സഹകരണ ഇന്‍സ്‌പെക്ഷന്‍ ആപ്പ് പ്രവൃത്തിപഥത്തിലേക്ക്; മന്ത്രി വി.എന്‍. വാസവന്‍ പുറത്തിറക്കും
സഹകരണ ഇന്‍സ്‌പെക്ഷന് ഇന്ത്യയില്‍ ആദ്യമായി ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള ആപ്പ് ഫെബ്രുവരി ഏഴിനു സഹകരണമന്ത്രി വിഎന്‍. വാസവന്‍ ഉദ്‌ഘാടനം ചെയ്യും. സിമ (കോഓപ്പറേറ്റീവ് ഇന്‍സ്‌പെക്ഷന്‍ മാനേജ്‌മെന്റ് ആപ്ലിക്കേഷന്‍) ആപ്പ് ആണു പുറത്തിറക്കുന്നത്. സിമ മൊബൈല്‍ ആപ്പ്, സിമ വെബ് ആപ്പ്, സിമ ലൈറ്റ് മൊബൈല്‍ ആപ്പ് എന്നിവ അടങ്ങുന്നതാണിത്. സഹകരണ സ്ഥാപനമായ ദിനേശ് ഐടി സിസ്റ്റംസ് ആണ് ഇതു വികസിപ്പിച്ചത്. ദിനേശ് ഐടി സിസ്റ്റംസിന്റെ ചീഫ് ടെക്‌നോളജി ഓഫീസര്‍ ടോമി ജോണ്‍സിന്റെ നേതൃത്വത്തിലുള്ള വിദഗ്‌ധസംഘമാണ് ആപ്പ് വികസിപ്പിച്ചെടുത്തത്.
പതിനായിരത്തിലധികം സഹകരണസംഘങ്ങളില്‍ പരിശോധന നടത്താന്‍ 275 ഇന്‍സ്‌പെക്ടര്‍മാര്‍ മാത്രമുള്ളതുകൊണ്ടുള്ള കാലതാമസം ഇതു പരിഹരിക്കും. പരിശോധന നടക്കുമ്പോള്‍ മേലുദ്യോഗസ്ഥര്‍ക്ക് സ്ഥാപനത്തിലെത്താതെ ഓണ്‍ലൈനില്‍ അതു നിരീക്ഷിക്കാം, ഇന്‍സ്‌പെക്ഷന്‍ നോട്ടും റിപ്പോര്‍ട്ടും നോട്ടീസും എഴുതിത്തയ്യാറാക്കുന്നത് ഒഴിവാക്കാം, അസിസ്‌റ്റന്റ് രജിസ്‌ട്രാര്‍ അംഗീകരിക്കുന്ന റിപ്പോര്‍ട്ട് തല്‍സമയം ഇ-മെയിലിലും എസ്‌എംഎസ്സിലും മൊബൈല്‍ ആപ്ലിക്കേഷനിലും സംഘങ്ങള്‍ക്കും പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും ഭരണസമിതിയംഗങ്ങള്‍ക്കും അയക്കാം, തല്‍സമയം പ്രശ്‌നം കണ്ടെത്തി പരിഹരിക്കാം എന്നിവയാണു ഗുണങ്ങള്‍.
സംഘങ്ങളെക്കുറിച്ചുള്ള അടിസ്ഥാനവിവരം സഹകരണവകുപ്പ് ഇതില്‍ ചേര്‍ത്തിട്ടുണ്ട്, ഇത് ഉപയോഗിക്കാന്‍ ഇന്‍സ്‌പെക്ടര്‍മാരെ പരിശീലിപ്പിച്ചിരുന്നു. ഇവര്‍ പരിശോധനാസമയത്തു സംഘം സെക്രട്ടറിമാരില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ച് ആപ്പില്‍ നല്‍കും. ഒപ്പം രേഖകള്‍ പരിശോധിക്കുകയും ചെയ്യും. സംസ്ഥാനത്താകെ ഒരേസമയം ആപ്പ് ഉപയോഗി്‌ക്കുമ്പോഴുള്ള പ്രവര്‍ത്തനശേഷിയും പരീക്ഷിച്ചിരുന്നു. സംഘങ്ങളുടെ ആസ്ഥാനഓഫീസുകള്‍ 70ചോദ്യങ്ങള്‍ക്കാണ് ആപ്പിലൂടെ മറുപടി നല്‍കേണ്ടത് ശാഖകളില്‍ അത്രയും ചോദ്യങ്ങളില്ല. വായ്‌പ, നാള്‍വഴി, കിട്ടാക്കടം, കരുതല്‍ധനം, ഭരണസമിതിയംഗങ്ങളുമായി ബന്ധപ്പെട്ട കുടുശ്ശിക, രജിസ്റ്ററുകള്‍ തുടങ്ങിയവ സംബന്ധിച്ചാണു ചോദ്യങ്ങള്‍. അനുബന്ധചോദ്യങ്ങളുമുണ്ട്. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംഘങ്ങളെ തരംതിരിക്കും. അതീവഗൗരമുള്ളയിടങ്ങള്‍ ഉടന്‍ പരിശോധിക്കും. ഉത്തരങ്ങളുടെ അടിസ്ഥാനത്തില്‍ എടുക്കേണ്ട നടപടികളും ആപ്പില്‍ ലഭിക്കും.
സഹകരണഇന്‍സ്‌പെക്ടര്‍മാര്‍ സംഘങ്ങളില്‍ ആപ്പ് വഴി നടത്തിയ പരീക്ഷണം വിജയമായിരുന്നു. മൊബൈല്‍ആപ്പിലൂടെയുള്ള വിവരശേഖരണത്തില്‍ കാര്യങ്ങള്‍ മറച്ചുവയ്‌ക്കാനാവില്ല. ആപ്പുമായാണ് ഇന്‍സ്‌പെക്ടര്‍മാര്‍ പരിശോധനക്കുവരിക. എന്നിട്ടു ചോദ്യങ്ങള്‍ക്കു സെക്രട്ടറി കൊടുക്കുന്ന മറുപടികള്‍ രേഖപ്പെടുത്തും. ഇവ അസിസ്റ്റന്റ് രജിസ്‌ട്രാര്‍മുതല്‍ സഹകരണരജിസ്‌ട്രാര്‍വരെയുള്ളവര്‍ക്കു പരിശോധിക്കാം. ഫെബ്രുവരി ഏഴിനു രണ്ടുമണിക്ക് തിരുവനന്തപുരം ജവഹര്‍ സഹകരണഭവന്‍ ഓഡിറ്റോറിയത്തില്‍ അംഗസമാശ്വാസനിധിയുടെയും സഹകാരിസാന്ത്വനം പദ്ധതിയുടെയും ധനസഹായവിതരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനച്ചടങ്ങില്‍വച്ചാണു സഹകരണമന്ത്രി വിഎന്‍. വാസവന്‍ സിമ ആപ്പ് പ്രവര്‍ത്തനരംഗത്തിറക്കുന്നത്.