കോഴിക്കോട്ടെ കയര്‍ സംഘങ്ങള്‍ ഹൈടെക്കിലേക്ക്

[mbzauthor]

‘- സ്റ്റാഫ് പ്രതിനിധി

(2021 ജൂണ്‍ ലക്കം)

പുഴയോര ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് ഒരു കാലത്തു കോഴിക്കോട് ജില്ലയില്‍ ഒട്ടേറെ കയര്‍ സഹകരണ സംഘങ്ങള്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. പച്ചത്തൊണ്ടിന്റെ ക്ഷാമവും തൊഴിലാളികളെ കിട്ടാനില്ലാത്ത അവസ്ഥയും കാരണം ഈ സംഘങ്ങളില്‍
കുറെയെണ്ണം പില്‍ക്കാലത്തു പൂട്ടിപ്പോയി. ചിലതിന്റെ പ്രവര്‍ത്തനം മന്ദീഭവിച്ചു. ഈയടുത്ത കാലത്തു ആധുനിക യന്ത്ര സംവിധാനങ്ങളുമായി കയര്‍ മേഖല പുനരുദ്ധരിക്കപ്പെട്ടതോടെ കയര്‍ സംഘങ്ങളെല്ലാം സജീവമായിട്ടുണ്ട്.

ആധുനികീകരണം ഘട്ടം ഘട്ടമായി നടപ്പാക്കുകയാണു കോഴിക്കോട് ജില്ലയിലെ കയര്‍ സഹകരണ സംഘങ്ങള്‍. കൈകൊണ്ട് ചൂടി പിരിക്കുന്നതില്‍ നിന്നു മാറ്റം വന്നുകഴിഞ്ഞു. റാട്ടില്‍ തുടങ്ങിയ യന്ത്ര സംവിധാനം ഇപ്പോള്‍ എത്തിനില്‍ക്കുന്നതു ഓട്ടോമാറ്റിക് സ്പിന്നിങ് മെഷിനിലാണ്.

യന്ത്രവല്‍ക്കരണത്തിലൂടെ ഉല്‍പ്പാദനം വര്‍ധിപ്പിച്ച് കയര്‍ മേഖലയുടെ പ്രൗഢിയും യശസ്സും ഉയര്‍ത്തിയെടുക്കാനുളള പ്രവര്‍ത്തനങ്ങള്‍ മിക്കവാറും സംഘങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ആധുനികീകരണം ഘട്ടങ്ങളായി കൊണ്ടുവരുമ്പോള്‍ ഈ മേഖലയില്‍ നൂറു കണക്കിനു തൊഴിലവസരങ്ങളാണ് ഉണ്ടാകാന്‍ പോകുന്നത്. പുഴയോരത്തു കുഴിയെടുത്ത് പച്ചത്തൊണ്ട് പൂഴ്ത്തി, ഒരു വര്‍ഷത്തിനു ശേഷം അതു പുറത്തെടുത്ത് , തൊണ്ട് തല്ലി ചകിരിയാക്കി മാറ്റുന്ന പരമ്പരാഗത രീതികളാകെ യന്ത്രവല്‍ക്കരണത്തോടെ മാറി മറിഞ്ഞു. യന്ത്ര സംവിധാനങ്ങള്‍ വന്നതോടെ ഉല്‍പ്പാദനം പതിന്മടങ്ങ് വര്‍ധിക്കുകയാണ്. എന്നാല്‍, അസംകൃത വസ്തുവായ പച്ചത്തൊണ്ട് വേണ്ടത്ര കിട്ടാനില്ലാത്തതു പ്രശ്‌നമാണ്. അതുപോലെ ഈ മേഖലയില്‍ തൊഴിലാളികളും നാള്‍ക്കുനാള്‍ കുറഞ്ഞു വരികയാണ്. ചൂടിയുണ്ടാക്കാനാവശ്യമായ ചകിരിനാര് കിട്ടാത്തതും തൊഴിലാളികള്‍ മറ്റു തൊഴിലുകള്‍ തേടിപ്പോകുന്നതും കയര്‍ മേഖലയില്‍ കടുത്ത പ്രതിസന്ധി തീര്‍ക്കുന്നു.

സര്‍ക്കാര്‍ സബ്‌സിഡി കൊണ്ടുമാത്രം ഇനി അധിക നാള്‍ കയര്‍ സഹകരണ സംഘങ്ങള്‍ക്കു പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണുളളത്. ആധുനിക ഓട്ടോമാറ്റിക് സ്പിന്നിങ് മെഷിന്‍ (എ.എസ്.എം) ഉള്‍പ്പടെയുളള നൂതന സംവിധാനങ്ങള്‍ മിക്ക കയര്‍ സഹകരണ സംഘങ്ങളിലും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചകിരിനാര് വേണ്ടത്ര കിട്ടാത്തതു സംഘങ്ങളാകെ നേരിടുന്ന പ്രശ്നമാണ്. കയര്‍ഫെഡാണു ചകിരിനാര് ഓരോ സംഘത്തിനും നല്‍കുന്നത്. പച്ചത്തൊണ്ട് സംഭരണം ഒരിടത്തും കാര്യക്ഷമമായി നടക്കുന്നില്ല. തമിഴ്നാട്ടിലെ വന്‍കിട കയര്‍ ഫാക്ടറികളിലേക്കും വളം നിര്‍മാണ ശാലകളിലേക്കും കൊണ്ടുപോകാന്‍ വേണ്ടി ഏജന്റുമാര്‍ നാട്ടിലുടനീളം സഞ്ചരിച്ചു പച്ചത്തൊണ്ട് ശേഖരിച്ചു കൊണ്ടുപോകുന്നുണ്ട്. ഇവരോടൊപ്പം മത്സരിക്കാന്‍ നാട്ടിലെ കയര്‍ സഹകരണ സംഘങ്ങള്‍ക്കാവുന്നില്ല. കാസര്‍ഗോഡു നിന്നു ചകിരിനാര് കൊണ്ടുവന്നാണു കോഴിക്കോട് ജില്ലയില്‍ ചൂടി പിരിക്കുന്നത്. ഇപ്പോള്‍ ചകിരി പൂഴ്ത്താനോ തൊണ്ട് തല്ലാനോ തൊഴിലാളികളാരുമില്ല. അതിനാല്‍ ചകിരിത്തുമ്പ് ഇറക്കുമതി ചെയ്യുകയേ നിവൃത്തിയുള്ളു.

കൊയിലാണ്ടി ചൂടിയുടെ പ്രതാപം

ഇപ്പോള്‍ കയര്‍ സൊസൈറ്റികള്‍ ആധുനിക യന്ത്രസംവിധാനങ്ങളുമായി പുനരുദ്ധരിക്കപ്പെട്ടതോടെ ഈ മേഖല ക്രമേണ അഭിവൃദ്ധിപ്പെട്ടു വരുന്നുണ്ട്. കോഴിക്കോട് അണേലയിലെ അരിക്കുളം കയര്‍ വ്യവസായ സഹകരണ സംഘത്തില്‍ 75 സ്ത്രീകള്‍ പണിയെടുക്കുന്നുണ്ടെന്നു പ്രസിഡന്റ് പി.പി. സുരേന്ദ്രന്‍ പറഞ്ഞു. കൊയിലാണ്ടിച്ചൂടിയുടെ പഴയകാല പ്രതാപം വീണ്ടെടുക്കാനുളള ശ്രമത്തിലാണു സംഘമിപ്പോള്‍. വൈക്കം, ബേപ്പൂര്‍ ഇനങ്ങളില്‍പ്പെട്ട ചകിരിയാണു ഇപ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. വൈദ്യുത റാട്ടയിലും കൈകൊണ്ട് പിരിച്ചുമാണു ചൂടിയുണ്ടാക്കുന്നത്. കൈകൊണ്ട് പിരിക്കുന്ന ചൂടിയാണു ബേപ്പൂര്‍ ചൂടി. ഒരു കിലോ ബേപ്പൂര്‍ ചൂടി പിരിച്ചാല്‍ തൊഴിലാളിക്ക് 50 രൂപ കിട്ടും. വൈക്കം ചൂടിയ്ക്കു 35 രൂപയാണു ് കിട്ടുക. മൂന്നു കിലോ മുതല്‍ ഏഴ് കിലോ വരെ ചൂടി പിരിക്കുന്ന തൊഴിലാളികളുണ്ട്. എന്നാല്‍, ആവശ്യത്തിനു ചകിരിനാര് ലഭിക്കാത്തതിനാല്‍ ഇവര്‍ക്കു സ്ഥിരമായി പണിയുണ്ടാവില്ല.


അണേല കയര്‍ സൊസൈറ്റി പ്രതിവര്‍ഷം 185 കിന്റലോളം ചൂടി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. 1977ലാണ് ഈ കയര്‍ സഹകരണ സംഘം ആരംഭിച്ചത്. അണേലയിലും മഞ്ഞളാട്ട് കുന്നിലുമായി ഒരു ഏക്രയോളം സ്ഥലം സൊസൈറ്റിയ്ക്കുണ്ട്. മഞ്ഞളാട്ട് കുന്നില്‍ പച്ചത്തൊണ്ട് അടിച്ച് ചകിരിയാക്കുന്ന യൂനിറ്റ് തുടങ്ങാനാണു ലക്ഷ്യമിടുന്നത്. സി.കെ. രൂപയാണു അണേല കയര്‍ സംഘം സെക്രട്ടറി.

65 കയര്‍ സംഘങ്ങള്‍

കോഴിക്കോട് ജില്ലയില്‍ 65 കയര്‍ സഹകരണ സംഘങ്ങളാണുള്ളത്. ഇവയില്‍ പതിനായിരത്തോളം തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണു കണക്ക്. കൂലിക്കുറവാണു ചകിരിത്തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രധാന പ്രശ്നം. റാട്ടയില്‍ ഒരു സ്ത്രീത്തൊഴിലാളി ഒരു ദിവസം ആറ് മുതല്‍ ഏഴ് കിലോ വരെ ചൂടിയാണു ശരാശരി പിരിക്കുക. ഒരു കിലോ ചൂടി പിരിച്ചാല്‍ 35 രൂപയാണു കൂലിയായി ലഭിക്കുക.പ്രതിദിനം 300 രൂപയോളമേ ഇവര്‍ക്കു വരുമാനമുളളു. മറ്റൊരു പണിയുമില്ലാതെ വരുമ്പോഴാണു സ്ത്രീകള്‍ ചൂടി പിരിക്കാനെത്തുക. തൊഴിലുറപ്പ് പണിയുണ്ടാകുമ്പോള്‍ ഇവര്‍ അതിനു പോകും. മുന്‍കാലങ്ങളില്‍ കൊയിലാണ്ടിച്ചൂടിയ്ക്കു വിപണിയില്‍ വലിയ ഡിമാന്റായിരുന്നു. അങ്ങാടിനിലവാരത്തില്‍പ്പോലും കൊയിലാണ്ടിച്ചൂടി എന്നാണു രേഖപ്പെടുത്തുക. അണേല, കുറുവങ്ങാട്. ചേലിയ, ഒളളൂര്, കുന്നത്തറ, കാപ്പാട്, കീഴരിയൂര്‍ എന്നിവിടങ്ങളിലെ കയര്‍ സൊസൈറ്റികള്‍ പിരിക്കുന്ന ചൂടിയാണ് കൊയിലാണ്ടിച്ചൂടിയായി അറിയപ്പെടുന്നത്.

ഇപ്പോള്‍ ആധുനിക യന്ത്ര സംവിധാനങ്ങള്‍ മിക്ക സഹകരണ സംഘങ്ങളിലും സ്ഥാപിക്കുന്നുണ്ട്. കുറുവങ്ങാട് കയര്‍ വ്യവസായ സഹകരണ സംഘത്തില്‍ പുതിയ യന്ത്രങ്ങള്‍ സ്ഥാപിച്ചതോടെ കയര്‍ ഉല്‍പ്പാദന രംഗത്തു പുതു ചലനങ്ങള്‍ ദൃശ്യമായിരിക്കുകയാണ്. ആലപ്പുഴയിലെ കേരള സ്‌റ്റേറ്റ് കയര്‍ മെഷിനറി മാനുഫാക്ച്ചറിങ്് കമ്പനിയില്‍ നിന്നു പത്തു ഓട്ടോമാറ്റിക് സ്പിന്നിങ്് മെഷീനാണ് കുറുവങ്ങാട് കയര്‍ സഹകരണ സംഘത്തില്‍ പുതുതായി കൊണ്ടുവന്നത്. ഈ യന്ത്രത്തിന്റെ സഹായത്തോടെ ചൂടിപിരിയില്‍ വലിയ കുതിച്ചു ചാട്ടമുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു സംഘം പ്രസിഡന്റ് കെ. സുകുമാരന്‍ പറഞ്ഞു. ചകിരിനാരിലെ കരട് കളഞ്ഞ് ഗുണമേ•യുളള നാരുണ്ടാക്കാന്‍ കഴിയുന്ന വില്ലോവിങ് മെഷിനും ഇവിടെ കൊണ്ടുവന്നിട്ടുണ്ട്. ഒരു മെഷീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഒരു തൊഴിലാളി മതി. പത്തു വനിതാ തൊഴിലാളികള്‍ക്കു ഒരേ സമയം പത്തു യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. ജോലിസമയം രണ്ട് ഷിഫ്റ്റാകമ്പോള്‍ ഇരുപതു തൊഴിലാളികള്‍ക്കു ജോലി ലഭിക്കും. എട്ട് മണിക്കൂറില്‍ 50 മുതല്‍ 80 കിലോ വരെ ചകിരി ഈ ഓട്ടോമാറ്റിക്ക് സ്പിന്നിങ് മെഷിനിലൂടെ പിരിക്കാന്‍ കഴിയുമെന്നു സംഘം സെക്രട്ടറി പ്രബിന അനില്‍ പറഞ്ഞു. മുമ്പ് എട്ട് മണിക്കൂറില്‍ 15 മുതല്‍ 30 കിലോ വരെ ചൂടി പിരിക്കാന്‍ കഴിയുമായിരുന്ന മെഷീന്‍ ഇവിടെയുണ്ടായിരുന്നു. ഇതു മാറ്റിയാണ് ഏറ്റവും നൂതനമായ ഓട്ടോമാറ്റിക് സ്പിന്നിങ്് മെഷീന്‍ സ്ഥാപിച്ചത്. തൊഴിലാളികള്‍ക്ക് ആലപ്പുഴയില്‍ നിന്നെത്തുന്ന വിദഗ്ധര്‍ പരിശീലനം നല്‍കും. ചകിരി നാരിലെ കരട് വേര്‍തിരിക്കുന്ന വില്ലോവിങ് മിഷനും ഓട്ടോമാറ്റിക് സ്പിന്നിങ്് മെഷിനും ഉള്‍പ്പടെയുളള യന്ത്ര സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ രണ്ട് ഷിഫ്റ്റുകളിലായി 26 വനിതകള്‍ ആവശ്യമാണ്. നിലവില്‍ 52 തൊഴിലാളികള്‍ ഈ സംഘത്തിലുണ്ടെങ്കിലും 45 വയസ്സിനു താഴെ പ്രായമുളളവര്‍ക്കാണു യന്ത്രങ്ങളില്‍ ചൂടി പിരിക്കാനുളള പരിശീലനം നല്‍കുന്നത്.

കുറഞ്ഞ കൂലി, കൂടുതല്‍ അധ്വാനം

കയര്‍ മേഖലയിലേക്കു തൊഴിലാളികള്‍ കടന്നുവരാത്ത പ്രശ്നം ഈ മേഖലയ്ക്കു കനത്ത തിരിച്ചടിയാണ്. കൂലിക്കുറവ്, ആകര്‍ഷകമല്ലാത്ത ജോലി, കൂടുതല്‍ അധ്വാനം എന്നിവയാണ് ഈ മേഖലയോട് സ്ത്രീകള്‍ മുഖം തിരിക്കാന്‍ കാരണം. എന്നാല്‍, യന്ത്ര സംവിധാനങ്ങള്‍ ഉപയോഗിച്ച് ചൂടി പിരിക്കാന്‍ പരിശീലനം ലഭിച്ചാല്‍ പ്രതിദിനം നല്ലൊരു വരുമാനം ഇവര്‍ക്കു ലഭിക്കും. ദിവസം 500 രൂപയോളം കൂലി കിട്ടുമ്പോള്‍ തൊഴിലാളികളുടെ മനോഭാവത്തിനു മാറ്റം വന്നേക്കാനിടയുണ്ട്.

ചൂടിയുണ്ടാക്കാന്‍ വേണ്ടത് ആവശ്യത്തിനു പച്ചത്തൊണ്ടാണ്. 50 കിലോ ചൂടി പിരിക്കാന്‍ 800 മുതല്‍ 1000 വരെ പച്ചത്തൊണ്ട് വേണം. 1000 തൊണ്ടിനു സൊസൈറ്റി നല്‍കുന്നത് 1300 രൂപയാണ്. നാളികേര കര്‍ഷകര്‍ വാഹനത്തില്‍ കൊണ്ടുവന്നു സൊസൈറ്റിയില്‍ ഇറക്കി ക്കൊടുക്കുമ്പോഴാണ് ഈ തുക ലഭിക്കുക. എന്നാല്‍, മറ്റു സംസ്ഥാനങ്ങളില്‍ നിന്നു തൊണ്ട് ശേഖരിക്കാനെത്തുന്നവര്‍ വീടുകളില്‍ പോയി ശേഖരിച്ചാണു കൊണ്ടുപോകുന്നത്. ഇതു കാരണം സംഘങ്ങള്‍ക്കു നാട്ടിലൊരിടത്തും പച്ചത്തൊണ്ട് കിട്ടാനില്ലാത്ത അവസ്ഥയാണ്.

പുതിയ യന്ത്ര സംവിധാനങ്ങള്‍ വരുന്നതോടെ കയര്‍ മേഖല പുഷ്ടിപ്പെടുകയും തൊഴിലാളികള്‍ക്കു കൂടുതല്‍ മെച്ചമുണ്ടാവുകയും ചെയ്യുമെന്നാണു പ്രതീക്ഷ. തൊഴിലാളികളുടെ ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് കുറുവങ്ങാട് കയര്‍ സഹകരണ സംഘത്തിന്റെ സാമ്പത്തിക നില മെച്ചപ്പെട്ട് വരുന്നുണ്ടെന്നു സെക്രട്ടറി പ്രബിന അനില്‍ പറഞ്ഞു. ആവശ്യത്തിനു പച്ചത്തൊണ്ട് കിട്ടാത്തതു കയര്‍ മേഖലയില്‍ വലിയ പ്രയാസമുണ്ടാക്കുന്നുണ്ടെന്നു തൊഴിലാളിയായ പി. സിഞ്ജുല പറഞ്ഞു. നാട്ടിലുളള പച്ചത്തൊണ്ട് മുഴുവന്‍ അന്യ സംസ്ഥാനക്കാര്‍ ലോറിയുമായി വന്ന് കൊണ്ടു പോവുകയാണ്. ദിവസം അയ്യായിരം തൊണ്ടെങ്കിലും കിട്ടിയാലേ സൊസൈറ്റിയുടെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയൂ. ആവശ്യത്തിനു പച്ചത്തൊണ്ട് കിട്ടാന്‍ നടപടി വേണമെന്നാണു തൊഴിലാളികളുടെ ആവശ്യം.

കയര്‍ സംഘങ്ങളുടെ സുവര്‍ണ കാലം

കോഴിക്കോട് ജില്ല മുമ്പ് കയര്‍ സഹകരണ സംഘങ്ങളുടെ പ്രധാന കേന്ദ്രമായിരുന്നു. പുഴയോര ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് ഒട്ടനവധി കയര്‍ സഹകരണ സംഘങ്ങള്‍ വളര്‍ന്നുവന്നു. ഓരോ സംഘത്തിലും നൂറുകണക്കിനു തൊഴിലാളികള്‍ പണിയെടുത്തിരുന്നു. ചകിരി പൂഴ്ത്തി പാകപ്പെടുത്തുന്ന ജോലികള്‍ പുരുഷ•ാരും തൊണ്ട് തല്ലുന്ന പണി സ്ത്രീകളും ചെയ്തു. കാലക്രമേണ പച്ചത്തൊണ്ടിന്റെ ക്ഷാമവും മറ്റും കാരണം ഈ മേഖലയിലേക്ക് അധികമാരും കടന്നുവരാതെയായി. പച്ച പിടിച്ചുനിന്ന ഒട്ടേറെ കയര്‍ സഹകരണ സംഘങ്ങള്‍ അതോടെ അടച്ചു പൂട്ടുകയും ചെയ്തു.

കൊയിലാണ്ടി, ബേപ്പൂര്‍, കോഴിക്കോട്, വടകര മേഖലകളില്‍ ഒട്ടേറെ സഹകരണ കയര്‍ സംഘങ്ങള്‍ അക്കാലത്തുണ്ടായിരുന്നു. കാവുന്തറ, വാകയാട്, കൂരാച്ചുണ്ട്, ഉണ്ണികുളം, ചേളന്നൂര്‍, കണയങ്കോട് എന്നിവിടങ്ങളിലെ സംയോജിത കയര്‍ വ്യവസായ സഹകരണ സംഘങ്ങള്‍ ജില്ലയിലെ പ്രധാനപ്പെട്ട സംഘങ്ങളായിരുന്നു. എന്നാല്‍, പച്ചത്തൊണ്ടിന്റെ ക്ഷാമം ഈ മേഖലയിലാകെ പ്രതിസന്ധി തീര്‍ത്തു. കോഴിക്കോട് ജില്ലയില്‍ കടലുണ്ടി കയര്‍ വ്യവസായ സഹകരണ സംഘം, പെരുമുഖം സഹകരണ സംഘം, കുന്നത്തറ കയര്‍ സഹകരണ സംഘം, കൊയിലാണ്ടി കുറുവങ്ങാട് കയര്‍ വ്യവസായ സഹകരണ സംഘം, അണേല സംഘം തുടങ്ങിയവ കയര്‍ മേഖലയില്‍ ഇപ്പോഴും നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്.

വര്‍ഷത്തില്‍ 100 ക്വിന്റല്‍ ചൂടിയെങ്കിലും ഉല്‍പ്പാദിപ്പിക്കുന്ന സംഘങ്ങളെയാണു മികച്ച സംഘങ്ങളായി കണക്കാക്കുക. കടലുണ്ടി കയര്‍ സഹകരണ സംഘം പോലുളള അപൂര്‍വ്വം ചില സംഘങ്ങള്‍ 1000 ക്വിന്‍ല്‍ ചൂടി വരെ പ്രതിവര്‍ഷം ഉല്‍പ്പാദിപ്പിക്കുന്നുണ്ടെന്നു കയര്‍ഫെഡ് കോഴിക്കോട് റീജ്യണല്‍ ഓഫീസര്‍ ടി.കെ. ജീവാനന്ദന്‍ പറഞ്ഞു. മിക്ക സഹകരണ സംഘങ്ങളിലും ഓട്ടോമാറ്റിക് സ്പിന്നിങ്് മെഷീന്‍ സ്ഥാപിച്ച് ആധുനികീകരണം ആരംഭിച്ചിട്ടുണ്ട്. കുന്നത്തറ കയര്‍ സഹകരണ സംഘത്തില്‍ 15 ഓട്ടോമാറ്റിക് സ്പിന്നിങ്് മെഷീന്‍ സ്ഥാപിച്ചിട്ടുണ്ടെന്നു പ്രസിഡന്റ് ടി.കെ. കുഞ്ഞിക്കൃഷ്ണന്‍ നായര്‍ പറഞ്ഞു.

കേരളത്തില്‍ കയറുല്‍പ്പാദനം കൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ വലിയ സബ്‌സിഡിയാണു നല്‍കുന്നത്. സര്‍ക്കാര്‍ സഹായത്തോടെ സംസ്ഥാനത്ത് 119 ഡിഫൈബറിങ് മില്ലുകള്‍ സ്ഥാപിച്ചിരുന്നു. ഇവര്‍ കയര്‍ സഹകരണ സംഘങ്ങള്‍ക്കു ചകിരിനാര് കിലോവിന് 20 രൂപ നിരക്കിലാണു നല്‍കുന്നത്. എന്നാല്‍, തമിഴ്നാട്ടിലെ ചകിരിനാര് കമ്പനികള്‍ 15 മുതല്‍ 16 രൂപക്കു വരെ കേരളത്തില്‍ എത്തിച്ചു കൊടുക്കും. അതോടെ മിക്ക സംഘങ്ങളും തമിഴ്നാട് ചകിരിനാര് വാങ്ങാന്‍ തുടങ്ങി. ഇതേത്തുടര്‍ന്നാണു കേരളത്തിലെ ഡീഫൈബറിങ് മില്ലുകള്‍ നിലനില്‍പ്പ് ഭീഷണി നേരിട്ടത്. ഈയവസ്ഥയിലാണ് ഇത്തരം മില്ലുകളെ സഹായിക്കാന്‍ ഇവരില്‍ നിന്നു മാത്രമേ ചകിരിനാര് വാങ്ങാവൂവെന്നു സര്‍ക്കാര്‍ ഉത്തരവിറക്കിയതെന്നു കയര്‍ഫെഡ് റീജ്യണല്‍ ഓഫീസര്‍ ടി.കെ. ജീവാനന്ദന്‍ പറഞ്ഞു. കോഴിക്കോട് ജില്ലയില്‍ 5000 ക്വിന്റല്‍ ചൂടിവരെ കയര്‍ഫെഡ് സംഭരിക്കുന്നുണ്ടെന്നു അദ്ദേഹം പറഞ്ഞു.

വൈക്കം, ബേപ്പൂര്‍, അഞ്ചുതെങ്ങ്, മങ്ങാടന്‍ തുടങ്ങിയ ഇനം ചൂടികളാണു കയര്‍ സഹകരണ സംഘങ്ങള്‍ പിരിക്കുന്നത്. ചൂടിക്കു പുറമേ കയര്‍ ഭൂവസ്ത്രം, പരവതാനി, കാര്‍പ്പെറ്റുകള്‍, കയര്‍ നൂല്‍, കയര്‍പ്പായ, ബാഗുകള്‍ എന്നിവയും ചില സംഘങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ചകിരിച്ചോര്‍ വില്‍പ്പനയിലൂടെയും നല്ല വരുമാനം സഹകരണ സംഘങ്ങള്‍ നേടുന്നു. കൃഷിയാവശ്യത്തിനു ചകിരിച്ചോര്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഗ്രോബാഗുകളില്‍ മണ്ണിനും ചാണകപ്പൊടിയ്ക്കുമൊപ്പം ചകിരിച്ചോര്‍ നിറച്ച് വില്‍പ്പനയ്ക്ക് വെച്ചാല്‍ അതിനു നല്ല ഡിമാന്റാണ്. കിലോവിന് ആറ് രൂപ നിരക്കിലാണു ചകിരിച്ചോര്‍ സംഘങ്ങള്‍ വില്‍ക്കുന്നത്. ഒരു ചാക്ക് ചകിരിച്ചോറിനു തൂക്കത്തിനനുസരിച്ച് 100 രൂപ മുതല്‍ 150 രൂപ വരെ വിലയുണ്ട്. കാര്‍ഷിക നഴ്സറികളിലേക്കു കൊയിലാണ്ടി ഭാഗത്തെ കയര്‍ സഹകരണ സംഘങ്ങളില്‍ നിന്നു ചകിരിച്ചോര്‍ കൊണ്ടു പോകുന്നുണ്ട്.

85 ശതമാനം സ്ത്രീത്തെഴിലാളികള്‍

ഗ്രാമീണ തൊഴില്‍ മേഖലയില്‍ ഒട്ടനവധി തൊഴിലവസരങ്ങള്‍ നല്‍കുന്നതാണു കയര്‍ വ്യവസായ മേഖല. കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങളില്‍ വളരെ പ്രാധാന്യം നല്‍കുന്നതു കയര്‍ വ്യവസായത്തിനാണ്. അനേകായിരം തൊഴിലവസരവും വരുമാന വര്‍ധനവും സമ്പദ് വ്യവസ്ഥയുടെ വികസനവും കയറ്റുമതിയിലൂടെ വിദേശ നാണ്യവും കയര്‍ വ്യവസായം നേടിത്തരുന്നുണ്ട്. ഏകദേശം 85 ശതമാനം സ്ത്രീത്തൊഴിലാളികള്‍ പണിയെടുക്കുന്ന മേഖലയാണിത്. സംഘടിത തൊഴില്‍ മേഖലയുടെ നിലവാരത്തിലേക്കു തൊഴിലാളികളെ ഉയര്‍ത്താനും ആത്മവിശ്വാസം നല്‍കാനും കയര്‍ സഹകരണ സംഘങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ കയര്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ ചകിരി ഉല്‍പ്പാദനം ലോക ഉല്‍പ്പാദനത്തിന്റെ 80 ശതമാനത്തിലധികം വരും. ചൈന, യു.എസ്.എ, നെതര്‍ലാന്റ്‌സ് , തെക്കന്‍ കൊറിയ, സ്പെയിന്‍ എന്നിവയുള്‍പ്പടെ 115 രാജ്യങ്ങളിലേക്കു കയറും കയറുല്‍പ്പന്നങ്ങളും ഇന്ത്യയില്‍ നിന്നു കയറ്റുമതി ചെയ്യുന്നുണ്ട്.

കേരളത്തിലെ നീണ്ട തീരദേശങ്ങള്‍, തടാകങ്ങള്‍, കായലുകള്‍, പുഴയോരങ്ങള്‍ എന്നിവ കയര്‍ വ്യവസായത്തിനനുകൂലമായ ഘടകങ്ങളാണ്. ഇന്ത്യയുടെ മൊത്തം കയറുല്‍പ്പാദനത്തിന്റെ 85 ശതമാനം കേരളത്തില്‍ നിന്നാണ്. എന്നാല്‍, തമിഴ്നാട്, കര്‍ണാടക, ആന്ധ്ര പ്രദേശ്, ഒഡിഷ, പശ്ചിമ ബംഗാള്‍, അസം, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നാളീകേരോല്‍പ്പാദനം വര്‍ധിച്ചതോടെ അവിടങ്ങളിലും കയര്‍ വ്യവസായങ്ങള്‍ പുഷ്ടിപ്പെട്ടുവരുന്നുണ്ട്.


കയര്‍ മേഖല കേരളത്തിന്റെ തീരദേശങ്ങളിലുളള ഏകദേശം രണ്ട് ലക്ഷത്തോളം കുടുംബങ്ങളുടെ ജീവനോപാധിയാണ്. രണ്ട് ദശാബ്ദം മുമ്പുവരെ കയര്‍ കയറ്റുമതിയുടെ 90 ശതമാനം കേരളത്തിന് അവകാശപ്പെട്ടതായിരുന്നു. എന്നാല്‍, ഇപ്പോള്‍ തമിഴ്നാട് കയര്‍ മേഖലയില്‍ വലിയ കുതിച്ചുചാട്ടം നടത്തിക്കഴിഞ്ഞു.

കേരളത്തില്‍ ആയിരത്തോളം കയര്‍ സഹകരണ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായാണു വിവരം. ഇതില്‍ 54 ശതമാനം സംഘങ്ങള്‍ മാത്രമാണു പ്രവര്‍ത്തിക്കുന്നത്. ഇതില്‍ത്തന്നെ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നത് 17 ശതമാനം സംഘങ്ങളാണ്.

കയര്‍ മേഖലയുടെ പ്രതിസന്ധി

കയര്‍ സഹകരണ സംഘങ്ങള്‍ വിവിധങ്ങളായ പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. കയര്‍ത്തൊഴിലാളികളില്‍ ഭൂരിഭാഗവും പ്രായമേറെയായവരാണ് എന്നതാണു ഒരു കാരണം. കയര്‍ വികസന ഡയരക്ടറേറ്റിന്റെ കണക്കനുസരിച്ച് 25 വയസ്സിനു താഴെ പ്രായമുളളവര്‍ കേവലം 1.86 ശതമാനവും 26 നും 45 നും ഇടയിലുളളവര്‍ 36.8 ശതമാനവും 46 നും 55 നും ഇടയിലുളളവര്‍ 38.78 ശതമാനവുമാണ്. പ്രായമായ തൊഴിലാളികളില്‍ നിന്നു മികച്ച സേവനമോ കാര്യക്ഷമതയോ പ്രതിക്ഷിക്കാനാവില്ല.

കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചത്തൊണ്ട് മുഴുവനായി ശേഖരിക്കുന്നതില്‍ കയര്‍ സഹകരണ സംഘങ്ങള്‍ പരാജയപ്പെടുന്നു എന്നതാണു മറ്റൊരു കാരണം. സംഘങ്ങള്‍ നൂറ് ചകിരിക്കു 130 രൂപയാണു നല്‍കുന്നത്. മാത്രവുമല്ല, ആളുകള്‍ വാഹനക്കൂലി നല്‍കി കയര്‍ സംഘങ്ങളുടെ യൂനിറ്റുകളില്‍ അത് എത്തിച്ചു കൊടുക്കുകയും വേണം. എന്നാല്‍, തമിഴ്നാട്ടില്‍ നിന്നെത്തുന്ന ലോറിക്കാര്‍ ഓരോരുത്തരുടെയും വീട്ടില്‍ വന്നു തൊണ്ട് ശേഖരിക്കും. വീട്ടുകാര്‍ക്കു ഇതാണു ലാഭകരം. തെങ്ങുകളുടെ എണ്ണം കുറയുന്നതിനനുസരിച്ച് പച്ചത്തൊണ്ടും അനുദിനം കുറഞ്ഞു വരികയാണ്. ഭൂമിയെ തുണ്ടം തുണ്ടമാക്കി മാറ്റിയതിന്റെ അടിസ്ഥാനത്തില്‍ ഒരു കുടുംബത്തിനുളള തെങ്ങിന്റെ എണ്ണം നന്നെ കുറഞ്ഞു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ തൊണ്ട് സംഭരിക്കാനാവുന്നില്ല. കയര്‍ കയറ്റുമതിയിലെ 90 ശതമാനവും സ്വകാര്യ മേഖലയാണ് നടത്തുന്നത് എന്നതും പ്രതിസന്ധിക്ക് ഒരു കാരണമാണ്. സ്വകാര്യവല്‍ക്കരണം കയര്‍ സഹകരണ സംഘങ്ങള്‍ക്കു കനത്ത തിരിച്ചടിയാണ്.

ബജറ്റില്‍ അംഗീകാരം

കേരളത്തിന്റെ കേളികേട്ട പരമ്പരാഗത വ്യവസായമായ കയര്‍ മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്കു തൊഴില്‍ സ്ഥിരതയും ക്ഷേമവും ഉറപ്പുവരുത്തുന്നതിനായി പ്രത്യേകമായി 25 കോടി രൂപയുടെ കടാശ്വാസ പദ്ധതി സംസ്ഥാന ബജറ്റ് മുന്നോട്ട് വെച്ചിട്ടുണ്ട്. വിവിധ പൊതുമേഖലാ ബാങ്കുകള്‍, കേരള ബാങ്ക് എന്നിവ മുഖേന എടുത്ത റിമോട്ട് സ്‌കീം ഉള്‍പ്പടെയുള്ള വായ്പകളില്‍ കുടിശ്ശികയായവയില്‍ പലിശയും പിഴപ്പലിശയും പൂര്‍ണമായും എഴുതിത്തള്ളും. സഹകരണ സംഘങ്ങളില്‍ വൈദ്യുതി, വെള്ളക്കരം ഇനത്തില്‍ കുടിശ്ശിക വന്നിട്ടുണ്ടെങ്കില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ ബാധ്യത ഒഴിവാക്കാനും ഇ. എസ്. ഐ, ഗ്രാറ്റുവിറ്റി (ജീവനക്കാരുടെ ആനുകൂല്യം ഒഴികെ) കുടിശ്ശികകളില്‍ ഒറ്റത്തവണ തീര്‍പ്പാക്കാനും അനുമതി നല്‍കും.

 

സംഘങ്ങള്‍ കയര്‍ഫെഡ് മുഖേന ചകിരി വാങ്ങണം

സം സ്ഥാനത്തെ കയര്‍ സഹകരണ സംഘങ്ങള്‍ക്കു നേരിട്ട് ചകിരി വാങ്ങാനുളള അനുമതി സര്‍ക്കാര്‍ റദ്ദാക്കി. പച്ചത്തൊണ്ടിന്റെയും ഉണക്ക ത്തൊണ്ടിന്റെയും ചകിരി കയര്‍ സഹകരണ സംഘങ്ങള്‍ക്കു ലഭ്യമാക്കാനുളള ചുമതല കയര്‍ഫെഡിനു നല്‍കിക്കൊണ്ടാണു സര്‍ക്കാര്‍ വീണ്ടും ഉത്തരവ് നല്‍കിയത്.

ആവശ്യത്തിനു ചകിരി സംസ്ഥാനത്തു കിട്ടാതിരുന്ന സമയത്താണു പുറത്തു നിന്നു നേരിട്ട് ചകിരി വാങ്ങാന്‍ സര്‍ക്കാര്‍ സംഘങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നത്. അതോടെ സംഘങ്ങള്‍ തമിഴ്നാട്ടില്‍ നിന്നു വന്‍തോതില്‍ ചകിരി വാങ്ങാന്‍ തുടങ്ങി. ഇടനിലക്കാര്‍ മുഖേനയാണു പല സംഘങ്ങളും ചകിരി വാങ്ങിയിരുന്നത്. ഇതേത്തുടര്‍ന്ന് സംസ്ഥാനത്തെ ചകിരി നിര്‍മാണ ഡീഫൈബറിങ് മില്ലുകള്‍ വലിയ പ്രതിസന്ധി നേരിട്ടു. പല മില്ലുകളിലും ചകിരി കെട്ടിക്കിടക്കാന്‍ തുടങ്ങി. ഈ സാഹചര്യത്തിലാണു കയര്‍ഫെഡ് മുഖാന്തരംതന്നെ ചകിരി വാങ്ങണമെന്നു വ്യവസായ വകുപ്പ് ഉത്തരവിട്ടത്.

കയര്‍ഫെഡിലേക്കു കയര്‍ വില്‍ക്കുമ്പോള്‍ ഇതിനായി ഉപയോഗിച്ച ചകിരി കയര്‍ഫെഡ് വഴി വാങ്ങിയതാണെന്ന സാക്ഷ്യപത്രം സംഘങ്ങള്‍ ഹാജരാക്കണം. കയര്‍ ഇന്‍സ്പെക്ടറുടെ സാക്ഷ്യപത്രമാണ് നല്‍കേണ്ടത്. സംസ്ഥാനത്തു സഹകരണ, സ്വകാര്യ മേഖലകളിലായി 119 ഡിഫൈബറിങ്് മില്ലുകള്‍ കയര്‍ഫെഡിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തമിഴ്നാട്ടില്‍ ചകിരിവില കുറഞ്ഞതോടെയാണു സംസ്ഥാനത്തെ ഡീഫൈബറിങ്് മില്ലുകളില്‍ നിന്നു ചകിരിത്തുമ്പ് വാങ്ങാന്‍ കയര്‍ സഹകരണ സംഘങ്ങള്‍ മടിച്ചത്.

2020 മേയില്‍ ചകിരിയുടെ സംഭരണവും വിതരണവും കയര്‍ഫെഡ് വഴി നടപ്പാക്കാനുളള നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. ഇതിനനുസൃതമായി കയര്‍ഫെഡ് ഇ-ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും മൂന്നു ഗ്രേഡിലുളള ചകിരിയുടെ വില നിശ്ചയിക്കുകയും ചെയ്തു. തുടര്‍ന്ന് കയര്‍ സംഘങ്ങള്‍ക്കു ചകിരി ലഭ്യമാക്കി വരികയുമായിരുന്നു. ചകിരിയുടെ ആവശ്യം വര്‍ധിച്ചതു കണക്കിലെടുത്താണു 2020 ഒക്ടോബറില്‍ ഓരോ ഗ്രേഡിലുളള ചകിരിയും കയര്‍ഫെഡ് നിശ്ചയിച്ച വിലയ്്ക്ക് ആവശ്യമെങ്കില്‍ സംഘങ്ങള്‍ക്കു നേരിട്ട് വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കയറുല്‍പ്പാദന ലക്ഷ്യമായ 40,000 ടണ്‍ കൈവരിക്കുന്നതിനായിരുന്നു ഈ ഇളവ്. ഇതു മുതലെടുത്താണു സ്വകാര്യ മില്ലുകളില്‍ നിന്നു വന്‍തോതില്‍ ചകിരി വാങ്ങാന്‍ തുടങ്ങിയത്.

സര്‍ക്കാറിന്റെ പുതിയ ഉത്തരവ് കയര്‍ഫെഡിനു ഗുണകരമാണെന്നാണു പൊതുവേ വിലയിരുത്തല്‍. ഗുണമേന്മയുളള ചകിരി വേണ്ടത്ര കേരളത്തില്‍ത്തന്നെ കി്ട്ടിയാല്‍ സംഘങ്ങള്‍ ഇവിടെ നിന്നുതന്നെ ചകിരി വാങ്ങുമെന്നാണു സംഘം ഭാരവാഹികള്‍ പറയുന്നത്. മാത്രവുമല്ല, തമിഴ്നാട് ചകിരി വാങ്ങുമ്പോള്‍ അപ്പപ്പോള്‍ പണവും നല്‍കണം. കയര്‍ഫെഡാകുമ്പോള്‍ പണമടയ്ക്കാന്‍ സമയമനുവദിക്കും.

 

[mbzshare]

Leave a Reply

Your email address will not be published.