സഹകരണസംഘങ്ങളിലെ അവിശ്വാസപ്രമേയം:കരടുചട്ടം വിജ്ഞാപനം ചെയ്‌തു

Moonamvazhi

സഹകരണസംഘങ്ങളിലെയും സഹകരണബാങ്കുകളിലെയും അവിശ്വാസപ്രമേയം സംബന്ധിച്ചു സഹകരണസംഘം ചട്ടങ്ങളില്‍ വരുത്തേണ്ട മാറ്റം സംബന്ധിച്ച കരടുരൂപം സഹകരണവകുപ്പ്‌ ഫെബ്രുവരി 21നു ഗസറ്റില്‍ വിജ്ഞാപനം ചെയ്‌തു. അക്ഷേപങ്ങളും നിര്‍ദേശങ്ങളും 15ദിവസത്തിനകം സഹകരണവകുപ്പു സ്‌പെഷ്യല്‍ സെക്രട്ടറിയെ അറിയിക്കണമെന്നു വിജ്ഞാപനത്തില്‍ പറയുന്നു.

ചട്ടങ്ങളില്‍ 43 എ യ്‌ക്കുശേഷം 43 ബി കൂട്ടിച്ചേര്‍ക്കാനുള്ളതാണു കരടുവിജ്ഞാപനം. അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നതു സംബന്ധിച്ചാണിത്‌. പ്രമേയം അവതരിപ്പിക്കാനുള്ള ഉദ്ദേശ്യം അറിയിക്കുന്ന രേഖാമൂലമുള്ള നോട്ടീസില്‍ ആകെ അംഗങ്ങളുടെ മൂന്നിലൊന്നുപേരെങ്കിലും ഒപ്പിട്ടിരിക്കണം. ഇതോടൊപ്പം പ്രമേയത്തിന്റെ കോപ്പിയും വച്ചിരിക്കണം. നോട്ടീസില്‍ ഒപ്പുവച്ച രണ്ടുപേരെങ്കിലും ചേര്‍ന്നു പ്രമേയം നേരിട്ടു രജിസ്‌ട്രാര്‍ക്കു കൈമാറണം. രജിസ്‌ട്രാറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഓഫീസറോ പൊതുയോഗം വിളിക്കണം. പ്രമേയം ചര്‍ച്ച ചെയ്യാനാണിത്‌. പൊതുയോഗം സംഘത്തിന്റെ ഓഫീസിലാണു ചേരേണ്ടത്‌. പൊതുയോഗത്തിയതിയും സമയവും രജിസ്‌ട്രാറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഓഫീസറോ ആണു തീരുമാനിക്കേണ്ടത്‌. രജിസ്‌ട്രാര്‍ക്കു നോട്ടീസ്‌ നല്‍കി 30ദിവസത്തിനകമുള്ള തിയതിയാണു നിശ്ചയിക്കേണ്ടത്‌. പൊതുയോഗത്തിന്റെ തിയതിയും സമയവും കാര്യപരിപാടിയും അറിയിച്ചുകൊണ്ടുള്ള നോട്ടീസ്‌ രജിസ്‌ട്രാറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഓഫീസറോ പൊതുയോഗത്തിയതിക്കു 15ദിവസംമുമ്പെങ്കിലും പ്രസിദ്ധീകരിക്കാനോ സംഘത്തിന്റെ /ബാങ്കിന്റെ ഹെഡ്‌ഓഫീസിലെ നോട്ടീസ്‌ ബോര്‍ഡില്‍ പതിക്കാനോ ഏര്‍പ്പാടു ചെയ്യണം. യോഗത്തില്‍ രജിസ്‌ട്രാറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഓഫീസറോ ആണ്‌ അധ്യക്ഷത വഹിക്കേണ്ടത്‌. മനുഷ്യനിയന്ത്രണത്തിന്‌ അതീതമായ കാരണങ്ങളാല്‍മാത്രമേ യോഗം നിര്‍ത്തിവയ്‌ക്കാവൂ. സംഘത്തിന്റെ നിയമാവലിയില്‍ പറയുന്ന ക്വാറം യോഗസമയംമുതല്‍ അരമണിക്കൂറിനകം തികയുന്നില്ലെങ്കില്‍ യോഗം നടത്താനാവില്ല.

യോഗം തുടങ്ങിയാലുടന്‍ അധ്യക്ഷത വഹിക്കുന്നയാള്‍ പ്രമേയം വായിക്കുകയും ചര്‍ച്ച ആരംഭിക്കാമെന്നു പ്രഖ്യാപിക്കുകയും ചെയ്യണം. മനുഷ്യനിയന്ത്രണത്തിന്‌ അതീതമായ കാരണങ്ങളാലല്ലാതെ ചര്‍ച്ച നിര്‍ത്തിവയ്‌ക്കരുത്‌. യോഗം തുടങ്ങാന്‍ തീരുമാനിച്ചസമയംമുതല്‍ മൂന്നുമണിക്കൂര്‍ പൂര്‍ത്തിയാകുന്നതോടെ യോഗം സ്വാഭാവികമായി അവസാനിക്കും. നേരത്തേ തന്നെ ചര്‍ച്ച പൂര്‍ത്തിയായി യോഗം തീരുകയോ മൂന്നുമണിക്കൂര്‍ തികയുകയോ ചെയ്യുമ്പോള്‍ പ്രമേയം വോട്ടിനിടണം.അധ്യക്ഷത വഹിക്കുന്ന ഓഫീസര്‍ക്കു പ്രമേയത്തിന്റെ ഗുണത്തെയോ ദോഷത്തെയോ കുറിച്ചു സംസാരിക്കാന്‍ അവകാശമില്ല. വോട്ടുചെയ്യാനും അവകാശമില്ല. യോഗത്തിന്റെ മിനിറ്റ്‌സിന്റെ കോപ്പിയും പ്രമേയത്തിന്റെ കോപ്പിയും വോട്ടെടുപ്പിന്റെ ഫലവും അധ്യക്ഷതവഹിച്ച ഓഫീസര്‍ യോഗം കഴിഞ്ഞാല്‍ രജിസ്‌ട്രാര്‍ക്ക്‌ അയക്കണം.

പ്രമേയം ഭൂരിപക്ഷത്തോടെ പാസ്സായാല്‍ വിശ്വാസം നഷ്ടപ്പെട്ട ഭരണസമിതി അധികാരത്തില്‍ ഇല്ലാതായതായും ഭരണസമിതി ഒഴിവുവന്നതായും കണക്കാക്കി അഡ്‌മിനിസ്‌ട്രേറ്ററെയൊ അഡ്‌മിനിസ്‌ട്രേറ്റീവ്‌ കമ്മറ്റിയെയോ നിയമിച്ചുകൊണ്ടു രജിസ്‌ട്രാര്‍ ഉത്തരവു പുറപ്പെടുവിക്കണം.പ്രമേയത്തിനു ഭൂരിപക്ഷമില്ലാതെ വരികയോ ക്വാറം തികയാതെ യോഗം നടക്കാതെ വരികയോ ചെയ്‌താല്‍ ആ തിയതിമുതല്‍ ആറുമാസത്തേക്ക്‌ ആ ഭരണസമിതിക്കെതിരെ വീണ്ടും അവിശ്വാസപ്രമേയനോട്ടീസ്‌ കൊണ്ടുവരരുത്‌. ഇത്രയുമാണു സഹകരണവകുപ്പു സ്‌പെഷ്യല്‍ സെക്രട്ടറി ഡോ. വീണാ എന്‍. മാധവന്‍ ഒപ്പിട്ട അസാധാരണ ഗസറ്റ്‌വിജ്ഞാപനത്തിലുള്ളത്‌.

Moonamvazhi

Authorize Writer

Moonamvazhi has 228 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News