സഹകരണസ്ഥാപനങ്ങളിലെ 174 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
സഹകരണസംഘങ്ങളിലെയും ബാങ്കുകളിലെയും 174 ഒഴിവുകളിലേക്ക് സഹകരണസര്‍വീസ് പരീക്ഷാബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. തപാലില്‍ സ്വീകരിക്കില്ല. സെക്രട്ടറിയുടെ ഒരൊഴിവും (കാറ്റഗറി നമ്പര്‍ (6/2025), അസിസ്റ്റന്റ് സെക്രട്ടറിയുടെ നാലൊഴിവും (കാറ്റഗറി നമ്പര്‍ 7/2025), ജൂനിയര്‍ ക്ലര്‍ക്ക്/കാഷ്യറിന്റെ (കാറ്റഗറി നമ്പര്‍ (8/2025) 160ഒഴിവും, സിസ്റ്റം അഡ്‌മിനിസ്‌ട്രേറ്ററുടെ രണ്ടൊഴിവും (കാറ്റഗറി നമ്പര്‍ 9/2025), ഡേറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ (കാറ്റഗറി നമ്പര്‍ 10/2025) ഏഴൊഴിവുമാണുള്ളത്.
പരീക്ഷാബോര്‍ഡിന്റെ ഒഎംആര്‍/ ഓണ്‍ലൈന്‍/പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണസ്ഥാപനങ്ങളുടെ അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ പരീക്ഷാബോര്‍ഡ് തയ്യാറാക്കുന്ന റാങ്കുലിസ്‌റ്റില്‍നിന്നാണു നിയമിക്കുക. അപേക്ഷകര്‍ പ്രൊഫൈലിലൂടെ www.cseb.kerala.gov.in എന്ന സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. ഇതിനായി നിലവില്‍ ഒറ്റത്തവണരജിസ്‌ട്രേഷന്‍ നടത്തിയിട്ടില്ലാത്തവര്‍ അതു നടത്തണം. വിജ്ഞാപനവും വിശദവിവരവും www.keralasceb.kerala.gov.inല്‍ കിട്ടും. ജൂനിയര്‍ക്ലര്‍ക്ക്/കാഷ്യര്‍ തസ്‌തികയില്‍ ഒഎംആര്‍ പരീക്ഷയും മറ്റുള്ളവയില്‍ ഓണ്‍ലൈന്‍ പരീക്ഷയുമായിരിക്കും. പ്രായപരിധി 18മുതല്‍ 40വരെ (1-1-25 അടിസ്ഥാനമാക്കി).പട്ടികജാതി-വര്‍ഗക്കാര്‍ക്കും സ്‌ത്രീകള്‍ക്കും അഞ്ചും, മറ്റുപിന്നാക്കക്കാര്‍ക്കും വിമുക്തഭടര്‍ക്കും ഇഡബ്ലിയുഎസ്‌കാര്‍ക്കും മൂന്നും, ഭിന്നശേഷിക്കാര്‍ക്ക് (40%ല്‍അധികം ഉള്ളവര്‍ക്ക്) പത്തുംവര്‍ഷം ഇളവുണ്ട്.