ജിഎസ്‌ടിയും ആദായനികുതിയും സഹകരണാനുകൂലമായി മാറ്റണം: മന്ത്രി വാസവന്‍

Moonamvazhi
  • മോട്ടോര്‍ വാഹനനിയമവും മാറ്റണം
  • സംഘങ്ങളുടെ പുതിയ ക്ലാസിഫിക്കേഷന്‍ ഉടന്‍
  • കേപ്‌ 4 നഴ്‌സിങ്‌ കോളേജ്‌ കൂടി തുടങ്ങും

ജിഎസ്‌ടി നിയമങ്ങളിലും ആദായനികുതി നിയമങ്ങളിലും സഹകരണസ്ഥാപനങ്ങള്‍ക്കനുകൂലമായ ഭേദഗതികള്‍ കൊണ്ടുവരണമെന്ന്‌ കേന്ദ്രസര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടതായി സഹകരണമന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. മോട്ടോര്‍വാഹനനിയമങ്ങളിലും അനുകൂലമാറ്റങ്ങള്‍ വേണം. ഇക്കാര്യങ്ങള്‍ ഉന്നയിച്ചു കേന്ദ്രത്തിനു കത്തയച്ചു. അങ്കമാലി അഡ്‌ലക്‌സ്‌ കണ്‍വെന്‍ഷന്‍ സെന്ററില്‍ അന്താരാഷ്ട്രസഹകരണദിനാഘോഷത്തിന്റെ സംസ്ഥാനതലഉദ്‌ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞദിവസം കേന്ദ്രആഭ്യന്തരമന്ത്രികൂടിയായ കേന്ദ്രസഹകരണമന്ത്രി അമിത്‌ഷായുടെ അധ്യക്ഷതയില്‍ നടന്ന ഉന്നതതലസഹകരണസംഗമത്തില്‍ കേരളം ഈ ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. അവ കത്തായി നല്‍കാന്‍ അമിത്‌ഷാതന്നെ നിര്‍ദേശിച്ചു. കേരളത്തിന്റെ വികാരം അറിയിക്കാന്‍ കത്തയക്കാന്‍ തീരുമാനിക്കുകയും അത്‌ അയക്കുകയും ചെയ്‌തുകഴിഞ്ഞു. ജിഎസ്‌ടി നിയമവും ആദായനികുതിനിയമവും മോട്ടാര്‍വാഹനനിയമവും കേന്ദ്രനിയമങ്ങളാണ്‌. കേന്ദ്രമാണു നടപടിയെടുക്കേണ്ടത്‌. ജിഎസ്‌ടിയുടെ കാര്യത്തില്‍ വ്യക്തികളെപ്പോലെതന്നെയാണു സഹകരണസ്ഥാപനങ്ങളെയും കാണുന്നത്‌. സഹകരണസ്ഥാപനങ്ങളുടെ ക്ഷേമ-സേവനപ്രവര്‍ത്തനങ്ങള്‍ക്കു പരിഗണനയില്ല. ആദായനികുതിനിയമത്തിലും സഹകരണമേഖല ഒരു സേവനമേഖലയാണെന്ന പരിഗണനയില്ല.മോട്ടാര്‍വാഹനനിയമത്തിലും മറ്റിതരസ്വകാര്യസ്ഥാപനവാഹനങ്ങളെപ്പോലെതന്നെ കണ്ടാണു സഹകരണസ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്കെതിരെയും നടപടികളുണ്ടാകുന്നത്‌. ഈ സ്ഥിതി മാറണം.സഹകരണസംഘങ്ങളുടെ പുതുക്കിയ ക്ലാസിഫിക്കേഷന്‍ മാനദണ്ഡങ്ങള്‍ക്ക്‌ അന്തിമരൂപമായി. ഉടന്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കും.

സഹകരണസ്ഥാപനങ്ങളിലുള്ള കെട്ടിക്കിടക്കുന്ന പണം ഫലപ്രദമായി വിനിയോഗിക്കാന്‍ ഓരോപഞ്ചായത്തിലും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സംരംഭങ്ങള്‍ക്കു സഹകരണസ്ഥാപനങ്ങളില്‍നിന്നു വായ്‌പ ലഭ്യമാക്കുന്ന പദ്ധതി തയ്യാറാക്കിവരികയാണെന്നും അടുത്തുതന്നെ തദ്ദേശസ്വയംഭരണവകുപ്പുമന്ത്രിയുമായി ചര്‍ച്ച ചെയ്‌തശേഷം ഇതിന്റെ നടത്തിപ്പു ക്രമീകരണങ്ങള്‍ അറിയിക്കുമെന്നു മന്ത്രി പറഞ്ഞു. സഹകരണനിയമത്തെയും പുതിയ മാറ്റങ്ങളെയും പറ്റി ഭരണസമിതിയംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും അവബോധമുണ്ടാക്കുന്നതിനായി തിരുവനന്തപുരം മണ്‍വിളയിലെ കാര്‍ഷികസഹകരണസ്റ്റാഫ്‌ പരിശീലനഇന്‍സ്റ്റിറ്റിയൂട്ടില്‍ വിപുലമായ പരിശീലനസൗകര്യങ്ങളൊരുക്കിയിട്ടുണ്ട്‌. പുതുതായി സംഘം ഭരണസമിതിയംഗങ്ങളാകുന്നവര്‍ ആറുമാസത്തിനകം പരിശീലനം നേടത്തക്കവിധമാണു ക്രമീകരണങ്ങള്‍.ലിക്വിഡേഷന്‍വരെ കാക്കാതെ പ്രതിന്ധിയുള്ള സംഘത്തില്‍ നിക്ഷേപകര്‍ക്ക്‌ അഞ്ചുലക്ഷംരൂപവരെ തിരിച്ചുകിട്ടത്തവിധം നിക്ഷേപഗ്യാരണ്ടി ഫണ്ട്‌ സ്‌കീം പരിഷ്‌കരിച്ചു. ഇതുപ്രകാരം 67 അപേക്ഷകള്‍ കിട്ടിക്കഴിഞ്ഞു. പ്രതിസന്ധിയുള്ള സംഘങ്ങളെ കാര്യക്ഷമമായ നടത്തിപ്പിലേക്കു തിരിച്ചുകൊണ്ടുവരാനുള്ള പദ്ധതികളുമായി വന്നാല്‍ സഹായിക്കാനുള്ള പദ്ധതി പ്രകാരം അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്‌. പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനുള്ള സഹകരണഅക്കാദമി (കേപ്‌) വൈകാതെ നാലു നഴ്‌സിങ്‌ കോളേജുകള്‍ കൂടി തുടങ്ങും. വിദേശങ്ങളിലടക്കം നഴ്‌സുമാരുടെ ആവശ്യകത വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണിത്‌. ഫ്‌ളാറ്റുകള്‍ അടക്കമുള്ള ഭവനനിര്‍മാണരംഗത്തേക്കും സഹകരണസ്ഥാപനങ്ങള്‍ കൂടുതലായി കടന്നുവരും.

മുണ്ടക്കൈ-ചൂരല്‍മലയില്‍ ദുരന്തത്തിനിരയായവരുടെ 600ലക്ഷത്തില്‍പരംരൂപയുടെ കടമാണു സഹകരണമേഖലയിലുള്ള കേരളബാങ്ക്‌ എഴുതിത്തള്ളിയത്‌. നിങ്ങള്‍ക്ക്‌ എന്തുകൊണ്ടു കേരളബാങ്കിനെ മാതൃകയാക്കിക്കൂടാ എന്നു കേരള ഹൈക്കോടതി ദേശസാല്‍കൃതബാങ്കുകളോടുംമറ്റും ചോദിച്ചതു സഹകരണമേഖലയ്‌ക്കു കിട്ടിയ അഭിനന്ദനമാണ്‌. വന്‍കിടകോര്‍പറേറ്റുകളുടെ ലക്ഷക്കണക്കിനു കോടിരൂപയുടെ വായ്‌പ കേന്ദ്രം എഴുതിത്തള്ളുമ്പോഴും ഇക്കാര്യത്തില്‍ അവയ്‌ക്ക്‌ അനുകൂലസമീപനമില്ല. കേരളത്തില്‍ 50,000 കോടിയില്‍പരം ബിസിനസുള്ള അഞ്ചു ബാങ്കുകളുടെ നിരയിലേക്കു കേരളബാങ്കും വളര്‍ന്നു. ആമസോണില്‍വരെ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന വിധത്തിലും വിദേശങ്ങളിലേക്കു കയറ്റിയയക്കുന്നവിധത്തിലും കേരളത്തിലെ സഹകരണസ്ഥാപനങ്ങള്‍ വളര്‍ന്നു.വായ്‌പാസഹകരണസംഘങ്ങളില്‍ തുടര്‍ച്ചയായി രണ്ടുതവണയിലേറെ ഭരണസമിതിയംഗമാകുന്നതിനു വിലക്കേര്‍പ്പെടുത്താനാണു സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നതെന്നും മുന്‍മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും പ്രതിപക്ഷനേതാവ്‌ വി.ഡി. സതീശന്റെയും അഭിപ്രായം മാനിച്ചാണ്‌ അതു മൂന്നുതവണ എന്നാക്കി ഇളവു ചെയ്‌തതെന്നും മന്ത്രി പറഞ്ഞു. ഇതടക്കം സഹകരണനിയമത്തിലെ എല്ലാ ഭേദഗതികളിലും ഭരണപ്രതിപക്ഷഭേദമെന്യേ നിയമസഭയുടെ അംഗീകാരം നേടാന്‍ സര്‍ക്കാരിനു കഴിഞ്ഞുവെന്നും 57 ഭേദഗതികള്‍വഴി സഹകരണനിയമത്തില്‍ കാലാനുസൃതമായ സമഗ്രമാറ്റം കൊണ്ടുവന്നു സഹകരണമേഖലയെ ശക്തിപ്പെടുത്താന്‍ സര്‍ക്കാരിനു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

സഹകരണപുരസ്‌കാരങ്ങള്‍ മന്ത്രി വിതരണം ചെയ്‌തു. റോജി എം ജോണ്‍ എം.എല്‍.എ. അധ്യക്ഷനായി. കേരളബാങ്ക്‌ ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍, റോബര്‍ട്ട്‌ ഓവന്‍പുരസ്‌കാരജേതാവ്‌ പി.എ. ഉമ്മര്‍, എറണാകുളം ജില്ലാപഞ്ചായത്തുപ്രസിഡന്റ്‌ മനോജ്‌ മൂത്തേടന്‍, സഹകരണഓഡിറ്റ്‌ ഡയറക്ടര്‍ എം.എസ്‌. ഷെറിന്‍, സഹകരണസംഘം രജിസ്‌ട്രാര്‍ ഡോ. ഡി. സജിത്‌ബാബു, സഹകരണസംഘം ജോയിന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) ജോസാല്‍ഫ്രാന്‍സിസ്‌ തോപ്പില്‍ എന്നിവര്‍ സംസാരിച്ചു.നേരത്തേ നവകേരളവഴിയില്‍ സഹകരണപ്രസ്ഥാനം എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. സഹകരണസംഘം രജിസ്‌ട്രാര്‍ ഡോ. ഡി. സജിത്‌ബാബു വിഷയം അവതരിപ്പിച്ചു. മുന്‍ എം.എല്‍.എ. എം.എം. മോനായി മോഡറേറ്ററായിരുന്നു. ബെന്നി ബെഹനാന്‍ എംപി, സഹകരണസംഘം അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ എം. സജീര്‍ എന്നിവര്‍ സംസാരിച്ചു.

 

Moonamvazhi

Authorize Writer

Moonamvazhi has 468 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!