സഹകരണഉപഭോക്തൃഫെഡറേഷനില്‍ വിവിധ കണ്‍സള്‍ട്ടന്‍സികളിലേക്ക് അപേക്ഷിക്കാം
ദേശീയ സഹകരണ ഉപഭോക്തൃഫെഡറേഷന്‍ (എന്‍സിസിഎഫ്) സമഗ്രമായ സംഭരണമാനുവല്‍ തയ്യാറാക്കാനായി കണ്‍സള്‍ട്ടന്റുമാരായ വ്യക്തികളില്‍നിന്നും കണ്‍സള്‍ട്ടിങ് ഏജന്‍സികളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. എന്‍സിസിഎഫിന്റെ ബിസിനസ് മാനുവല്‍ നവീകരിക്കാന്‍ കണ്‍സള്‍ട്ടന്റുമാരെ തിരഞ്ഞെടുക്കാനും അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. ഉള്ളിസംഭരണവും ശേഖരണവും വിതരണവും ക്രമീകരിക്കാനും സഹായങ്ങള്‍ നല്‍കാനും ഒരു ഒണിയന്‍ കണ്‍സള്‍ട്ടന്റിനെയും എന്‍സിസിഎഫ് തേടുന്നുണ്ട്‌്. പൊതുധനകാര്യചട്ടങ്ങള്‍ (ജിഎഫ്‌ആര്‍), എക്‌സ്‌പെന്‍ഡിച്ചര്‍ വകുപ്പിന്റെ ഏറ്റവും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍, കേന്ദ്ര ഉപഭോക്തൃകാര്യവകുപ്പിന്റെയും സഹകരണവകുപ്പിന്റെയും കൃഷി-കര്‍ഷകക്ഷേമവകുപ്പിന്റെയും നയങ്ങള്‍എന്നിവ പാലിച്ചാണു സംഭരണമാനുവല്‍ തയ്യാറാക്കേണ്ടതും ബിസിനസ് മാനുവല്‍ നവീകരിക്കേണ്ടതും. മേല്‍പറഞ്ഞ മൂന്നിനം കണ്‍സള്‍ട്ടന്‍സി സേവനം സംബന്ധിച്ചുമുള്ള ടെണ്ടര്‍ രേഖയും മറ്റു വിശദവിവരങ്ങളും https://nccf-india.com/https://nccf-india.com/ ല്‍ ലഭിക്കും. 24നകം ടെണ്ടര്‍ സമര്‍പ്പിക്കണം.
കൂടാതെ എന്‍സിസിഎഫ് വഴി കാമറൂണിലേക്ക് അരികയറ്റുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചതനുസരിച്ച് 1000 മെട്രിക് ടണ്‍ ബസുമതിയിതരവെള്ളയരി കാമറൂണില്‍ എത്തിക്കാന്‍ കഴിവുള്ള മില്ലുകളില്‍നിന്ന് ഇ-ടെണ്ടറില്‍ പങ്കെടുക്കാന്‍ അപേക്ഷ ക്ഷണിക്കുകയും ചെയ്‌തിട്ടുണ്ട്. കര്‍ഷകരില്‍നിന്നു കുറഞ്ഞതാങ്ങുവിലപ്രകാരം നെല്ലുസംഭരിച്ച മില്ലുകളില്‍നിന്നാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. പ്രാബല്യത്തിലുള്ള കയറ്റിറക്കുമതി കോഡ് ഉള്ളവരും മുമ്പു അരി കയറ്റുമതി ചെയ്‌ത പരിചയം സംബന്ധിച്ചരേഖയും ജി ടു-ജി പരിചയവും ഡിഎപി(ഡെലിവേഡ് അറ്റ് പ്ലേസ്) അടിസ്ഥാനത്തില്‍ എത്തിക്കാനുള്ളകഴിവും 100കോടിയിലേറെ വിറ്റുവരവുമുള്ള മില്ലുകള്‍ക്ക് അപേക്ഷിക്കാം. ഇതിന്റെയും വിശദവിവരങ്ങള്‍ എന്‍സിസിഎഫ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.