ഓണ്‍ലൈന്‍ സഹകരണടാക്‌സി അമിത്‌ഷാ ഉദ്‌ഘാടനം ചെയ്‌തു

Moonamvazhi

കേന്ദ്രസഹകരണമന്ത്രാലയം മുന്‍കൈയെടുത്തു നടപ്പാക്കിയ ടാക്‌സിഡ്രൈവര്‍മാരുടെ ആപ്പ്‌ അധിഷ്‌ഠിത ഓണ്‍ലൈന്‍ ടാക്‌സിസഹകരണസംരംഭമായ ഭാരത്‌ ടാക്‌സിയുടെ സര്‍വീസിന്റെ ഔദ്യോഗികഉദ്‌ഘാടനം കേന്ദ്രസഹകരണമന്ത്രി അമിത്‌ ഷാ നിര്‍വഹിച്ചു. മൂന്നുകൊല്ലത്തിനകം ഇന്ത്യ മുഴുവന്‍ ഇതിന്റെ പ്രവര്‍ത്തനം വ്യാപകമാക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. താന്‍ ധാരാളം ഡ്രൈവര്‍മാരെ പരിചയപ്പെടുകയും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയും ചെയ്‌തിട്ടുണ്ടെന്ന്‌ അമിത്‌ഷാ പറഞ്ഞു. കമ്പനികള്‍ വന്‍തുകയാണ്‌ അവരില്‍നിന്നു കമ്മീഷന്‍ വാങ്ങുന്നത്‌. അക്കൗണ്ടിങ്‌ സുതാര്യവുമല്ല. നിരക്കുകള്‍ ആദ്യം കമ്പനിയുടെ അക്കൗണ്ടിലേക്കാണു പോകുന്നത്‌. അതിനുശേഷംമാത്രമാണു ഡ്രൈവര്‍ക്കു പണം കിട്ടുന്നത്‌. ഈ അക്കൗണ്ടുകളാകട്ടെ നോട്ടീസുപോലും കൊടുക്കാതെ തടയപ്പെടാവുന്നതുമാണ്‌. എന്നാല്‍ ഭാരത്‌ ടാക്‌സി നിശ്ചിതനിരക്കുകളല്ലാതെ ഒരു ശതമാനം തുക പോലും ഡ്രൈവര്‍മാരില്‍നിന്ന്‌ കമ്മീഷനായി ഈടാക്കുന്നില്ല. ഡ്രൈവര്‍മാരുടെ അധ്വാനം അവരുടെതന്നെ അഭിവൃദ്ധിക്കായി ഉപയോഗിക്കപ്പെടുന്നു. ലോകത്ത്‌ ആദ്യമായിട്ടായിരിക്കും പൂര്‍ണമായും ഡ്രൈവര്‍മാരുടെ ഉടമസ്ഥതയിലുള്ള ഇത്തരമൊരു ടാക്‌സിസര്‍വീസ്‌ സഹകരണസംരംഭം. ഭാരത്‌ ടാക്‌സി സര്‍വീസ്‌ നടത്തുന്ന സഹോദരീസഹോദങ്ങല്‍ വെറും ഡ്രൈവര്‍മാര്‍ മാത്രമല്ല കമ്പനിയുടെ ഉടമകള്‍ കൂടിയാണ്‌. ഇതുവരെ ബുക്കിങ്‌ ഫീസായിട്ടും പ്ലാറ്റ്‌ഫോം ചാര്‍ജുകളായിട്ടും വന്‍കമ്മീഷനുകളായിട്ടും കമ്പനികളുടെ ബാലന്‍സ്‌ ഷീറ്റ്‌ കൊഴുപ്പിക്കപ്പെടുമ്പോള്‍ ഡ്രൈവര്‍മാരുടെ കഠിനാധ്വാനത്തിന്റെ ഫലം തീരെകുറച്ചുമാത്രമേ അവര്‍ക്കു കിട്ടുന്നുണ്ടായിരുന്നുള്ളൂ. ഇനി അതിനെക്കുറിച്ച്‌ ഓര്‍ത്തു വിഷമിക്കേണ്ടതില്ല. ഭാരത്‌ ടാക്‌സി ആപ്പില്‍ അത്തരം അക്കൗണ്ടുകളൊന്നുമില്ല. ഒരു അക്കൗണ്ട്‌ മാത്രമേയുള്ളൂ. ഡ്രൈവര്‍മാരായ നമ്മുടെ സഹോദരീസഹോദരന്‍മാരുടെ വരുമാനം വര്‍ധിപ്പിക്കുന്ന ഒരു അക്കൗണ്ട്‌ മാത്രം. മൂന്നുകൊല്ലംകൊണ്ടു ഇന്ത്യമുഴുവന്‍ ഭാരത്‌ ടാക്‌സി വ്യാപിപ്പിക്കപ്പെടും. നാലുചക്രവാഹനങ്ങളുും മൂന്നുചക്രവാഹനങ്ങളും ഇരുചക്രവാഹനങ്ങളും ഇതിലുണ്ടാകും. സ്‌ത്രീകള്‍ക്കായി ബൈക്ക്‌ ദീദി എന്ന സംവിധാനവുമുണ്ടാകും. സാമൂഹ്യസുരക്ഷാനടപടികളും ഭാരത്‌ടാക്‌സി ആപ്പിന്റെ ഭാഗമാണ്‌. അഞ്ചുലക്ഷംരൂപവരെയുള്ള അപകടഇന്‍ഷുറന്‍സ്‌ ഓരോഡ്രൈവര്‍ക്കും അഞ്ചുലക്ഷം രൂപയുടെ കുടുംബആരോഗ്യഇന്‍ഷുറന്‍സ്‌ തുടങ്ങിയവ ഇതിന്റെ ഭാഗമായിരിക്കുമെന്നും അമിത്‌ഷാ പറഞ്ഞു. ഏതാനും ഡ്രൈവര്‍മാര്‍ക്ക്‌ ഭാരത്‌ ടാക്‌സിയുടെ ഓഹരിപ്‌ത്രങ്ങളും അമിത്‌ഷാ കൈമാറി.

ന്യൂഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ കേന്ദ്രസഹകരണവകുപ്പുസഹമന്ത്രിമാരായ മുര്‍ളീധര്‍ മോഹോള്‍, കൃഷ്‌ണപാല്‍ ഗുര്‍ജര്‍, സഹകരണമന്ത്രാലയ സെക്രട്ടറി ആഷിഷ്‌കുമാര്‍ ഭൂട്ടാനി, ദേശീയസഹകരണവികസനകോര്‍പറേഷന്‍ മാനേജിങ്‌ ഡയറക്ടര്‍ പങ്കജ്‌കുമാര്‍ ബന്‍സാല്‍, സംഘം പ്രസിഡന്റ്‌ ജയന്‍മേത്ത തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ന്യൂഡല്‍ഹി ദേശീയതലസ്ഥാനമേഖലാപ്രദേശത്തും ഗുജറാത്തിലെ ചില മേഖലകളിലും കഴിഞ കുറേ മാസങ്ങളായി നടത്തിയ പ്രവര്‍ത്തനത്തിനുശേഷമാണ്‌ ഔപചാരികമായി അമിത്‌ഷാ ഭാരത്‌ ടാക്‌സിയുടെ ഉദ്‌ഘാടനം നിര്‍വഹിച്ചത്‌. മൂന്നുലക്ഷത്തോളം ഡ്രൈവര്‍മാര്‍ ആപ്പ്‌ ഡൗണ്‍ലോഡ്‌ ചെയ്‌തിട്ടുണ്ടെന്നും പതിനായിരത്തോളം യാത്രകള്‍ ഈ ആപ്പിലൂടെ യാത്രികര്‍ നടത്തിയിട്ടുണ്ടെന്നും കണക്കാക്കപ്പെടുന്നു.

 

Moonamvazhi

Authorize Writer

Moonamvazhi has 926 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!