ഇനി സ്വകാര്യ സ്വത്തിനും നഷ്ടപരിഹാരം
കേരളത്തില്‍ സ്വകാര്യ സ്വത്തിനുള്ള നാശനഷ്ടം തടയാനും നഷ്ടപരിഹാരം നല്‍കാനുമുള്ള പുതിയ നിയമം സഹകരണ സ്ഥാപനങ്ങള്‍ക്കും ഗുണകരമാകും
സഹകരണ സംഘങ്ങള്‍ക്ക് മാത്രമല്ല സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഒരുപോലെ ഗുണകരമായ ഒരു നിയമം പതിനാലാം കേരള നിയമസഭയുടെ 16-ാം സമ്മേളനം പാസാക്കി. കേരള സ്വകാര്യ സ്വത്തിനുള്ള നാശനഷ്ടം തടയലും നഷ്ടപരിഹാരം നല്‍കലും നിയമം-2019 എന്നാണിതിന്റെ പേര്. നാശനഷ്ടമുണ്ടാക്കുന്ന പ്രവൃത്തികള്‍ മൂലം സ്വകാര്യ സ്വത്തിന് ഇടയ്ക്കിടെ ഉണ്ടാകുന്നതും വ്യാപകവുമായ നാശനഷ്ടം തടയുന്നതിനും നഷ്ടപരിഹാരം നല്കുന്നതിനുമായി വ്യവസ്ഥ ചെയ്യുന്നതിനുള്ള ബില്ലാണിതെന്ന് ഇതിന്റെ ആമുഖത്തില്‍ത്തന്നെ പറയുന്നുണ്ട്. കേരളത്തിന്റെ പശ്ചാത്തലത്തില്‍ ഒട്ടേറെ പ്രാധാന്യം ഈ നിയമത്തിനുണ്ട്. സഹകരണ സംഘങ്ങളും അതിന്റെ ഗുണഭോക്താക്കളാണ്. ഈ നിയമത്തിന്റെ പ്രാധാന്യം പരിശോധിക്കുന്നതിന് മുമ്പ്, അതിനുള്ള പശ്ചാത്തലം വിലയിരുത്തേണ്ടതുണ്ട്.
സമാനമായ രണ്ടു നിയമങ്ങളാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. ആശുപത്രിക്ക് നേരെയുണ്ടാകുന്ന അക്രമങ്ങള്‍ തടയുന്നതും പൊതുമുതല്‍ നശിപ്പിക്കുന്നതിന് എതിരെയുള്ളതും. ഒരു രോഗി മരിക്കാനിടയാകുന്നത് ഡോക്ടറുടെ അനാസ്ഥ മൂലമാണെന്ന തോന്നലുണ്ടാകുന്ന ഘട്ടത്തിലെല്ലാം ആശുപത്രികളില്‍ പ്രതിഷേധങ്ങളുണ്ടാകാറുണ്ട്. ഇത് സ്വാഭാവികമാണ്. എന്നാല്‍, ഇത്തരം പ്രതിഷേധം അക്രമത്തിലേക്കും ആശുപത്രിയുടെ വസ്തുവകകള്‍ നശിപ്പിക്കുന്നതിലേക്കും നീങ്ങുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടു. ഡോക്ടറുടെ അനാസ്ഥ സ്ഥിരീകരിക്കുന്ന ഘട്ടത്തിന് മുമ്പാണ് അക്രമങ്ങളും നാശനഷ്ടങ്ങളുമുണ്ടാകുന്നത്. ഇത് തടയേണ്ടതുണ്ടെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഒരു നിയമം സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്നത്. ആശുപത്രി വസ്തുക്കള്‍ നശിപ്പിക്കുന്നത് ഗുരുതരമായ കുറ്റമായി നിയമത്തില്‍ വ്യവസ്ഥ ചെയ്തു. ഇപ്പോള്‍ മിക്കവാറും എല്ലാ ആശുപത്രികളിലും ഈ നിയമത്തിലെ വ്യവസ്ഥ പൊതുജനങ്ങള്‍ കാണുന്നവിധം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അതിനുശേഷവും പ്രതിഷേധം ഉണ്ടായില്ലെന്നല്ല. പക്ഷേ, ഉപകരണങ്ങള്‍ നശിപ്പിക്കുന്ന രീതിക്ക് കുറവു വന്നിട്ടുണ്ട്.
ഒരുകാലത്ത് പൊതുമുതല്‍ നശിപ്പിക്കുന്നത് രാഷ്ട്രീയ-വിദ്യാര്‍ത്ഥി സമരങ്ങളുടെ ഒരു രീതിയായിരുന്നു. എത്രയോ കെ.എസ്.ആര്‍ടി.സി. ബസ്സുകള്‍ കല്ലെറിഞ്ഞ് നശിപ്പിച്ചിട്ടുണ്ട്. ബസ്സും പോലീസ് വാഹനങ്ങളുമെല്ലാം തീവെച്ചിട്ടുണ്ട്. സര്‍ക്കാരിനെതിരെയുള്ള പൊതുപ്രതിഷേധം ഏതെങ്കിലും സ്ഥാപനങ്ങള്‍ക്ക് മുമ്പിലേക്കാവും. അവിടെ അതിക്രമിച്ച് കയറി തകര്‍ക്കുന്നത് മറ്റൊരു ശീലത്തിന്റെ ഭാഗമായിരുന്നു. ഇത് സര്‍ക്കാരിനുണ്ടാക്കുന്ന നഷ്ടം ചെറുതായിരുന്നില്ല. ഇതിന് അറുതി വരുത്താനാണ് പൊതുമുതല്‍ നശിപ്പിക്കുന്നത് തടയല്‍ നിയമം കേരളം കൊണ്ടുവന്നത്. പൊതുമുതല്‍ നശിപ്പിക്കപ്പെട്ട കേസുകളില്‍ ജാമ്യം ലഭിക്കാന്‍ നഷ്ടമായ മുതലിന് തുല്യമായ തുക കോടതിയില്‍ കെട്ടിവെക്കണമെന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്തു. പിന്നീടുണ്ടായ അക്രമങ്ങളിലെല്ലാം പോലീസ് പി.ഡി.പി.പി. ( Prevention of Damage to Public Property ) കുറ്റം ചുമത്തി സമരക്കാര്‍ക്കെതിരെ കേസെടുത്തു. ജാമ്യത്തുക കണ്ടെത്താന്‍ സംഘടനകള്‍ക്ക് ബുദ്ധിമുട്ടായി. ഇതോടെ പൊതുമുതല്‍ നശിപ്പിക്കുന്നത് കുറഞ്ഞു. സമീപകാല സമരങ്ങളിലൊന്നും ഒരു കെ.എസ്.ആര്.ടി.സി. ബസ് പോലും നശിപ്പിക്കപ്പെട്ടിട്ടില്ല.
ഈ നിയമങ്ങളുടെ മൂന്നാം ഘട്ടം എന്ന നിലയിലാണ് സ്വകാര്യ സ്വത്തിന് നാശനഷ്ടം തടയുന്നതിനുള്ള നിയമവും കൊണ്ടുവന്നത്. ഈ നിയമത്തിന്റെ ഉദ്ദേശ്യ, കാരണങ്ങളെക്കുറിച്ച് സര്‍ക്കാര്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ് : ‘ സംസ്ഥാനത്ത് വിവിധ സംഘടനകളോ വ്യക്തിയോ വ്യക്തികളുടെ കൂട്ടമോ സംഘടിപ്പിക്കുന്ന വര്‍ഗീയ ലഹള, ഹര്‍ത്താല്‍, ബന്ദ്, പ്രകടനം, മാര്‍ച്ച്, ഘോഷയാത്ര, റോഡ് ഗതാഗതം തടയല്‍ അല്ലെങ്കില്‍ അതുപോലെയുള്ള സംഘം ചേരല്‍ മൂലം പൊതുസ്വത്തിന് ഇടയ്ക്കിടെ ഉണ്ടാകുന്നതും വ്യാപകവുമായ നാശനഷ്ടം തടയുന്നതിനും നഷ്ടപരിഹാരം നല്‍കുന്നതിനും വേണ്ടി ഒരു നിയമനിര്‍മാണം കൊണ്ടുവരേണ്ടത് ആവശ്യമാണെന്ന് സര്‍ക്കാര്‍ കരുതുന്നു ‘. ഭാരത റിപ്പബ്ലിക്കിന്റെ എഴുപതാം വാര്‍ഷികത്തിലാണ് ഇത്തരമൊരു നിയമമുണ്ടാക്കുന്നതെന്ന അവകാശവാദവും സര്‍ക്കാര്‍ നടത്തുന്നുണ്ട്.
നിയമത്തിന്റെ ഉള്ളടക്കം
പത്ത് വകുപ്പുകളാണ് നിയമത്തിലുള്ളത്. സ്വകാര്യ സ്വത്ത്, നാശനഷ്ടമുണ്ടാക്കുന്ന പ്രവൃത്തി എന്നിവയെല്ലാം നിയമത്തില്‍ നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. പോലീസ് വീഡിയോ റെക്കോര്‍ഡിങ് നിയമപ്രകാരമുള്ള തെളിവാക്കി എന്ന പ്രത്യേകതയും ഈ നിയമത്തിലുണ്ട്. ഈ ആക്ടിന് കീഴിലുള്ള ഒരു കുറ്റം ചെയ്യുന്നത് പോലീസിന് വീഡിയോ റെക്കോര്‍ഡിങ് ചെയ്യാവുന്നതും അങ്ങനെയുള്ള റെക്കോര്‍ഡിങ് 1872-ലെ ഇന്ത്യന്‍ തെളിവ് നിയമത്തിലെ 65 വകുപ്പ് പ്രകാരമുള്ള വ്യവസ്ഥകള്‍ക്ക് വിധേയമായി ഏതെങ്കിലും നടപടിക്രമത്തില്‍ സ്വീകാര്യമായിരിക്കുന്നതാണ് എന്നാണ് ഈ നിയമത്തിലെ മൂന്ന് എ.വകുപ്പില്‍ പറയുന്നത്. സ്വകാര്യ സ്വത്തുക്കള്‍ക്ക് നാശമുണ്ടാക്കുന്ന കുറ്റം അഞ്ചുവര്‍ഷം തടവു ലഭിക്കുന്നതാണെന്നാണ് മറ്റൊരു വ്യവസ്ഥ. തീ കൊണ്ടോ സ്ഫോടനവസ്തു കൊണ്ടോ ആണ് നാശമുണ്ടാക്കുന്നതെങ്കില് ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാം.
ഈ നിയമ പ്രകാരമുള്ള എല്ലാ കുറ്റങ്ങളും ജാമ്യം ലഭിക്കാത്തവയാണ്. പൊതുമുതല്‍ നശിപ്പിക്കുന്നത് തടയല്‍ നിയമത്തിന് സമാനമായ രീതിയില്‍ ജാമ്യവ്യവസ്ഥയും കടുത്തതാണ്. ആറാം വകുപ്പില്‍ ഇക്കാര്യം വിശദീകരിക്കുന്നുണ്ട്. അത് ഇങ്ങനെയാണ് : നാല്, അഞ്ച് വകുപ്പിന് കീഴിലെ ശിക്ഷിക്കപ്പെടാവുന്ന ഒരു കുറ്റത്തിന് ശിക്ഷിക്കപ്പെട്ടതോ അല്ലെങ്കില്‍ കുറ്റാരോപിതനോ ആയ ആരെയും കസ്റ്റഡിയിലാണെങ്കില്‍ കടംവീട്ടാന്‍ കഴിവുള്ള രണ്ട് ജാമ്യക്കാര്‍ ബോണ്ട് വെച്ചുകൊണ്ടും സംഭവ സ്ഥലത്തിനുമേല്‍ അധികാരമുള്ള ഡെപ്യൂട്ടി കളക്ടറു ( ജനറല്‍ ) ടെയോ അദ്ദേഹത്തിന്റെ അഭാവത്തില്‍ ആ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്റെയോ ഒരു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി തീരുമാനിച്ചേക്കാവുന്ന, നശിപ്പിക്കപ്പെട്ട സ്വത്തിന്റെ പകുതിയില്‍ കുറയാതെയുള്ള മതിയായ ഈട് ബാങ്ക് ഗ്യാരന്റിയുടെ രൂപത്തില്‍ നല്കിക്കൊണ്ടോ അല്ലെങ്കില്‍ പണം കോടതിയില്‍ ഡെപ്പോസിറ്റ് ചെയ്തുകൊണ്ടോ, അങ്ങനെയുള്ള മോചനത്തിനുള്ള അപേക്ഷ എതിര്‍ക്കുന്നതിന് പ്രോസിക്യൂഷന് ഒരവസരം നല്‍കാതെ ജാമ്യത്തില്‍ മോചിപ്പിക്കാന്‍ പാടുള്ളതല്ല.’ ഇതാണ് വ്യവസ്ഥ. ഇതുപ്രകാരം നഷ്ടപ്പെട്ട ആസ്തിക്ക് പണം കെട്ടിവെക്കണമെന്ന് മാത്രമല്ല, മുന്‍കൂര്‍ ജാമ്യം തേടാന്‍ വ്യവസ്ഥയും നല്‍കുന്നില്ല.
ശിക്ഷ വിധിക്കുമ്പോഴും നഷ്ടപരിഹാരം പരിഗണിക്കണമെന്നു നിയമത്തില്‍ പറയുന്നു. ‘ കോടതി ഒരു ശിക്ഷാവിധി ചുമത്തുമ്പോള്‍ കുറ്റം ചെയ്തതുമൂലം ഏതെങ്കിലും ആള്‍ക്കുണ്ടായ എന്തെങ്കിലും നാശനഷ്ടത്തിനുള്ള പരിഹാരം നല്കാന് ഉത്തരവിടേണ്ടതും അങ്ങനെയുള്ള നഷ്ടപരിഹാരം കോടതിക്ക് തീരുമാനിക്കാവുന്നതും ഭൂമിയിന്മേലുള്ള പൊതുനികുതി കുടിശ്ശിക എന്നപോലെയും ഈടാക്കാവുന്നതാണ് ‘ എന്നാണ് വകുപ്പ് 7(2)ല്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്.
സഹകരണ സ്ഥാപനങ്ങള്‍ക്കുള്ള നേട്ടം
സഹകരണ സ്ഥാപനങ്ങളെ പൊതുസ്ഥാപനങ്ങളായാണോ സ്വകാര്യ സ്ഥാപനങ്ങളായാണോ കണക്കാക്കേണ്ടത്് എന്ന തര്‍ക്കം പല കേസുകളിലും പല സന്ദര്‍ഭങ്ങളിലും ഉണ്ടായിട്ടുണ്ട്. സമയാസമയങ്ങളില്‍ തരംപോലെ ഈ രണ്ടു വിഭാഗത്തേക്കും ചേര്ന്നുനില്ക്കാന് ശ്രമിച്ചിട്ടുണ്ടെന്നതാണ് വസ്തുത. പൂര്‍ണ അര്‍ഥത്തില്‍ അല്ലെങ്കില്‍ പോലും പൊതുസ്ഥാപനങ്ങളുടെ പരിഗണനയില്‍ ഉള്‍പ്പെടേണ്ടതാണ് സഹകരണ സ്ഥാപനങ്ങള്‍. ഓഹരി വിഹിതത്തിലടക്കം സര്‍ക്കാരിന്റെ പങ്കാളിത്തം സംഘങ്ങള്‍ക്കുണ്ട്. ഒട്ടേറെ ക്ഷേമ പദ്ധതികള്‍, നിക്ഷേപ ഗ്യാരന്റി ഉള്‍പ്പടെയുള്ള ബോര്‍ഡുകള്‍ എന്നിവയെല്ലാം സര്‍ക്കാരിന്റെ പങ്കാളിത്തം ബോധ്യപ്പെടുത്തുന്നതാണ്. 90 ശതമാനത്തിന് മുകളില്‍ സര്‍ക്കാര്‍ ഓഹരിയുള്ള സഹകരണ സ്ഥാപനങ്ങള്‍ കേരളത്തിലുണ്ട്. എന്നാല്‍, വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നതടക്കമുള്ള കേസുകളില്‍ ഈ ബന്ധം അംഗീകരിക്കാന്‍ സഹകരണ സ്ഥാപനങ്ങള്‍ തയാറല്ല. നാശനഷ്ടങ്ങളുടെ കേസില്‍ പൊതുമുതല്‍ നശിപ്പിക്കല്‍ തടയല്‍ നിയമപ്രകാരം കുറ്റം ചുമത്തണമെന്ന് സംഘങ്ങള്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്.
സഹകരണ സ്ഥാപനങ്ങള്‍ പി.ഡി.പി.പി. കേസിന്റെ പരിധിയില്‍ ഉള്‍പ്പെടില്ലെന്ന വാദം മിക്ക കോടതികളും അംഗീകരിച്ചിട്ടുണ്ട്. ആ നിയമത്തിലെ പഴുത് ഉപയോഗിച്ചാണിത്. എന്നാല്‍, സ്വകാര്യ സ്വത്തുക്കളുടെ സംരക്ഷണം ഉറപ്പാക്കുന്ന പുതിയ നിയമത്തില്‍നിന്ന് സഹകരണ സംഘങ്ങള്‍ പുറത്താവില്ല. പല രാഷ്ട്രീയ സംഘര്‍ഷങ്ങളിലും സഹകരണസ്ഥാപനങ്ങള്‍ അക്രമിക്കപ്പെടാറുണ്ട്. രാഷ്ട്രീയം സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായാണ് കേരളത്തില്‍ നിലകൊള്ളുന്നത് എന്നതുകൂടി ഇതിന് കാരണമാണ്. എന്നാലും, നാശനഷ്ടം വരുത്തലും അക്രമവും ഒരു രാഷ്ട്രീയത്തിന്റെ പേരിലും ന്യായീകരിക്കുന്നതാവരുത് എന്ന് ബോധ്യത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പുതിയ നിയമ നിര്‍മാണം നടത്തിയത്. അതിന്റെ ഗുണഫലം ഇനി മുതല്‍ സഹകരണ സ്ഥാപനങ്ങള്‍ക്കും ലഭിക്കും.