ടാക്‌സിഡ്രൈവര്‍മാര്‍ക്കായി ദേശീയസഹകരണസ്ഥാപനം രൂപവല്‍കരിക്കും:അമിത്‌ഷാ
ടാക്‌സിഡ്രൈവര്‍മാര്‍ക്കായി ദേശീയസഹകരണസ്ഥാപനം രൂപവല്‍കരിക്കുമെന്നു കേന്ദ്രസഹകരണമന്ത്രി അമിത്‌ഷാ അറിയിച്ചു. ഒലയും യൂബറുംപോലുള്ള യാത്രാപ്ലാറ്റ്‌ഫോമുകളുടെ മാതൃകയില്‍ പ്രവര്‍ത്തിക്കും. ഡ്രൈവര്‍മാര്‍ക്കു ജോലിസുരക്ഷിതത്വവും നല്ല വേതനവും സാമ്പത്തികസുസ്ഥിരതയും ക്ഷേമവും ആനുകൂല്യങ്ങളുമാണു ലക്ഷ്യം. മറ്റു വിവിധഅവശ്യസേവനമേഖലകളിലേക്കും സഹകരണസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കും. ഇതുവഴി സാമ്പത്തികവളര്‍ച്ചയോടൊപ്പം ജനങ്ങള്‍ക്കു കുറഞ്ഞചെലവില്‍ സേവനങ്ങള്‍ ലഭിക്കുകയും ചെയ്യുമെന്നാണു പ്രതീക്ഷ.
ഡ്രൈവര്‍മാര്‍ക്കായുള്ള സഹകരണസ്ഥാപനത്തിന്റെ കാര്യത്തില്‍ കേരളത്തില്‍ നേരത്തേതന്നെ ചില പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. കൊച്ചിയില്‍ ഏകീകൃതമെട്രോപ്പോളിറ്റന്‍ ഗതാഗതഅതോറിട്ടിയുടെ നേതൃത്വത്തിലാണതു നടന്നത്. യാത്രി എന്ന സൗജന്യ ആപ്പ് ഇതിന്റെ ഭാഗമായുണ്ട്. ഡ്രൈവര്‍മാരുടെ സഹകരണസംഘം രൂപവല്‍കരിക്കാനും ഒല, യൂബര്‍ മാതൃകയില്‍ റൈഡ് ഹയറിങ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കാനുമായിരുന്നു നീക്കം. ആപ്പ്‌് ഉപയോഗിക്കാനുള്ള പരിശീലനം കൊച്ചിയില്‍ നിരവധി ഡ്രൈവര്‍മാര്‍ക്കു സൗജന്യമായി നല്‍കി. ഇന്‍ഫോസിസ് സ്ഥാപകനും യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിട്ടിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ ആധാര്‍ കാര്‍ഡ് നടപ്പാക്കലിനു നേതൃത്വം നല്‍കിയയാളുമായ നന്ദന്‍ നിലേകനിയുടെ മുന്‍കൈയിലുള്ള `ഡെക്കന്‍ ഫൗണ്ടേഷന്‍’ എന്ന ചാരിറ്റി സംരംഭം സൗജന്യമായാണ് ആപ്പ് തയ്യാറാക്കിയത്. പക്ഷേ, യൂബര്‍, ഒല തുടങ്ങിയ വമ്പന്‍മാരുമായുള്ള മല്‍സരത്തില്‍ കാര്യമായി മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല.
ടാക്‌സിഡ്രൈവര്‍മാര്‍ക്കു തങ്ങളുടെ ചെലവുകള്‍ കുറയ്‌ക്കാനും വരുമാനം വര്‍ധിപ്പിക്കാനും മികച്ചസേവനം നല്‍കാനും കഴിയുന്ന മറ്റു സംവിധാനങ്ങളും കൊച്ചിയിലെ സഹകരണസംഘംപദ്ധതിയുടെ ഭാഗമായി വിഭാവന ചെയ്‌തിരുന്നു. സഹകരണസംഘത്തിന്റെ ആഭിമുഖ്യത്തില്‍ സംഘത്തിനു കീഴിലുള്ള എല്ലാ കാറുകള്‍ക്കുമായി ടയറുകളും സ്‌പെയര്‍പാര്‍ട്ടുകളും മൊത്തമായി വാങ്ങും. ഇങ്ങനെ വലിയതോതില്‍ വാങ്ങുമ്പോള്‍ ഒറ്റയൊറ്റയായുള്ള വാങ്ങലുകള്‍ക്കു നല്‍കുന്നതിനെക്കാള്‍ വലിയഇളവുകളും ആനുകൂല്യങ്ങളും നിര്‍മാണക്കമ്പനികളും വിതരണക്കമ്പനികളും നല്‍കും. ഓരോ കാര്‍ഡ്രൈവറും ടയറുകളും സ്‌പെയര്‍പാര്‍ട്ടുകളും വെവ്വേറെ വാങ്ങുമ്പോള്‍ ഓരോരുത്തര്‍ക്കും വലിയ സാമ്പത്തികബാധ്യത വരുന്നുണ്ട്. എന്നാല്‍ സഹകരണസംഘം അതിലെ അംഗങ്ങളുടെ കാറുകള്‍ക്കു വേണ്ടിവരുന്ന ടയറുകളും സ്‌പെയര്‍പാര്‍ട്ടുകളും എത്രയെന്നു മൊത്തത്തില്‍ കണക്കാക്കി വാങ്ങുമ്പോള്‍ കൂടുതല്‍ ഗുണനിലവാരമുള്ള സാധനങ്ങള്‍ മിതമായ വിലയ്‌ക്കു ലഭ്യമാവും. കമ്പനികളും ഇതു പ്രോത്സാഹിപ്പിക്കും. കാരണം അവയ്‌ക്ക് ഒറ്റയടിക്ക് വലിയ ബിസിനസ് ലഭിക്കുകയാണല്ലോ. അതുകൊണ്ടുതന്നെ വിലക്കുറവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ഇത് ഇത്തരം കാര്യങ്ങള്‍ക്കായുള്ള ഓരോ അംഗത്തിന്റെയും സാമ്പത്തികച്ചെലവു കുറയ്‌ക്കും. ഫലത്തില്‍ അത് ഡ്രൈവറുടെ വരുമാനവര്‍ധനയായാണു കലാശിക്കുക. ഒറ്റയൊറ്റയായുള്ള വാങ്ങലിനെ അപേക്ഷിച്ച് സഹകരണസംഘത്തിന്റെ ആഭിമുഖ്യത്തിലുള്ള മൊത്തവാങ്ങലാവുമ്പോള്‍ ഡ്രൈവര്‍ത്തൊഴിലാളിസമൂഹത്തിന്റെ വിലപേശല്‍ശേഷിയും വര്‍ധിക്കും. ഇന്ധനത്തിന്റെ കാര്യത്തിലും സംഘം എന്ന നിലയില്‍ എണ്ണക്കമ്പനികളുമായി ഇടപാടു നടത്തുമ്പോള്‍ അംഗങ്ങളായ വ്യക്തിഗതഡ്രൈവര്‍മാര്‍ക്ക് ഇന്ധനച്ചെലവില്‍ നിലവിലുള്ളതിനെക്കാള്‍ മെച്ചം കി്‌ട്ടും – ഇത്തരം കണക്കുകൂട്ടലുകളോടെയായിരുന്നു നീക്കങ്ങള്‍.
അതിനുംമുമ്പ് കേരള ടാക്‌സിഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷന്‍ എന്ന സ്വതന്ത്രസംഘടന ഊബറും ഒലെയും പോലെ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് ഡ്രൈവര്‍മാരുടെ സഹകരണസംഘമുണ്ടാക്കിയിരുന്നു. ഓണ്‍ലൈന്‍ ടാക്‌സിസേവനദാതാക്കളായ വന്‍കമ്പനികള്‍ ഡ്രൈവര്‍മാരില്‍നിന്ന് ഈടാക്കുന്ന കമ്മീഷന്‍ കുറയ്‌ക്കണമെന്നും അനാവശ്യമായി ഡ്രൈവര്‍മാരെ ബ്ലോക്കുചെയ്യരുതെന്നും ആവശ്യപ്പെട്ടു സമരങ്ങള്‍ നടത്തിയിട്ടും ഫലം ഉണ്ടാകാതിരുന്നതാണ് സംഘം രൂപവല്‍കരിക്കാന്‍ സംഘടനയെ പ്രേരിപ്പിച്ചത്. പക്ഷേ, പിന്നീട് കോവിഡ് മൂലം പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോയില്ല.