ്. 169 ലാബുകള്‍ ഫൊറിയര്‍ ട്രാന്‍സ്‌ഫോം ഇന്‍ഫ്രാറെഡ് മില്‍ക്ക് അനലൈസറുകളോടെ നവീകരിച്ചു. 232 ഡയറിപ്ലാന്റുകളില്‍ മായംചേര്‍ക്കല്‍ കണ്ടുപിടിക്കാനുള്ള അത്യാധുനികസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി.
നവീകരിച്ച എന്‍പിഡിഡിയില്‍ 10,000 പുതിയ ക്ഷീരസഹകരണസംഘങ്ങളും രണ്ടു പാലുല്‍പാദകക്കമ്പനികളും സ്ഥാപിക്കും. പ്രത്യക്ഷമായും പരോക്ഷമായും 3.2ലക്ഷം തൊഴിലവസരങ്ങള്‍കൂടി ഉണ്ടാകും. ഈ മേഖലയില്‍ പണിയെടുക്കുന്നവരില്‍ 70 ശതമാനവും സ്‌ത്രീകളാണ്. രണ്ടാംധവളവിപ്ലവത്തോടു ചേര്‍ന്നുനിന്നുകൊണ്ടു ക്ഷീരമേഖലയില്‍ പുരോഗതി കൈവരിക്കാന്‍ സഹായിക്കുകയും പുതുതായി രൂപവല്‍കരിക്കപ്പെടുന്ന സഹകരണസംഘങ്ങളില്‍ പുതിയ സാങ്കേതകിവിദ്യ ഗുണനിലവാരപരിശോധനാലാബുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും.