ജപ്തി നിയന്ത്രിക്കുന്ന ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു; വിലക്ക് നിയമമായി  

moonamvazhi

സംസ്ഥാനത്ത് ജപ്തി നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. ജുലായ് ആദ്യവാരമാണ് ഈ ബില്ല് നിയമസഭ പാസാക്കിയത്. കാലതാമസമില്ലാതെ അതിന് ഗവര്‍ണര്‍ അംഗീകാരം നല്‍കി. ഇനി ഇത് വിജ്ഞാപനമായി ഇറങ്ങും. അതോടെ, സംസ്ഥാനത്ത് ജപ്തി നിയന്ത്രിക്കുന്ന നിയമം പ്രാബല്യത്തില്‍ വരും.

1968ലെ കേരള നികുതി വസൂലാക്കല്‍ നിയമത്തില്‍ ജപ്തി സംബന്ധിച്ചുള്ള പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി ഭേദഗതി കൊണ്ടുവരികയാണ് സര്‍ക്കാര്‍ ചെയ്തത്. ജപ്തിയില്‍ ഇടപെടാന്‍ സര്‍ക്കാര്‍ കൂടുതല്‍ അധികാരം നല്‍കുന്നതാണ് ഇതില്‍ കൊണ്ടുവന്നിട്ടുള്ള പുതിയ വ്യവസ്ഥകള്‍. ജപ്തി പൂര്‍ണമായും നിര്‍ത്തിവെപ്പിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടാകും. ജപ്തി നടത്തിയ വസ്തു അഞ്ചുവര്‍ഷത്തിനകം കുടിശ്ശികക്കാരന് തിരിച്ചെടുക്കാന്‍ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ജപ്തി വിലക്ക് ഏതൊക്കെ ധനകാര്യ മേഖലയെ ബാധിക്കുമെന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. റവന്യു റിക്കവറി നിയമം അനുസരിച്ച് നടപ്പാക്കുന്ന ജപ്തി നടപടികളെയാണ് ഇത് ബാധിക്കുക എന്നാണ് പറയുന്നത്. എങ്കിലും, സഹകരണ മേഖലയിലെ ജപ്തി വകുപ്പ് ഉദ്യോഗസ്ഥരിലൂടെയാണ് നടപ്പാക്കുന്നത്. അതിനാല്‍, ജപ്തി നിയന്ത്രിക്കണമെന്ന സര്‍ക്കാരിന്റെ നയപരമായ നിലപാട് സഹകരണ മേഖലയിലെ ജപ്തി നടപടിയെ ബാധിക്കാനാണ് സാധ്യത.