നബാര്‍ഡില്‍ 162 ഡവലപ്‌മെന്റ് അസിസ്റ്റന്റ് ഒഴിവുകള്‍
ദേശീയകാര്‍ഷികഗ്രാമവികസനബാങ്ക് (നബാര്‍ഡ്) ഡവലപ്‌മെന്റ് അസിസ്‌റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡവലപ്‌മെന്റ് അസിസ്റ്റന്റ് തസ്‌തികയില്‍ 159 ഒഴിവും ഡവലപ്‌മെന്റ് അസിസ്റ്റന്റ് (ഹിന്ദി) തസ്‌തികയില്‍ മൂന്ന് ഒഴിവും അടക്കം 162 ഒഴിവാണുള്ളത്. ഏതെങ്കിലും ഒരു സംസ്ഥാനത്തേക്കു മാത്രമേ അപേക്ഷിക്കാവൂ. അതുപോലെതന്നെ ഡവലപ്‌മെന്റ് അസിസ്റ്റന്റ് തസ്‌തികയിലേക്കോ ഡവലപ്‌മെന്റ് അസിസ്റ്റന്റ് (ഹിന്ദി) തസ്‌തികയിലേക്കോ ഏതെങ്കിലും ഒരു തസ്‌തികയിലേക്കു മാത്രമേ അപേക്ഷിക്കാവൂ. ഡവലപ്‌മെന്റ് അസിസ്റ്റന്റ് തസ്‌തികയില്‍ മൂന്ന് ഒഴിവാണു കേരളത്തിലുള്ളത്. ഇത് പൊതുവിഭാഗം ഒഴിവാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ഒഴിവ്;48. ഡവലപ്‌മെന്റ് അസിസ്റ്റന്റ് (ഹിന്ദി) തസ്‌തികയില്‍ ആന്ധ്ര, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ഓരോ ഒഴിവാണുള്ളത്. ഇതില്‍ ഒരെണ്ണം ഒബിസി സംവരണമാണ്.
ഫെബ്രുവരി മൂന്നിനകം അപേക്ഷിക്കണം. www.nabard.orghttp://www.nabard.org എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. വിജ്ഞാപനവും, സംവരണവുംമറ്റുമുള്ളവര്‍ സമര്‍പ്പിക്കേണ്ട സര്‍ട്ടിഫിക്കറ്റുകളുടെ മാതൃകകളും ഇതിലുണ്ട്. അപേക്ഷ പൂരിപ്പിക്കുമ്പോഴോ ഫീ അടക്കുമ്പോഴോ കോള്‍ലെറ്റര്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോഴോ ഉണ്ടാകുന്ന സംശയങ്ങള്‍ http://cgrs.ibps.inhttp://cgrs.ibps.in ലൂടെ തീര്‍ക്കാം. നബാര്‍ഡ് ഡവലപ്‌മെന്റ് അസിസ്റ്റന്റ്/ഡവലപ്‌മെന്റ് അസിസ്റ്റന്റ് (ഹിന്ദി) എക്‌സാമിനേഷന്‍ എന്ന് ഇ-മെയിലില്‍ വിഷയം രേഖപ്പെടുത്തണം.

ഫെബ്രുവരി 21നു പ്രാഥമികപരീക്ഷയും ഏപ്രില്‍ 12നും പ്രധാനപരീക്ഷയും നടത്തും.
പ്രായപരിധി 21നും 35നും മധ്യേ. 2026 ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണു പ്രായം കണക്കാക്കുക. 1991ജനുവരി രണ്ടിനുമുമ്പു ജനിച്ചവരാകരുത്. 2005 ജനുവരി ഒന്നിനുശേഷം ജനിച്ചവരുമാകരുത്. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കും വിധവകള്‍ക്കും അഞ്ചുകൊല്ലവും, ഒബിസിക്കാര്‍ക്ക് മൂന്നുകൊല്ലവും, ഭിന്നശേഷിക്കാര്‍ക്കു പത്തുകൊല്ലവും ഒബിസിക്കാരായ ഭിന്നശേഷിക്കാര്‍ക്കു പതിമൂന്നുകൊല്ലവും പട്ടികജാതി-പട്ടികവര്‍ഗക്കാരായ ഭിന്നശേഷിക്കാര്‍ക്കു പതിനഞ്ചുകൊല്ലവും, എക്‌സ് സര്‍വീസ്‌മെന്നിന്നു സൈനികസേവനകാലത്തോടു മൂന്നുകൊല്ലംകൂടി കൂട്ടിയ കാലയളവിലേക്കും (പരമാവധി 50വയസ്സുവരെ) പ്രായപരിധിയില്‍ ഇളവനുവദിക്കും.
ഡവലപ്‌മെന്റ് അസിസ്റ്റന്റ് തസ്‌തികയിലേക്ക് അപേക്ഷിക്കാന്‍ 50ശതമാനം മാര്‍ക്കോടെ ബിരുദമോ തുല്യയോഗ്യതയോ നേടിയിരിക്കണം. പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും എക്‌സ്-സര്‍വീസ്‌മെന്നിനും ബിരുദം നേടിയിരിക്കണമെന്നേയുള്ളൂ. 50ശതമാനംമാര്‍ക്ക് ഉണ്ടായിരിക്കണമെന്നില്ല. എല്ലാവരും കമ്പ്യൂട്ടറില്‍ വേഡ് പ്രോസസിങ് അറിഞ്ഞിരിക്കണം.
ഡവലപ്‌മെന്റ് അസിസ്റ്റന്റ് (ഹിന്ദി) തസ്‌തികയില്‍ അപേക്ഷിക്കാന്‍ ഇംഗ്ലീഷ് മാധ്യമത്തിലോ ഹിന്ദി മാധ്യമത്തിലോ പഠിച്ച് ഹിന്ദിയും ഇംഗ്ലീഷും നിര്‍ബന്ധവിഷയങ്ങളായോ ഇലക്ടീവ് വിഷയങ്ങളായോ അമ്പതുശതമാനം മാര്‍ക്കോടെ (പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും എക്‌സ്-സര്‍വീസ്‌മെന്നിനും ഭിന്നശേഷിക്കാര്‍ക്കും പാസ്സായിരുന്നാല്‍മതി) ബിരുദമെടുത്തവരായിരിക്കണം. അല്ലെങ്കില്‍ ഹിന്ദിയും ഇംഗ്ലീഷും പ്രധാനവിഷയമായി അമ്പതുശതമാനംമാര്‍ക്കോടെ (പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും എക്‌സ്-സര്‍വീസ്‌മെന്നിനും ഭിന്നശേഷിക്കാര്‍ക്കും പാസ്സായിരുന്നാല്‍മതി)ബിരുദമെടുത്തവരായിരിക്കണം. ഇംഗ്ലീഷില്‍നിന്നു ഹിന്ദിയിലേക്കും തിരിച്ചും തര്‍ജമ ചെയ്യാന്‍ കഴിവുണ്ടായിരിക്കണം. കമ്പ്യൂട്ടറില്‍ വേര്‍ഡ് പ്രോസസിങ് അറിഞ്ഞിരിക്കണം.
അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഔദ്യോഗികഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും അറിഞ്ഞിരിക്കണം. തിരഞ്ഞെടുക്കപ്പെട്ടാല്‍ പത്താംക്ലാസ്സിലോ പന്ത്രണ്ടാംക്ലാസ്സിലോ ഈ ഭാഷ പഠിച്ചിട്ടില്ലാത്തവര്‍ ഭാഷാപ്രാവീണ്യപരീക്ഷകൂടി പാസ്സാകണം.
പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും ഒബിസിക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പരീക്ഷയെഴുതാന്‍ പരിശീലനം ലഭ്യമായിരിക്കും. ഇതു വേണമെങ്കില്‍ അക്കാര്യം അപേക്ഷയില്‍ പറയണം.
പട്ടികജാതിക്കാരും പട്ടികവര്‍ഗക്കാരും ഭിന്നശേഷിക്കാരും അപേക്ഷാഫീസ് അടക്കേണ്ട. എന്നാല്‍ ഇന്റിമേഷന്‍ ചാര്‍ജായി നൂറുരൂപ അടക്കണം. മറ്റുള്ളവര്‍ അപേക്ഷാഫീസായി 450 രൂപയും ഇന്റിമേഷന്‍ ചാര്‍ജായി നൂറുരൂപയുമടക്കം 550രൂപ അടക്കണം. ജിഎസ്‌ടി കൂടാതെയുള്ള നിരക്കുകളാണിവ. നബാര്‍ഡ് ജീവനക്കാരും ഈ ഫീസുകള്‍ അടക്കണമെങ്കിലും രശീത് ഹാജരാക്കിയാല്‍ പിന്നീടു തിരിച്ചുകൊടുക്കും.
അടിസ്ഥാനശമ്പളം 23100 രൂപ. മറ്റാനുകൂല്യങ്ങളടക്കം തുടക്കത്തില്‍ 46500 രൂപ കിട്ടും.

