സിമ ആപ്പിലെ പോരായ്‌മകള്‍ പരിഹരിക്കണം: കേരള സഹകരണ ഫെഡറേഷന്‍

Moonamvazhi

സഹകരണവകുപ്പ്‌ ഇന്‍സ്‌പെക്ടര്‍മാര്‍ക്കു സംഘങ്ങളില്‍ മിന്നല്‍പരിശോധന നടത്താനുള്ള കോ-ഓപ്പറേറ്റീവ്‌ ഇന്‍സ്‌പെക്ഷന്‍ മൊബൈല്‍ ആപ്ലിക്കേഷനിലെ (സിഐഎംഎ – സിമ) പോരായ്‌മകള്‍ സമയബന്ധിതമായി പരിഹരിക്കണമെന്നു കേരളസഹകരണഫെഡറേഷന്‍ സംസ്ഥാനചെയര്‍മാന്‍ അഡ്വ. എം.പി. സാജുവും ജനറല്‍ സെക്രട്ടറി സാജു ജെയിംസും ആവശ്യപ്പെട്ടു. പോരായ്‌മകള്‍ ചൂണ്ടിക്കാട്ടി സഹകരണസംഘം രജിസ്‌ട്രാര്‍ക്കു നിവേദനം സമര്‍പ്പിച്ചു. സാങ്കേതികമായി ന്യൂനതയാണെങ്കിലും പരിശോധകര്‍ക്കു തൃപ്‌തികരമായി കാര്യം ബോധ്യപ്പെട്ടാല്‍ അതു രേഖപ്പെടുത്താന്‍ റിമാര്‍ക്‌സ്‌ കോളം ഏര്‍പ്പെടുത്തുക, സംഘത്തിന്റെതല്ലാത്ത കാരണങ്ങളാലുള്ള ന്യൂനതകളുടെ പേരിലുള്ള എഴുത്തുകുത്തുകളും നടപടികളും ഒഴിവാക്കുക, നിസ്സാരകാര്യങ്ങള്‍ക്കുപോലും ഭീതിദമായ നോട്ടീസ്‌ നല്‍കി പരിശോധനയുടെ ഗൗരവം കുറയ്‌ക്കാതിരിക്കുക, നോട്ടീസിനു മറുപടിയും രേഖകളും സിമയിലൂടെതന്നെ നല്‍കാന്‍ സൗകര്യപ്പെടുത്തുക, ന്യൂനതയുടെ വ്യാപ്‌തി മനസ്സിലാക്കാന്‍ ഗ്രേഡിങ്‌ കൊണ്ടുവരിക, 62/2020 സര്‍ക്കുലര്‍ പാലനത്തിന്റെ വിശദപരിശോധനയ്‌ക്കു സൗകര്യമൊരുക്കുക, സംഘത്തിന്റെ അപേക്ഷകളുടെ നിജസ്ഥിതി അറിയാന്‍ സൗകര്യമേര്‍പ്പടുത്തുക, സാങ്കേതികവിഭാഗത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുക, വകുപ്പിനും സംഘത്തിനും കൂടുതല്‍ പരിശീലനം നല്‍കുക, പരിശോധനക്കുശേഷം അനാവശ്യമായി സമയം ചെലവഴിക്കേണ്ടിവരുന്നത്‌ ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ നിവേദനത്തിലുണ്ട്‌.

സിമ ആപ്പില്‍ ചോദ്യങ്ങള്‍ക്ക്‌ അതെ എന്നോ അല്ല എന്നോ മാത്രമേ ഉത്തരം നല്‍കാനാവൂ എന്നു നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. 99% ശരിയായാലും ഒരു ശതമാനം തെറ്റിന്റെ പേരില്‍ സംഘങ്ങള്‍ക്കു ഭയപ്പെടുത്തുന്ന നോട്ടീസാണു നല്‍കുന്നത്‌. സംഘത്തിന്റെ മറുപടി സിമ ആപ്പില്‍ ന്യൂനതയായി വരുന്നതാണെങ്കിലും പരിശോധിക്കുന്നയാള്‍ക്കു കാര്യം തൃപ്‌തികരമായി ബോധ്യപ്പെട്ടാല്‍ അത്‌ എഴുതാന്‍ റിമാര്‍ക്‌സ്‌ കോളം ഉള്‍പ്പെടുത്തിയാല്‍ അനാവശ്യനോട്ടീസും വിശദീകരണം വാങ്ങലും ഒഴിവാക്കാം. ഉദാഹരണമായി ഹെഡ്‌ ഓഫീസില്‍ ക്യാഷ്‌ ഇടപാടില്ല. അതിനാല്‍ ക്യാഷ്‌ബുക്ക്‌ കൃത്യമായി എഴുതി സൂക്ഷിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്‌ ഇല്ല എന്നേ മറുപടി നല്‍കാനാവൂ. ഈ മറുപടിയില്‍ തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടിവരുന്നതിലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ റിമാര്‍ക്‌സ്‌ കോളമുണ്ടെങ്കില്‍ ഒഴിവാക്കാം.

സംഘത്തിന്റെതല്ലാത്ത കാരണങ്ങളാലുള്ള ന്യൂനതകള്‍ മൂലമുള്ള എഴുത്തുകുത്തുകളും നടപടികളും ഒഴിവാക്കേണ്ടതാണെന്നു നിവേദനത്തില്‍ പറയുന്നു. ഇതില്‍ മിക്കതിനും സഹകരണവകുപ്പിന്റെ വിവിധ ഓഫീസുകളില്‍ അപേക്ഷിച്ചിട്ടും ഉത്തരവാകാതെ കെട്ടിക്കിടക്കുന്ന ഫയലുകളായിരിക്കും കാരണം.

നിസ്സാരകാര്യങ്ങള്‍ക്കുപോലും ഭരണസമിതിയുടെ വീഴ്‌ചയാണെന്നും ചീഫ്‌ എക്‌സിക്യൂട്ടീവിന്റെ കൃത്യവിലോപത്തിനു നടപടിയെടുക്കണമെന്നും മറ്റും നോട്ടീസ്‌ നല്‍കുന്നുണ്ട്‌. ഇതു പരിശോധനയുടെ ഗൗരവം ഇല്ലാതാക്കും.അതെ എന്നോ അല്ല എന്നോ ഉള്ള മറുപടിയോടൊപ്പം ന്യൂനതയുണ്ടെങ്കില്‍ അതിന്റെ വ്യാപ്‌തി മനസ്സിലാക്കാന്‍ കഴിയുന്ന വിധത്തില്‍ ഗ്രേഡിങ്‌ കൊണ്ടുവരുന്ന കാര്യം പരിഗണിക്കണം

സര്‍ക്കുലര്‍ 62/2020 മാനദണ്ഡം പാലിച്ചിട്ടുണ്ടോ എന്നു പരിശോധിക്കാന്‍ പരിശോധന നടത്തുന്നയാള്‍ക്കു പരിമിതികളുണ്ടാകും. ഈ സാഹചര്യത്തില്‍ സര്‍ക്കുലര്‍ നിര്‍ദേശങ്ങള്‍ വിശദമായി പരിശോധിക്കാന്‍ സിമയില്‍ സൗകര്യമൊരുക്കേണ്ടതാണ്‌.സിമ ഉപയോഗിച്ചുള്ള പരിശോധനപ്രകാരമുള്ള നോട്ടീസിന്‌ സംഘങ്ങള്‍ക്കു സിമ ഉപയോഗിച്ചുതന്നെ മറുപടി നല്‍കാനും രേഖകള്‍ അപ്‌ ലോഡ്‌ ചെയ്യാനും സൗകര്യമൊരുക്കണം. ഒപ്പം സംഘങ്ങള്‍ സമര്‍പ്പിക്കുന്ന അപേക്ഷകളുടെ നിജസ്ഥിതി സംഘങ്ങള്‍ക്കു മനസ്സിലാക്കാനും സിമയില്‍ സൗകര്യമുണ്ടാകണം.

സിമ ഉപയോഗത്തിന്റെ സാങ്കേതികപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കേണ്ടതുണ്ട്‌. പാസ്‌വേഡ്‌ ഓര്‍മയില്ലെങ്കില്‍ റീസെറ്റ്‌ ചെയ്യാന്‍ ഓപ്‌ഷനില്ലാത്തതും ഇക്കാര്യത്തില്‍ സഹായം ലഭിക്കാനുള്ള മാര്‍ഗത്തെപ്പറ്റി സൂചനയില്ലാത്തതുംപോലുള്ള സാങ്കേതികപ്രശ്‌നങ്ങളുണ്ടെന്നു നിവേദനത്തില്‍ പറയുന്നു.സിമ എങ്ങനെ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാമെന്നു വകുപ്പിനും സംഘങ്ങള്‍ക്കും കൂടുതല്‍ പരിശീലനം ആവശ്യമാണ്‌.സിമ പരിശോധനയത്തുടര്‍ന്നു വകുപ്പുദ്യോഗസ്ഥരും സംഘവും അനാവശ്യമായി സമയം ചെലവിടേണ്ടിവരുന്നുണ്ടെന്നും അതിനു മാറ്റം വരണമെന്നും നിവേദനത്തിലുണ്ട്‌.

സിമ ആപ്പ്‌ നടപ്പാക്കിയതു കാലാനുസൃതനടപടിയാണ്‌. സ്വാഗതാര്‍ഹവുമാണ്‌. പക്ഷേ, പ്രായോഗികതലത്തില്‍ നടത്തിപ്പില്‍ പോരായ്‌മകളുണ്ട്‌. അവ സമയബന്ധിതമായി പിരഹരിക്കാന്‍ ഫലപ്രദമായ നടപടികള്‍ എടുക്കണം – ഫെഡറേഷന്‍ ആവശ്യപ്പെട്ടു.

 

Moonamvazhi

Authorize Writer

Moonamvazhi has 594 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!