സഹകരണ മേഖലയും കാലത്തിനു മുന്നേ ഓടണം

[mbzauthor]

ലോകത്തു സൃഷ്ടിക്കപ്പെടുന്ന തൊഴിലില്‍ 10 ശതമാനം
സംഭാവന ചെയ്യുന്നതു സഹകരണ മേഖലയാണ്.
ലോകത്തെ 12 ശതമാനം ആളുകള്‍ സഹകാരികളുമാണ്.
പക്ഷേ, മത്സര ക്ഷമതയിലും സുസ്ഥിര വികസന പദ്ധതികള്‍
നടപ്പാക്കുന്നതിലും സഹകരണ മേഖല പിന്നിലാണ്.
ഇപ്പോഴുള്ള സ്ഥാപനങ്ങളെ ആധുനിക നിലവാരത്തിലേക്ക്
എത്തിക്കാന്‍ നമ്മള്‍ നിരന്തരം ശ്രമിക്കേണ്ടതുണ്ട്.

 

ലോകത്തിലെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളില്‍ ഒന്നാണു സഹകരണമേഖല. 1761 ല്‍ സ്‌കോട്‌ലാന്‍ഡിലെ ഫെന്‍വിക്കില്‍ തുടക്കമിട്ട സഹകരണപ്രസ്ഥാനം ആധുനികരീതിയില്‍ ഒരു സംഘടന എന്ന രൂപത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയതു 1844 ല്‍ ഇംഗ്ലണ്ടിലെ റോച്ച്‌ഡെയ്ല്‍ ഇക്യുറ്റബിള്‍ പയനീര്‍ സൊസൈറ്റി രൂപീകൃതമായ ശേഷമാണ്. ലോകത്തു സൃഷ്ടിക്കപ്പെടുന്ന തൊഴിലില്‍ പത്തു ശതമാനം സംഭാവന ചെയ്യുന്നത് ഈ ജനകീയ കൂട്ടായ്മയാണ്. ലോകത്തെ പന്ത്രണ്ടു ശതമാനം ആളുകള്‍ സഹകാരികളുമാണ്. ഏറ്റവും മികച്ച ആദ്യത്തെ മുന്നൂറു സഹകരണപ്രസ്ഥാനങ്ങളുടെ വിറ്റുവരവ് 2035 ട്രില്യണ്‍ യു.എസ.് ഡോളര്‍ കടന്നിരിക്കുന്നു.

മത്സരക്ഷമതയില്‍
പിന്നില്‍

ആഗോളവത്കരണത്തിന്റെയും ഡിജിറ്റലൈസേഷന്റെയും കാലഘട്ടത്തില്‍ സഹകരണമേഖല അതിനാവശ്യമായ മത്സരക്ഷമത കൈവരിച്ചെടുക്കുന്നതില്‍ ഏറെ പിന്നിലാണ്. സ്വകാര്യമേഖലയുടെയും പൊതുമേഖലയുടെയും കിടമത്സരത്തെ അതിജീവിക്കണമെങ്കില്‍ ദീര്‍ഘവീക്ഷണത്തിലൂന്നി സുസ്ഥിര വികസനത്തിനാവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കാനുള്ള ആര്‍ജ്ജവം ഈ മേഖല കാണിക്കണം. ഒരുകാലത്തു ലോകം അടക്കിവാണിരുന്ന പല പ്രസ്ഥാനങ്ങളും നാമാവശേഷമായതു നമ്മുടെ മുന്നിലുണ്ട്. ക്യാമറകള്‍ക്കാവ വശ്യമായ ഫിലിമുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന കമ്പനികള്‍ മണ്‍മറഞ്ഞു. കത്തിടപാടുകള്‍ മുമ്പ് തപാല്‍വകുപ്പിന്റെ കുത്തകയായിരുന്നു. എന്നാലിന്ന് അതില്‍ 99 ശതമാനവും ഇലക്ട്രോണിക് സാങ്കേതികവിദ്യ കയ്യടക്കി. വിദ്യാഭ്യാസം, ലൈബ്രറി, ബാങ്കിങ്, ഹോട്ടല്‍ ബുക്കിംഗ്, യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്കിംഗ്, പലതരം സര്‍ക്കാര്‍സേവനങ്ങള്‍ തുടങ്ങി എല്ലാം പുത്തന്‍ സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കിയപ്പോള്‍ അവരുടെ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്കു സമയബന്ധിതമായി ലഭ്യമാവുന്നു. യാത്രക്കാര്‍ക്കു ‘ഡിജിറ്റല്‍ യാത്ര’ കൗണ്ടറുകള്‍ വിമാനത്താവളങ്ങളില്‍ തുടങ്ങിക്കഴിഞ്ഞു.

സഹകരണസംഘങ്ങള്‍ അതിന്റെ ബിസിനസ്‌സംസ്‌കാരത്തില്‍ എന്തിനു മാറ്റം വരുത്തണം, ബിസിനസ്സില്‍ എന്തു മാറ്റം വരുത്തണം, എന്തിനാണു നവ സാങ്കേതികസംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് തുടങ്ങിയ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. തൊഴില്‍മേഖലയില്‍ പുത്തന്‍ സാങ്കേതികവിദ്യകള്‍ വരുത്തുന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍, കോവിഡ് മഹാമാരി കൊണ്ടുവന്ന ഡെലിവറി സമ്പദ്‌വ്യവസ്ഥ, ഹൈബ്രിഡ് റിമോട്ട്‌വര്‍ക്ക് തുടങ്ങിയവ സ്ഥാപനങ്ങളുടെയും അതിന്റെ പ്രവര്‍ത്തനങ്ങളുടെയും കാഴ്ചപ്പാടില്‍ വലിയ മാറ്റങ്ങളാണു വരുത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ സ്ഥാപനങ്ങള്‍ അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ നടപ്പാക്കുന്നതില്‍ പുത്തന്‍രീതികള്‍ തുടങ്ങിക്കഴിഞ്ഞു. സുതാര്യതയും ഉത്തരവാദിത്തവും ചുമതലകളും നിലനിര്‍ത്തി ഭാവിയിലേക്കു വളരണമെങ്കില്‍ സഹകരണമേഖല അതിന്റെ പ്രവര്‍ത്തനങ്ങളില്‍ ഫലപ്രദവും സമഗ്രവുമായുള്ള വിലയിരുത്തല്‍ സംവിധാനം ഏര്‍പ്പെടുത്തേണ്ടതായുണ്ട്. ഉല്‍പ്പാദനത്തെയും സേവനങ്ങളെയും മനുഷ്യവിഭവശേഷിയുടെ ഉപയോഗത്തെയും കൂടുതല്‍ മികവുറ്റതാക്കാന്‍ ആധുനിക നവീന സാങ്കേതികവിദ്യകളുടെ ഉപയോഗം സഹായകമാവും. വ്യത്യസ്ത ഡാറ്റകളുടെ വിശകലനത്തിലൂടെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളും പ്രകടനങ്ങളും തീരുമാനങ്ങളും വിലയിരുത്തപ്പെടുമ്പോള്‍ കൂടുതല്‍ കാര്യക്ഷമത കൈവരിക്കാനും മികച്ച ഉപഭോക്തൃസേവനം നല്‍കാനും അതുവഴി സ്ഥാപനത്തിന്റെ ഉദ്ദേശിച്ച വളര്‍ച്ച കൈവരിക്കാനും കഴിയും. ഡാറ്റകളുടെയും ഉപഭോക്താവിന്റെ പ്രതികരണത്തിന്റെയും വിശകലനം ബിസിനസ്സിന്റെ വളര്‍ച്ചയ്ക്കും ബിസിനസ്സിലെ ന്യുനതകള്‍ ഇല്ലായ്മ ചെയ്യുന്നതിനും ഉപകരിക്കും. റാസി (ഞഅഇക) പോലുള്ള മെട്രിക്‌സുകളുടെ ഉപയോഗം പ്രവര്‍ത്തകരുടെ ഉത്തവാദിത്തവും ചുമതലാബോധവും പരസ്പരകൂടിയാലോചനകളും ഉറപ്പു വരുത്തുന്നു.

സ്മാര്‍ട്ട് ഇന്‍ഡസ്ട്രി
റെഡിനെസ് ഇന്‍ഡക്‌സ്

സിംഗപ്പൂരിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്‍ഡസ്ട്രിയല്‍ ട്രാന്‍സ്‌ഫോര്‍മേഷന്റെ സി.ഇ.ഒ. റെയ്മണ്ട് ക്ലീന്‍ അവതരിപ്പിച്ച ‘സ്മാര്‍ട്ട് ഇന്‍ഡസ്ട്രി റെഡിനസ് ഇന്‍ഡക്‌സ്’ പോലെയുള്ള വിലയിരുത്തല്‍രീതികള്‍ സ്ഥാപനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന മികച്ച ഒരു സംവിധാനമാണ്. നവ വ്യവസായലോകത്തിന്റെ ബിസിനസ് തയാറെടുപ്പു ശരിയാംവണ്ണം പരിശോധിക്കപ്പെടുന്ന സ്മാര്‍ട് ഇന്‍ഡസ്ട്രി റെഡിനെസ് ഇന്‍ഡക്‌സ് (ടകഞക) പോലുള്ള സമ്പ്രദായങ്ങള്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാക്കാനും അവിടെ ഉപയോഗിക്കുന്ന സാങ്കേതികവിദ്യകള്‍ അനുയോജ്യമാണോ എന്ന് ഉറപ്പുവരുത്താനും സ്ഥാപനത്തിന്റെ മൊത്തത്തിലുള്ള ആസൂത്രണവും തയാറെടുപ്പും വിലയിരുത്താനും സഹായിക്കും. ഒരു സൂപ്പര്‍ സ്മാര്‍ട്ട് സൊസൈറ്റി വിഭാവനം ചെയ്യുന്ന അടുത്ത വ്യാവസായിക വിപ്ലവത്തെ – വ്യവസായം 5.ഛ -അംഗീകരിക്കാനുള്ള തയാറെടുപ്പും ആരംഭിക്കണം. യൂറോപ്പിലെപ്പോലെ പ്രൊഫഷണലുകളും യുവസഹകാരികളും നമുക്കും വേണം. പല യൂറോപ്യന്‍ രാജ്യങ്ങളിലും അവരുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിലേക്കു (ജി.ഡി.പി) സഹകരണപ്രസ്ഥാനങ്ങള്‍ നിര്‍ണായകമായ വിഹിതം നല്‍കുന്നുണ്ട്. പുതിയ സാങ്കേതികവിദ്യകള്‍ സ്വീകരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. സഹകരണപ്രസ്ഥാനങ്ങള്‍ അവരുടെ മേഖലകളില്‍ ശരിയായ സാങ്കേതികവിദ്യയോ നവീകരണമോ നടത്തേണ്ടതുണ്ട്.

ഇത്തരം മാറ്റങ്ങള്‍ ഉടന്‍ നടപ്പില്‍ വരുത്തണമെന്നല്ല ഉദ്ദേശിക്കുന്നത്. ലോകത്തു വ്യവസായ -വാണിജ്യമേഖലയില്‍ വരുന്ന മാറ്റങ്ങള്‍ നമ്മളും ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു. ലോകം അടുത്ത വ്യവസായവിപ്ലവത്തിനായി കാത്തിരിക്കുകയാണ്. റോബോട്ടുകള്‍ക്കും സ്മാര്‍ട്ട് മെഷിനുകള്‍ക്കുമൊപ്പം മനുഷ്യന്‍ പ്രവര്‍ത്തിക്കുന്ന വ്യവസായം 5.0 ( ഇന്‍ഡസ്ട്രി 5.0 ) മനുഷ്യ കേന്ദീകൃതവും പ്രതിരോധശേഷിയുള്ളതും സുസ്ഥിരവുമായ ഒരു കാലഘട്ടമായിരിക്കും. മനുഷ്യന്റെ സര്‍ഗാത്മകതയുടെയും വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളുടെയും ശാക്തീകരണമാണു സൃഷ്ടിക്കപ്പെടാന്‍ പോകുന്നത്. ഈ യുഗത്തില്‍ മനുഷ്യകുലത്തിന്റെ വളര്‍ച്ചക്കൊപ്പം പ്രകൃതിയെയും പരിപാലിക്കുന്ന ഒരു നയമായിരിക്കും രൂപപ്പെടുക.

ലോകത്തിലെ ആകെ തൊഴിലിന്റെ ഭൂരിഭാഗവും അതിനൂതന ഉപകരണങ്ങളും സാങ്കേതികസംവിധാനങ്ങളും കീഴടക്കും. ലോകോത്തര സ്ഥാപനങ്ങള്‍ റോബോട്ടിക്, നിര്‍മിതബുദ്ധി തുടങ്ങിയ സാങ്കേതികവിദ്യകളില്‍ അധിഷ്ഠിതമായ ആശയങ്ങളിലൂടെയാവും അവരുടെ ബിസിനസ് വളര്‍ത്തിക്കൊണ്ടുവരിക. ഉപഭോക്താവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ ഡാറ്റ വിശകലനങ്ങളിലൂടെ മനസ്സിലാക്കിയാവും സ്ഥാപനങ്ങള്‍ വിജയം നേടുക. വൈകല്യങ്ങളില്ലാത്ത ഉല്‍പ്പന്നങ്ങളും സേവനങ്ങളുമായിരിക്കും പുത്തന്‍ ആശയങ്ങളുടെ മാനേജര്‍മാര്‍ ഉന്നം വെക്കുക.

കാലത്തിനു മുന്നേ
ഓടുക

ലോകത്തിന്റെ പല ഭാഗത്തും സഹകരണപ്രസ്ഥാനങ്ങള്‍ കാലത്തിനൊപ്പമോ അല്ലെങ്കില്‍ മുന്നിലോ ഓടുന്ന ചില ഉദാഹരണങ്ങള്‍ കാണാവുന്നതാണ്. ബെല്‍ജിയത്തിലെ സ്മാര്‍ട്ട് കൂപ് സംരംഭകരുടെയും തൊഴിലിന്റെയും ഒരു കവലയാണെന്നാണു സ്വയം വിശേഷിപ്പിക്കുന്നത്. വേറൊരു രീതിയില്‍ പറഞ്ഞാല്‍ സഹകരണതത്വത്തില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മ. ഇതേപോലെ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയാണു ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്ലാറ്റ്‌ഫോം കൂപ്. വ്യത്യസ്ത സാങ്കേതികജ്ഞാനവും നൈപുണ്യവുമുള്ളവരാണ് ഈ ശൃംഖലയില്‍ ചേരുന്നത്.

നമ്മുടെ രാജ്യത്തെ ജനസംഖ്യയുടെ മൂന്നില്‍ രണ്ടു ഭാഗവും 15 വയസ്സിനും 64 വയസ്സിനും ഇടയിലുള്ളവരാണ്. ഇതില്‍ 15 നും 49 നും ഇടയില്‍ 53 ശതമാനം ആളുകളുണ്ട്. ഇവരില്‍ എത്ര പേര്‍ സഹകാരികളാവുന്നു അല്ലെങ്കില്‍ എത്ര പേര്‍ക്കു സഹകരണമേഖലയുമായി ബന്ധമുണ്ടെന്നു നമ്മള്‍ പഠിക്കണം.

അടുത്തകാലത്തു ഒരു സെമിനാറിനുവേണ്ടി ഇതുമായി ബന്ധപ്പെട്ട് ഒരു ഫോണ്‍ സര്‍വേ നടത്തുകയുണ്ടായി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ യുവജനങ്ങള്‍ ജോലിചെയ്യുന്ന ടെക്‌നോ പാര്‍ക്ക്, ഇന്‍ഫോ പാര്‍ക്ക്, യു.എല്‍. സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളിലാണ് ഈ സര്‍വേ നടന്നത് . ഇതില്‍ നിന്നു മനസ്സിലായതു സഹകരണസ്ഥാപനങ്ങളില്‍ യുവ പ്രൊഫഷണലുകള്‍ക്ക് അക്കൗണ്ടുകള്‍ ഇല്ലെന്നാണ്. മാത്രമല്ല, പലര്‍ക്കും ഈ മേഖലയെപ്പറ്റി ഒരു അറിവുമില്ല. ഡിജിറ്റല്‍ ലോകത്തില്‍ വിരാജിക്കുന്ന യുവജനങ്ങള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാവുന്ന ഒരു എക്കോ സിസ്റ്റം വികസിപ്പിക്കാനും നടപ്പില്‍ വരുത്താനും സാധ്യമാകാത്തിടത്തോളം അവര്‍ സ്വകാര്യമേഖലയുടെ തത്സമയ സേവനങ്ങളെത്ത ന്നെയേ ആശ്രയിക്കൂ.

കാലത്തിനൊത്തു മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് എല്ലാതലത്തിലുള്ളവര്‍ക്കും ആശ്രയിക്കാവുന്ന മേഖലയാവാന്‍ സഹകരണപ്രസ്ഥാനങ്ങള്‍ക്കു കഴിയണമെങ്കില്‍ പുതുതലമുറതൊഴില്‍സംരംഭങ്ങളിലും ഇടപെടാന്‍ കഴിയണം. ഒപ്പം, ഇപ്പോഴുള്ള സ്ഥാപനങ്ങള്‍ ആധുനികനിലവാരത്തിലേക്ക് എത്തിക്കാന്‍ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുകയും വേണം. അതിനാവട്ടെ ഇനി നമ്മുടെ ശ്രമങ്ങള്‍.

( ഈയിടെ ഡല്‍ഹിയില്‍ നടന്ന പതിനേഴാമത് ഇന്ത്യന്‍ സഹകരണ കോണ്‍ഗ്രസ്സില്‍ സ്മാര്‍ട്ട് സഹകരണസംഘങ്ങള്‍ വികസിപ്പിക്കുന്നതെങ്ങനെ എന്ന വിഷയത്തെക്കുറിച്ച് അവതരിപ്പിച്ച പ്രബന്ധം )

                                                                            (മൂന്നാംവഴി സഹകരണ മാസിക ആഗസ്റ്റ് ലക്കം 2023)

 

 

[mbzshare]

Leave a Reply

Your email address will not be published.