എങ്ങുമെത്താതെ കോഓപ്മാര്‍ട്ട്; ഫണ്ട് ചെലവഴിക്കാനുള്ള സമയം സര്‍ക്കാര്‍ നീട്ടി

moonamvazhi

സഹകരണ മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്ന പ്രതീക്ഷിച്ച കോഓപ് മാര്‍ട്ട് പദ്ധതി എങ്ങുമെത്താതെ ഇഴയുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച പദ്ധതിയാണിത്. ഇതിനുള്ള സോഫ്റ്റ് വെയര്‍, വെബ്ബ് ആപ്ലിക്കേഷന്‍ എന്നിവ ഒരുക്കുന്നതിന് രണ്ടുവര്‍ഷം മുമ്പ് സര്‍ക്കാര്‍ 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതും ചെലവഴിക്കാന്‍ കഴിഞ്ഞിട്ടില്ല. സര്‍ക്കാര്‍ ഫണ്ട് നഷ്ടമാകാതിരിക്കാന്‍ സപ്തംബര്‍ 22ന് സഹകരണ സംഘം രജിസ്ട്രാര്‍ പുതുക്കിയ പ്രപ്പോസല്‍ സര്‍ക്കാരിന് നല്‍കി. ഇതനുസരിച്ച് നേരത്തെ പ്രഖ്യാപിച്ച സഹായം 2022-23 സാമ്പത്തിക വര്‍ഷത്തില്‍ അനുവദിക്കുന്നതിന് ഭരണാനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി.

സഹകരണ സംഘങ്ങളുടെ ഉള്‍പന്നങ്ങള്‍ക്ക് ഏകീകൃത ബ്രാന്‍ഡിങ്ങും വിപണന കേന്ദ്രവും ഒരുക്കുന്നതായിരുന്നു സഹകരണ വകുപ്പിന്റെ പദ്ധതി. ബ്രാന്‍ഡിങ് ആന്‍ഡ് മാര്‍ക്കറ്റിങ് ഓഫ് കോഓപ്പറേറ്റീവ് പ്രൊഡക്ട് എന്നതായിരുന്നു പദ്ധതി. സഹകരണ സംഘങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് കോഓപ് കേരള ബ്രാന്‍ഡിങ്ങും, കോഓപ് മാര്‍ട്ട് എന്ന പേരില്‍ വിപണ കേന്ദ്രങ്ങളുമാണ് ഇതിന്റെ ഭാഗമായിട്ടുള്ളത്. ഒരു ജില്ലയില്‍ ഒന്ന് എന്ന രീതിയില്‍ കോഓപ് മാര്‍ട്ടുകള്‍ തുടങ്ങി. ഇവിടെങ്ങളില്‍ സാധനങ്ങള്‍ എങ്ങനെ എത്തിക്കുമെന്ന ആശയക്കുഴപ്പമായിരുന്നു കുറെക്കാലം ഉണ്ടായിരുന്നത്. അതിന് ശേഷം കോഴിക്കോട് ആസ്ഥാനമായ മാര്‍ക്കറ്റിങ് സഹകരണ സംഘം എന്‍.എം.ഡി.സി.ക്ക് വിതരണ ചുമതല നല്‍കി. കോഓപ് മാര്‍ട്ട് പദ്ധതിക്ക് ‘വിഷന്‍ രേഖ’ തയ്യാറാക്കിയാണ് എന്‍.എം.ഡി.സി. പദ്ധതി ഏറ്റെടുത്തത്.

‘കോഓപ് മാര്‍ട്ട് സഹകരണ വിപണിയുടെ ഉദയം’ എന്നപേരില്‍ ഇറക്കിയ പദ്ധതിയുടെ ‘വിഷന്‍ രേഖ’ കടലാസില്‍ മാത്രം ഒതുങ്ങി. 14 കോഓപ് മാര്‍ട്ടുകളിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നുവെന്നത് മാത്രമാണ് ഇപ്പോള്‍ എന്‍.എം.ഡി.സി.യുടെ റോള്‍. പ്രാഥമിക സഹകരണ ബാങ്കുകളുടെ സാമ്പത്തിക പങ്കാളിത്തതോടെ ഉല്‍പാദനയൂണിറ്റുകള്‍, വിപണി സാധ്യത നോക്കി ഉല്‍പന്ന നിര്‍മ്മാണ യൂണിറ്റുകള്‍ തുടങ്ങാന്‍ എന്‍.എം.ഡി.സി.യുടെ സഹായ കേന്ദ്രം, കേന്ദ്ര-സംസ്ഥാന സ്‌കീമുകളുടെ സാമ്പത്തിക സഹായം ലഭിക്കാന്‍ കണ്‍സള്‍ട്ടേഷന്‍ സെന്റര്‍, പ്രൊജക്ട് തയ്യാറാക്കല്‍. ഇങ്ങനെ സഹകരണ സംഘങ്ങളെ മൊത്തം പങ്കാളികളാക്കി പ്രാദേശിക വികസന പദ്ധതിയാണ് എന്‍.എം.ഡി.സി. പുറത്തിറക്കിയ വിഷന്‍ രേഖയിലുള്ളത്. ഇത് ഒന്നും പോലും നടപ്പാക്കാന്‍ എന്‍.എം.ഡി.സി.ക്കും സഹകരണ വകുപ്പിനും കഴിഞ്ഞില്ല. ഓണത്തിന് കോഓപ്മാര്‍ട്ട് മേളകള്‍ നടത്താന്‍ തീരുമാനിച്ചെങ്കിലും അതും നടന്നില്ല. സഹകരണ സംഘങ്ങള്‍ സ്വന്തം നിലയില്‍ സംഘടിപ്പിക്കുന്ന പതിവ് മേളകളാണ് നടന്നതെല്ലാം.

ഓരോ പഞ്ചായത്തിലും ഒരു കോഓപ് മാര്‍ട്ട് എന്നതാണ് ഒന്നാം പിണറായി സര്‍ക്കാര്‍ മുന്നോട്ടുവെച്ച ആശയം. ആദ്യഘട്ടത്തില്‍ 650 എണ്ണം തുടങ്ങാന്‍ തീരുമാനിച്ചിരുന്നു. ഇതാണ് രണ്ടുവര്‍ഷത്തിന് ശേഷവും 14 എണ്ണമായി നില്‍ക്കുന്നത്. സംസ്ഥാനത്തെ സഹകരണ സംഘങ്ങളില്‍നിന്ന് അവരുടെ ഉല്‍പന്നങ്ങള്‍ ശേഖരിച്ച് ഇവിടേക്ക് വിതരണം ചെയ്യുന്നതിന്റെ ചെലവ് വളരെ കൂടുതലാണ്. വിതരണ ചെലവ് കുറക്കുന്ന വിധം കോഓപ് മാര്‍ട്ടുകള്‍ സ്ഥാപിക്കാത്തതാണ് ഇതിന് കാരണം. ആരാണ് കോഓപ് മാര്‍ട്ടിന്റെ നിര്‍വഹണ ചുമതല എന്നതിന് ഇപ്പോഴും കൃത്യമായ ഉത്തരമില്ല. മൂന്ന് സഹകരണ സംഘം രജിസ്ട്രാര്‍മാരാണ് ഈ പദ്ധതിക്കാലത്ത് മാറിയത്. ഇതെല്ലാം പദ്ധതിയുടെ നിര്‍വഹണം വൈകിപ്പിക്കാന്‍ കാരണമായി.

സ്വകാര്യ വ്യാപാരികള്‍ ഒത്തുചേര്‍ന്ന് പ്രാദേശികാടിസ്ഥാനത്തില്‍ ഇ-കൊമേഴ്‌സ് സംവിധാനം തുടങ്ങി. വാണിജ്യ വകുപ്പും കൃഷിവകുപ്പും ഇതിന്റെ പ്രവര്‍ത്തനത്തിലാണ്. ദേശീയ അടിസ്ഥാനത്തില്‍ പുതിയ ഇ-കൊമേഴ്‌സ് പ്ലാറ്റ് ഫോം വരുന്നുണ്ട്. ഈ ഘട്ടത്തിലാണ് നേരത്തെ പ്രഖ്യാപിക്കുകയും, നടപ്പാക്കാനുള്ള ആസൂത്രണം നടത്തുകയും ചെയ്ത രാജ്യത്തിന് മാതൃകയാവേണ്ട സഹകരണ ഇ-കൊമേഴ്‌സ് പദ്ധതി കേരളത്തില്‍ ലക്ഷ്യബോധമില്ലാതെ രണ്ടുവര്‍ഷമായി ശൂന്യതയില്‍ നില്‍ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News