രണ്ടാം ധവളവിപ്ലവം: എന്‍.ഡി.ഡി.ബി. 1000 സംഘങ്ങളെ സഹായിക്കും

moonamvazhi

രണ്ടാംധവളവിപ്ലവത്തിന്റെ ഭാഗമായി ദേശീയ ക്ഷീരവികസനബോര്‍ഡ് (എന്‍.ഡി.ഡി.ബി) 1000 വിവിധോദ്ദേശ്യസഹകരണസംഘങ്ങള്‍ക്ക് സഹായം നല്‍കും. ഇതിനു കര്‍മപദ്ധതി തയ്യാറാക്കി. ക്ഷീരഅസോസിയേഷനുകളിലൂടെയും ക്ഷീരോല്‍പാദകസ്ഥാപനങ്ങളിലൂടെയുമാണു  (എം.പി.ഒ) സഹായം നല്‍കുക. പാല്‍സംഭരണത്തിനാണു സഹായം.കേന്ദ്ര മൃഗസംരക്ഷണ-ക്ഷീരമന്ത്രാലയത്തിന്റെ ദേശീയ ക്ഷീരവികസനപദ്ധതിയുടെ കീഴിലായിരിക്കും ഈ പ്രവര്‍ത്തനങ്ങള്‍. അഞ്ചു കൊല്ലംകൊണ്ടു പാല്‍സംഭരണം 50 ശതമാനം വര്‍ധിപ്പിക്കലാണു രണ്ടാംധവളവിപ്ലവത്തിന്റെ ലക്ഷ്യം.

മികച്ച കന്നുകാലിയിനങ്ങളും പോഷകമൂല്യംകൂടിയ കാലിത്തീറ്റകളും വികസിപ്പിക്കുന്നതില്‍ സഹകരിക്കാന്‍ എന്‍.ഡി.ഡി.ബി. ചെയര്‍മാന്‍ ഡോ. മനീഷ് സി. ഷാ ന്യൂസിലന്റ് പ്രാഥമികവ്യവസായമന്ത്രാലയ പ്രതിനിധികളുമായി കഴിഞ്ഞദിവസം ചര്‍ച്ച നടത്തി. എ1 മില്‍ക്ക്, എ2 മില്‍ക്ക്, ജൈവപ്പാല്‍ സര്‍ട്ടിഫിക്കേഷനുകളുടെ കാര്യവും ഒട്ടകപ്പാലും പലയിനം ആടുകളുടെ പാലും ക്ഷീരോല്‍പന്നങ്ങളില്‍ ഉപയോഗിക്കാനുള്ള സാധ്യതകളുടെ കാര്യവും ചര്‍ച്ചയില്‍ വന്നു. ജൈവക്കൃഷികാര്യങ്ങളും ചര്‍ച്ചയായി. എന്‍.ഡി.ഡി.ബി.യുടെ മുഖ്യഉടമസ്ഥതയിലാണു ദേശീയജൈവോല്‍പന്നസഹകരണക്കമ്പനി (നാഷണല്‍ കോ-ഓപ്പറേറ്റീവ് ഓര്‍ഗാനിക്‌സ് ലിമിറ്റഡ്). വിളയവശിഷ്ടങ്ങളും പ്രാദേശികമായി കിട്ടുന്ന ഭക്ഷ്യഘടകങ്ങളും കന്നുകാലികള്‍ക്കു സന്തുലിതാഹാരമാക്കാവുന്ന എന്‍.ഡി.ഡി.ബി.യുടെ റേഷന്‍ ബാലന്‍സിങ് പ്രോഗ്രാമിന്റെ ( ആര്‍.ബി.പി ) വിശദവിവരങ്ങള്‍ മനീഷ് സി ഷാ ന്യൂസിലന്റ് സംഘത്തോടു വിവരിച്ചു. കര്‍ഷകരെ ബോധവല്‍ക്കരിച്ചാണ് ഇതു നടപ്പാക്കുന്നത്. ഹരിതഗൃഹവാതകപ്രശ്‌നം കുറയ്ക്കാന്‍ ആര്‍.ബി.പി.ക്കു കഴിയും.