സഹകരണസര്‍വകലാശാല: എംബ്ലത്തിനായി അന്താരാഷ്ട്രമല്‍സരം

Moonamvazhi

 

ഗുജറാത്തിലെ ആനന്ദ്‌ ഗ്രാമീണമാനേജ്‌മെന്റ്‌ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ (ഇര്‍മ) കേന്ദ്രമാക്കി സ്ഥാപിച്ച ത്രിഭുവന്‍ ദേശീയ സഹകരണസര്‍വകലാശാലയ്‌ക്ക്‌ എംബ്ലം രൂപകല്‍പന ചെയ്യാനായി അന്താരാഷ്ട്ര ലോഗോ ഡിസൈന്‍ മല്‍സരം നടത്തുന്നു. വിജയിക്ക്‌ അരലക്ഷംരൂപയും ഒന്നാംറണ്ണര്‍ അപ്പിന്‌ 30,000 രൂപയും രണ്ടാം റണ്ണര്‍ അപ്പിന്‌ 20,000 രൂപയും ലഭിക്കും. ഫൈനലിലെത്തുന്ന അഞ്ചുപേര്‍ക്ക്‌ അഭിനന്ദനപത്രവും. സര്‍വകലാശാലയുടെ സാമൂഹ്യമാധ്യമഹാന്റിലുകളില്‍ അവരെ ഫീച്ചര്‍ ചെയ്യുകയും ചെയ്യും. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയായിരിക്കും എല്ലാ വേദിയിലും സര്‍വകലാശാലയുടെ ഔദ്യോഗികദൃശ്യസ്വത്വം. എറ്റവും മികച്ച അഞ്ചു ഡിസൈനുകളുടെയും ബൗദ്ധികസ്വത്തവകാശം സര്‍വകലാശാലയ്‌ക്കായിരിക്കും. സര്‍വകലാശാലയുടെ കാഴ്‌ചപ്പാടും മൂല്യങ്ങളും പ്രതിഫലിക്കുന്ന ലോഗോകള്‍ ആണ്‌ അയക്കേണ്ടത്‌. ത്രിഭൂവന്‍ദാസ്‌ പട്ടേലിന്റെ പാരമ്പര്യം, സഹകരണവും കൂട്ടായ വളര്‍ച്ചയും, സുസ്ഥിരതയും നൂതനത്വവും, വിജ്ഞാനവും ശാക്തീകരണവും തുല്യതയും എന്നിവയാണു കാഴ്‌ചപ്പാടിലും മൂല്യത്തിലും വരുന്നത്‌. വിദ്യാര്‍ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും ഡിസൈന്‍ തല്‍പരര്‍ക്കും പൊതുജനങ്ങള്‍ക്കും (ഇന്ത്യന്‍ പൗരരല്ലാത്തവരടക്കം) പങ്കെടുക്കാം. ജൂണ്‍ 27നകം ഡിസൈനുകള്‍ സമര്‍പ്പിക്കണം. സബ്‌മിഷന്‍ ഫോര്‍മാറ്റിന്റെ വിവരങ്ങള്‍: *ഉയര്‍ന്ന റെസലൂഷനിലുള്ള ഒരു ജെപിഇജി/പിഎന്‍ജി ഇമേജ്‌, *വെക്ടര്‍ ഫോര്‍മാറ്റ്‌ (.ai/.svg/.esp) നിര്‍ബന്ധമാണ്‌, *ലോഗോ ഡിസൈനിനെക്കുറിച്ചും എങ്ങനെ ഈ ഡിസൈന്‍ ത്രിഭുവന്‍ സഹകാരി യൂണിവേഴ്‌സിറ്റിയെ ഏറ്റവും നന്നായി പ്രതിനിധാനം ചെയ്യുന്നുവെന്നും വിശദമാക്കുന്ന ചെറിയ സങ്കല്‍പനക്കുറിപ്പ്‌ (പരമാവധി 200 വാക്ക്‌). കളറിലും ബ്ലാക്ക്‌ ആന്റ്‌ വൈറ്റിലും നല്ല വ്യക്തതയുള്ള മിനിമല്‍ പാലറ്റ്‌ കളര്‍ സ്‌കീം അഭികാമ്യം. ലോഗോ മൗലികമായിരിക്കണം. പകര്‍പ്പവകാശലംഘനമോ ട്രേഡ്‌മാര്‍ക്ക്‌ ലംഘനമോ പാടില്ല. എന്‍ട്രികള്‍ ഇ-മെയിലിലാണു സമര്‍പ്പിക്കേണ്ടത്‌. [email protected].in എന്നതാണ്‌ എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ട ഇ-മെയില്‍ വിലാസം. സബ്‌ജക്ട്‌ ലൈനില്‍ TSU Logo Design Submission എന്നു ടൈപ്പ്‌ ചെയ്‌തശേഷം ഡാഷ്‌ ഇട്ട്‌ അയക്കുന്നയാളിന്റെ പേര്‌ ടൈപ്പ്‌ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ https://irma.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

Moonamvazhi

Authorize Writer

Moonamvazhi has 433 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!