മള്‍ട്ടി സ്റ്റേറ്റ് വായ്പാസംഘങ്ങളെ സഹകരണ ബാങ്കുകളാക്കി മാറ്റണം- മന്ത്രി അമിത് ഷാ
ഒന്നിലധികം സംസ്ഥാനങ്ങള്‍ പ്രവര്‍ത്തനപരിധിയായുള്ള മള്‍ട്ടി സ്റ്റേറ്റ് വായ്പാ സഹകരണസംഘങ്ങള്‍ ബാങ്കുകളാക്കിമാറ്റാന്‍ തയാറാകണമെന്നു കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു. രാജ്യത്തെ സഹകരണ ബാങ്കുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ മള്‍ട്ടി സ്റ്റേറ്റ് വായ്പാസംഘങ്ങള്‍ സ്വയം സഹകരണ ബാങ്കുകളായി മാറണമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. ഡല്‍ഹിയിലെ വേള്‍ഡ് ട്രേഡ് സെന്ററില്‍ സഹകരണസംഘങ്ങള്‍ക്കായുള്ള സെന്‍ട്രല്‍ രജിസ്ട്രാറുടെ ആസ്ഥാനം ഉദ്ഘാടനം ചെയ്യവേയാണു മന്ത്രി അമിത് ഷാ ഇങ്ങനെ ആവശ്യപ്പെട്ടത്.
ഈ പരിവര്‍ത്തനം നമ്മള്‍ വേഗത്തില്‍ നടപ്പാക്കണം. കൂടുതല്‍ക്കൂടുതല്‍ ബാങ്കുകള്‍ മള്‍ട്ടി സ്റ്റേറ്റ് ആവുകയും കൂടുതല്‍ക്കൂടുതല്‍ മള്‍ട്ടി സ്റ്റേറ്റ് വായ്പാ സഹകരണസംഘങ്ങള്‍ ബാങ്കുകളായി മാറുകയും വേണം. 2020 ല്‍ പത്തു മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളാണു രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, 2023 ല്‍ പുതുതായി 102 മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. അതായത് പത്തിരട്ടി വര്‍ധന- മന്ത്രി അമിത് ഷാ അറിയിച്ചു.
പുതുതായി രണ്ടു ലക്ഷം പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യുക എന്നതാണു കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം ഇതില്‍ 12,000 സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു – മന്ത്രി അറിയിച്ചു.
രാജ്യത്തിപ്പോള്‍ എഴുനൂറോളം മള്‍ട്ടി സ്റ്റേറ്റ് വായ്പാ സഹകരണസംഘങ്ങളാണുള്ളത്. എണ്‍പതോളം അര്‍ബന്‍ സഹകരണ ബാങ്കുകളും മള്‍ട്ടി സ്റ്റേറ്റാണ്.
[mbzshare]