കേരള ബാങ്ക്‌ പലിശ കുറച്ചതിനെതിരെ പ്രതിഷേധം പടരുന്നു; കാര്യമായി ബാധിക്കില്ലെന്നു കേരളബാങ്ക്‌

Moonamvazhi

കേരളബാങ്ക്‌ നിക്ഷേപപ്പലിശ കുറച്ചതിനെതിരെ സഹകരണമേഖലയില്‍ പ്രതിഷേധം പടരുന്നു. സഹകരണമേഖലയെ തകര്‍ക്കുന്ന നിര്‍ദേശങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നിര്‍ദേശം അവഗണിക്കുമെന്നു സഹകരണജനാധിപത്യവേദി ചെയര്‍മാന്‍ അഡ്വ. കരകുളം കൃഷ്‌ണപിള്ള മുന്നറിയിപ്പു നല്‍കി. പ്രാഥമികസഹകരണസംഘങ്ങളുടെ സ്ഥിരനിക്ഷേപങ്ങള്‍ക്കു കേരളബാങ്ക്‌ നല്‍കിയിരുന്ന പലിശനിരക്കു കുറച്ച നടപടി ഉടന്‍ പിന്‍വലിക്കണമെന്നു കേരള കോഓപ്പറേറ്റീവ്‌ എംപ്ലോയീസ്‌ ഫ്രണ്ട്‌ സംസ്ഥാനപ്രസിഡന്റ്‌ ബിനു കാവുങ്ങലും ജനറല്‍ സെക്രട്ടറി ടി. ഉണ്ണിക്കൃഷ്‌ണനും ആവശ്യപ്പെട്ടു. കേരള കോഓപ്പറേറ്റീവ്‌ ബാങ്ക്‌ സെക്രട്ടറീസ്‌ സെന്റര്‍ സംസ്ഥാനപ്രസിഡന്റ്‌ അഡ്വ. ഹനീഫ പെരിഞ്ചീരിയും വര്‍ക്കിങ്‌ പ്രസിഡന്റ്‌ ഇസ്‌മായില്‍ പെരുവള്ളൂരും സെക്രട്ടറി എന്‍. ഭാഗ്യനാഥും ഇതേ ആവശ്യം ഉന്നയിച്ചു. എന്നാല്‍ പലിശ കുറച്ചതു പ്രാഥമികസംഘങ്ങളെയും ഇതരസംഘങ്ങളെയും ബാധിക്കില്ലെന്നു കേരളബാങ്ക്‌ അഭിപ്രായപ്പെട്ടു. സംഘങ്ങള്‍ സധാരണ 15ലക്ഷം രൂപയ്‌ക്കു മുകളിലാണു നിക്ഷേപിക്കാറെന്നും അതിന്റെ പലിശ 0.25ശതമാനംമാത്രമേ കുറയൂ എന്നും ബാങ്ക്‌ അറിയിച്ചു.

കടുത്ത പ്രതിസന്ധിയുള്ള സഹകരണസ്ഥാപനങ്ങളുടെ തകര്‍ച്ചയുടെ ആക്കം കൂട്ടുകയാണു സര്‍ക്കാരും കേരളബാങ്കുമെന്നു കരകുളം കൃഷ്‌ണപിള്ള കുറ്റപ്പെടുത്തി. ഇക്കൊല്ലം മാര്‍ച്ചില്‍ നിക്ഷേപസമാഹരണം പ്രഖ്യാപിച്ചശേഷം നാലുമാസത്തിനകം മൂന്നുതവണ നിക്ഷേപപ്പലിശ കുറച്ചു. കഴിഞ്ഞരണ്ടുവര്‍ഷത്തിനകം കേരളത്തിലെ പ്രാഥമികകാര്‍ഷികവായ്‌പാസംഘങ്ങളില്‍മാത്രം 13000കോടിയിലധികം രൂപയുടെ നിക്ഷേപം കുറഞ്ഞു. റിസര്‍വ്‌ ബാങ്കുനിര്‍ദേശപ്രകാരമാണു പലിശ കുറയ്‌ക്കുന്നതെന്ന ന്യായം നിക്ഷേപകര്‍ ഉള്‍ക്കൊള്ളുമോ? സംഘങ്ങള്‍ സ്വരൂപിക്കുന്ന നിക്ഷേപങ്ങളുടെ ഗ്യാരന്റി സ്‌കീമില്‍ വര്‍ധിക്കുന്ന തുകയ്‌ക്കുമാത്രം ഗ്യാരന്റിഫണ്ട്‌ നല്‍കിയാല്‍മതി എന്ന വ്യവസ്ഥ മാറ്റി എല്ലാതുകയ്‌ക്കും ഗ്യാരന്റിഫണ്ട്‌ നല്‍കണമെന്ന വ്യവസ്ഥ കൊണ്ടുവന്നത്‌ ആരുടെ താല്‍പര്യം സംരക്ഷിക്കാനാണ്‌? പ്രൊഫഷണല്‍ വിദ്യാഭ്യാസനിധി നിര്‍ബന്ധമായി ഈടാക്കാനും ഈ സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്നു. സംസ്ഥാനത്തിനും വിഹിതം കിട്ടുമെന്നതുകൊണ്ടു നിര്‍ബന്ധമായും ജിഎസ്‌ടി പിരിക്കാനും നിര്‍ദേശിച്ചിരിക്കുന്നു. ഇവയൊക്കെ പുനപ്പരിശോധിച്ചില്ലെങ്കില്‍ ഈ നിര്‍ദേശങ്ങള്‍ ബഹിഷ്‌കരിക്കുകയും സമരം ചെയ്യുകയും ചെയ്യുമെന്ന്‌ അദ്ദേഹം പ്രസ്‌താവനയില്‍ പറഞ്ഞു.

പലിശകുറച്ചതു പിന്‍വലിക്കണമെന്നു കെസിഇഎഫ്‌ പ്രസിഡന്റ്‌ ബിനു കാവങ്ങലും ജനറല്‍ സെക്രട്ടറി ടി.വി. ഉണ്ണിക്കൃഷ്‌ണനും നിവേദനത്തില്‍ സഹകരണമന്ത്രി വി.എന്‍. വാസവനോട്‌ അഭ്യര്‍ഥിച്ചു. പ്രാഥമികസംഘങ്ങള്‍ ഒരുവര്‍ഷംമുതല്‍ രണ്ടുവര്‍ഷംവരെയുള്ള സ്ഥിരനിക്ഷേപത്തിന്‌ എട്ടുശതമാനംമുതല്‍ 8.5 ശതമാനംവരെ പലിശ നല്‍കി നിക്ഷേപം സമാഹരിക്കുമ്പോള്‍ അത്‌ 7.10 ശതമാനം പലിശക്കു കേരളബാങ്കില്‍ നിക്ഷേപിക്കേണ്ട സ്ഥിതിയാണ്‌. നവംബര്‍ 19നു കേരളബാങ്ക്‌ നിക്ഷേപപ്പലിശ പ്രാഥമികസംഘങ്ങളുടെ നിരക്കിനു സമാനമാക്കി കുറച്ചിരുന്നു. ഇതു പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ടിരിക്കെയാണു വീണ്ടും കുറച്ചിരിക്കുന്ത്‌. കേരളബാങ്ക്‌ നല്‍കുന്ന പതിനാലിനം വായ്‌പകളുടെ പലിശനിരക്കില്‍ ഒരു കുറവുമില്ല താനും. പ്രാഥമികസംഘങ്ങള്‍ സ്ഥിരനിക്ഷേപങ്ങള്‍ക്കു നല്‍കുന്ന പലിശയെക്കാള്‍ ഒരുശതമാനം പലിശനിരക്ക്‌ കേരളബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ കിട്ടാന്‍ നടപടിയെടുക്കണമെന്ന്‌ ഇരുവരും അഭ്യര്‍ഥി്‌ച്ചു.

കേരളബാങ്ക്‌ പലിശ കുറച്ചതു പിന്‍വലിക്കണമെന്നു കേരള കോഓപ്പറേറ്റീവ്‌ ബാങ്ക്‌ സെക്രട്ടറീസ്‌ സെന്റര്‍ സംസ്ഥാനപ്രസിഡന്റ്‌ അഡ്വ. ഹനീഫ പെരിഞ്ചീരിയും വര്‍ക്കിങ്‌ പ്രസിഡന്റ്‌ ഇസ്‌മായില്‍ പെരുവള്ളൂരും സെക്രട്ടറി എന്‍. ഭാഗ്യനാഥും മുഖ്യമന്ത്രിയോടും സഹകരണമന്ത്രിയോടും കത്തില്‍ ആവശ്യപ്പെട്ടു. ജനങ്ങളില്‍നിന്ന്‌ ഉയര്‍ന്ന പലിശക്കു നിക്ഷേപം സ്വീകരിച്ചു ലാഭകരമായി തുക വിനിയോഗിക്കാന്‍ സംഘങ്ങള്‍ക്ക്‌ അനുമതിയില്ല. കേരളബാങ്കില്‍തന്നെ നിക്ഷേപിക്കണമെന്നു കര്‍ശനനിര്‍ദേശമുണ്ട്‌. സ്വയംഭരണജനാധിപത്യസ്ഥാപനങ്ങളാണെങ്കിലും സ്വതന്ത്രമായി തീരുമാനം എടുക്കാനോ ലാഭകരമായി നിക്ഷേപം നടത്താനോ അനുമതിയില്ലാത്ത സംഘങ്ങളെ സംരക്ഷിക്കാന്‍ കേരളബാങ്കിനു ബാധ്യതയുണ്ടെന്നു കത്തില്‍ ചൂണ്ടിക്കാട്ടി.

Moonamvazhi

Authorize Writer

Moonamvazhi has 463 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!