ഉത്തേജന പലിശയിളവിന് സഹകരണ സംഘം രജിസ്ട്രാര്‍ ചോദിച്ചതു 178 കോടി;കിട്ടിയത് അഞ്ചു കോടി
കാര്‍ഷികവായ്പ പലിശരഹിതമാക്കുന്നതിന് രൂപവത്കരിച്ച ഉത്തേജന പലിശയിളവ് പദ്ധതിക്ക് സഹകരണ സംഘം രജിസ്ട്രാര്‍ 178 കോടി രൂപ അനുവദിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍, 2021 – 22 വര്‍ഷത്തേക്ക് അഞ്ചു കോടി രൂപ റിലീസ് ചെയ്യാനാണു സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനുള്ള ഉത്തരവും ഇറക്കി.
കാര്‍ഷിക വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് പലിശ പൂര്‍ണമായി ഇളവ് നല്‍കുന്നതാണ് പദ്ധതി. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് പദ്ധതി പ്രഖ്യാപിച്ചത്. കാര്‍ഷിക വായ്പ് ഏഴ് ശതമാനം പലിശ ഈടാക്കിയാണ് സഹകരണ ബാങ്കുകളും സംഘങ്ങളും നല്‍കുന്നത്. നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് സംസ്ഥാനത്ത് സഹകരണ സംഘങ്ങള്‍ കാര്‍ഷിക വായ്പ നല്‍കുന്നത്. ഈ വായ്പയില്‍ കൃത്യമായി തിരിച്ചടക്കുന്നവര്‍ക്ക് മൂന്നു ശതമാനം നബാര്‍ഡ് പലിശ ഇളവ് നല്‍കുന്നുണ്ട്. ബാക്കി നാല് ശതമാനം സര്‍ക്കാരും ഇളവ് നല്‍കി പലിശരഹിതമാക്കാനാണ് ഉത്തേജന പലിശയിളവ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്.
വായ്പയ്ക്ക് പലിശ ഈടാക്കാതെ തീര്‍പ്പാക്കുകയും പലിശ ഇനത്തില്‍ കിട്ടാനുള്ള തുക നബാര്‍ഡിനും സര്‍ക്കാരിനും പ്രത്യേകമായി സമര്‍പ്പിക്കുകയുമാണ് സംഘങ്ങള്‍ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍, ഈ രണ്ട് തുകയും കിട്ടാന്‍ വൈകിയതോടെ സംഘങ്ങള്‍ ഇടപാടുകാരില്‍നിന്നുതന്നെ പലിശ ഈടാക്കാന്‍ തുടങ്ങി. സര്‍ക്കാരില്‍നിന്നും നബാര്‍ഡില്‍നിന്നും കിട്ടുമ്പോള്‍ അത് ഇടപാടുകാരന്റെ അക്കൗണ്ടിലേക്ക് വരവുവെക്കുകയാണ് ഇപ്പോള്‍ സ്വീകരിക്കുന്ന രീതി. കേരള ബാങ്ക് വഴിയാണ് നബാര്‍ഡ് സഹായം ലഭിക്കുന്നത്. ഇത് താരതമ്യേന വേഗത്തില്‍ കിട്ടിയിരുന്നു. എന്നാല്‍, സഹകരണ വകുപ്പുവഴിയാണ് സര്‍ക്കാരില്‍നിന്നുള്ള പലിശയിളവ് സഹായം ലഭിക്കേണ്ടിയിരുന്നത്. ഇത് മാസങ്ങള്‍ കഴിഞ്ഞിട്ടും ലഭിക്കാത്ത സ്ഥിതിയാണ് സംഘങ്ങള്‍ക്കുള്ളത്. അതിനാല്‍, പല സംഘങ്ങളും പലിശ ഇളവിനുള്ള അപേക്ഷ നല്‍കുന്നില്ല. നല്‍കിയവ കെട്ടിക്കിടക്കുയുമാണ്. അതുകൊണ്ട്, കര്‍ഷകര്‍ക്കും സര്‍ക്കാര്‍ പലിശ ഇളവിന്റെ ആനുകൂല്യം ലഭിക്കുന്നില്ല.
പദ്ധതി ഇപ്പോഴും തുടരുന്നതിനാല്‍ ഇത് കാര്യക്ഷമമായി നടപ്പാക്കാനാണ് 178 കോടി രൂപ അനുവദിക്കണമെന്ന് സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാല്‍, ബജറ്റില്‍ വകയിരുത്തിയ അഞ്ചു കോടി കൈമാറാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. എല്ലാ വര്‍ഷവും അഞ്ചു കോടി വീതമാണ് ഈ പദ്ധതിക്കായി ബജറ്റില്‍ വകയിരുത്താറുള്ളത്. അതുകൊണ്ട് പലിശയിളവ് പദ്ധതി നിലവിലുള്ള പ്രശ്നങ്ങളോടെ മാത്രമെ ഇനിയും തുടരാനിടയുള്ളൂ.
പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍, ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്കുകള്‍, കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ എന്നിവ വിതരണം ചെയ്യുന്ന ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ക്കാണ് ഉത്തേജന പലിശയിളവ് പദ്ധതിയില്‍ ആനുകൂല്യം ലഭിക്കുക.
[mbzshare]