രണ്ടുമാസത്തിനകം എട്ടു മള്‍ട്ടിസ്റ്റേറ്റ്‌ സംഘങ്ങള്‍ക്കെതിരെ ഉത്തരവ്‌

Moonamvazhi

എപ്രില്‍-മെയ്‌ മാസങ്ങളിലായി കേന്ദ്രസഹകരണരജിസ്‌ട്രാര്‍ രബീന്ദ്രഅഗര്‍വാള്‍ ലിക്വിഡേറ്ററെ നിയമിക്കാന്‍ ഉത്തരവിട്ടത്‌ അഞ്ച്‌ മള്‍ട്ടിസ്റ്റേറ്റ്‌ സഹകരണസംഘങ്ങളില്‍. കൂടാതെ ഒരു സംഘത്തെപ്പറ്റി അന്വേഷിച്ചു റിപ്പോര്‍ട്ടു നല്‍കാനും, മറ്റൊന്നിനോട്‌ അടച്ചുപൂട്ടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാനും മൂന്നാമതൊന്നിനോട്‌ നിക്ഷേപകര്‍ക്കു പണം തിരിച്ചുകൊടുക്കാനും ഉത്തരവിട്ടു. രജിസ്‌ട്രേഷന്‌ അപേക്ഷിച്ച രണ്ടു മള്‍ട്ടിസ്റ്റേറ്റ്‌ സംഘങ്ങള്‍ക്കു രജിസ്‌ട്രേഷന്‍ നല്‍കേണ്ടെന്നും നിശ്ചയിച്ചു.മഹാരാഷ്ട്രയിലെ ബീഡിലുള്ള ജിജൗമാ സാഹേബ്‌ മള്‍ട്ടിസ്റ്റേറ്റ്‌ കോഓപ്പറേറ്റീവ്‌ സൊസൈറ്റിക്കെതിരായ പരാതിയില്‍ ലിക്വിഡേറ്ററായി മാജല്‍ഗാവോണ്‍ ജില്ലയിലെ സഹകരണഅസിസ്‌റ്റന്റ്‌ രജിസ്‌ട്രാറെ കേന്ദ്രസഹകരണസംഘം രജിസ്‌ട്രാര്‍ നിയമിച്ചു. സംഘം ചെയര്‍പേഴ്‌സണ്‍ അനിതാബാബന്‍ ഷിന്‍ഡെ 160കോടിരൂപയുടെ ക്രമക്കേടു നടത്തിയെന്നാണു പരാതി. കാരണം കാട്ടല്‍ നോട്ടീസും ഓര്‍മപ്പെടുത്തലും അയച്ചിട്ടു പ്രതികരിച്ചില്ല.പരിശോധനയില്‍ ചെയര്‍പേഴ്‌സണും ബോര്‍ഡംഗങ്ങളും ക്രമക്കേടു കാട്ടിയെന്നും എല്ലാരേഖയും അന്വേഷണത്തിനായി പൊലീസ്‌ പിടിച്ചെടുത്തിരിക്കയാണെന്നും വ്യക്തമായി. അഡ്‌മിനിസ്‌ട്രേറ്ററെ വയ്‌ക്കാന്‍ വ്യവസ്ഥകള്‍ തടസ്സമാണ്‌. തുടര്‍ന്നുള്ള നോട്ടീസുകള്‍ക്കും മറുപടിയില്ലായിരുന്നു. അതിനാലാണു ലിക്വിഡേറ്ററെ വച്ച്‌ മെയ്‌ 20ന്‌ ഉത്തരവിട്ടത്‌.

ബീഡിലെതന്നെ വാജിനാഥി്‌ലെ രാജസ്ഥാനി മള്‍ട്ടിസ്റ്റേറ്റ്‌ കോഓപ്പറേറ്റീവ്‌ ക്രെഡിറ്റ്‌ സൊസൈറ്റിക്കെതിരായ പരാതിയിലും ലിക്വിഡേറ്ററെ വച്ചിട്ടുണ്ട്‌. ഷിരൂര്‍ കാസറിലെ സഹകരണഅസിസ്റ്റന്റ്‌ രജിസ്‌ട്രാറെയാണു ലിക്വിഡേറ്ററായി നിയമിച്ചത്‌. കാലാവധിയെത്തിയ നിക്ഷേപം തിരിച്ചുനല്‍കിയില്ലെന്ന പരാതിയെത്തുടര്‍ന്നുള്ള നോട്ടീസുകളോടു പ്രതികരിക്കാതിരുന്നതിനെത്തുടര്‍ന്നു പരിശോധിച്ചപ്പോള്‍ ഇത്തരം പരാതികള്‍മൂലം സംഘത്തിന്റെ ആസ്ഥാനം പൊലീസ്‌ നിയന്ത്രണത്തിലായിരിക്കയാണെന്നു വ്യക്തമായി. മെയ്‌ 16നാണ്‌ ലിക്വിഡേറ്ററെ നിയമിച്ചത്‌.ബീഡിലെ മാലിവെസ്‌പര്‍ബാനെ എസ്റ്റേറ്റിലുള്ള ശ്രീസായ്‌റാം അര്‍ബന്‍ മള്‍ട്ടിസ്റ്റേറ്റ്‌ കോഓപ്പറേറ്റീവ്‌ ക്രെഡിറ്റ്‌ സൊസൈറ്റിക്കെതിരായ പരാതിയിലും ലിക്വിഡേറ്ററെ വച്ചു. ബീഡ്‌ താലൂക്കിലെ സഹകരണഡെപ്യൂട്ടി രജിസ്‌ട്രാറെയാണു നിയമിച്ചിട്ടുള്ളത്‌. കാലാവധിയെത്തിയ നിക്ഷേപങ്ങള്‍ സംഘം തിരിച്ചുനല്‍കുന്നില്ലെന്ന പരാതികളുടെ കാര്യം ജില്ലാകളക്ടറാണു രജിസ്‌ട്രാറെ അറിയിച്ചത്‌. പരിശോധിച്ചപ്പോള്‍ ആസ്ഥാനവും ശാഖകളും പൂട്ടിക്കിടക്കുകയായിരുന്നു.

ദേശീയസഹകരണവികസനകോര്‍പറേഷന്‍ ചെന്നൈ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ സച്ചിന്‍ ശര്‍മയോട്‌ തമിഴ്‌നാട്‌ അണ്ണൂര്‍ കാരിയപാളയം കോവില്‍ മെയിന്‍ റോഡിലെ വിഘ്‌നേശ്വര കോംപ്ലക്‌സിലെ വിശ്വദീപ്‌തി മള്‍ട്ടിസ്റ്റേറ്റ്‌ അഗ്രികോഓപ്പറേറ്റീവ്‌ സൊസൈറ്റി പരിശോധിച്ച്‌ റിപ്പോര്‍ട്ടു നല്‍കാന്‍ രജിസ്‌ട്രാര്‍ നിര്‍ദേശിച്ചിട്ടുണ്ട്‌. ഫിലോമിന വര്‍ഗീസ്‌, ലില്ലി ചുമ്മാര്‍, ചെല്ലക്കുടം സാനിക്കുട്ടി ചുമ്മാര്‍ തുടങ്ങിയവരുടെ പരാതിയിലാണിത്‌. കാലാവധി തികഞ്ഞ നിക്ഷേപം തരിച്ചു നല്‍കിയില്ലെന്നാണു പരാതി. നടപടിയെടുക്കാന്‍ സംഘത്തോടു രജിസ്‌ട്രാര്‍ ആവശ്യപ്പെട്ടെങ്കിലും നടപടി എടുത്തില്ല. സഹകരണഓംബുഡ്‌സ്‌മാനും പരാതികള്‍ കിട്ടി. മെയ്‌ 19നാണ്‌ പരിശോധിച്ചു റിപ്പോര്‍ട്ടു നല്‍കാന്‍ രജിസ്‌ട്രാര്‍ ഉത്തരവിട്ടത്‌.

ന്യൂഡല്‍ഹി ദ്വാരകയിലെ ഭു-ലക്ഷ്‌മി മള്‍ട്ടിസ്റ്റേറ്റ്‌ കോഓപ്പറേറ്റീവ്‌ ഗ്രൂപ്പ്‌ ഹൗസിങ്‌ സൊസൈറ്റിയുടെ ലിക്വിഡേറ്ററായി ഡല്‍ഹിയിലെ തെക്കുപടിഞ്ഞാറന്‍ ജില്ലാമജിസ്‌ട്രേട്ടിനെ ഏപ്രില്‍ 30നു നിയമിച്ചു. സംഘത്തിന്റെ സ്ഥിതി ചോദിച്ചു ഡല്‍ഹിയിലെ റിയല്‍ എസ്‌റ്റേറ്റ്‌ റെഗുലേറ്ററി അതോറിട്ടി 2022ജൂലൈയില്‍ രജിസ്‌ട്രാര്‍ക്കു കത്തയച്ചിരുന്നു. പരിശോധനയില്‍ 2019 നവംബര്‍ 12നാണു തിരഞ്ഞെടുപ്പു നടന്നതെന്നും ഭരണസമിതിയുടെ കാലാവധി കഴിഞ്ഞെന്നും വ്യക്തമായി. കാലാവധിക്ക്‌ ആറുമാസംമുമ്പു ചെയര്‍പേഴ്‌സണും ചീഫ്‌ എക്‌സിക്യൂട്ടീവും സഹകരണതിരഞ്ഞെടുപ്പ്‌ അതോറിട്ടിയെ സമീപിക്കേണ്ടതായിരുന്നു. വാര്‍ഷികക്കണക്കുകളും സമര്‍പ്പിച്ചിട്ടില്ല. തൃപ്‌തികരമായ വിശദീകരണം നല്‍കിയുമില്ല. അടച്ചുപൂട്ടല്‍ നടപടികളെടുക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കണമെന്ന നോട്ടീസിനു മറുപടിയും നല്‍കിയില്ല. തുടര്‍ന്നാണ്‌ അടച്ചുപൂട്ടല്‍ നടപടികള്‍ ആരംഭിച്ചത്‌.

അടച്ചുപൂട്ടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കാന്‍ ന്യൂഡല്‍ഹി നംഗ്ലോലിലെ രതി ബില്‍ഡിങ്ങിലെ ജന്‍ശക്തി മള്‍ട്ടി സ്‌റ്റേറ്റ്‌ മള്‍ട്ടിപ്പര്‍പ്പസ്‌ കോഓപ്പറേറ്റീവ്‌ സൊസൈറ്റിയോടു രജിസ്‌ട്രാര്‍ നിര്‍ദേശിച്ചു. സംഘത്തിനയച്ച കാരണംകാട്ടല്‍ നോട്ടീസ്‌ മടങ്ങുകയാണ്‌ ഉണ്ടായത്‌. കുറെക്കാലമായി പൂട്ടിക്കിടക്കുകയാണെന്ന മറുപടിയോടെയാണു തപാല്‍വകുപ്പ്‌ നോട്ടീസ്‌ മടക്കിയയച്ചത്‌. കാലാവധി കഴിഞു നിക്ഷേപം തന്നില്ലെന്നു 150-ഓളംപേരാണു പലപ്പോഴായി പരാതി നല്‍കിയത്‌. 2022മുതലുള്ള പരാതികളുണ്ട്‌.ന്യൂഡല്‍ഹിയിലെ മൈതാന്‍ഗാന്ധി റോഡ്‌ ചത്തേര്‍പുര്‍ എന്‍ക്ലേവിലെ ലസ്റ്റിനെസ്‌ ജന്‍ഹിത്‌ ക്രെഡിറ്റ്‌ കോഓപ്പറേറ്റീവ്‌ സൊസൈറ്റിയില്‍ ലിക്വിഡേറ്ററെ ഏപ്രില്‍ 29നു നിയമിച്ചിരുന്നു. സംഘം തന്ന മേല്‍വിലാസത്തില്‍ അങ്ങനെയൊരു സ്ഥാപനം പ്രവര്‍ത്തിക്കുന്നില്ലെന്നു പരിശോധിച്ചപ്പോള്‍ മനസ്സിലായിരുന്നു. കാലാവധി കഴിഞ്ഞിട്ടും നിക്ഷേപം തിരിച്ചു തന്നില്ലെന്നു പരാതിപ്പെട്ടുള്ള മൂന്നുഹര്‍ജികളില്‍ പരാതി പരിഗണിച്ചു തീര്‍പ്പാക്കാന്‍ മധ്യപ്രദേശ്‌ ഹൈക്കോടതി രജിസ്‌ട്രാര്‍ക്ക്‌ ഉത്തരവു നല്‍കുകയും ചെയ്‌തിരുന്നു.

പഞ്ചാബിലെ മൊഹാലിയിലുള്ള വിശ്വാസ്‌ ക്രെഡിറ്റ്‌ കോഓപ്പറേറ്റീവ്‌ സൊസൈറ്റിക്കെതിരായ പരാതികളില്‍ നിക്ഷേപം തിരിച്ചുകൊടുക്കാന്‍ ഏപ്രില്‍ മൂന്നിനു രജിസ്‌ട്രാര്‍ ഉത്തരവിട്ടിരുന്നു.
മഹാരാഷ്ട്രയില്‍ രജിസ്‌ട്രേഷന്‌ അപേക്ഷിച്ച രണ്ടു മള്‍ട്ടിസ്റ്റേറ്റ്‌ സംഘങ്ങള്‍ക്കു രജിസ്‌ട്രേഷന്‍ നല്‍കേണ്ടെന്ന്‌ മെയ്‌ അഞ്ചിനു തീരുമാനിച്ചിരുന്നു. ഒരു സംഘത്തില്‍ നൂറും രണ്ടാമത്തെതില്‍ 150-ഓളവും അംഗങ്ങളുള്ളതായി കാണിച്ചിരുന്നെങ്കിലും അംഗത്വം സ്ഥിരീകരിക്കാന്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഒരെണ്ണത്തില്‍ നാലും രണ്ടാമത്തെതില്‍ മൂന്നും അംഗങ്ങളുടെ നിജസ്ഥിതി മാത്രമാണു സ്‌്‌ഥിരീകരിക്കാന്‍ കഴിഞ്ഞത്‌.

 

Moonamvazhi

Authorize Writer

Moonamvazhi has 837 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!