സഹകരണ മേഖല ആധുനികീകരണപാതയിൽ :രജിസ്ട്രാര്‍
കേരളത്തിലെ സഹകരണ പ്രസ്ഥാനം വഴിത്തിരിവിലാണെന്നും നവീനാശയങ്ങള്‍ ഉള്‍ക്കൊണ്ട് അത് ആധുനികവല്‍ക്കരിക്കപ്പെടുകയാണെന്നും സഹകരണസംഘം രജിസ്ട്രാര്‍ ഡോ ഡി.സജിത് ബാബു പറഞ്ഞു. കണ്ണൂര്‍ ഐ സി എമ്മിൽ സഹകരണ വകുപ്പ് സെയില്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ പ്രസ്ഥാനത്തിന്റെ ആനുകൂല്യം പറ്റാത്ത ഒരു മേഖലയും കേരളത്തില്‍ ഇല്ല.സഹകരണ മേഖലക്ക് സംഭവിക്കുന്ന ദോഷം കേരളത്തിലെ ജനങ്ങളെ ഒന്നടങ്കം ബാധിക്കും. അതുകൊണ്ടാണ് നവീനപാതയിലൂടെ സഹകരണ മേഖലയെ കൊണ്ടുപോകുന്നത്. സഹകരണ മേഖല തകര്‍ന്നാല്‍ കേരളം തകരും. അത് അനുവദിച്ചു കൂടാ. സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥന്മാര്‍ക്കും സഹകരണ രംഗത്തെ വിവിധ ജീവനക്കാര്‍ക്കും ഭരണസമിതി അംഗങ്ങള്‍ക്കും പരിശീലനം നല്‍കുന്ന പദ്ധതി ആരംഭിച്ചിരിക്കുകയാണ്. ഈ പരിശീലന പരിപാടിയിലൂടെ സഹകരണ മേഖലയുമായി ബന്ധപ്പെട്ട മുഴുവന്‍ ആളുകള്‍ക്കും ശരിയായ ദിശാബോധം നല്‍കുവാന്‍ സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കണ്ണൂര്‍ ഐ സി എം ഡയറക്ടര്‍ ഡോ. ഏ.കെ. സക്കീര്‍ ഹുസൈന്‍ അധ്യക്ഷനായിരുന്നു. ഐസിഎം ഫാക്കല്‍ട്ടികളായ എ. ഈശ്വര മൂര്‍ത്തി, സി.വി. വിനോദ്കുമാര്‍, ഐ.അഭിലാഷ്, രഞ്ജിത്ത് പി നായര്‍, വി.പി. നിജിത് കമല്‍ എന്നിവര്‍ സംസാരിച്ചു.