ആധാര്‍ പേമെന്റ്‌: എ.ടി.ഒ.മാരുടെ ഡ്യൂഡിലിജന്‍സ്‌ ഉറപ്പാക്കണം-ആര്‍ബിഐ

Moonamvazhi

എ.ടി.ഒ.മാരെ വെക്കുംമുമ്പു ബാങ്കുകള്‍ 2016ലെ കെവൈസി സംബന്ധിച്ച ബൃഹദ്‌നിര്‍ദേശങ്ങളിലെ വിവേകോചിതനടപടികള്‍ (ഡ്യൂ ഡിലിജന്‍സ്‌) അവരുടെ കാര്യത്തില്‍ ഉറപ്പാക്കിയിരിക്കണമെന്നു റിസര്‍വ്‌ ബാങ്ക്‌ വ്യക്തമാക്കി. എന്നാല്‍ ബിസിനസ്‌ കറസ്‌പോണ്ടന്റ്‌ എന്ന നിലയിലോ സബ്‌ ഏജന്റ്‌ എന്ന നിലയിലോ ഡ്യൂഡിലിജന്‍സ്‌ ഉറപ്പാക്കപ്പെട്ടവരുടെ കാര്യത്തില്‍ അതുതന്നെ മതിയാകും. ആധാര്‍ അധിഷ്‌ഠിത പേമെന്റ്‌ സംവിധാനത്തിന്റെ (എഇപിഎസ്‌) ടച്ച്‌പോയിന്റ്‌ ഓപ്പറേറ്റര്‍മാരാണ്‌ എ.ടി.ഒ.മാര്‍. എഇപിഎസിന്റെ ഡ്യൂഡിലിജന്‍സ്‌ സംബന്ധിച്ചു കഴിഞ്ഞവര്‍ഷം ജൂലൈ 31 റിസര്‍വ്‌ ബാങ്ക്‌ കരടു പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ എ.ടി.ഒ.മാരെപ്പറ്റി പറയുന്നുണ്ട്‌. അതില്‍ ലഭിച്ച അഭിപ്രായനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ്‌ ഇപ്പോള്‍ അന്തിമാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളത്‌. ഇവ 2026 ജനുവരി ഒന്നിനു പ്രാബല്യത്തില്‍ വരും. എ.ടി.ഒ.മാരുടെ കാര്യത്തില്‍ പാലിക്കേണ്ട ഡ്യൂഡിലിജന്‍സ്‌ മാനദണ്ഡങ്ങളും അവരുടെ പ്രവര്‍ത്തനങ്ങളില്‍ പാലിക്കേണ്ട റിസ്‌ക്‌ നിയന്ത്രണകാര്യങ്ങളുമാണു പുതിയ മാര്‍ഗനിര്‍ദേശങ്ങളിലുള്ളത്‌. വ്യക്തിവിവരങ്ങളുടെ മോഷണവും ഉപഭോക്താക്കളുടെ വിവരങ്ങളുടെ രഹസ്യസ്വഭാവത്തിന്റെ ലംഘനവും പല എഇപിഎസുകളിലൂടെയും നടന്നതിന്റെ പശ്ചാത്തലത്തിലാണു നിര്‍ദേശങ്ങള്‍.

എല്ലാ എ.ടി.ഒ.മാരുടെ കാര്യത്തിലും ഇതു നടപ്പാക്കണം. എഇപിഎസില്‍ അധാര്‍ നമ്പരിലൂടെയുള്ളതും ബയോമെട്രിക്‌സ്‌ അഥവാ ഒടിപി വഴി ആളെ ബോധ്യപ്പെട്ടുള്ളതുമായ പണം പിന്‍വലിക്കലും നിക്ഷേപിക്കലും ഫണ്ടു കൈമാറ്റവും സാമ്പത്തികേതരസേവനങ്ങളും (മിനി സ്റ്റേറ്റ്‌മെന്റും ബാലന്‍സ്‌ അറിയലും ഒക്കെ) ഉള്‍പ്പെടുന്നു. മൊബൈല്‍ ഫോണിലൂടെയും സ്ഥാപിക്കപ്പെട്ട പോയിന്റുകളിലൂടെയും ഇത്തരം ഇടപാടുകള്‍ നടത്താന്‍ ബാങ്കുകള്‍ വിന്യസിക്കുന്ന ടെര്‍മിനലുകളാണ്‌ എഇപിഎസ്‌ ടച്ച്‌ പോയിന്റുകള്‍. ഇതു പ്രവര്‍ത്തിപ്പിക്കുന്നവരാണ്‌ എഇപിഎസ്‌ ടച്ച്‌ പോയിന്റ്‌ ഓപ്പറേറ്റര്‍മാര്‍ അഥവാ എ.ടി.ഒ.മാര്‍. വ്യക്തികളുടെ ഡ്യൂ ഡിലിജന്‍സ്‌ സംബന്ധിച്ചു 2016ലെ കെവൈസി ബൃഹദ്‌നിര്‍ദേശങ്ങളില്‍ നിഷ്‌കര്‍ഷിക്കുന്ന പ്രക്രിയ തന്നെയാണ്‌ എ.ടി.ഒ.മാരുടെ കാര്യത്തിലും ബാങ്കുകള്‍ ചെയ്യേണ്ടത്‌. കൃത്യമായ ഇടവേളകളില്‍ ബാങ്ക്‌ എ.ടി.ഒ.മാരുടെ കെവൈസി അപ്‌ഡേറ്റ്‌ ചെയ്യണം. ഏതെങ്കിലും എ.ടി.ഒ. മൂന്നുമാസം തുടര്‍ച്ചയായി സാമ്പത്തികമോ സാമ്പത്തികേതരമോ ആയ ഇടപാടൊന്നും ഉപഭോക്താവിനായി നടത്താതെ നിഷ്‌ക്രിയമായിട്ടുണ്ടെങ്കില്‍, ആ എ.ടി.ഒ.യെ തുടര്‍ന്ന്‌ ഇടപാടുകള്‍ക്കു പ്രാപ്‌തമാക്കുംമുമ്പ്‌ ബാങ്ക്‌ അയാളുടെ കെവൈസി എടുത്തിരിക്കണം.

ബാങ്കുകള്‍ എ.ടി.ഒ.മാരുടെ പ്രവര്‍ത്തനങ്ങള്‍ ഇടപാടുനിരീക്ഷണസംവിധാനങ്ങള്‍വഴി നിരന്തരം നിരീക്ഷിക്കണം. അവരുടെ ബിസിനസ്‌ റിസ്‌ക്‌ പ്രൊഫൈലിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനമാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുകയും വേണം. എ.ടി.ഒ.യുടെ സ്ഥലവും തരവും ഇടപാടുകളുടെ ആഴവും വ്യാപ്‌തിയുമൊക്കെ ക്രമക്കേടുസാധ്യതാനിയന്ത്രണസംവിധാനത്തിന്റെ ഭാഗമാക്കണം. പുതിയ തട്ടിപ്പുപ്രവണതകള്‍ നോക്കി എ.ടി.ഒ.മാരുടെ പ്രവര്‍ത്തനമാനദണ്ഡങ്ങള്‍ കൃത്യമായ ഇടവേളകളില്‍ പുനര്‍വിലയിരുത്തണം. സിസ്റ്റത്തിലും മതിയായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. എപിഐ പോലുള്ള സാങ്കേതികവിദ്യകള്‍ ഘടിപ്പിക്കുമ്പോള്‍ അവ എഇപിഎസ്‌ പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കുന്നതിനുവേണ്ടി മാത്രമാണ്‌ ഉപയോഗിക്കപ്പെടുന്നതെന്നു ബാങ്കുകള്‍ ഉറപ്പുവരുത്തണമെന്നും നിര്‍ദേശങ്ങളിലുണ്ട്‌.

 

 

Moonamvazhi

Authorize Writer

Moonamvazhi has 453 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!