വായ്‌പയിലും മള്‍ട്ടിപ്പര്‍പ്പസിലും മള്‍ട്ടിസംഘങ്ങള്‍ക്ക്‌ തുടക്കത്തില്‍ പ്രവര്‍ത്തനം രണ്ടുസംസ്ഥാനത്തുമാത്രം

Moonamvazhi
  • സംസ്ഥാനസഹകരണനിയമവും പാലിക്കണം
  • പ്രൊമോട്ടര്‍മാരുടെ പശ്ചാത്തലവും വിശ്വാസ്യതയും പരിശോധിച്ചുമാത്രം എന്‍ഒസി
  • 50അംഗങ്ങളെയെങ്കിലും വെരിഫൈ ചെയ്യണം

വായ്‌പാരംഗത്തും മള്‍ട്ടിപ്പര്‍പ്പസ്‌ രംഗത്തും മള്‍ട്ടിസ്റ്റേറ്റ്‌ സഹകരണസംഘങ്ങള്‍ക്കു തുടക്കത്തില്‍ രണ്ടുസംസ്ഥാനങ്ങളിലേ പ്രവര്‍ത്തിക്കാനാവൂ എന്നും സംസ്ഥാനസഹകരണനിയമം അനുസരിക്കണം എന്നുമുള്ള കര്‍ശനവ്യവസ്ഥകള്‍ കേന്ദ്രസഹകരണരജിസ്‌ട്രാര്‍ ഏര്‍പ്പെടുത്തി. രണ്ടു സര്‍ക്കുലറുകളായാണിത്‌. ആദ്യ സര്‍ക്കുലര്‍ പുതുതായി രജിസ്റ്റര്‍ ചെയ്യാനുള്ള വ്യവസ്ഥയായും രണ്ടാമത്തെ സര്‍ക്കുലര്‍ സംസ്ഥാനസഹകരണസംഘം രജിസ്‌ട്രാറുടെ എന്‍ഒസി ലഭിക്കാനുള്ള മാതൃകാപ്രവര്‍ത്തനനടപടിക്രമമായുമാണ്‌ (സ്റ്റാന്റേഡ്‌ ഓപ്പറേഷണല്‍ പ്രൊസീഡര്‍ അഥവാ എസ്‌ഒപി) ഇറക്കിയിട്ടുള്ളത്‌. സംസ്ഥാനസഹകരണരജിസ്‌ട്രാറുടെ എന്‍ഒസി നിര്‍ബന്ധമാണ്‌.വായ്‌പയുമായോ വിവിധോദ്ദേശ്യലക്ഷ്യങ്ങളുമായോ (മള്‍ട്ടിപ്പര്‍പ്പസ്‌) ബന്ധപ്പെട്ട ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളുമായി തുടങ്ങുന്ന മള്‍ട്ടിസ്റ്റേറ്റ്‌ സഹകരണസംഘങ്ങള്‍ രണ്ടുസംസ്ഥാനങ്ങളോ കേന്ദ്രഭരണപ്രദേശങ്ങളോ മാത്രമേ പ്രവര്‍ത്തനപരിധിയായി രജിസ്റ്റര്‍ ചെയ്യാവൂ എന്നാണ്‌ ഒരു സര്‍ക്കുലര്‍. 2023ലെ മള്‍ട്ടിസ്റ്റേറ്റ്‌ സഹകരണസംഘം ഭേദഗതിനിയമങ്ങളിലെയും ചട്ടങ്ങളിലെയും 3(1)(എഫ്‌) ചട്ടപ്രകാരമാണിത്‌. ഇതുപ്രകാരം അടുത്തടുത്തുള്ള രണ്ടുസംസ്ഥാനങ്ങളോ കേന്ദ്രഭരണപ്രദേശങ്ങളോ ആയിരിക്കണം രജിസ്‌ട്രേഷന്‍ സമയത്തു പ്രവര്‍ത്തനപരിധി. അംഗങ്ങളുടെ താല്‍പര്യം സംരക്ഷിക്കാനാണിത്‌. ഉടന്‍ പ്രാബല്യത്തില്‍വരുംവിധമാണു സര്‍ക്കുലര്‍. സെപ്‌റ്‌ംബര്‍ 19ലെതാണു സര്‍ക്കുലര്‍.

വായ്‌പാരംഗത്തും മള്‍ട്ടിപ്പര്‍പ്പസ്‌ രംഗത്തും പുതുതായി മള്‍ട്ടിസ്റ്റേറ്റ്‌ സംഘങ്ങള്‍ രൂപവല്‍കരിക്കാനും പ്രവര്‍ത്തനപരിധി വ്യാപിപ്പിക്കാനും എതിര്‍പ്പില്ലായ്‌മാപത്രം (എന്‍ഒസി) ലഭിക്കുന്നതിനുള്ള എസ്‌ഒപി സംബന്ധിച്ച സര്‍ക്കുലര്‍ സെപ്‌റ്റംബര്‍ 22ലെതാണ്‌. പുതിയതു രൂപവല്‍കരിക്കാനായാലും പ്രവര്‍ത്തനപരിധി വ്യാപിപ്പിക്കാനായാലും മള്‍ട്ടിസ്റ്റേറ്റ്‌സഹകരണസംഘം നിയമത്തിന്റെ 3(ജി) പ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന സംസ്ഥാനത്തെ അല്ലെങ്കില്‍ കേന്ദ്രഭരണപ്രദേശത്തെ സഹകരണസംഘം രജിസ്‌ട്രാറുടെ എന്‍ഒസി സമര്‍പ്പിക്കേണ്ടതുണ്ട്‌. ചീഫ്‌ പ്രൊമോട്ടറുടെയും മറ്റുപ്രൊമോട്ടര്‍മാരുടെയും പശ്ചാത്തലവും മറ്റു വിശ്വാസ്യതാകാര്യങ്ങളും സംബന്ധിച്ചു സംസ്ഥാനസഹകരണരജിസ്‌ട്രാറുടെ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.പശ്ചാത്തലവും വിശ്വാസ്യതാകാര്യങ്ങളും ഉറപ്പുവരുത്തേണ്ടത്‌ മേല്‍വിലാസവും ഐഡിയും സംബന്ധിച്ച തെളിവോടെയുള്ള കെവൈസിയിലൂടെയും ചീഫ്‌ പ്രൊമോട്ടറും മറ്റുപ്രൊമോട്ടര്‍മാരും ഉള്‍പ്പെടുന്ന സംസ്ഥാനങ്ങളില്‍നിന്നുള്ള സ്വഭാവം, മുന്‍കാലകാര്യങ്ങള്‍ എന്നിവ സംബന്ധിച്ച വെരിഫിക്കേഷന്‍ റിപ്പോര്‍ട്ടിലൂടെയുമായിരിക്കണമെന്നു സര്‍ക്കുലറില്‍ പറയുന്നു.

ചീഫ്‌ പ്രൊമോട്ടറും മറ്റു പ്രൊമോട്ടര്‍മാരും പണമിടപാടുബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നവരല്ലെന്നും ഒരു ധനകാര്യസ്ഥാപനത്തിലും വീഴ്‌ച വരുത്തിയിട്ടുള്ളവരല്ലെന്നുമുള്ള സത്യപ്രസ്‌താവനയും ലഭ്യമാക്കണമെന്നു സര്‍ക്കുലറിലുണ്ട്‌.ബന്ധപ്പെട്ട സംസ്ഥാനത്തെ അല്ലെങ്കില്‍ കേന്ദ്രഭരണപ്രദേശത്തെ 50അംഗങ്ങളെയെങ്കിലും വെരിഫൈ ചെയ്‌തിരിക്കണം. ഈ വെരിഫിക്കേഷന്‍ നടത്തുന്നതു കെവൈസിയിലൂടെയോ വെരിഫിക്കേഷന്‍ റിപ്പോര്‍ട്ടിലൂടെയോ ആവാം.നിര്‍ദേശിക്കപ്പെടുന്ന പേരിലും സെക്ടറിലും ബന്ധപ്പെട്ട സംസ്ഥാനസഹകരണനിയമപ്രകാരമോ കേന്ദ്രഭരണപ്രദേശസഹകരണനിയമപ്രകാരമോ നേരത്തേതന്നെ രജിസ്‌റ്റര്‍ ചെയ്യപ്പെട്ടുകഴിഞ്ഞ മറ്റുസംഘങ്ങളൊന്നും ഇല്ലെന്നും ഉറപ്പുവരുത്തണം.

എന്‍ഒസിയുടെ മാതൃക സര്‍ക്കുലറിനൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

സംസ്ഥാന/കേന്ദ്രഭരണപ്രദേശ സഹകരണസംഘം നിയമങ്ങളും ചട്ടങ്ങളും മള്‍ട്ടിസ്റ്റേറ്റ്‌ സംഘവും അനുസരിക്കണം എന്ന വ്യവസ്ഥയോടെയാണ്‌ എന്‍ഒസി നല്‍കേണ്ടത്‌. എന്‍ഒസി നല്‍കുമ്പോള്‍ ഉറപ്പാക്കേണ്ട മറ്റുവ്യവസ്ഥകള്‍ താഴെ പറയുന്നു.

  •  മള്‍ട്ടിസ്റ്റേറ്റ്‌ സഹകരണസംഘത്തിന്റെ നിയമാവലിയില്‍ കേന്ദ്രസഹകരണരജിസ്‌ട്രാര്‍ കൊണ്ടുവരുന്ന ഏതൊരു ഭേദഗതിയും സംസ്ഥാനസഹകരണരജിസ്‌ട്രാറെ അറിയിക്കുകയും അദ്ദേഹത്തിനു സമര്‍പ്പിക്കുകയും വേണം.
  • പുതിയ ശാഖ തുടങ്ങാനും പേരുമാറ്റാനും കത്തിടപാടുമേല്‍വിലാസം മാറ്റാനും ആസ്ഥാനംമാറ്റാനും സംസ്ഥാന/കേന്ദ്രഭരണപ്രദേശ സഹകരണസംഘം രജിസ്‌ട്രാറുടെ മുന്‍കൂര്‍അനുമതി രേഖാമൂലം വാങ്ങണം.
  • ചീഫ്‌ പ്രൊമോട്ടറുടെയും എല്ലാ ഡയറക്ടര്‍മാരുടെയും പ്രൊമോട്ടര്‍മാരുടെയും കോണ്ടാക്ട്‌ വിവരങ്ങളും ഇ-മെയിലും മേല്‍വിലാസവും മൊബൈല്‍നമ്പരും തിരിച്ചറിയല്‍രേഖാപകര്‍പ്പുകളും സംസ്ഥാനസഹകരണരജിസ്‌ട്രാര്‍ക്കും സംഘത്തിന്റെ ആസ്ഥാനം/ശാഖ സ്ഥിതിചെയ്യുന്ന ജില്ലയിലെ ജില്ലാമജിസ്‌ട്രേട്ടിനും സമര്‍പ്പിച്ചിരിക്കണം.
  • തിരഞ്ഞെടുപ്പിന്റെ റിപ്പോര്‍ട്ടും ഭരണസമിതിയിലുണ്ടാകുന്ന മാറ്റങ്ങളും അപ്പോള്‍തന്നെ സംസ്ഥാനസഹകരണസംഘം/കേന്ദ്രഭരണപ്രദേശസഹകരണസംഘം രജിസ്‌ട്രാറെ അറിയിക്കണം.
  •  കേന്ദ്രസഹകരണരജിസ്‌ട്രാര്‍ 108-ാംവകുപ്പുപ്രകാരം ഉത്തരവിടുന്ന പരിശോധനക്കായി മള്‍ട്ടിസ്‌റ്റേറ്റ്‌ സഹകരണസംഘത്തിന്റെ എല്ലാരേഖയും സംസ്ഥാനസഹകരണരജിസ്‌ട്രാറുടെ/കേന്ദ്രഭരണപ്രദേശ സഹകരണരജിസ്‌ട്രാറുടെ ഓഫീസില്‍നിന്നുള്ള അധികൃതര്‍ക്കു നല്‍കേണ്ടതാണ്‌.
  • രജിസ്റ്റര്‍ ചെയ്യുന്ന അധികാരസ്ഥാപനത്തിന്റെ പേരും സംഘത്തിന്റെ കാര്യങ്ങളില്‍ ഒരു സര്‍ക്കാര്‍സ്ഥാപനത്തിനും ഉത്തരവാദിത്വമുണ്ടായിരിക്കുന്നതല്ലെന്ന അറിയിപ്പും സംഘത്തിന്റെ നോട്ടീസ്‌ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണം.
  • വായ്‌പാസംഘങ്ങള്‍ക്കു ബാധകമായ എല്ല വ്യവസ്ഥകളും വായ്‌പാപ്രവര്‍ത്തനങ്ങളുള്ള മള്‍ട്ടിപ്പര്‍പ്പസ്‌ മള്‍ട്ടിസ്റ്റേറ്റ്‌ സഹകരണസംഘങ്ങള്‍ക്കും ബാധകമായിരിക്കും.

 

Moonamvazhi

Authorize Writer

Moonamvazhi has 642 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!