ഗ്രാമീണ ടൂറിസത്തിന് പുതുവഴി തേടി പുതുപ്പാടി ബാങ്ക്

[mbzauthor]

 

യു.പി. അബ്ദുള്‍ മജീദ്

വില്ലേജ് ടൂറിസത്തിന്റെ സാധ്യതകളാണ് കോഴിക്കോട് ജില്ലയിലെ പുതുപ്പാടി സര്‍വീസ് സഹകരണ ബാങ്ക് ഉപയോഗപ്പെടുത്തുന്നത്. പുതുപ്പാടിയോട് ചേര്‍ന്നു കിടക്കുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളെ കൂട്ടിയിണക്കി ഫാം ടൂറിസവും അഡ്വഞ്ചര്‍ ടൂറിസവും ബാങ്ക് നടത്തുന്നു. ഒപ്പം, കാര്‍ഷിക മേഖല തൊട്ട് മാംസ വിപണിയില്‍ വരെ സജീവമായി പ്രവര്‍ത്തിക്കുന്നുമുണ്ട്.

വയനാടന്‍ മലനിരകളുടെ മടിത്തട്ടാണ് പുതുപ്പാടി. ഒമ്പത് മുടിപ്പിന്‍ വളവുകളുള്ള ചുരം റോഡിന്റെ കവാടം. കുന്നും മലകളും പതഞ്ഞൊഴുകുന്ന പുഴകളുമൊക്കെ നിറഞ്ഞ പ്രദേശം. തുഷാരഗിരിക്കും കക്കാട് ഇക്കോ ടൂറിസത്തിനും വനപര്‍വ്വം ജൈവ വൈവിധ്യ പാര്‍ക്കിനും കൂമ്പന്‍ മലക്കുമൊക്കെ വഴിയൊരുക്കുന്ന മലയോരഗ്രാമം. സഞ്ചാരികളുടെ സ്വപ്നഭൂമിയില്‍ ടൂറിസത്തിന്റെ പുതുവഴികള്‍ തേടുകയാണ് ഒരു സഹകരണബാങ്ക്.


അര നൂറ്റാണ്ടിലേറെ മലയോര ഗ്രാമത്തിന്റെ സാമ്പത്തികചക്രം തിരിച്ച പുതുപ്പാടി സര്‍വീസ് സഹകരണ ബാങ്ക് അതിന്റെ യഥാര്‍ഥ പങ്ക് തിരിച്ചറിഞ്ഞിരിക്കുകയാണ്. പ്രകൃതി കനിഞ്ഞ പ്രദേശത്തിന്റെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ പദ്ധതി നടപ്പാക്കുന്നതോടൊപ്പം ടൂറിസം മേഖലയില്‍ ഫലപ്രദമായി ഇടപെടാന്‍ സഹകരണ സ്ഥാപനങ്ങള്‍ക്കും കഴിയും എന്നു തെളിയിക്കുകയുമാണ് പുതുപ്പാടി സഹകരണ ബാങ്ക് . കാര്‍ഷിക മേഖലയില്‍ നിരവധി പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കിയ പുതുപ്പാടി ബാങ്ക് മാംസ വിപണി തൊട്ട് ചികിത്സാരംഗത്തു വരെ ഇടപെടല്‍ നടത്തി ശ്രദ്ധ നേടിക്കഴിഞ്ഞു.

1962 ല്‍ ആരംഭിച്ച പുതുപ്പാടി സഹകരണ ബാങ്ക് 18,000 ത്തോളം അംഗങ്ങളും 74 കോടിയിലധികം രൂപ നിക്ഷേപവുമായി കോഴിക്കോട് ജില്ലയിലെ പ്രധാന സഹകരണ ബാങ്കുകളുടെ പട്ടികയില്‍ ഉള്‍പ്പെടുകയും ആധുനിക ബാങ്കിങ് സൗകര്യങ്ങള്‍ കുറ്റമറ്റ രീതിയില്‍ ഇടപാടുകാര്‍ക്ക് ലഭ്യമാക്കി പ്രശംസ നേടുകയും ചെയ്തിട്ടുണ്ട്.

ടൂറിസം രംഗത്തേക്ക്

ബാങ്ക് വൈവിധ്യവല്‍ക്കരണത്തെക്കുറിച്ച് ആലോചിച്ച 2014-15 വര്‍ഷത്തെ പൊതുയോഗത്തില്‍ ഉയര്‍ന്ന ആശയമായിരുന്നു ടൂറിസം പദ്ധതി. വിശദമായ പ്രോജക്ട് തയാറാക്കി സര്‍ക്കാറിന് സമര്‍പ്പിച്ചപ്പോള്‍ അനുമതിയും 20 ലക്ഷം രൂപ ഗ്രാന്റും കിട്ടി . പുതുപ്പാടിയോട് ചേര്‍ന്നു കിടക്കുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളെ കൂട്ടിയിണക്കി ഫാം ടൂറിസം, അഡ്വഞ്ചര്‍ ടൂറിസം തുടങ്ങിയവ ഉള്‍പ്പെടുത്തി വില്ലേജ് ടൂറിസത്തിന്റെ പുതിയ സാധ്യതകള്‍ ഉപയോഗപ്പെടുത്താനും വിനോദ സഞ്ചാര മേഖലയില്‍ സേവനദാതാക്കളായി പ്രവര്‍ത്തിക്കാനുമാണ് പുതുപ്പാടി ഇ കോംപാസ് എന്ന പേരില്‍ ട്രാവല്‍ ആന്റ് ടൂറിസം സെന്റര്‍ തുടങ്ങിയത്. 2018 ഡിസംബര്‍ എട്ടിന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. അടിവാരത്താണ് ഇ കോംപാസിന്റെ ഓഫീസും ടൂറിസം ഫെസിലിറ്റേഷന്‍ സെന്ററും പ്രവര്‍ത്തിക്കുന്നത്. രണ്ട് ജീവനക്കാരുണ്ട്.

പുതുപ്പാടിക്കടുത്ത് 111 ഹെക്ടര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന വനപര്‍വ്വം ജൈവ വൈവിധ്യ പാര്‍ക്ക് വില്ലേജ് ടൂറിസത്തിന്റെ ആകര്‍ഷണീയ മുഖമായി ഇ കോംപാസ് അവതരിപ്പിക്കുന്നുണ്ട്. കക്കാട് ഇക്കോ ടൂറിസം പദ്ധതിയും സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തുന്നത് ഇ കോംപാസാണ്. അപൂര്‍വ്വ മരങ്ങളും തെളിനീരൊഴുകുന്ന അരുവികളും നൂറിലധികം ഇനങ്ങളിലുള്ള ശലഭങ്ങളെയുമൊക്കെ കണ്ട് വനപര്‍വ്വത്തില്‍ നിന്ന് മണിക്കൂറുകള്‍ കഴിഞ്ഞ്
പുറത്തിറങ്ങുന്നവരെ ഇവിടത്തെ മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളിലുമെത്തിക്കുക എന്നതാണ് ഇ കോംപസിന്റെ പ്രവര്‍ത്തനം. ചെറു വെള്ളച്ചാട്ടങ്ങള്‍ നിറഞ്ഞ തുഷാരഗിരിയിലേക്കാണ് പിന്നീട് വഴികാട്ടുന്നത്. കയാക്കിങ് മത്സരങ്ങള്‍ നടത്തി കുറഞ്ഞ കാലം കൊണ്ട് ലോകശ്രദ്ധ നേടിയ തുഷാരഗിരി പുതുപ്പാടിയുടെ ടൂറിസം മാപ്പിന്റെ ഭാഗമാക്കിയാണ ്‌സഞ്ചാരികളെ സ്വീകരിക്കുന്നത്. കൂമ്പന്‍മലയും ചുരം കാഴ്ചകളും ഇതില്‍പ്പെടുന്നു. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ പ്രത്യേക ഉത്സവങ്ങള്‍ സംഘടിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്. സ്വകാര്യ സംരംഭമായ നോളജ്‌സിറ്റി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ ബാങ്കിന്റെ ഫാംടൂറിസം പദ്ധതിക്ക് സ്വീകാര്യത ലഭിക്കും. അഞ്ചേക്കര്‍ സ്ഥലം ഈയാവശ്യത്തിനു വാങ്ങി കൃഷി, മൃഗസംരക്ഷണം, മത്സ്യം വളര്‍ത്തല്‍ തുടങ്ങിയവയും ചെറിയ റിസോര്‍ട്ടുകളും ഒരുക്കാന്‍ പദ്ധതിയുണ്ട് . സഞ്ചാരികളെ അതിഥികളായി സ്വീകരിച്ച് വീടുകളില്‍ താമസമൊരുക്കുന്ന രീതി ഈ പ്രദേശത്ത് ആരംഭിച്ചുകഴിഞ്ഞു.

വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രത്യേക പാക്കേജ് തന്നെ ഇ കോംപാസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തിനകത്തുള്ള യാത്രാസംഘങ്ങള്‍ക്കും മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും പോവുന്നവര്‍ക്കും യാത്രാ സൗകര്യം ഇ കോംപാസ് ലഭ്യമാക്കുന്നുണ്ട്. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പഠനയാത്രയുടെ ചുമതല ഏറ്റെടുത്തു തുടങ്ങിയതും ഇ കോംപാസിന് ജനകീയത നല്‍കുന്നു. സര്‍ക്കാര്‍ , അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും പരിശീലന പരിപാടികള്‍ക്ക് ഹാള്‍, ഭക്ഷണം, താമസം തുടങ്ങിയവ ലഭ്യമാക്കുന്ന പദ്ധതിയും ഇ കോംപാസ് ഏറ്റെടുക്കുന്നുണ്ട്. പ്രൊഫഷണലിസത്തിലൂടെ ടൂറിസം രംഗത്ത് സ്വകാര്യ മേഖലയോട് മത്സരിക്കുമ്പോഴും സേവനത്തിന ്അമിതമായ ചാര്‍ജ് ഈടാക്കാതെ സഹകരണ മേഖലയുടെ അടിസ്ഥാന തത്വങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കുന്നു എന്നതാണ് പുതുപ്പാടി ബാങ്കിന്റെ ടൂറിസം പദ്ധതിയുടെ പ്രത്യേകത.

കാര്‍ഷികമേഖലയില്‍

നാലര വര്‍ഷം മുമ്പ് പുതുപ്പാടി സഹകരണ ബാങ്ക് കാര്‍ഷിക രംഗത്തേക്ക് ചുവടുവെച്ചത് മലയോര കാര്‍ഷിക മേഖലക്ക് പുതിയ ഉണര്‍വ് നല്‍കിക്കൊണ്ടായിരുന്നു. കൃഷിക്കാരുടെ ക്ഷേമത്തിനും കാര്‍ഷിക മേഖലയുടെ പുനരുജ്ജീവനത്തിനും ഭക്ഷ്യ സ്വയംപര്യാപ്തതക്കും വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ബ്ലോക്ക്തല കര്‍ഷക സേവന കേന്ദ്രം പദ്ധതി കൊടുവള്ളി ബ്ലോക്കില്‍ ഏറ്റെടുത്തത് പുതുപ്പാടി സഹകരണ ബാങ്കായിരുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ ബ്ലോക്കുകളിലൊന്നായ കൊടുവള്ളിയുടെ പരിധിയിലെ വലിയ സഹകരണ ബാങ്കുകള്‍ മടിച്ചുനിന്നപ്പോള്‍ കൃഷിക്കാരുടെ ഉന്നമനത്തിനുള്ള പദ്ധതി ഏറ്റെടുത്ത് മാതൃകാപരമായി നടപ്പാക്കാന്‍ പുതുപ്പാടി സഹകരണ ബാങ്കിന് കഴിഞ്ഞു. നാലേക്കര്‍ സ്ഥലം പാട്ടത്തിനെടുത്താണ് ഗ്രീന്‍വാലി കര്‍ഷക സേവനകേന്ദ്രം ആരംഭിച്ചത്. ട്രാക്ടര്‍, ടില്ലര്‍, ട്രാന്‍സ്പ്ലാന്റര്‍, കാട് വെട്ടുന്ന യന്ത്രം തുടങ്ങി കൃഷിക്കാവശ്യമായ യന്ത്രങ്ങളും ഉപകരണങ്ങളും കേന്ദ്രത്തില്‍ കിട്ടും. ഇവ ഫാമിലെ കൃഷിക്കുപയോഗിക്കുന്നതിനു പുറമെ കര്‍ഷകര്‍ക്ക് കുറഞ്ഞ നിരക്കില്‍ വാടകക്ക് നല്‍കുന്നുമുണ്ട്. മണ്ണുത്തി കാര്‍ഷിക സര്‍വ്വകലാശാലയില്‍ പരിശീലനം ലഭിച്ച 16 ജീവനക്കാര്‍ ഉള്‍ക്കൊള്ളുന്ന ഗ്രീന്‍ഫീല്‍ഡ് ആര്‍മിയാണ്
ഫാമിലെ കാര്‍ഷിക ജോലികള്‍ നടത്തുന്നത്. തദ്ദേശ ഭരണസ്ഥാപനങ്ങള്‍ നടപ്പാക്കുന്ന കാര്‍ഷിക പ്രോജക്ടുകള്‍ക്ക് ആവശ്യമായ തൈകളും നടീല്‍ വസ്തുക്കളും കര്‍ഷക സേവന കേന്ദ്രം തയാറാക്കി നല്‍കുന്നുണ്ട്.

പോളിഹൗസുകളില്‍ ശാസ്ത്രീയമായി ജൈവ പച്ചക്കറികള്‍ ഉല്‍പാദിപ്പിച്ച് ന്യായവിലക്ക് നാട്ടുകാര്‍ക്ക് നല്‍കാനും കര്‍ഷക സേവന കേന്ദ്രത്തിന് കഴിയുന്നു. നല്ലയിനം തെങ്ങിന്‍ തൈകള്‍ വന്‍തോതില്‍ ഉല്‍പാദിപ്പിച്ച് കര്‍ഷകരിലെത്തിച്ചതാണ് സേവനകേന്ദ്രത്തിന്റെ ഏറ്റവും വലിയ നേട്ടം. കമുങ്ങിന്‍ തൈകളും ഉല്‍പാദിപ്പിക്കുകയുണ്ടായി. വാഴ, ചേന, ചേമ്പ്, കപ്പ, ഇഞ്ചി, മഞ്ഞള്‍, കൂര്‍ക്ക തുടങ്ങിയവയൊക്കെ ഫാമില്‍ കൃഷി ചെയ്യുന്നുണ്ട്. ഈ ഉല്‍പ്പന്നങ്ങള്‍ ഈങ്ങാപ്പുഴ അങ്ങാടിയില്‍ ബാങ്ക് ആരംഭിച്ച വിപണന കേന്ദ്രം വഴിയാണ് വില്‍ക്കുന്നത്. കര്‍ഷകരില്‍ നിന്നു ജൈവ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് സംഭരിച്ച് വില്‍പ്പന നടത്തുക വഴി ഉല്‍പാദകര്‍ക്ക് മികച്ച വില ഉറപ്പു വരുത്താന്‍ കഴിയുന്നുണ്ട്. കര്‍ഷകര്‍ക്ക് ചാണകം ഉള്‍പ്പെടെയുള്ള ജൈവ വളങ്ങളും ജൈവ കീടനാശിനികളും സേവന കേന്ദ്രം വഴി എത്തിച്ചു കൊടുക്കുന്നു. 2015-16 ല്‍ സഹകരണ വകുപ്പ് നല്‍കിയ ഗ്രാന്റ് തുകയായ 20 ലക്ഷം രൂപ പൂര്‍ണമായി വിനിയോഗിക്കാനും കാര്‍ഷിക രംഗത്ത് ഫലപ്രദമായി ഇടപെടാനും പുതുപ്പാടി ബാങ്കിന് കഴിഞ്ഞിട്ടുണ്ട്.

ബാങ്ക് മുന്‍കൈയെടുത്തു രൂപവല്‍ക്കരിച്ച നാല് കര്‍ഷക ക്ലബ്ബുകളും സജീവമാണ്. ക്ലബ്ബ് കൂട്ടമായി നടത്തുന്ന കൃഷിക്ക് വായ്പയും നടീല്‍ വസ്തുക്കളും യന്ത്രങ്ങളുംലഭ്യമാക്കുന്നതിന് പുറമെ ഉല്‍പ്പന്ന വിപണനത്തിനും സഹായം നല്‍കുന്നു. പുതുപ്പാടി ഭാഗത്ത് നിന്ന് അപ്രത്യക്ഷമായിരുന്ന നെല്‍ക്കൃഷി തിരിച്ചുകൊണ്ടു വരാന്‍ ബാങ്കിന് കഴിഞ്ഞിട്ടുണ്ട്. നടീല്‍ -കൊയ്ത്ത് ഉത്സവങ്ങള്‍ സംഘടിപ്പിച്ച് കര്‍ഷകരെ പ്രോത്സാഹിപ്പിക്കാനും ശ്രമിക്കുന്നു. ജൈവ പച്ചക്കറി വിളവെടുപ്പും ആഘോഷമാക്കി ഒട്ടനവധി പേരെ ഈ രംഗത്തേക്ക് കൊണ്ടുവന്നു. ഓണക്കാലത്ത് നടത്തിയ ജൈവ പച്ചക്കറിച്ചന്തകള്‍ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. കാര്‍ഷിക സെമിനാറുകളും പഠന ക്ലാസുകളും നടത്തുന്നുണ്ട്. ബാങ്ക് ഡയരക്ടര്‍ കെ. ശശീന്ദ്രന്‍ കണ്‍വീനറായ കര്‍ഷക സേവന കേന്ദ്രത്തില്‍ സൂപ്പര്‍വൈസറായി പ്രവര്‍ത്തിക്കുന്നത് റിട്ട. കൃഷി അസിസ്റ്റന്റ് കെ. ബാലകൃഷ്ണനാണ്. സ്വന്തമായി ഭൂമി വാങ്ങി കര്‍ഷക സേവനകേന്ദ്രം വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ബാങ്ക്.

മാംസ വിപണിയില്‍

ഒരു പരിശോധനയുമില്ലാതെ കാലികളെ അറുത്ത് വൃത്തിഹീനമായ സാഹചര്യങ്ങളില്‍ വിപണനം നടത്തുന്നതു തടയാന്‍ ബാങ്ക് മുന്‍കൈ എടുത്ത് ആരംഭിച്ച മീറ്റ് സ്റ്റാള്‍ കുറഞ്ഞ കാലം കൊണ്ട ്ചലനങ്ങളുണ്ടാക്കി. രോഗാണു വിമുക്തവും വിശ്വസനീയവുമായ രീതിയില്‍ പോത്ത്, ആട്, കോഴി എന്നിവയുടെ മാംസം മീറ്റ് സ്റ്റാളില്‍ കിട്ടുന്നുണ്ട്. വയനാട് ജില്ലയിലെ കര്‍ഷകരുടെ കൂട്ടായ്മയായ ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റിയുമായി സഹകരിച്ചാണ് ഈങ്ങാപ്പുഴ അങ്ങാടിയില്‍ മാംസ വിപണി പ്രവര്‍ത്തിക്കുന്നത്.

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാന്‍ സഹകരണ നീതിസ്റ്റോറും മരുന്നു വിപണിയില്‍ ഇടപെടാന്‍ നീതിമെഡിക്കല്‍ സ്റ്റോറും ബാങ്ക് നടത്തുന്നുണ്ട്. മൈക്കാവ് അങ്ങാടിയില്‍ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നാളികേര സംസ്‌കരണ കേന്ദ്രം തുടങ്ങാന്‍ ശ്രമമാരംഭിച്ചിട്ടുണ്ട്

ആധുനിക ബാങ്കിങ് സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ബാങ്കിങ് ഇടപാട് വേഗത്തിലാക്കാനും ഇടപാടുകാര്‍ക്ക് പരമാവധി സൗകര്യങ്ങും സഹായങ്ങളും ലഭ്യമാക്കാനും പുതുപ്പാടി ബാങ്കിന് കഴിഞ്ഞിട്ടുണ്ട്. നാലായിരത്തോളം പേര്‍ക്ക് വിവിധ ക്ഷേമ പെന്‍ഷനുകള്‍ ബാങ്ക് വഴി വിതരണം ചെയ്യുന്നുണ്ട്. വായ്പാ തിരിച്ചടവിലും മികവ് പുലര്‍ത്തുന്നുണ്ട്. മൈക്കാവ്, മലപുറം, വെസ്റ്റ് കൈതപ്പൊയില്‍, അടിവാരം എന്നിവിടങ്ങളില്‍ ശാഖകളും ഈങ്ങാപ്പുഴ അങ്ങാടിയില്‍ മെയിന്‍ ഓഫീസും പ്രവര്‍ത്തിക്കുന്നു. ബാങ്കിന് കീഴില്‍ 50 ജീവനക്കാരുണ്ട്. അങ്ങാടിയില്‍ ബാങ്ക് വാങ്ങിയ 50 സെന്റ് സ്ഥലത്ത് കെട്ടിടമുണ്ടാക്കാനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു.

കെ.സി. വേലായുധനാണ് ബാങ്ക് പ്രസിഡന്റ്. എം.വി. മാത്യു സെക്രട്ടറിയും. ടി. എ.മൊയ്തീന്‍ വൈസ് പ്രസിഡന്റാണ്.
എംഡി ജോസ്, കെ. ശശീന്ദ്രന്‍ , രാജു സ്‌കറിയ , സി.കെ. മുഹമ്മദലി, രാജുമാമന്‍, ഇ.കെ. അബ്ദുറഹിമാന്‍, എ.എം. ഫൈസല്‍, ടി. യു. അമ്മിണി, ഗീത ഗോപാലന്‍, ശ്രീജ വിശ്വനാഥ്, ഹെലോയി, സി. സിബി എന്നിവര്‍ ഡയരക്ടര്‍മാരുമാണ്.

[mbzshare]

Leave a Reply

Your email address will not be published.