സഹകരണത്തിലെ ഒരു വടക്കൻവീരഗാഥ പറയുകയാണ് രാജപുരം സൊസൈറ്റി.
ചരിത്രം എപ്പോഴും തിരുത്തപ്പെടാനുള്ളതാണ്. ചരിത്രം തിരുത്തുന്നവരും ചരിത്രത്തിന്റെ ഭാഗമാകുന്നുവരും കഠിനാധ്വാനത്തിലൂടെയാണ് അത് നേടുന്നത്. കേരളത്തിന്റെ വടക്കേ അറ്റത്തുള്ള കാസർകോട് ജില്ലയിലെ രാജപുരം അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘം 2005ലാണ് ആരംഭിക്കുന്നത്.
കർഷകർക്ക് മാത്രം മെമ്പർഷിപ്പ് ഉള്ള സൊസൈറ്റി ക്രെഡിറ്റ് മേഖലയിൽ കള്ളാർ, പനത്തടി,കോടോം.ബേളൂർ , ബളാൽ പഞ്ചായത്തുകളിലായാണ് പ്രവർത്തിക്കുന്നത്. കാർഷിക അനുബന്ധ മേഖലയിൽ ലോണും തിരിച്ചടവുമായി സംഘം മുന്നേറുന്നു. ഇപ്പോൾ ഏഴ് കോടി നിക്ഷേപവും ഏകദേശം ആറു കോടി വായ്പയും ഉണ്ട്. കോഴിച്ചാലിൽ ഒരു ബ്രാഞ്ചും.
2018 മെയിൽ ഭരണസമിതിയും ജീവനക്കാരും ചേർന്ന് വിനോദയാത്ര പോയതോടെയാണ് സംഘത്തിന്റെ ചരിത്രം മാറുന്ന ആശയം രൂപപ്പെടുന്നത്. കാർഷികോപകരണങ്ങളുടെ വിപണനത്തിലൂടെ കൈപൊള്ളിയ സംഘത്തിന് കൂട്ടായ ആശയത്തിൽ പ്രതീക്ഷ വന്നു. അങ്ങനെ യാത്ര കഴിഞ്ഞു തിരിച്ചെത്തിയവർ സംഘത്തിന്റെ ബൈലോ യിലുള്ള കാർഷിക-ക്ഷീര മേഖലയിലേക്ക് കാൽ വച്ചു.
രാജപുരത്തിന്റെ ഗോ ഗാഥ….
ആശയവും ആവിഷ്കാരവും ഭരണസമിതിയും ജീവനക്കാരും. സംവിധാനം സംഘം പ്രസിഡണ്ടും കർഷകനുമായ പി.സി. തോമസും കഠിനാധ്വാനിയായ സെക്രട്ടറി രജനിയും.
കഥയും തിരക്കഥയും വൈകിയില്ല. ആശയാവിഷ്കാരമായി പശുഫാമിനായി സ്ഥലം കണ്ടെത്തി. ശുദ്ധജലം സമൃദ്ധമായി ലഭിക്കുന്ന കള്ളാർ പഞ്ചായത്തിലെ കുടുംബൂർ പുഴയുടെ അരികിലായി ഒരേക്കർ സ്ഥലം പത്തു വർഷത്തേക്ക് 15,000 രൂപ പ്രതിവർഷ തുകയിൽ പാട്ടത്തിനെടുത്തു. രണ്ട് തട്ടായി കിടന്നിരുന്ന തുറസ്സായ പറമ്പ് വൃത്തിയാക്കി ചെറിയ കുളം കുത്തി വെള്ളവും ലഭിച്ചു. 2018 ഒക്ടോബർ 17നു ജോയിന്റ് രജിസ്ട്രാർ നൗഷാദ് പശുഫാമിന് തറക്കല്ലിട്ടു.
ജോയിന്റ് രജിസ്ട്രാറിനു പോലും പ്രതീക്ഷ ഇല്ലാതിരുന്ന സംരംഭം ആറു മാസത്തിനപ്പുറം വിജയത്തിൽ എത്തിച്ചിരിക്കുകയാണ് സംഘം ജീവനക്കാരുടെ സ്ഥിരോത്സാഹംകൊണ്ട് മാത്രം.
16 ലക്ഷം രൂപ ചെലവിൽ പശുഫാമും, തൊഴിലാളികൾക്കു താമസിക്കാനുള്ള വീടും നിർമിച്ചു. പശുക്കൾക്ക് 24 മണിക്കൂറും ഫാനും വെള്ളവും സംഗീതവും ഒപ്പം പ്രകൃതിദത്തമായ ശുദ്ധവായുവും ഒരുക്കി. 2019 ഫെബ്രുവരിയിൽ 10 പശുക്കളെ കൊണ്ടുവന്നു. ഇതിൽ നാടൻ, എച്ച്. എഫ്, ജേഴ്സി, ഗീർ എന്നീ ഇനത്തിൽപ്പെട്ടവയും ഉൾപ്പെടും. ദിനംപ്രതി 15 മുതൽ 25 ലിറ്റർ പാൽ ഓരോന്നും നൽകും. ഇപ്പോൾ 32 പശുക്കളുണ്ട്.
22 എണ്ണം കറവയുള്ളതാണ്. അഞ്ച് കന്നു കുട്ടികളുമുണ്ട്. ഇവയ്ക്ക് പ്രത്യേക ആലയും ഒരുക്കിയിട്ടുണ്ട്. ഒരേക്കർ കൃഷിസ്ഥലത്തെ ബാക്കി സ്ഥലം മുഴുവൻ തീറ്റപ്പുൽ വളർത്തുന്നതിനാൽ ഉരുക്കൾകാവശ്യമായ പുൽ ഇവിടെ തന്നെ ലഭിക്കും. മൂന്നു തൊഴിലാളികൾക്കൊപ്പം പ്രസിഡണ്ടും സെക്രട്ടറിയും ജീവനക്കാരും ഭരണസമിതിയും കണ്ണിലെണ്ണയൊഴിച്ച് പശുക്കളുടെ ഒരേക്കറിൽ കാണും. ഇതോടെ ഫാം ലാഭത്തിലായി. ഇപ്പോൾ പ്രതിദിനം 350 മുതൽ 400 ലിറ്റർ പാൽ വരെ വിൽക്കുന്നുണ്ട്. പാൽ സൊസൈറ്റി രണ്ടുനേരവും നേരിട്ടെത്തി പാൽ ശേഖരിക്കും. ആവശ്യക്കാർക്ക് ഫാമിൽ നിന്ന് പാൽ നൽകും. സൊസൈറ്റിയിൽ 35 രൂപക്കും പുറത്ത് 40 രൂപക്കുമാണ് പാൽ നൽകുന്നത്. പാൽ കറന്നെടുക്കാൻ മെഷീൻ ഉണ്ടെങ്കിലും 30 ശതമാനം അകിടിൽ നിൽക്കുന്നതിനാൽ കറവക്കാരനും ഉണ്ട്. ജീവനക്കാർ ഫാമിൽ തന്നെ താമസിക്കുന്നതാണ് മറ്റൊരു പ്രത്യേകത.
o
സൊസൈറ്റിയുടെ പുതിയ പദ്ധതികൾ….
നിലവിൽ ചാണകത്തിൽ നിന്ന് ബയോഗ്യാസ് ഉണ്ടാക്കുന്നുണ്ടെങ്കിലും ഫാമിലെ ആവശ്യത്തിനു പുറമെ രണ്ടു വീടുകളിലേക്ക് സൗജന്യമായി ഗ്യാസ് നൽകുന്നുണ്ട്. ചാണകം വെയിലേൽക്കാതെ ഉണക്കിപ്പൊടിച്ച് ബ്രാൻഡ് ചെയ്ത് വിൽക്കാൻ ഒരുങ്ങുകയാണ് സംഘം. ഒരു ചാക്കിന് 500ഉം 600 രൂപക് വിൽക്കാനുള്ള പദ്ധതി ഇതിനകം തന്നെ തയ്യാറായതായി സെക്രട്ടറി പറഞ്ഞു. ഇതിനുള്ള പ്രാരംഭ നടപടികൾ സംഘം ആരംഭിച്ചു. നിലവിൽ ആവശ്യക്കാർക്ക് പശുക്കളെ നൽകുന്നുണ്ട്. കർഷകർക്ക് സൊസൈറ്റി ആവശ്യത്തിനനുസരിച്ച് വായ്പയും നൽകിയാണ് പശുക്കളെ വിൽക്കുന്നത്. പാലിൽ നിന്നും മൂല്യവർധിത ഉൽപ്പന്നങ്ങളും നേരിട്ട് ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുന്ന സംവിധാനവും അണിയറയിലാണ്. സമീപ സ്ഥലങ്ങളിൽ കുറഞ്ഞചിലവിൽ പാട്ടത്തിന് സ്ഥലമെടുത്ത് ജൈവ പച്ചക്കറി കൃഷി ആരംഭിക്കുന്നതാണ് മറ്റൊരു പദ്ധതിയെന്നു പ്രസിഡന്റ് തോമസും സെക്രട്ടറി രജനിയും പറയുമ്പോൾ ആത്മവിശ്വാസത്തിന്റെ സഹകരണ മാതൃക അവരിൽ നേരിൽ കാണാം. കൃഷിക്ക് ആവശ്യമായ ജൈവവളം സമൃദ്ധമായി ഫാമിൽ ഉണ്ടെന്നതും ആത്മവിശ്വാസത്തിന് കരുത്ത് പകരുന്നു.
സ്വന്തം വിപണന കേന്ദ്രത്തിലൂടെ പച്ചക്കറി നൽകാനാണ് സംഘം ഉദ്ദേശിക്കുന്നത്. ഒപ്പം ഫാം ടൂറിസവും ഏറുമാടവും പുഴയിൽ ബോട്ടിങ്ങും സംഘത്തിന്റെ ടൂറിസം പദ്ധതികളിൽ ചിലതുമാത്രം. സംസ്ഥാനത്ത് ക്ഷീര സംഘങ്ങൾക്ക് പശുഫാം ഉണ്ടെങ്കിലും സഹകരണ രംഗത്ത് പുതിയ ആശയം വിജയിപ്പിചെടുത്തതിന്റെ ക്രെഡിറ്റ് 7അംഗ ജീവനക്കാർക്കും 11 അംഗ ഭരണസമിതിക്കും സ്വന്തം. ചരിത്രം തിരുത്താൻ കൂടിയുള്ളതാണെന്ന് ഒരിക്കൽ കൂടി ബോധ്യപ്പെടുത്തുകയാണ് രാജപുരം സഹകരണ സംഘം.