അക്ഷരമ്യൂസിയത്തിനു 15കോടി
സഹകരണവകുപ്പിന്റെയും സാഹിത്യപ്രവര്‍ത്തകസഹകരണസംഘത്തിന്റെയും സംരംഭമായ കോട്ടയത്തെ അക്ഷരമ്യൂസിയത്തിന്റെ രണ്ട്, മൂന്ന്, നാല് ഘട്ടങ്ങള്‍ക്കായി 15കോടിയോളം രൂപയുടെ ഭരണാനുമതിയായി. ഏഷ്യയിലെ ആദ്യഅക്ഷരമ്യൂസിയമാണിത്. 14.98 കോടിയുടെ ഭരണാനുമതിയാണു ലഭിച്ചിട്ടുള്ളത്. ഒന്നാംഘട്ടം പൂര്‍ത്തിയായി 2024 നവംബര്‍ 26നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്‌തിരുന്നു. ഇന്ത്യയിലെയും ലോകത്തെയും ഭാഷകളുടെയും ലിപികളുടെയും പരിണാചരിത്രം, മലയാള കവിതാസാഹിത്യചരിത്രം, ഗദ്യസാഹിത്യചരിത്രം, വൈജ്ഞാനികസാഹിത്യം എന്നിവയടങ്ങുന്ന വിപുലമായ ഗ്യാലറികള്‍ അടുത്ത ഘട്ടത്തിന്റെ ഭാഗമാണ്. ഗ്യാലറികളോടൊപ്പം ആക്ടിവിറ്റി കോര്‍ണറുകള്‍, ഡിജിറ്റലൈസേഷന്‍ ലാബ്, ഓഡിയോ-വീഡിയോ സ്‌റ്റുഡിയോ, വിപുലമായ പുരാരേഖാ-പുരാവസ്‌തുകശേഖരങ്ങള്‍, കണ്‍സര്‍വേഷന്‍ യൂണിറ്റ്, പുസ്‌തകങ്ങളുടെ ആദ്യപതിപ്പുകളുടെ ശേഖരം, ലൈബ്രറി കോംപ്ലക്‌സ്, വിശാലമായ പാര്‍ക്കിങ് സൗകര്യം എന്നിവയും വികസനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോകഭാഷാലിപികള്‍, മലയാള കാവ്യപാരമ്പര്യം, മലയാളഗദ്യസാഹിത്യം, വൈജ്ഞാനികസാഹിത്യം, ലൈബ്രറി, സംവേദാല്‍മകമായ ക്ലാസ്‌മുറികള്‍ എന്നിവയും ഉണ്ടാകും. എപ്പിഗ്രാഫി, മ്യൂസിയോളജി, ആര്‍ക്കൈവിങ്, കണ്‍സര്‍വേഷന്‍, അച്ചടിസാങ്കേതികവിദ്യ എന്നിവയില്‍ ഹ്രസ്വകാലപഠന-പരിശീലനങ്ങല്‍ ഏര്‍പ്പെടുത്താനും പരിപാടിയുണ്ട്.