അരലക്ഷംകോടി വായ്‌പ നല്‍കി കേരളബാങ്ക്‌

Moonamvazhi

കേരളബാങ്ക്‌ 50,000 കോടിരൂപ വായ്‌പാബാക്കിനില്‍പ്‌ എന്ന ചരിത്രനേട്ടം കൈവരിച്ചു. സഹകരണമന്ത്രി വി.എന്‍. വാസവനും കേരളബാങ്ക്‌ പ്രസിഡന്റ്‌ ഗോപി കോട്ടമുറിക്കലും ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ ജോര്‍ട്ടി എം. ചാക്കോയും പത്രസമ്മേളനത്തില്‍ അറിയിച്ചതാണിത്‌. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന്‌ 45 ബാങ്കുകളില്‍ അഞ്ചെണ്ണത്തിനുമാത്രമാണ്‌ ഈ നേട്ടം. എസ്‌.ബി.ഐ, കാനറാ, എച്ച്‌.ഡി.എഫ്‌.സി, ഫെഡറല്‍ബാങ്കുകളാണു മറ്റുള്ളവ. രാജ്യത്തെ സംസ്ഥാന സഹകരണബാങ്കുകളില്‍ ഏറ്റവും കൂടുതല്‍ വായ്‌പ നല്‍കുന്നതു കേരളബാങ്കാണ്‌. ഇതരബാങ്കുകളില്‍നിന്നു വ്യത്യസ്‌തമായി കേരളത്തില്‍നിന്നുള്ള നിക്ഷേപം ഇവിടെത്തന്നെ വിതരണംചെയ്യുന്നതിലൂടെ സംസ്‌ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയ്‌ക്കു കേരളബാങ്ക്‌ കൂടുതല്‍ കരുത്തു പകരുന്നു. വായ്‌പാനിക്ഷേപഅനുപാതം 75 ശതമാനമാണ്‌. നിഷ്‌ക്രിയആസ്‌തി 11.45 ശതമാനമായി കുറയ്‌ക്കാന്‍ കഴിഞ്ഞു.കേരളബാങ്കിന്റെ വായ്‌പയുടെ 25 ശതമാനവും കാര്‍ഷികമേഖലയ്‌ക്കാണ്‌. മറ്റൊരു 25 ശതമാനം പ്രാഥമികകാര്‍ഷികസഹകരണസംഘങ്ങള്‍ക്കാണ്‌. അവയുടെ വായ്‌പ പ്രധാനമായും കാര്‍ഷികമേഖലയ്‌ക്കാണ്‌. ചെറുകിടഇടത്തരം വരുമാനക്കാരെയാണു കേരളബാങ്ക്‌ ഏറെ സഹായിക്കുന്നതെന്ന്‌ ഇതില്‍നിന്നു വ്യക്തമാകുന്നു.

2019 നവംബറില്‍ ബാങ്ക്‌ രൂപവല്‍കരിച്ചപ്പോല്‍ 37000 കോടിരൂപയായിരുന്നു വായ്‌പ. ഇപ്പോള്‍ 50,200 കോടിയായി. രാജ്യത്തെ 33 സംസ്ഥാനസഹകരണബാങ്കുകളില്‍ 50000 കോടിരൂപ വായ്‌പാബാക്കിനില്‍പുള്ള ഏക ബാങ്കാണിത്‌. രണ്ടാംസ്ഥാനത്തുള്ള മഹാാരഷ്ട്ര സംസ്‌ഥാന സഹകരണബാങ്കിന്റെ വായ്‌പ 33682 കോടിരൂപയാണ്‌. രാജ്യത്തെ സംസ്‌ഥാനസഹകരണബാങ്കുകളിലെ നിക്ഷേപത്തിന്റെ 30ശതമാനവും ആകെ വായ്‌പയുടെ 19 ശതമാനവും കേരളബാങ്കിന്റെതാണ്‌. ഈ സാമ്പത്തികവര്‍ഷം 16,000 കോടിരൂപ വായ്‌പ അനുവദിച്ചു. അതില്‍ 3000കോടിയും പ്രാഥമികാര്‍ഷികസഹകരണസംഘങ്ങള്‍ക്കാണ്‌. ഗ്രാമീണ സാമ്പത്തിക മേഖലയുടെയും കാര്‍ഷിക ചെറുകിട സംരംഭകമേഖലയുടെയും വളര്‍ച്ചയ്‌ക്കും തൊഴിലവസരങ്ങള്‍ക്കും വായ്‌പാവിതരണം വഴിയൊരുക്കി. ആകെ വായ്‌പയുടെ 12.30 ശതമാനം ചെറുകിടസംരംഭകമേഖലയ്‌ക്കാണ്‌. 145099 വായപ്‌കളിലായി 6203 കോടിരൂപയാണു സ്വര്‍ണപ്പണയവായ്‌പ.

203 കോടിരൂപ കാര്‍ഷിക അടിസ്ഥാനസൗകര്യവികസനനിധി(എഐഎഫ്‌) വായ്‌പയായി നല്‍കി. നബാര്‍ഡിന്റെ ക്ലാസിഫിക്കേഷന്‍ കുറവുവരുത്തിയതുമൂലം വ്യക്തിഗതവായ്‌പയുടെ പരിധി കുറയ്‌ക്കേണ്ടിവന്നെങ്കിലും നബാര്‍ഡ്‌ നിര്‍ദേശിച്ച കാര്യങ്ങള്‍ 95 ശതമാനവും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. ഇതുമായി ബന്ധപ്പെട്ട റെക്ടിഫിക്കേഷന്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌. ജില്ലാസഹകരണബാങ്കുകള്‍ ഉണ്ടായിരുന്നകാലത്ത്‌ എല്ലാബാങ്കുകള്‍ക്കുംകൂടി 1200 കോടിരൂപയുടെ ബ6ാധ്യത ഉണ്ടായിരുന്നു. ആ ബാധ്യത ഈ വര്‍ഷം പൂര്‍ണമായി ഒഴിവാക്കാനാവും. ജില്ലാസഹകരണബാങ്കുകള്‍ നിലനിന്നിരുന്നുവെങ്കില്‍ ഈ ബാധ്യത തുടരുമായിരുന്നു. ഏകീകൃതസോഫ്‌റ്റ്‌വെയര്‍ തയ്യാറാക്കുന്ന കാര്യത്തില്‍ ടിസിഎസ്‌ പിന്‍വാങ്ങിയ സാഹചര്യത്തില്‍ പകരം സ്ഥാപനത്തിനായി ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും ഒരാഴ്‌ചക്കകം പുതിയസ്ഥാപനത്തെ ഏല്‍പിക്കുമെന്നും മന്ത്രി പറഞ്ഞു.

 

Moonamvazhi

Authorize Writer

Moonamvazhi has 143 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News