ഭവനബാങ്കില്‍ ജനറല്‍മാനേജര്‍ ഒഴിവുകള്‍

Moonamvazhi
ദേശീയഭവനബാങ്കില്‍ (നാഷണല്‍ ഹൗസിങ്‌ ബാങ്ക്‌-എന്‍എച്ച്‌ബി) ജനറല്‍മാനേജര്‍മാരുടെ രണ്ടൊഴിവുണ്ട്‌. www.nhb.org എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി ഫെബ്രുവരി ഇരുപതിനകം അപേക്ഷിക്കണം. മറ്റുവിധത്തിലുള്ള അപേക്ഷ സ്വീകരിക്കില്ല. ജനറല്‍മാനേജര്‍ – ക്രെഡിറ്റ്‌ മോണിറ്ററിങ്‌ തസ്‌തികയിലും ജനറല്‍മാനേജര്‍-ട്രഷറി തസ്‌തികയിലും ഓരോ ഒഴിവാണുള്ളത്‌. 2025 ഒക്ടോബര്‍ ഒന്നിലെ പരസ്യനമ്പര്‍ എന്‍എച്ച്‌ബി/എച്ച്‌ആര്‍എംഡി/ റിക്രൂട്ട്‌മെന്റ്‌/2025-26/02 പ്രകാരം ജനറല്‍ മാനേജര്‍-ക്രെഡിറ്റ്‌ മോണിറ്ററിങ്‌ തസ്‌തികയിലേക്കു നേരത്തേ അപേക്ഷിച്ചിരുന്നവരുടെ അപേക്ഷയും ഇതോടൊപ്പം പരിഗണിക്കും. അതിനാല്‍ അന്ന്‌ അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഒഴിവുകളുടെ എണ്ണത്തില്‍ മാറ്റം വന്നേക്കാം. ജനറല്‍ മാനേജര്‍-ക്രെഡിറ്റ്‌ മോണിറ്ററിങ്‌ തസ്‌തികയിലേക്കു സ്ഥിരംനിയമനവും ജനറല്‍മാനേജര്‍-ട്രഷറി തസ്‌തികയിലേക്കു മൂന്നുവര്‍ഷത്തെ കരാര്‍നിയമനവുമായിരിക്കും.
ജനറല്‍മാനേജര്‍-ക്രെഡിറ്റ്‌ മോണിറ്ററിങ്‌ തസ്‌തികയുടെ പ്രായപരിധി 40 വയസ്സിനും 55വയസ്സിനുംമധ്യേയാണ്‌. ജനറല്‍ മാനേജര്‍-ട്രഷറി തസ്‌തികയുടെ പ്രായപരിധി 45വയസ്സിനും 60വയസ്സിനും മധ്യേയും. 2026 ജനുവരി ഒന്ന്‌ അടിസ്ഥാനമാക്കിയാണു പ്രായം കണക്കാക്കുക. സംവരണവിഭാഗങ്ങള്‍ക്ക്‌ ഉയര്‍ന്നപ്രായപരിധിയില്‍ ഇളവുണ്ട്‌.
ജനറല്‍ മാനേജര്‍-ക്രെഡിറ്റ്‌ മോണിറ്ററിങ്‌ തസ്‌തികയിലേക്ക്‌ അപേക്ഷിക്കാന്‍വേണ്ട വിദ്യാഭ്യാസയോഗ്യത: ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌ (സിഎ)/ എംബിഎ/പിജിഡിഎം/പിജിഡിബിഎം.
ബാങ്കുകളിലോ അഖിലേന്ത്യാധനകാര്യസ്ഥാപനങ്ങളിലോ ബാങ്കിതരധനകാര്യക്കമ്പനികളിലോ ഭവനധനസഹായക്കമ്പനികളിലോ 20കൊല്ലം പ്രവൃത്തിപരിചയംവേണം. ഇതില്‍ 10കൊല്ലം ഭവനധനസഹായരംഗത്തായിരിക്കണം. സോണല്‍ മേധാവിയെന്ന നിലയിലോ ദേശീയമേധാവിയെന്ന നിലയിലോ വായ്‌പാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃൃത്വം നല്‍കിയിരിക്കണം. അല്ലെങ്കില്‍ ബാങ്കുകളിലോ അഖിലേന്ത്യാധനസഹായസ്ഥാപനങ്ങളിലോ നാലാംനിരക്കില്‍/ഗ്രേഡ്‌ ഇയില്‍ സ്ഥിരംതസ്‌തിക വഹിച്ചിരിക്കണം.
ജനറല്‍മാനേജര്‍-ട്രഷറി തസ്‌തികയുടെ വിദ്യാഭ്യാസയോഗ്യത ജനറല്‍ മാനേജര്‍-ക്രെഡിറ്റ്‌ മോണിറ്ററിങ്ങിന്റെതുതന്നെ. 20കൊല്ലം പ്രവൃത്തിപരിചയം വേണമെന്നതിലും മാറ്റമില്ല. എന്നാല്‍ പ്രവൃത്തിപരിചയത്തില്‍ 10കൊല്ലം മണിമാര്‍ക്കറ്റ്‌/ജി-സെക്‌/ഫോറെക്‌സ്‌/ ഇന്റഗ്രേറ്റഡ്‌ ട്രഷറി ഓപ്പറേഷന്‍സ്‌ എന്നിവയിലാകണം. റെഗുലേറ്റിങ്‌ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, അഖിലേന്ത്യധനസഹായസ്ഥാപനങ്ങള്‍, ബാങ്കിതരധനസഹായക്കമ്പനികള്‍, ഭവനധനസഹായക്കമ്പനികള്‍ എന്നിവയില്‍ സീനിയര്‍ മാനേജ്‌മെന്റ്‌തലത്തില്‍ സേവനമനുഷ്‌ഠിക്കുന്നവര്‍ അപേക്ഷിക്കാന്‍ അര്‍ഹരാണ്‌. ബാങ്കിങ്‌, ഫോറെക്‌സ്‌, റെഗുലേറ്ററി ചട്ടങ്ങള്‍, ഐടി, പ്രവചനം, വിശകലനം എന്നിവയില്‍ അറിവും കഴിവും അഭികാമ്യം.
ജനറല്‍മാനേജര്‍ റെഗുലര്‍ തസ്‌തികയുടെ ശമ്പളനിരക്ക്‌ 156500-4340/4-173860 രൂപ. കരാറടിസ്ഥാനത്തിലുള്ള ജനറല്‍മാനേജര്‍-ട്രഷറി തസ്‌തിയില്‍ മാസശമ്പളം നാലുലക്ഷംരൂപയായിരിക്കും.അറിയിപ്പുകൂലിയടക്കം 850രൂപ അപേക്ഷാഫീസുണ്ട്‌. പട്ടികജാതി-പട്ടികവര്‍ഗക്കാരും ഭിന്നശേഷിക്കാരും 175രൂപ അറിയിപ്പുകൂലിമാത്രം അടച്ചാല്‍ മതി. കൂടുതല്‍വിവരങ്ങള്‍ വെബ്‌സൈറ്റില്‍ കിട്ടും.

Moonamvazhi

Authorize Writer

Moonamvazhi has 911 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!