ഊരാളുങ്കലും കുര്യന്‍മ്യൂസിയവും ലോകസഹകരണപൈതൃകപ്പട്ടികയില്‍

Moonamvazhi

കേരളത്തിലെ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട്‌ സഹകരണസംഘവും (യുഎല്‍സിസിഎസ്‌), ഗുജറാത്ത്‌ ആനന്ദിലുള്ള അമുലിന്റെ ഡോ. വര്‍ഗീസ്‌ കുര്യന്‍ മ്യൂസിയവും അന്താരാഷ്ട്രസഹകരണസഖ്യത്തിന്റെ ലോകസഹകരണപൈതൃകപ്പട്ടികയില്‍ ഇടംപിടിച്ചു. 25രാജ്യങ്ങളിലെ 31 കേന്ദ്രങ്ങള്‍ പട്ടികയിലുണ്ട്‌. ഏഷ്യയില്‍നിന്ന്‌ ഏഴുകേന്ദ്രങ്ങളാണുള്ളത്‌. സഹകരണസാംസ്‌കാരികപൈതൃകകേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തി സഹകരണസാംസ്‌കാരികപൈതൃകപ്ലാറ്റ്‌ഫോം എന്ന ഭൂപടം ഐസിഎ പ്രകാശനം ചെയ്‌തു. സഹകരണപ്രസ്ഥാനത്തിന്റെ സാംസ്‌കാരികപൈതൃകം സംരക്ഷിക്കാനും പ്രചരിപ്പിക്കാനുമുള്ളതാണു പ്ലാറ്റ്‌ഫോം. സഹകരണപ്രസ്ഥാനം തലമുറകളിലൂടെ വിദ്യാഭ്യാസത്തെയും സംസ്‌കാരത്തെയും ജീവിതോപാധികളെയും രൂപപ്പെടുത്തിയതെങ്ങനെ എന്ന്‌ ഇതു വ്യക്തമാക്കുന്നു. സഹകരണസ്ഥാപനങ്ങള്‍ വ്യവസായങ്ങള്‍ മത്രമല്ല, സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും വ്യക്തിത്വത്തിന്റെയും വാഹകരാണെന്ന്‌ സാംസ്‌കാരികപ്ലാറ്റ്‌ഫോം പ്രകാശനം ചെയ്‌തുകൊണ്ട്‌ ഐസിഎ പ്രസിഡന്റ്‌ അറിയേല്‍ ഗ്വാര്‍കോ പറഞ്ഞു. ആധുനികസഹകരണപ്രസ്ഥാനത്തിന്റെ ജന്മസ്ഥലമായ യുകെയിലെ റോച്ചഡെയില്‍, ബ്രസീലിലെ നോവ പെട്രോപോളിസിലെ മോണ്യുമെന്റ്‌ അവോ കോഓപ്പറേറിവിസ്‌മോ, യുഎസിലെ ഫെഡറേഷന്‍ ഓഫ്‌ സതേണ്‍ കോഓപ്പറേറ്റീവ്‌സ്‌, ടാന്‍സാനിയയിലെ മോഷി കോഓപ്പറേറ്റീവ്‌ സര്‍വകലാശാല, സ്വിറ്റ്‌സര്‍ലന്റലെ ഒഎല്‍ഒയുടെ കോഓപ്പറേറ്റീവ്‌ സോഷ്യല്‍ ആന്റ്‌ സോളിഡാരിറ്റ്‌ എക്കോണി യൂണിറ്റ്‌ തുടങ്ങിയവ പ്ലാറ്റ്‌ഫോം ഭൂപടത്തില്‍ ഉള്‍പ്പെടുന്നു. ഐസിഎ ആഗോളകാര്യാലയത്തിന്റെ സഹകരണത്തോടെ ബ്രസീലിയന്‍ സഹകരസ്ഥാപനങ്ങളുടെ സംഘടനയായ ഒസിബിയും ഇന്ത്യയിലെ ദേശീയസഹകരണവികസനകോര്‍പറേഷനും (എന്‍സിഡിസി) ചേര്‍ന്നാണു ഭൂപടം തയ്യാറാക്കിയത്‌.ഐക്യത്തിന്റെ ജീവന്‍തുടിക്കുന്ന വിദ്യാലയങ്ങളാണ്‌ ഈ കേന്ദ്രങ്ങളെന്ന്‌ ഒസിബി പ്രസിഡന്റ്‌ മാര്‍സിയോ ലോപ്പസ്‌ ഡി ഫ്രെയ്‌റ്റാസ്‌ പറഞ്ഞു.

വാഗഭടാനന്ദഗുരു മുന്‍കൈയെടുത്തു 100കൊല്ലംുമ്പു രൂപവല്‍കരിക്കപ്പെട്ട യുഎല്‍സിസിഎസ്‌ ഇന്ന്‌ അടിസ്ഥാനസൗകര്യവികസനമേഖലയിലെ അദ്വിതീയസ്ഥാപനമാണ്‌. രമേശന്‍ പാലേരിയാണു ചെയര്‍മാന്‍. വ്യവസായ-ഉപഭോക്തൃസേവനവിഭാഗത്തില്‍ ലോകത്തെ രണ്ടാമത്തെ വലിയ സഹകരണസ്ഥാപനമായി ഉയര്‍ന്നുകഴിഞ്ഞ യുഎല്‍സിസിഎസിനു ലോകസഹകരണവിലയിരുത്തല്‍പട്ടികയില്‍ മൂന്നുവര്‍ഷം തുടര്‍ച്ചയായി ഈ സ്ഥാനം നിലനിര്‍ത്താന്‍ കഴിഞ്ഞു. 18000ല്‍പരം പേര്‍ക്കു നേരിട്ടു തൊഴില്‍ നല്‍കുന്ന സ്ഥാപനത്തിന്റെ വാര്‍ഷികവരുമാനം 2334 കോടിരൂപയാണ്‌. ഇന്ത്യയില്‍നിന്ന്‌ ഐസിഎയുടെ സ്ഥിരാംഗത്വം കിട്ടിയ ആദ്യ പ്രാഥമികസഹകരണസ്ഥാപനം, ഐഎസ്‌ഒ സര്‍ട്ടിഫിക്കേഷനുകളായ 9001നും12001നും 45001നും ഉടമ എന്നീ പ്രത്യേകതകളും ഉണ്ട്‌. തൊഴിലാളികള്‍ ഉടമസ്ഥരായ ലോകത്തെ ഏക ഐടിപാര്‍ക്കായ യുഎല്‍ സൈബര്‍പാര്‍ക്ക്‌, യുഎല്‍ ടെക്‌നോളജി സൊലൂഷന്‍സ്‌, ഫ്യൂച്ചറിസ്റ്റിക്‌ നിര്‍മാണങ്ങള്‍ക്കായുള്ള യുസ്‌ഫിയര്‍, കോഴിക്കോട്ടെ സര്‍ഗാലയ, തിരുവനന്തപുരത്തെ കേരള എന്നീ ആര്‍ട്‌സ്‌ ആന്റ്‌ ക്രാഫ്‌റ്റ്‌ വില്ലേജുകള്‍, മാറ്റര്‍ലാബ്‌ എന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലുതും ആധുനികവുമായ മെറ്റീരിയല്‍ ടെസ്റ്റിങ്‌ ലൈബ്‌, യുഎല്‍ ഹൗസിങ്‌, യുഎല്‍ റിസര്‍ച്ച്‌, യുഎല്‍ ചാരിറ്റബിള്‍ ആന്റ്‌ വെല്‍ഫയര്‍ ഫൗണ്ടേഷേന്‍, നിര്‍മാണ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ യുഎല്‍ ഇന്‍സൈറ്റ്‌ എന്നിവ യുഎല്‍സിസിഎസിന്റെ ഉപസ്ഥാപനങ്ങളാണ്‌. കേരളസര്‍ക്കാരിന്റെ തൊഴില്‍വകുപ്പിനു കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ആന്റ്‌ കണ്‍സ്‌ട്രക്ഷന്‍ ഏറ്റെടുത്തു നടത്തുന്നതു യുഎല്‍സിസിഎസാണ്‌. മികച്ച ദുരന്തപരിപാലന-രക്ഷാദൗത്യവിഭാഗവും യുഎല്‍സിസിഎസിനുണ്ട്‌. 2013ലെ ഇന്ത്യന്‍സഹകരണകോണ്‍ഗ്രസ്‌, ദേശീയസഹകരണഫെഡറേഷന്‍ (എന്‍സിഎഫ്‌ഐ), എന്‍സിഡിസി തുടങ്ങിയവ ഇന്ത്യയിലെ മികച്ച തൊഴിലാളിസഹകരണസംഘമായി യുഎല്‍സിസിഎസിനെ അംഗീകരിച്ചിട്ടുണ്ട്‌.

ആനന്ദിലെ പോപ്‌ട്ടി നഗറിലാണ്‌ ഡോ. വര്‍ഗീസ്‌ കുര്യന്‍ മ്യൂസിയം സ്ഥിതി ചെയ്യുന്നത്‌. ഇന്ത്യയിലെ ക്ഷീരവ്യവസായസഹകരണപ്രസ്ഥാനത്തിന്റെ പിതാവായ ഡോ. വര്‍ഗീസ്‌ കുര്യന്റെ ജീവിതവും പ്രവര്‍ത്തനവും ആവിഷ്‌കരിക്കുന്ന ഫോട്ടോകളുടെയും മറ്റും പ്രദര്‍ശനം, ആദ്യക്ഷീരസഹകരണസ്ഥാപനത്തിന്റെ മാതൃക, മികച്ച ഗ്രന്ഥശാല, ക്ഷീരവ്യവസായത്തിന്റെ ചരിത്രത്തിലേക്കു വെളിച്ചം വീശുന്ന തിയറ്റര്‍, റെസ്റ്ററന്റ്‌, സമ്മേളനഹാള്‍, അതിഥിമന്ദിരം തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണിത്‌.

 

Moonamvazhi

Authorize Writer

Moonamvazhi has 744 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!