സംസ്ഥാന സഹകരണനയങ്ങള്‍ സാഹചര്യോചിതമെന്ന്‌ ഉറപ്പാക്കും: അമിത്‌ഷാ

Moonamvazhi
  • 2045വരെ പ്രാബല്യമുള്ള ദേശീയസഹകരണനയം വരും
  • സംസ്ഥാനങ്ങള്‍ ജനുവരിക്കകം സഹകരണനയം ഉണ്ടാക്കണം
  • നിയമനങ്ങള്‍ യോഗ്യതാടിസ്ഥാനത്തിലാക്കണം
  • ജൈവക്കൃഷി സഹകരണ-കൃഷിമന്ത്രിമാര്‍ ഏകോപിപ്പിക്കണം.

ദേശീയസഹകരണനയം വൈകാതെ പ്രഖ്യാപിക്കുമെന്നും, അതിനുകീഴില്‍ ഓരോ സംസ്ഥാനത്തെയും സഹകരണസാഹചര്യങ്ങള്‍ക്കനുസൃതമായിരിക്കണം സംസ്ഥാനങ്ങളിലെ സഹകരണനയമെന്നും കേന്ദ്രസഹകരണമന്ത്രികൂടിയായ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷാ പറഞ്ഞു. സംസ്ഥാനനയങ്ങള്‍ കൃത്യമായ ലക്ഷ്യങ്ങള്‍ നിശ്ചയിച്ചുകൊണ്ടുള്ളതാവണം. അന്താരാഷ്ട്രസഹകരണവര്‍ഷാചരണത്തിന്റെ ഭാഗമായി ന്യുഡല്‍ഹിയിലെ ഭാരതമണ്ഡപത്തില്‍ സഹകരണമന്ത്രിമാരുടെ സംഗമം (മന്ഥന്‍ ബൈഠക്‌) ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2025മുതല്‍ 2045വരെ പ്രാബല്യമുണ്ടായിരിക്കുംവിധം കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ടാണ്‌ ദേശീയസഹകരണനയം രൂപവല്‍കരിക്കുക. അതാതുസംസ്ഥാനങ്ങളുടെ സഹകരണസാഹചര്യങ്ങള്‍ക്കിണങ്ങുന്ന സഹകരണനയം രൂപവല്‍കരിക്കപ്പെടുകയും കൃത്യമായ ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുകയും ചെയ്‌താല്‍ മാത്രമേ സ്വതന്ത്ര്യത്തിന്റെ ശതാബ്ദിയാഘോഷിക്കുമ്പോള്‍ ഇന്ത്യയെ മാതൃകാപരമായ ഒരു സഹകരണരാഷ്ട്രമായി വളര്‍ത്തിയെടുക്കാനാവൂ. 2026 ജനുവരി 31നകം എല്ലാ സംസ്ഥാനങ്ങളും സ്വന്തം സഹകരണനയം പ്രഖ്യാപിക്കണം. മാതൃകാദേശീയസഹകരണനയനിയമത്തിലൂടെ രാജ്യമാകെ സഹകരണമേഖലയില്‍ അച്ചടക്കവും നൂതനത്വവും സുതാര്യതയും കൊണ്ടുവരും.

10വര്‍ഷംകൊണ്ടു കേന്ദ്രസര്‍ക്കാര്‍ കോടിക്കണക്കിനാളുകള്‍ക്കു പാര്‍പ്പിടവും ടോയ്‌ലറ്റും കുടിവെള്ളവും ഭക്ഷ്യധാന്യങ്ങളും ചികില്‍സാസൗകര്യങ്ങളും പാചകവാതകസിലിണ്ടറുകളും മറ്റു സൗകര്യങ്ങളും ലഭ്യമാക്കി. ഇവര്‍ ജീവിതം മെച്ചപ്പെടുത്താന്‍ സംരംഭകരാകാന്‍ ആഗ്രഹിക്കുന്നു. പക്ഷേ, അവര്‍ക്കു പ്രാഥമികമൂലധനമില്ല. അവരുടെ ചെറിയ മൂലധനം വച്ചു കാര്യമായെന്തെങ്കിലും ചെയ്യാന്‍ സഹകരണമേഖലയ്‌ക്കേ കഴിയൂ. എല്ലാവര്‍ക്കും തൊഴില്‍ ഉറപ്പാക്കാനുള്ള ഏകമാര്‍ഗം സഹകരണപ്രസ്ഥാനമാണ്‌. അതുകൊണ്ടാണു കേന്ദ്രത്തില്‍ സഹകരണമന്ത്രാലയം രൂപവല്‍കരിച്ചത്‌. സഹകരണമേഖലയ്‌ക്ക്‌ അനന്തസാധ്യതകളുണ്ട്‌. 60നടപടികള്‍ സര്‍ക്കാര്‍ ഈ രംഗത്തു കൈക്കൊണ്ടു. ദേശീയസഹകരണഡാറ്റാബേസ്‌ ഇതിലൊന്നാണ്‌. ഏതൊക്കെ ഗ്രാമത്തിലാണ്‌ ഒരു സഹകരണസ്ഥാപനം പോലുമില്ലാത്തതെന്ന്‌ ഇതു നോക്കിയാല്‍ മനസ്സിലാകും. അഞ്ചുകൊല്ലത്തിനകം രാജ്യത്തു സഹകരണസ്ഥാപനമില്ലാത്ത ഒരു ഗ്രാമംപോലുമില്ലാത്ത വിധത്തില്‍ സഹകരണസംഘങ്ങള്‍ വ്യാപകമാക്കും.സഹകരണമേഖല ദുര്‍ബലമാകാന്‍ ഒരു കാരണം നിയമങ്ങളില്‍ വേണ്ടത്ര മാറ്റങ്ങളുണ്ടാകാതിരുന്നതാണ്‌. അതു സര്‍ക്കാര്‍ പരിഹരിച്ചു. സഹകരണസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാലാനുസൃതമായി വികസിപ്പിക്കുകയോ പരിവര്‍ത്തിപ്പിക്കുകയോ ചെയ്‌തിരുന്നില്ല. നിയമനങ്ങളില്‍ സ്വജനപക്ഷപാതം പ്രകടമായിരുന്നു. ഇതൊക്കെ പരിഹരിക്കാനാണു ത്രിഭുവന്‍ സഹകരണസര്‍വകലാശാല സ്ഥാപിച്ചത്‌. സര്‍വകാലാശാലയോട്‌ അഫിലിയേറ്റ്‌ ചെയ്‌ത ഒരു സഹകരണപരിശീലനസ്ഥാപനമെങ്കിലും എല്ലാ സംസ്ഥാനത്തും ഉണ്ടാകണം. സര്‍വകലാശാല വഴിയായിരിക്കണം സമഗ്രമായസഹകരണപരിശീലനം നടപ്പാക്കേണ്ടത്‌. 2025-26 സാമ്പത്തികവര്‍ഷത്തിനകം രണ്ടുലക്ഷം പ്രാഥമികസഹകരണസംഘങ്ങള്‍ സ്ഥാപിക്കണമെന്ന ലക്ഷ്യം അടുത്ത ഫെബ്രുവരിയില്‍തന്നെ കൈവരിക്കണം.

അര്‍ബന്‍ സഹകരണസംഘങ്ങളും വായ്‌പാസഹകരണസംഘങ്ങളും പ്രത്യേകശ്രദ്ധ അര്‍ഹിക്കുന്നു. അര്‍ബന്‍ സഹകരണബാങ്കുകളെ ബാങ്കിങ്‌ നിയമത്തിനുകീഴില്‍ കൊണ്ടുവന്നിട്ടുണ്ട്‌. റിസര്‍വ്‌ബാങ്ക്‌ അയവുള്ള നയം അവയോടു സ്വീകരിക്കുകയും വളരെയധികം പ്രശ്‌നങ്ങള്‍ പരിഹരി്‌ക്കുകയും ചെയ്‌തിട്ടുണ്ട്‌. അവയുടെ നടത്തിപ്പു സുതാര്യമാക്കുകയും ജീവനക്കാരെ നിയമിക്കുന്നതു യോഗ്യതയുടെ അടിസ്ഥാനത്തിലാക്കുകയും ചെയ്‌താല്‍ മാത്രമേ ബാക്കി പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവൂ. വായ്‌പാസഹകരണസംഘങ്ങളുടെയും അര്‍ബന്‍ ബാങ്കുകളുടെയും പ്രവര്‍ത്തനത്തില്‍ കൂടുതല്‍ സുതാര്യത ആവശ്യമാണ്‌. ജൈവക്കൃഷി പ്രധാനമാണ്‌. എല്ലാ സഹകരണമന്ത്രിമാരും കൃഷിമന്ത്രിമാരുമായി സഹകരിച്ച്‌ ജൈവക്കൃഷി പ്രോല്‍സാഹിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. സഹകരണസ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണത്തിനു ഗുജറാത്ത്‌ നല്ല ഉദാഹരണമാണെന്നും അമിത്‌ഷാ പറഞ്ഞു.

സഹകരണമേഖലയില്‍ നടപ്പാക്കിവരുന്ന പദ്ധികള്‍ വിലയിരുത്താനായിരുന്നു ബൈഠക്ക്‌. ത്രിഭുവന്‍ സഹകരണസര്‍വകലാശാലയിലൂടെ വിഭശേഷികളും പരിശീലനസൗകര്യങ്ങളും വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും സഹകരണബാങ്കുകളെ ശക്തിപ്പെടുത്താന്‍ വേണ്ട സാമ്പത്തികപരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിനെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്‌തു. സംസ്ഥാനസഹകരണബാങ്കുകളിലും ജില്ലാസഹകരണബാങ്കുകളിലും പൊതുസേവനയൂണിറ്റുകള്‍ തുടങ്ങുന്ന കാര്യവും അര്‍ബന്‍സഹകരണബാങ്കുകള്‍ക്കു സമഗ്രമേല്‍നോട്ടഘടകം രൂപവല്‍കരിക്കുന്നു കാര്യവും ചര്‍ച്ച ചെയ്‌തു. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും സഹകരണമന്ത്രിമാര്‍ക്കു പുറമെ, അഡീഷണല്‍ ചീഫ്‌ സെക്രട്ടറിമാര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, സഹകരണവകുപ്പുസെക്രട്ടറിമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

 

Moonamvazhi

Authorize Writer

Moonamvazhi has 455 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!