സഹകരണസര്‍വകലാശാല സ്റ്റാറ്റിയൂട്ട് ആയി; തലപ്പത്ത് സ്വന്തം ചാന്‍സലര്‍
ഗുജറാത്തിലെ ആനന്ദില്‍ ഗ്രാമീണസഹകരണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് (ഇര്‍മ) കേന്ദ്രമാക്കി സ്ഥാപിച്ച ത്രിഭുവന്‍ ദേശീയസഹകരണസര്‍വകലാശാലയുടെ സ്റ്റാറ്റിയൂട്ട് തയ്യാറായി. തലപ്പത്ത് സര്‍വകലാശാലയുടെതായ ചാന്‍സലര്‍ ഉണ്ടായിരിക്കും. സഹകരണത്തിലോ അക്കാദമിക രംഗത്തോ പൊതുഭരണത്തിലോ അതീവ പ്രാഗത്ഭ്യമുള്ള വ്യക്തിയായിരിക്കണം (പേഴ്‌സണ്‍ ഓഫ് എമിനന്‍സ്) ചാന്‍സലര്‍ എന്നു സ്റ്റാറ്റിയൂട്ട് വ്യക്തമാക്കുന്നു. കേന്ദ്രസഹകരണവകുപ്പു സെക്രട്ടറി ശുപാര്‍ശ ചെയ്യുന്ന മൂന്നംഗപാനലില്‍നിന്നു കേന്ദ്രസര്‍ക്കാരായിരിക്കും ചാന്‍സലറെ നിയമിക്കുക. പാനലിലുള്ള ആരെയും കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെങ്കില്‍ പുതിയ പാനല്‍ ക്ഷണിക്കും. ചാന്‍സലര്‍ക്കു പുനര്‍നിയമനത്തിന് അര്‍ഹതയുണ്ടായിരിക്കില്ല. ഏതെങ്കിലും കാര്യത്തില്‍ അടിയന്തരനടപടി എടുക്കേണ്ടിവന്നാല്‍ ഗവേണിങ് ബോര്‍ഡിന്റെ അധികാരം ഉപയോഗിച്ചു ചാന്‍സലര്‍ക്കു തീരുമാനമെടുക്കാം. എന്നാല്‍, ആ തീരുമാനം എത്രയും വേഗം ബോര്‍ഡിനെ അറിയിക്കണം.
വൈസ്‌ചാന്‍സലറെ തിരഞ്ഞെടുക്കാനായി രൂപവല്‍കരിക്കുന്ന സേര്‍ച്ച്-കം-സെലക്ട് കമ്മറ്റി നിര്‍ദേശിക്കുന്ന മൂന്നംഗപാനലില്‍നിന്നു കേന്ദ്രസര്‍ക്കാരാണു വൈസ് ചാന്‍സലറെ നിയമിക്കുക. പാനലില്‍ കേന്ദ്രം തൃപ്‌തമല്ലെങ്കില്‍ പുതിയ പാനല്‍ ചോദിക്കാം. വി.സി.ക്ക് ഒരുതവണ പുനര്‍നിയമനത്തിന് അര്‍ഹതയുണ്ടായിരിക്കും. വി.സി.സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്നവര്‍ 10കൊല്ലമെങ്കിലും സര്‍വീസുള്ളവരായിരിക്കണം. പ്രൊഫസര്‍മാരോ സഹകരണം അടക്കമുള്ള മേഖലകളില്‍ സീനിയര്‍ തല ഉദ്യോഗസ്ഥരോ ആകാം. വി.സി. സ്ഥാനത്ത് ഒഴിവുണ്ടായാല്‍ ചാന്‍സലര്‍ എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഏറ്റവും സീനിയറായ മൂന്നു ഡീന്‍മാരിലോ ഡയറക്ടര്‍മാരിലോ നിന്ന് ഒരാളെ, പുതിയ വി.സി. നിയമിക്കപ്പെടുംവരെ, ചുമതല വഹിക്കാന്‍ നിയോഗിക്കണം.മൂന്നുമാസംമുമ്പേ നോട്ടീസ് നല്‍കിയിട്ടേ വി.സി. രാജിവയ്‌ക്കാവൂ.രജിസ്‌ട്രാറുടെത് നേരിട്ടുള്ള നിയമനമോ ഡെപ്യൂട്ടേഷന്‍ നിയമനമോ ആകാം. ഫിനാന്‍സ്‌് ഓഫീസര്‍, എക്‌സിക്യൂട്ടീവ് കൗണ്‍സില്‍, ആനന്ദ് ഗ്രാമീണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് എന്നിവയും സ്‌റ്റാറ്റിയൂട്ടില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. ചാന്‍സലര്‍ അടക്കമുള്ളവരുടെ ചുമതലകള്‍, ശമ്പളം തുടങ്ങിയ കാര്യങ്ങള്‍ക്കു വ്യവസ്ഥയുണ്ട്.