സഹകരണ രാഷ്ട്രീയം കക്ഷിരാഷ്ട്രീയമാകരുത്

Deepthi Vipin lal

ഹകരണ മേഖലയുടെ നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യപ്പെടുന്ന ഘട്ടമാണിത്. കേന്ദ്ര നിയമത്തിലെ ഭേദഗതികള്‍, സാമ്പത്തിക ഇടപാടുകള്‍ക്കുള്ള നിയന്ത്രണം എന്നിങ്ങനെ പല രീതിയിലുള്ള പരീക്ഷണങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. സഹകരണ മേഖലയെക്കുറിച്ചുള്ള ചര്‍ച്ചകളെല്ലാം ആശങ്കയില്‍ തുടങ്ങുകയും ആശങ്കയില്‍ ഒടുങ്ങുകയും ചെയ്യുന്നതിന്റെ കാരണമിതാണ്. കേരളത്തിലെ സഹകരണ പ്രസ്ഥാനം പിറവികൊണ്ടും വളര്‍ച്ചകൊണ്ടും ശക്തമാണെന്ന പൊതുബോധമാണു നമ്മളെ നയിക്കുന്നത്. എന്നാല്‍, ഒരു കാറ്റിനു വീണുപോകാന്‍ പാകത്തില്‍ വേരുറപ്പില്ലാത്ത വന്‍മരമാണിതെന്ന തിരിച്ചറിവ് നമുക്കുണ്ടാകേണ്ടിയിരിക്കുന്നു. നിക്ഷേപത്തിന്റെ തോതും ക്രെഡിറ്റ് സംഘങ്ങളുടെ വളര്‍ച്ചയുമാണു കേരളത്തെ സഹകരണ മേഖലയില്‍ തലയെടുപ്പുള്ളതാക്കിയത്. ആ ക്രെഡിറ്റ് സംഘങ്ങളാണ് ഇന്നു പ്രതിസന്ധികളുടെ പടുകുഴിയില്‍ എത്തിനില്‍ക്കുന്നത്. വായ്പകളുടെ വിതരണം കുറഞ്ഞു. നല്‍കിയ വായ്പകളില്‍ തിരിച്ചടവുണ്ടാകുന്നില്ല. കടാശ്വാസ കമ്മീഷന്റെ ഉത്തരവനുസരിച്ച് സര്‍ക്കാര്‍ നല്‍കേണ്ട കോടികള്‍ കിട്ടിയിട്ടില്ല. അതിനു പലിശ ലഭിക്കില്ല. പ്രാഥമിക സഹകരണ സംഘങ്ങളുടെ രക്ഷാകര്‍ത്താവാകേണ്ട കേരള ബാങ്ക് ബാലവേല ചെയ്യിപ്പിച്ച് കമ്മീഷന്‍ പറ്റുന്ന മനോഭാവത്തിലാണു പെരുമാറുന്നത്. പ്രാഥമിക സഹകരണ ബാങ്കുകളില്‍നിന്നു സര്‍വീസ് ചാര്‍ജുകള്‍ ഈടാക്കിയും കൂട്ടുപലിശ ചുമത്തിയും കേരള ബാങ്ക് ലാഭക്കൊതി കാട്ടുകയാണ്. എല്ലാ തരത്തിലുമുള്ള പരീക്ഷണമാണു പ്രാഥമിക സഹകരണ വായ്പാമേഖല നേരിടുന്നത്.

ഇതിനൊപ്പമാണു സഹകരണ സ്ഥാപനങ്ങള്‍ തട്ടിപ്പിന്റെ കേന്ദ്രമാണെന്ന പ്രചരണംകൂടി ഉയരുന്നത്. ഇതോടെ, തകര്‍ത്തെറിയുന്ന കാറ്റ് കേന്ദ്രത്തില്‍ നിന്നാണോ അതോ കേരളത്തില്‍നിന്നുതന്നെ ഉത്ഭവിക്കുമോയെന്ന സംശയം മാത്രമേയുള്ളൂ. കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പിന്റെ നിറംപിടിപ്പിച്ച കഥകളാണു മാധ്യമങ്ങളിലാകെ നിറയുന്നത്. അതിനു രാഷ്ട്രീയനിറം വരുമ്പോള്‍ വാര്‍ത്തയ്ക്കു വീറ് കൂടുകയും പ്രചരണത്തിനു വ്യാപ്തിയുണ്ടാവുകയും ചെയ്യുക സ്വാഭാവികമാണ്. പക്ഷേ, അതില്ലാക്കുന്നത് ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യത്തോടെ നമ്മള്‍ കാത്തുസൂക്ഷിക്കുന്ന വിശ്വാസ്യതയും ജനപക്ഷ സ്വഭാവവുമാണ്. ഏതു സ്ഥാപനത്തിലും നടക്കുന്ന തട്ടിപ്പ് ഒരു ക്രിമനല്‍ പ്രവര്‍ത്തനമാണ്. അതില്‍ രാഷ്ട്രീയമില്ല. ഏതു പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനമായാലും സുതാര്യതയും സത്യസന്ധതയും വേണമെന്നു ശഠിക്കുന്നവരാണു നമ്മള്‍. അവിടെ സ്വാര്‍ത്ഥതയും കള്ളത്തരവും മനസ്സില്‍ നിറച്ചവരുണ്ടാകുമ്പോള്‍ തട്ടിപ്പിനുള്ള പഴുതുകളുണ്ടാകും. അവരില്ലാതാക്കുന്നത്് ആ സ്ഥാപനത്തെയാണ്. അവര്‍ കളങ്കപ്പെടുത്തുന്നത് ഒരു നാടിനൊപ്പം ചേര്‍ന്നുനില്‍ക്കുമെന്നു ജനങ്ങള്‍ കരുതിയ സഹകരണ സംഘങ്ങളുടെ വിശ്വാസ്യതയെയാണ്.

സഹകരണ വകുപ്പ് ജീവനക്കാരും ചിലതു തിരിച്ചറിയണം. സര്‍ക്കാരിന്റെ പ്രതിനിധികളായി നിങ്ങളെ നിയോഗിക്കുന്നതു സഹകരണ മേഖലയ്ക്കു കാവല്‍ നില്‍ക്കാനാണ്. ആ ഉത്തരവാദിത്തം നിങ്ങള്‍ നിര്‍വഹിക്കാത്തതിന്റെ വീഴ്ചകൂടിയാണു കരുവന്നൂരില്‍ കണ്ടത്. കാവല്‍ക്കാരനും കൂടിയാണു വീടിനു തീയിട്ടതെന്നു പറയാതിരിക്കാനാവില്ല. ഇനി ഇതിലെ രാഷ്ട്രീയമാണ്. സഹകരണത്തിന് എല്ലാ കാലത്തും രാഷ്ട്രീയമുണ്ടായിട്ടുണ്ട്. അതുതന്നെയാണ് ഈ മേഖലയെ ഇത്ര വളര്‍ത്തിയതും ശക്തിയുള്ളതാക്കിയതും. പക്ഷേ, സഹകരണ രാഷ്ട്രീയത്തിനു കക്ഷിതാല്‍പ്പര്യത്തിനപ്പുറം ഒരു യോജിപ്പുണ്ടായിരുന്നു. ഈ മേഖലയുടെ നന്മയായിരുന്നു അതിന്റെ പൊതുലക്ഷ്യം. അതിനു മാറ്റം വന്നുതുടങ്ങുന്നുണ്ടോയെന്ന സംശയം തോന്നുന്ന ഘട്ടമാണിത്. ഇരുട്ടു കനത്തുവരുന്ന കാര്‍മേഘമുണ്ട് മുകളില്‍. ഏതു നിമിഷവും കനംവെച്ച് പെയ്യാനും ആകെ ഒലിപ്പിച്ചുകളയാനും ശേഷിയുള്ളവ. ആ ആധിയിലാണു സഹകരണ മേഖല. ഒരു മലവെള്ളപ്പാച്ചിലുണ്ടാകാമെന്നും അതില്‍ ഒലിച്ചുപോകാന്‍ സാധ്യത ഏറെയാണെന്നുമുള്ള ആധിയില്‍. അതിനിടയില്‍ രാഷ്ട്രീയലക്ഷ്യത്തിനു കൂടി ഈ മേഖലയെ ഉപയോഗിക്കാതിരിക്കാനുള്ള കരുതല്‍ കാണിക്കണം. സഹകരണ രാഷ്ട്രീയം കക്ഷിരാഷ്ട്രീയത്തിനു വഴിമാറരുത്.

– എഡിറ്റര്‍

 

Leave a Reply

Your email address will not be published. Required fields are marked *

Latest News