വായ്പക്കുടിശ്ശികക്കാരുടെ പേരും ഫോട്ടോയും പ്രദര്‍ശിപ്പിക്കരുത്
വായ്പക്കുടിശ്ശിക വരുത്തുന്നവരുടെ പേരും ഫോട്ടോയും പ്രദര്‍ശിപ്പിക്കാന്‍ സഹകരണസംഘങ്ങള്‍ക്ക് അധികാരമില്ലെന്നു ഹൈക്കോടതി. പേരുംഫോട്ടോയുമായി ഫ്‌ളക്‌സ് വച്ച് ചെമ്പഴന്തി അഗ്രികള്‍ച്ചറല്‍ ഇംപ്ലൂവ്‌മെന്റ് സഹകരണസംഘത്തോടു ഫ്‌ളക്‌സ് നീക്കണമെന്ന് സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ നിര്‍ദേശിച്ച നടപടി ശരിവച്ചാണു ജസ്റ്റിസ് മുരളി പുരുഷോത്തമന്റെ ഉത്തരവ്. ഒറ്റത്തവണതീര്‍പ്പാക്കല്‍ സംഘങ്ങള്‍ക്കു വലിയ നഷ്ടമുണ്ടാക്കുന്നുവെന്നും സ്ഥിരനിക്ഷേപം തിരിച്ചുനല്‍കാനാവാതെ കേസും അറസ്റ്റുമുണ്ടാകുമ്പോള്‍ ഭരണസമിതയംഗങ്ങളുടെ പേരും ഫോട്ടോയും പത്രങ്ങളില്‍ വരുന്ന സാഹചര്യത്തില്‍ ഫ്‌ളക്‌സ് വച്ചതില്‍ തെറ്റില്ലെന്നുമായിരുന്നു സംഘത്തിന്റെ വാദം. കുടിശ്ശികക്കാരുടെ ഫോട്ടോ പ്രദര്‍ശിപ്പിക്കാന്‍ നിയമമില്ലെന്നും ഒറ്റത്തവണതീര്‍പ്പാക്കല്‍വഴി കിട്ടാക്കടം തിരികെക്കിട്ടുകയാണെന്നും സര്‍ക്കാര്‍ വാദിച്ചു. ഫ്‌ളക്‌സ് നീക്കണമെന്ന നിര്‍ദേശം നിയമപരമാണെന്നും ഇതില്‍ ഇടപെടുന്നതു തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി വ്യക്തമാക്കി.