സഹകരണ സര്‍വീസ് പരീക്ഷാബോര്‍ഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
വിവിധ സഹകരണസംഘങ്ങളിലെയും ബാങ്കുകളിലെയും ജൂനിയര്‍ ക്ലര്‍ക്ക് തസ്തികകളിലേക്കും (വിജ്ഞാപനം നമ്പര്‍ 13/2024) അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ്/അക്കൗണ്ടന്റ്/ ഇന്റേണല്‍ ഓഡിറ്റര്‍ തസ്തികകളിലേക്കും (വിജ്ഞാപനം നമ്പര്‍ 12/2024) ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്കും (വിജ്ഞാപനം നമ്പര്‍ 15/2024), സെക്രട്ടറി തസ്തികകളിലേക്കും (വിജ്ഞാപനം നമ്പര്‍ 11/2024), സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയിലേക്കും (വിജ്ഞാപനം നമ്പര്‍ 14/2024), ടൈപ്പിസ്റ്റ് തസ്തികയിലേക്കും (വിജ്ഞാപനം നമ്പര്‍ 16/2024) സഹകരണസര്‍വീസ് പരീക്ഷാബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. പരീക്ഷാബോര്‍ഡിന്റെ ഓണ്‍ലൈന്‍പരീക്ഷയുടെയും ബന്ധപ്പെട്ട സ്ഥാപനത്തിന്റെ അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ പരീക്ഷാബോര്‍ഡ് തയ്യാറാക്കുന്ന റാങ്കുലിസ്റ്റ് പ്രകാരമായിരിക്കും നിയമനം.ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയിട്ടില്ലാത്തവര്‍ അതു നടത്തിയശേഷവും നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ അവരവരുടെ പ്രൊഫൈലിലൂടെയും ഓണ്‍ലൈനായി www.cseb.kerala.gov.inല്‍ ആണ് അപേക്ഷിക്കേണ്ടത്.
കാറ്റഗറി നമ്പര്‍ 13/2024 ജൂനിയര്‍ ക്ലര്‍ക്ക് തസ്തികയില്‍ അപേക്ഷിക്കാന്‍ വേണ്ടത് എസ്.എസ്.എല്‍സി അഥവാ തത്തുല്യയോഗ്യതയും സബോര്‍ഡിനേറ്റ് പേഴ്‌സണല്‍ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്‌സും (ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന്‍) ആണ്. കാസര്‍കോഡ് ജില്ലക്കാര്‍ക്ക് ആ ജില്ലകളിലെ ഒഴിവുകളിലേക്കു കര്‍ണാടക സംസ്ഥാനസഹകരണഫെഡറേഷന്റെ സഹകരണഡിപ്ലോമ കോഴ്‌സ് (ജി.ഡി.സി) തുല്യയോഗ്യതയായി കണക്കാക്കും. സഹകരണം ഐച്ഛികമായുള്ള ബി.കോം ബിരുദമോ ഏതെങ്കിലും സര്‍വകലാശാലയില്‍നിന്നുള്ള ബിരുദത്തോടൊപ്പം സഹകരണ ഹയര്‍ഡിപ്ലോമയോ (കേരളസംസ്ഥാനസഹകരണയൂണിയന്റെ എച്ച്.ഡി.സി/ എച്ച്.ഡിസി. ആന്റ് ബി.എം/ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കോഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്.ഡി.സി/എച്ച്.ഡി.സി.എം) അല്ലെങ്കില്‍ കേരളകാര്‍ഷികസര്‍വകലാശാലയുടെ ബി.എസ്.സി.(സഹകരണവും ബാങ്കിങ്ങും) യോ ഉള്ളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.
കാറ്റഗറി നമ്പര്‍ 12/2024 അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ്/അക്കൗണ്ടന്റ്/ ഇന്റേണല്‍ ഓഡിറ്റര്‍ തസ്തികകളില്‍ അപേക്ഷിക്കാന്‍ എല്ലാവിഷയത്തിനുംകൂടി 50%മാര്‍ക്കില്‍ കുറയാത്ത ബിരുദവും സഹകരണഹയര്‍ ഡിപ്ലോമയും (കേരളസംസ്ഥാനസഹകരണയൂണിയന്റെ എച്ച്.ഡി.സി. അല്ലെങ്കില്‍ എച്ച്.ഡി.സി.ആന്റ് ബി.എം, അല്ലെങ്കില്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കോഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്.ഡി.സി. അല്ലെങ്കില്‍ എച്ച്.ഡി.സി.എം) അല്ലെങ്കില്‍ വിജയകരമായി പൂര്‍ത്തിയാക്കിയ സബോര്‍ഡിനേറ്റ് പേഴ്‌സണല്‍ കോഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്‌സ് (ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോഓപ്പറേഷന്‍), അല്ലെങ്കില്‍ കേരള കാര്‍ഷികസര്‍വകലാശാലയില്‍നിന്നുള്ള ബി.എസ്.സി/എം.എസ്.സി (സഹകരണവും ബാങ്കിങ്ങും) അല്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാല അംഗീകരിച്ചതും സഹകരണം ഐച്ഛികമായിട്ടുള്ളതുമായ എല്ലാവിഷയത്തിനും 50% മാര്‍ക്കില്‍ കുറയാത്ത ബി.കോം.ബിരുദം.
കാറ്റഗറി നമ്പര്‍ 15/2024 ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ വേണ്ടത് ബിരുദവും കേരളസര്‍ക്കാരോ കേന്ദ്രസര്‍ക്കാരോ അംഗീകരിച്ച സ്ഥാപനത്തിലെ ഡാറ്റാ എന്‍ട്രി കോഴ്‌സ് ജയവും അംഗീകൃതസ്ഥാപനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററായുള്ള ഒരു വര്‍ഷത്തെ പരിചയവും ആണ്.കാറ്റഗറി നമ്പര്‍ 11/2024 സെക്രട്ടറി തസ്തികയിലേക്ക് അപേക്ഷിക്കാന്‍ വേണ്ടത് ബിരുദവും എച്ച്.ഡി.സി.ആന്റ് ബി.എമ്മും സഹകരണബാങ്കില്‍ അക്കൗണ്ടന്റ് തസ്തികയിലോ അതിലും ഉയര്‍ന്ന തസ്തികയിലോ ഏഴുവര്‍ഷത്തെ പ്രവൃത്തിപരിചയവും ആണ്. അല്ലെങ്കില്‍ കാര്‍ഷികസര്‍വകലാശാലയുടെ ബി.എസ്.സി.യും (സഹകരണവും ബാങ്കിങ്ങും) സഹകരണബാങ്കില്‍ അക്കൗണ്ടന്റ് തസ്തികയിലോ അതിലും ഉയര്‍ന്ന തസ്തികയിലോ അഞ്ചുവര്‍ഷത്തെ പരിചയവും ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ഫിനാന്‍സ് ഐച്ഛികമായി എം.ബി.എ.യോ എം.കോമോ അല്ലെങ്കില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയില്‍ അംഗത്വമോ ബാങ്കിങ് മേഖലയില്‍ മൂന്നുവര്‍ഷത്തെ പരിചയവും സഹകരണയോഗ്യതകളും ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ബി.കോമും (സഹകരണം) സഹകരണബാങ്കില്‍ അക്കൗണ്ടന്റ് തസ്തികയിലോ അതിലും ഉയര്‍ന്ന തസ്തികയിലോ ഏഴുവര്‍ഷത്തെ പരിചയവും വേണം.