കിസാന്‍ ക്രെഡിറ്റ്‌ വായ്‌പ പലിശയിളവിന്‌ അംഗീകാരം

Moonamvazhi
  • വിറ്റഴിക്കാതെ സംഭരിച്ചാല്‍ ആനൂകൂല്യം
  • പ്രകൃതിദുരന്തത്തിനിരയായാലും ആനുകൂല്യം
  • കൊടിയദുരന്തത്തിനു കൂടുതല്‍കാലം ആനൂകൂല്യം

 

2025-26 സാമ്പത്തികവര്‍ഷത്തേക്കും കിസാന്‍ക്രെഡിറ്റ്‌ കാര്‍ഡുവഴിയുള്ള കാര്‍ഷിക-കാര്‍ഷികാനുബന്ധ ഹ്രസ്വകാലവായ്‌പകള്‍ക്കുള്ള പലിശനിരക്കിളവ്‌ റിസര്‍വ്‌ ബാങ്ക്‌ അംഗീകരിച്ചു. കാര്‍ഷികവിളവായ്‌പകള്‍ക്കും കന്നുകാലിവളര്‍ത്തല്‍, ക്ഷീരകാര്‍ഷികവൃത്തി, മല്‍സ്യക്കൃഷി, തേനീച്ചവളര്‍ത്തല്‍ തുടങ്ങിയ അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കും ഹ്രസ്വകാലവായ്‌പ ലഭിക്കാന്‍ സഹായകമായ സാഹചര്യം ഒരുക്കലാണു ലക്ഷ്യം. മുന്‍വര്‍ഷങ്ങളില്‍ നടപ്പാക്കിയ സ്‌കീം തുടരാനാണു തീരുമാനം. 2025-26ല്‍ ഈയിനത്തില്‍ മൂന്നുലക്ഷംരൂപവരെയുള്ള കെസിസിവായ്‌പയ്‌ക്കാണു പലിശയിളവു കിട്ടുക. ഇങ്ങനെ പലിശയിളവു നല്‍കുന്നതിനായി പൊതുമേഖലാബാങ്കുകള്‍, സ്വകാര്യമേഖലാബാങ്കുകള്‍, ചെറുകിടധനകാര്യബാങ്കുകള്‍, ഷെഡ്യൂള്‍ഡ്‌ വാണിജ്യബാങ്കുകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍വല്‍കൃത പ്രാഥമികകാര്‍ഷികസഹകരണബാങ്കുകള്‍ എന്നിവ തങ്ങളുടെ വിഭവങ്ങള്‍ ഉപയോഗിച്ചു വായ്‌പ നല്‍കുകയാണെങ്കില്‍ അവയുടെ പലിശയിളവിനുള്ള തുകയില്‍ ഒരു വിഹിതം നല്‍കി സഹായിക്കുകയാണു ചെയ്യുകയെന്നു റിസര്‍വ്‌ ബാങ്ക്‌ വ്യക്തമാക്കി. സ്വകാര്യബാങ്കുകളുടെ കാര്യത്തില്‍ ഗ്രാമങ്ങളിലും അര്‍ധനഗരങ്ങളിലും പ്രവര്‍ത്തിക്കുന്ന ശാഖകള്‍ നല്‍കുന്ന വായ്‌പകള്‍ക്കുമാത്രമായിരിക്കും സഹായം കിട്ടുക.

വായ്‌പ നല്‍കിയതും വാങ്ങിയതും പുതുക്കിയതുമായ തിയതിമുതല്‍ തിരിച്ചടച്ച തിയതിവരെയുള്ള കാലമാണു പലിശയിളവിനു പരിഗണിക്കുക. അല്ലെങ്കില്‍ വായ്‌പാകാലാവധി, തിരിച്ചടക്കേണ്ടതിയതി, പുതുക്കേണ്ടതിയതി എന്നിവയായിരിക്കും പരിഗണിക്കുക. ബാങ്കുകളും പ്രാഥമികകാര്‍ഷികസഹകരണസംഘങ്ങളുമായിരിക്കും ഈ തിയതികള്‍ നിശ്ചയിക്കുക. ഈ പരിധികളില്‍ ഏതാണോ ആദ്യംവരിക അതാണു കണക്കിലെടുക്കുക. പരമാവധി ഒരുവര്‍ഷംവരെയാണ്‌ പലിശയിളവു കിട്ടുക. 2025-26കാലത്തു ബാധകമായ നിരക്കുകകള്‍ പ്രകാരം കാര്‍ഷകര്‍ക്കു നല്‍കുന്ന പലിശ നിരക്ക്‌ ഏഴുശതമാനവും വായ്‌പകൊടുക്കുന്ന സ്ഥാപനങ്ങള്‍ക്ക്‌ റിസര്‍വ്‌ ബാങ്ക്‌ നല്‍കുന്ന സഹായം ഒന്നരശതമാനവുമായിരിക്കും.

കൂടാതെ യഥാസമയം വായ്‌പ തിരിച്ചടക്കുന്ന കര്‍ഷകര്‍ക്കു പ്രതിവര്‍ഷം മൂന്നുശതമാനം പലിശയിളവുകൂടി്‌ അനുവദിക്കും. ഇതും വായ്‌പ കൊടുത്തതോ വാങ്ങിയതോ പുതിക്കിയതോ ആയ തിയതിമുതല്‍ തിരിച്ചടവിനു നിശ്ചയിച്ചിട്ടുള്ള തിയതിവരെയുള്ള കാലപരിധി പരിഗണിച്ചായിരിക്കും. ഏതാണോ ആദ്യംവരിക അതാണു കണക്കിലെടുക്കുക. വായ്‌പ നല്‍കിയ തിയതിമുതല്‍ പരമാവധി ഒരുവര്‍ഷംവരെയാണ്‌ ഇതു കിട്ടുക. വായ്‌പയെടുത്ത്‌ ഒരുവര്‍ഷത്തിനുശേഷമാണു തിരിച്ചടക്കുന്നതെങ്കില്‍ ഇതു കിട്ടില്ല. പരമാവധി മൂന്നുലക്ഷംവരെയുള്ള ഹ്രസ്യകാലവിളവായ്‌പകള്‍ക്കും ഹ്രസ്വകാലഅനുബന്ധവായ്‌പകള്‍ക്കുമാണു ആനുകൂല്യം കിട്ടുക. ഇതില്‍തന്നെ രണ്ടുലക്ഷംരൂപവരെ എന്ന ഉപപരിധിയുണ്ട്‌. മൃഗസംരക്ഷണം, ക്ഷീരകര്‍ഷകവൃത്തി, മല്‍സ്യക്കൃഷി, തേനീച്ചവളര്‍ത്തല്‍ തുടങ്ങിയ കാര്‍ഷികാനുബന്ധപ്രവര്‍ത്തനങ്ങളില്‍മാത്രം ഏര്‍പ്പെടുന്ന കര്‍ഷകര്‍ക്ക്‌ പരമാവധി രണ്ടുലക്ഷംരൂപയുടെവരെ വായ്‌പക്കേ പലിശയിലവു കിട്ടൂ. കാര്‍ഷികവിളവായ്‌പക്കാണു പലിശയിളവില്‍ മുന്‍ഗണന. ഇതിലും അനുബന്ധകാര്‍ഷികവായ്‌പകളിലുമുള്ള കൃത്യമായ തിരിച്ചടവ്‌ പ്രോല്‍സാഹനപ്പലിശയിളവിനു പരിഗണിക്കും. മേല്‍പറഞ്ഞ പരിധി ഇവയ്‌ക്കും ബാധകമായിരിക്കും.

പരിഭ്രാന്തിയോടെ കാര്‍ഷികോല്‍പന്നങ്ങള്‍ കര്‍ഷകര്‍ വിറ്റഴിക്കുന്നതു നിരുല്‍സാഹപ്പെടുത്താനും ഉല്‍പന്നങ്ങള്‍ സംഭരണശാലകളില്‍ സംഭരിക്കുന്നതു പ്രോല്‍സാഹിപ്പിക്കാനും കെസിസിവായ്‌പപ്രകാരമുള്ള പലിശയിളവു ചെറുകിട,മാര്‍ജിനല്‍ കര്‍ഷകര്‍ക്ക്‌ വിളവെടുപ്പുകഴിഞ്ഞുള്ള ആറുമാസംകൂടി ലഭ്യമായിരിക്കും. ഇതിന്‌ അംഗീകൃതസംഭരണശാലകളില്‍നിന്ന്‌ അവിടങ്ങളില്‍ ആ കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ സംഭരിച്ചിരുന്നു എന്ന സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കണം. വിളവായ്‌പകള്‍ക്ക്‌ അനുവദിക്കുന്ന അതേനിരക്കിലുള്ള പലിശയിളവ്‌ ഇങ്ങനെ സംഭരിക്കുന്ന കര്‍ഷകര്‍ക്കു ആറുമാസംകൂടി തുടര്‍ന്നും കിട്ടും. സംഭരണവികസനറെഗുലേറ്ററി അതോറിട്ടിയുടെ (ഡബ്ലിയുഡിആര്‍എ0 അംഗീകൃതസംഭരണശാലകളിലാണു സംഭരിക്കേണ്ടത്‌.

പ്രകൃതിദുരന്തങ്ങള്‍ക്കിരയായ കര്‍ഷകരെ സഹായിക്കാന്‍ പ്രകൃതിദുരന്തമുണ്ടായ വര്‍ഷം സംവിധാനമുണ്ടാകും. പലിശയിളവിനാണു സംവിധാനം. ഇതനുസരിച്ചു വായ്‌പാഘടനയില്‍ മാറ്റംവരുത്തിയ വായ്‌പകള്‍ക്ക്‌ ആദ്യവര്‍ഷത്തിലായിരിക്കും പലിശയിളവു കിട്ടുക. രണ്ടാംകൊല്ലംമുതല്‍ അത്തരത്തില്‍ ഘടനാമാറ്റംവരുത്തിയ വായ്‌പകള്‍ക്കു സാധാരാണപലിശനിരക്കു ബാധകമായിരിക്കും.

കൊടിയപ്രകൃതിദുരന്തങ്ങള്‍ക്കിരയായ കര്‍ഷകരുടെ കാര്യത്തില്‍ ആദ്യത്തെ മൂന്നുവര്‍ഷംവരെ പലിശയിളവ്‌ അനുവദിക്കാനായി ബാങ്കുകള്‍ക്കു തുക ലഭ്യമാക്കും. വായ്‌പക്കാലാവധിമുഴുവനും ഈ പലിശയിളവു നല്‍കാനും നോക്കും. എന്നാല്‍ അഞ്ചുവര്‍ഷത്തില്‍ക്കൂടുതല്‍ പലിശയിളവ്‌ അനുവദിക്കില്ല. പ്രകൃതിദുരന്തത്തിന്റെ അടിസ്ഥാനത്തില്‍ വായ്‌പാഘടനയില്‍ മാറ്റം വരുത്തിയ വായ്‌പകളുടെ കാര്യത്തിലാണ്‌ ഈ ആനുകൂല്യങ്ങള്‍ കിട്ടുക. കൃത്യമായി തിരിച്ചടക്കുന്നവര്‍ക്കു വര്‍ഷം മൂന്നുശതമാനം ഇന്‍സന്റീവ്‌ പലിശയിയില്‍ അനുവദിക്കുന്നതും തുടരും. എന്നാല്‍ വിവിധമന്ത്രാലയങ്ങളുടെ പ്രതിനിധികളുടെ കേന്ദ്രസംഘത്തിന്റെയും ദേശീയനിര്‍വാഹകസമിതിയുടെ ഉപസമിതിയുടെയും ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ഉന്നതതലസമിതിയായിരിക്കും കൊടിയ പ്രകൃതിദുരന്തങ്ങളുടെ കാര്യത്തില്‍ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതു സംബന്ധിച്ചു തീരുമാനമെടുക്കുക.

ആധാര്‍ അധിഷ്‌ഠിത പരിശോധന ഇത്തരം കാര്യങ്ങളില്‍ നിര്‍ബന്ധമായി നടത്തണമെന്നു ബാങ്കുകളോടു നിര്‍ദേശിച്ചിട്ടുണ്ട്‌. എല്ലാ കര്‍ഷകരും ഇ-കെവൈസി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നു ബാങ്കുകള്‍ ഉറപ്പാക്കണം.

ഗുണഭോക്താക്കളുടെ വിവിധഅക്കൗണ്ടുകളുടെ സാധുതയും പരിശോധിക്കണം. ഓരോകര്‍ഷകര്‍ക്കും പല കെസിസികളുണ്ടാകുമെങ്കിലും മൂന്നുലക്ഷംരൂപവരെയുള്ള വായ്‌പകള്‍ക്കേ ആനുകൂല്യം അനുവദിക്കാവൂ. പ്രത്യേകകൃഷിഭൂമിയുടെ അടിസ്ഥാനത്തിലുള്ള കാര്‍ഷികവായ്‌പയുടെ കാര്യത്തില്‍ ഏതെങ്കിലും ഒരു കെസിസി അക്കൗണ്ടുവഴിയേ പലിശയിളവു കൊടുക്കാവൂ. ഒരുഭൂമി ഈടുവച്ച്‌ ഒഒന്നിലേറെ കെസിസികളിലൂടെ വായ്‌പയെടുത്തിട്ടുണ്ടെങ്കില്‍ ഏറ്റവും കൂടിയതുകയ്‌ക്കുള്ള വായ്‌പ അനുവദിക്കപ്പെട്ട കെസിസഅക്കൗണ്ടിനുമാത്രമായിരിക്കും പലിശയിളവു കിട്ടുക. റുപേ കാര്‍ഡുകള്‍ അടക്കം എല്ലാ ഡിജിറ്റല്‍ സംവിധാനങ്ങളും ഉപയോഗിക്കാന്‍ ബാങ്കുകള്‍ കര്‍ഷകരെ പ്രോല്‍സാഹിപ്പിക്കണം. ഓരോകര്‍ഷകഗുണഭോക്താവിന്റെയും വിവരങ്ങള്‍ ബാങ്കുകള്‍ റിപ്പോര്‍ട്ടുചെയ്യേണ്ടതാണ്‌. ഇതു കൃത്യമായിരിക്കയും വേണം. പലിശയിളവുകള്‍ക്കുള്ള ഓഡിറ്റുചെയ്‌ത ക്ലെയിമുകളുടെ കാര്യത്തില്‍ തീര്‍പ്പാക്കാന്‍ ഇവ ആവശ്യമാണെന്നതിനാലാണിത്‌.

വിളകളുടെ വിവരവും കൃത്യമായി റിപ്പോര്‍ട്ടു ചെയ്യണം. ഇവയില്‍ വ്യത്യാസം വന്നാല്‍ പിന്നീടു വിലനിര്‍ണയംപോലുള്ള കാര്യങ്ങളില്‍ തെറ്റുവരാം. എല്ലാ സ്ഥാപനവും യഥാസമയം ക്ലെയിമുകള്‍ കെആര്‍പിയില്‍ ചേര്‍ക്കണം. ഇതു യഥാവിധി സ്റ്റാറ്റിയൂട്ടറി ഓഡിറ്റര്‍മാര്‍ സാക്ഷ്യപ്പെടുത്തിയതുമായിരിക്കണം. സംസ്ഥാനസഹകരണബാങ്കുകളുമായി അഫിലിയേറ്റ്‌ ചെയ്‌ത പ്രാഥമികകാര്‍ഷികസഹകരണസംഘങ്ങളുമായി ബന്ധപ്പെട്ട ക്ലെയിമുകള്‍ ആ ബാങ്കുകള്‍ പ്രത്യേകം അപ്‌ലോഡ്‌ ചെയ്യണം. പലിശയിളവും കൃത്യമായി വായ്‌പ തിരിച്ചടച്ചതിനുള്ള ഇന്‍സന്റീവും ക്ലെയിം ചെയ്യുന്ന വായ്‌പയുടെ കാര്യത്തില്‍ നബാര്‍ഡില്‍നിന്നു പുനര്‍വായ്‌പയൊന്നും വാങ്ങിയിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റോടെയാണ്‌ ഇവ അപ്‌ ലോഡ്‌ ചെയ്യേണ്ടത്‌. ബാങ്കുകളുടെ സ്‌റ്റാറ്റിയൂട്ടറി ഓഡിറ്റര്‍മാര്‍ ഇക്കാര്യം സാക്ഷ്യപ്പെടുത്തിയിരിക്കുകയും വേണം.

 

 

Moonamvazhi

Authorize Writer

Moonamvazhi has 875 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!