സഹകരണ അക്ഷര മ്യൂസിയം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ ഒരുകോടി രൂപ അനുവദിച്ചു

[mbzauthor]

സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയില്‍ കോട്ടയം ജില്ലയിലെ നാട്ടകത്ത് ഇന്ത്യാ പ്രസ് കോമ്പൗണ്ടില്‍ സ്ഥാപിക്കുന്ന അക്ഷര ഭാഷ സാഹിത്യ സാംസ്‌കാരിക മ്യൂസിയത്തിന് സര്‍ക്കാര്‍ ഒരുകോടി രൂപ അനുവദിച്ചു. മ്യൂസിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനാണിത്. മ്യൂസിയം പൂര്‍ത്തിയാക്കുന്നതിന് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ സഹായം അനുവദിക്കണമെന്ന് സഹകരണ വര്‍ക്കിങ് ഗ്രൂപ്പ് യോഗം നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

മറ്റ് സഹകരണ സംഘങ്ങള്‍ക്കുള്ള ധനസഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അക്ഷര മ്യൂസിയത്തിനുള്ള പണം അനുവദിക്കുന്നത്. ഒരു കോടി രൂപയും സബ്‌സിഡിയായാണ് സര്‍ക്കാര്‍ നല്‍കുന്നത്. 25,000 ചതുരശ്ര അടിയിലാണ് നാട്ടകത്ത് അക്ഷര മ്യൂസിയം ഒരുങ്ങുന്നത്. നാലുഘട്ടങ്ങളിലായി പണി പൂര്‍ത്തിയാക്കാനാണ് സഹകരണ വകുപ്പ് തീരുമാനിച്ചത്. ഇതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്.

മലയാള ലിപിയുടെ വികസാന പരിണാമം, അച്ചടി, സഹകരണം, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗങ്ങളാണ് ഒന്നാംഘട്ടത്തില്‍ മ്യൂസിയത്തില്‍ ഒരുക്കിയത്. മലയാള കവിതയുടെ ചരിത്രം അടയാളപ്പെടുത്തുന്നതാണ് രണ്ടാം ഘട്ടം. കഥ, ചെറുകഥ, നോവല്‍, നാടകം, ജീവചരിത്രം, ആത്മകഥ, സഞ്ചാരസാഹിത്യങ്ങള്‍ എന്നിവയുടെ ചരിത്രമാണ് മൂന്നാംഘട്ട ഗ്യാലറിയില്‍ ഉള്‍പ്പെടുത്തുന്നത്. ശാസ്ത്രം, ചലച്ചിത്ര പഠനം, തത്വചിന്ത, ഭൂമിശാസ്ത്രം എന്നിവ ഉള്‍കൊള്ളുന്നതാണ് അവസാന ഘട്ടം.

[mbzshare]

Leave a Reply

Your email address will not be published.