ആര്‍ട്ട്കോ: 100 കോടി ക്ലബ്ബില്‍ എത്തിയ സഹകരണ മികവ്
2000 ജൂലായ് 25 നു രജിസ്റ്റര്‍ ചെയ്യപ്പെട്ട വിവിധോദ്ദേശ്യ സഹകരണസ്ഥാപനമായ ആര്‍ട്ട്കോയ്ക്കു സംസ്ഥാനത്ത് എല്ലായിടത്തും പ്രവര്‍ത്തനമുണ്ട്. അര ലക്ഷത്തില്‍പ്പരമാണ് അംഗസംഖ്യ. 2022-23 ല്‍ 143 കോടി രൂപയാണ് ആര്‍ട്ട്കോയുടെ വിറ്റുവരവ്. കൂലിയിനത്തില്‍ 50 കോടിയാണു തൊഴിലാളികള്‍ക്കു നല്‍കിയത്. കരകൗശലകൈവേലകളും നിര്‍മാണങ്ങളും നടത്തുന്ന ഇരുനൂറ്റമ്പതോളം ആര്‍ട്ട്കോ യൂണിറ്റുകള്‍ കേരളത്തിലുണ്ട്. അവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആര്‍ട്ട്കോ അംഗങ്ങളാണ്. കൊറോണക്കാലത്തു നൂറു കോടി
ക്ലബ്ബിലെത്തിയ സഹകരണസംരംഭം എന്ന ഖ്യാതിയും ആര്ട്ട്കോവിനുണ്ട്.
കൊേറാണക്കാലത്തു പല സ്ഥാപനങ്ങളും ഒന്നു മങ്ങിയപ്പോള്‍ മങ്ങാതെ നൂറു കോടി ക്ലബ്ബിലെത്തിയ സഹകരണസംരംഭമാണു തിരുവനന്തപുരം ആസ്ഥാനമായുള്ള ആര്ട്ട്്കോ എന്ന ആര്‍ട്ടിസാന്‍സ് ഡവലപ്മെന്റ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് 4429 കേരള. കഴിഞ്ഞ മൂന്നു വര്‍ഷം തുടര്‍ച്ചയായി നൂറില്‍പ്പരം കോടി രൂപയുടെ ബിസിനസ് നടത്തിയ ഈ സഹകരണസ്ഥാപനം 2020-21 ലെ കൊറോണക്കാലത്താണു സക്രിയപ്രവര്ത്തനത്തിന്റെ പുതിയ പടവുകള്‍ കയറിയത്. കൊറോണക്കാലത്തും ഒരു ദിവസംപോലും അടച്ചിടാതെ പ്രവര്‍ത്തിച്ചു. കേരളത്തിലെ കോവിഡ് പ്രാഥമികതല ചികിത്സാകേന്ദ്രങ്ങളില്‍ മിക്കതിന്റെയും പ്രവൃത്തികള്‍ ചെയ്തത് ആര്ട്ട്കോയാണ്. അക്കാലത്താണ് ആദ്യമായി 100 കോടിയുടെ വിറ്റുവരവു നേടാനായത്. 2016 വരെ അറ്റനഷ്ടത്തില്‍ പ്രവര്‍ത്തിച്ച സ്ഥാപനം 2017-18 ല്‍ തന്വര്ഷലാഭത്തിലേക്കു കയറി. ഏറ്റവും ഒടുവില്‍ 53 കോടി രൂപ വേതനഇനത്തില് നല്കിയ സംഘം കോവിഡ്കാലത്ത് 39 കോടിയാണു വേതനം നല്‍കിയത്. വിവിധ സര്‍ക്കാര്‍പദ്ധതികള്‍ ഏറ്റെടുത്തു നടത്താനുള്ള നോഡല്‍ഏജന്‍സിയായി അംഗീകരിക്കപ്പെട്ടതു കേരളത്തിലങ്ങോളമിങ്ങോളം നിര്‍മാണ-നവീകരണ-ആധുനികീകരണ പ്രവൃത്തികള്‍ ലഭിക്കാന്‍ ആര്ട്ട്്കോയ്ക്കു സഹായകമായി.
ശില്പ്പികളുടെ ഗ്രാമമെന്നറിയപ്പെടുന്ന തിരുവനന്തപുരം മുട്ടത്തറയിലെ ശില്പ്പികളെപ്പോലെ വീടുകളിലിരുന്നു വിവിധ ജോലികള്‍ ചെയ്യുന്ന ധാരാളം അംഗങ്ങള്‍ ആര്‍ട്ട്കോയുടെ ഭാഗമായുണ്ട്. മുട്ടത്തറയിലെ ശില്‍പ്പികളായ എച്ച്. സന്തോഷ്, ശില്പ്പിസഹോദരങ്ങളായ സുനില്‍കുമാര്‍. കെ, അനില്‍കുമാര്‍.കെ. തുടങ്ങിയവര്‍ ചെയ്ത ശില്പ്പങ്ങള് ഈയിടെ എറണാകുളം മറൈന്‍ഡ്രൈവില്‍ നടന്ന സഹകരണ എക്സ്പോയിലെ ആര്‍ട്ട്കോയുടെ സ്റ്റാളിലെ വലിയ ആകര്‍ഷണങ്ങളായിരുന്നു. മുട്ടത്തറയില്മാത്രം ഇവരെപ്പോലെ മുപ്പതോളം പേര് വീടുകളിലിരുന്നു ശില്പ്പങ്ങള് കൊത്തുന്നുണ്ട്. ഈ ശില്പ്പങ്ങള് ആര്‍ട്ട്കോയുടെ ഷോറൂമുകളിലൂടെ വില്‍ക്കുന്നു. ഓണ്‍ലൈനായും വില്‍പ്പനയുണ്ട്. പതിനൊന്നു മാസംകൊണ്ട് ഒറ്റത്തടിയില്‍ ഇവര്‍ തീര്‍ത്ത ശ്രീകൃഷ്ണപ്രതിമ ഏറെപ്പേരെ ആകര്‍ഷിച്ചു. ഇത്തരം വിവിധ കരകൗശലകൈവേലകളും നിര്‍മാണങ്ങളും നടത്തുന്ന ഇരുനൂറ്റമ്പതോളം യൂണിറ്റുകള്‍ കേരളത്തിലുണ്ട്. അവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആര്‍ട്ട്കോ അംഗങ്ങളാണ്. അത്തരം യൂണിറ്റുകള്‍ ആര്‍ട്ട്കോയില്‍ അഫിലിയേറ്റ് ചെയ്തിട്ടുമുണ്ട്.
എങ്ങും ആര്‍ട്ട്കോയുടെ
കരവിരുത്
നാല് എഞ്ചിനിയര്‍മാരടക്കമുള്ള വിദഗ്ധര്‍ ആര്ട്ട്കോയ്ക്കുണ്ട്. എം.ഡി.എസ്സുകള്‍ പോലുള്ള നിക്ഷേപപദ്ധതികളുണ്ടെങ്കിലും അവയെക്കാളേറെ വിപണനത്തിലാണ് ആര്‍ട്ട്കോ ശ്രദ്ധിക്കുന്നത്. സഹകരണ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടയാണ് ആര്‍ട്ട്കോ പ്രോജക്ടുകള്‍ തയാറാക്കുന്നത്. മഞ്ചേരി തഹസീല്‍ദാര്‍ ഓഫീസ്, അനശ്വരനടന്‍ ജയന്റെ സ്മാരകമായി നിര്‍മിച്ച കൊല്ലം ജില്ലാ പഞ്ചായത്ത് ഹാള്‍, ഓമല്ലൂര്‍ സര്‍ക്കാര്‍ എല്‍.പി. സ്കൂള്‍ സ്മാര്‍ട്ട് ക്ലാസ്റൂം, കെ.എസ്.എഫ്.ഇ. ഈരാറ്റുപേട്ട ശാഖയുടെ ഇന്റീരിയര്‍ വര്‍ക്കുകള്‍, എറണാകുളം കോട്ടപ്പടി പബ്ലിക് ഹെല്‍ത്ത് സെന്റര്‍, തിരുവനന്തപുരം വഞ്ചിയൂര്‍ രജിസ്ട്രേഷന് ഓഫീസ്, മലപ്പുറം ജില്ലാ പഞ്ചായത്ത് ഓഫീസ്, വയനാട് ജില്ലാ പഞ്ചായത്ത് ഓഫീസ്, ഞാറനീലി കാണി യൂ.പി. സ്കൂള്‍, ആലപ്പുഴ ഹരിപ്പാട് സബ്ട്രഷറി ഓഫീസ്, കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ ഇ.എം.എസ.് സ്മാരകഹാള്‍, തിരുവനന്തപുരം സഹകരണ ട്രിബ്യൂണല്‍, മംഗലം ഗ്രാമപ്പഞ്ചായത്തിന്റെ അങ്കണവാടി, കുമരകം പൊലീസ് പരിശീലനകേന്ദ്രം, കോഴിക്കോട് ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്തിന്റെ ഹൈടെക് അങ്കണവാടി, ഇടുക്കി അഴുത ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, മേലൂര്‍ ഗ്രാമപ്പഞ്ചായത്ത് ഓഫീസ്, വണ്ടിപ്പെരിയാര്‍ ഗ്രാമപ്പഞ്ചായത്ത് ഓഫീസ്, മലപ്പുറം വളാഞ്ചേരി മുനിസിപ്പല്‍ ടൗണ്‍ഹാള്‍, എറണാകുളം ഡി.ഡി.ഇ. ഓഫീസ്, കുന്നമംഗലത്തെ സ്കൂള്‍ ഓഫ് മാത്തമാറ്റിക്സ്, മഞ്ഞപ്ര ഗ്രാമപ്പഞ്ചായത്ത് ഓഫീസ്, മുണ്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് ഓഫീസ്, പൊന്നാനി നഗരസഭാസമ്മേളനഹാള്, പട്ടാമ്പി സര്‍ക്കാര്‍ കോളേജിലെ കമ്പ്യൂട്ടര്‍ ക്ലാസ്റൂം, മുണ്ടക്കയം കെ.എസ്.എഫ്.ഇ. ഓഫീസ്, പൊന്‍കുന്നം സബ്ട്രഷറി ഓഫീസ്, എടത്തല ഗ്രാമപ്പഞ്ചായത്ത് റെക്കോഡ് റൂം, തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, കോട്ടയത്തെ ഫോറസ്റ്റ് വൈല്‍ഡ് ലൈഫ് ഹൈറേഞ്ച് സര്‍ക്കിള്‍ ഓഫീസ്, തിരുവനന്തപുരത്തെ ഇ.എം.എസ.് അക്കാദമി റീഡിങ് റൂം, പത്തനംതിട്ട കോഴഞ്ചേരി ഹോസ്പിറ്റല്‍, ചോറ്റാനിക്കര ഗ്രാമപ്പഞ്ചായത്ത് ഓഫീസ്, തണ്ണീര്‍മുക്കം ഗ്രാമപ്പഞ്ചായത്ത് ഓഫീസ്, പുനലൂര്‍ താലൂക്ക് ആശുപത്രി ഓഫീസ്, കൂടംകുളം ആണവോര്ജനിലയത്തിന്റെ എക്സിബിഷന് കേന്ദ്രം, കൂടംകുളം ആണവനിലയത്തിന്റെ ഇന്‍ഫര്‍മേഷന്‍ കേന്ദ്രത്തിലെ ത്രീ ഡി തിയേറ്റര്‍, കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസ്, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, മണലൂര്‍ ഗ്രാമപ്പഞ്ചായത്ത് ഓഫീസ്, അരിമ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് സമ്മേളനഹാള്‍, ചാലക്കുടി രാജീവ്ഗാന്ധി ടൗണ്‍ഹാള്‍, തലശ്ശേരി ജുവനൈല്‍ഹോമിലെ കളിസ്ഥലം, ചവറ കെ.എം.എം.എല്‍. ഓഫീസ,് കൊട്ടാരക്കര കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്മെന്റ് ഓഫീസ്, മുളന്തുരുത്തി സബ്ട്രഷറി ഓഫീസ്, നാഷണല്‍ ഹെല്‍ത്ത് മിഷന് ട്രെയിനിങ് ഹാള്‍, മേലൂര്‍ ഗ്രാമപ്പഞ്ചായത്ത് കാര്യാലയം, ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കരകൗശല-കൈത്തറിഷോറൂമുകള്, തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ലഹരിമുക്തി ഓഫീസ്, കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസ്, അടാട്ട് ഗ്രാമപ്പഞ്ചായത്ത് ഓഫീസ,് കരകുളം ഗ്രാമപ്പഞ്ചായത്ത് ഓഫീസ്, മുഹമ്മ ഗ്രാമപ്പഞ്ചായത്ത് ഓഫീസ്, മലപ്പുറം പേരശ്ശന്നൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍, പാലക്കാട് കാഞ്ഞിരപ്പുഴ ഗ്രന്ഥശാലാഹാള് തുടങ്ങിയവയുടെ ആധുനികീകരണമോ നവീകരണമോ ഇന്റീരിയര്‍ വര്‍ക്കുകളോ പലതിന്റെയും സ്ഥാപനപ്രവര്ത്തനങ്ങളോ നിര്‍വഹിച്ചത് ആര്ട്ട്കോയാണ്.
23 വര്‍ഷം മുമ്പു
തുടക്കം
2000 ജൂലായ് 25 നു രജിസ്റ്റര്‍ ചെയ്യപ്പെട്ട ഈ വിവിധോദ്ദേശ്യ സഹകരണസ്ഥാപനത്തിനു സംസ്ഥാനത്ത് എല്ലായിടത്തും പ്രവര്‍ത്തനമുണ്ട്. ആശാരി, മേസണ്‍, കൊല്ലന്, തട്ടാന്‍, കരകൗശലകൈവേലക്കാര്‍, മണ്‍പാത്രമുണ്ടാക്കുന്നവര്‍, ചെരുപ്പുണ്ടാക്കുന്നവര്‍, തയ്യല്‍ക്കാര്‍, മുള-ഈറ്റപ്പണികള് ചെയ്യുന്നവര്‍, പപ്പടമുണ്ടാക്കുന്നവര്‍ തുടങ്ങി പരമ്പരാഗത കുടില്‍വ്യവസായങ്ങളില്‍ പണിയെടുക്കുന്ന വിദഗ്ധ-അവിദഗ്ധ തൊഴിലാളികളുടെ തൊഴില്‍പരവും സാമൂഹികവും സാമ്പത്തികവുമായ ഉന്നമനമാണ് ആര്‍ട്ട്കോയുടെ ലക്ഷ്യം. ഇവരുടെ തൊഴിലവസരങ്ങള്‍ കൂട്ടാനും തൊഴിലില്ലായ്മ നിര്‍മാര്‍ജനം ചെയ്യാനുമാണ് ആര്‍ട്ട്കോ വിവിധ മേഖലകളില്‍ നിര്‍മാണപ്രവൃത്തികള്‍ ഏറ്റെടുക്കുന്നത്. വായ്പ, വിപണനം, നിര്‍മാണം എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചാണു പ്രവര്‍ത്തനം. തിരുവനന്തപുരത്താണ് ആസ്ഥാനം. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ശാഖയുണ്ട്. ഓരോ ശാഖയിലും വര്‍ഷം പത്തു കോടിയില്‍പ്പരം രൂപയുടെ ബിസിനസ് നടക്കുന്നുണ്ട്. പാലക്കാട് ഗോഡൗണുമുണ്ട്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ നോഡല്‍ ഏജന്‍സിയാണ് ആര്‍ട്ട്കോ. 2017-18 മുതല്‍ ഇതു ലാഭത്തിലാണ്. അര ലക്ഷത്തില്‍പ്പരംപേര്‍ ആര്‍ട്ട്കോയില്‍ അംഗങ്ങളാണ്. ഒരു വര്‍ഷത്തിനകം ഇത് ഒരു ലക്ഷമായി ഉയര്‍ത്തുകയാണു ലക്ഷ്യം. കേരളത്തില്‍ ആര്‍ട്ടിസാന്‍സ് തൊഴിലാളിസംഘടനകളില്‍ അംഗങ്ങളായവരെല്ലാം ഇതില്‍ അംഗത്വമെടുത്താല്‍ ഈ ലക്ഷ്യം സാധിക്കുമെന്നാണു കരുതുന്നത്.
കേരളസര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ ഏറ്റെടുത്തുനടത്താനുള്ള അക്രഡിറ്റഡ് ഏജന്‍സി, തദ്ദേശ സ്വയംഭരണവകുപ്പിന്റെ നോഡല്‍ ഏജന്‍സി, കേന്ദ്രസര്‍ക്കാര്‍സ്ഥാപനമായ എന്‍.ബി.സി.എഫ്.ഡി.സി.യുടെ ചാനലൈസിങ് ഏജന്‍സി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ഈ സഹകരണസ്ഥാപനത്തിനു കേരളത്തിലങ്ങളോളമിങ്ങോളം ധാരാളം പ്രോജക്ടുകള്‍ ഏറ്റെടുത്തു പൂര്‍ത്തീകരിച്ചതിന്റെ പെരുമയുണ്ട്. തടിയിലും സ്റ്റീലിലുമുള്ള ജോലികള്‍, ഹോസ്പിറ്റല്‍ ഫര്‍ണിച്ചറുകള്‍, ക്യുബിക്കിളുകള്‍, സീലിംഗ്, പാര്‍ട്ടിഷന്‍ എന്നിവയുടെ നിര്‍മാണം ടെണ്ടര്‍ നടപടികള്‍ കൂടാതെതന്നെ ആര്‍ട്ട്കോയെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ അനുമതിയുണ്ട്.
ഒട്ടേറെ ക്ഷേമ
പദ്ധതികള്‍
കുടുംബക്ഷേമപദ്ധതികളും കരകൗശല-കൈവേലക്കാരുടെയും നിര്‍മാണത്തൊഴിലാളികളുടെയും ക്ഷേമത്തിനായുള്ള പദ്ധതികളും ആര്ട്ട്കോയ്ക്കുണ്ട്. ഇവരുടെ സമഗ്രപുരോഗതിക്കായി ആര്‍ട്ടിസാന്‍സ് കുടുംബസുരക്ഷാപദ്ധതി ഉണ്ടാക്കിയിട്ടുണ്ട്. സഹകരണമാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്നാണ് ഈ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. ‘ശില്‍പ്പി’ ഗ്രൂപ്പുകള്‍ ആരംഭിച്ച് അംഗങ്ങള്‍ക്കു തൊഴില്‍പരിശീലനം കൊടുക്കുകയും ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാന്‍ അവസരം നല്‍കുകയും ചെയ്യുന്നു. പാലക്കാട് ജില്ലയില്‍ എല്ലാ മാസവും നിത്യോപയോഗസാധനങ്ങള്‍ അംഗങ്ങളുടെ വീടുകളില്‍ എത്തിക്കുന്ന ‘അക്ഷയ’ പദ്ധതി തുടങ്ങി. ഇതു വിജയകരമായി മുന്നോട്ടുപോകുന്നു. സമ്പാദ്യശീലം വര്‍ധിപ്പിക്കാന്‍ എം.ഡി.എസ.് നിക്ഷേപപദ്ധതികളുമുണ്ട്.
സര്ക്കാര്പ്രോജക്ടുകളുടെ നടത്തിപ്പിലൂടെമാത്രം 2022-23 ല്‍ 143 കോടി രൂപയുടെ വിറ്റുവരവ് ഈ സ്ഥാപനം നേടി. ഇതുവഴി തൊഴിലാളികള്‍ക്ക് ഒമ്പതു ലക്ഷം തൊഴില്‍ദിനങ്ങളാണു നേടിക്കൊടുക്കാനായത്. 2015-16 ല്‍ ഒരു ലക്ഷം തൊഴില്‍ദിനങ്ങളാണു നല്‍കിയത്. അത് ഓരോ വര്‍ഷവും ഒരു ലക്ഷം വീതം ഉയര്‍ന്നാണു 2022-23 ല്‍ ഒമ്പതുലക്ഷമായത്. 2022-23 ല്‍ തൊഴിലാളികള്‍ക്ക് 50 കോടിയില്‍പ്പരം രൂപ കൂലി നല്കി. 2017-18 ല്‍ 20 കോടിയില്പ്പരമായിരുന്ന വിറ്റുവരവ് 2018-19 ല്‍ 60 കോടിയോളവും 2019-20 ല്‍ 80 കോടിയോളവും 2020-21 ല്‍ 100 കോടിയോളവും 2021-22 ല്‍ 120 കോടിയോളവും 2022-23 ല്‍ 143 കോടിയുമായി. 2017-18 ല്‍ 10 കോടി രൂപ കൂലിയിനത്തില്‍ കൊടുത്തു. 2018-19 ല്‍ അത് 20 കോടിയായി. 2019-20 ല്‍ 30 കോടിക്കടുത്തെത്തി. 2020-21 ല്‍ 40 കോടിക്കടുത്തായി. 2021-22 ല്‍ 40 കോടി കഴിഞ്ഞു. അതാണ് 2022-23 ല്‍ 50 കോടിയായത്.
ബിസിനസ്
കൂടുന്നു
ബിസിനസ് വിപുലമാക്കാന്‍ ജില്ലകള്‍തോറും വിപണനവിഭാഗം വലുതാക്കി ശാഖാതലത്തില്‍ മോണിറ്ററിങ് സംവിധാനം ഏര്‍പ്പെടുത്തി. വിവിധ സര്ക്കാര്വകുപ്പുകള്ക്കുവേണ്ട പ്രവൃത്തികള്‍ക്കു പ്രത്യേക പ്രോജക്ടുകള്‍ തയാറാക്കി നല്‍കുന്നുണ്ട്. ഇതുവഴി ആര്‍ട്ട്കോയ്ക്കു കൂടുതല്‍ പ്രോജക്ടുകള്‍ ലഭിക്കുന്നുമുണ്ട്. ശിശുവികസനവകുപ്പിനു കീഴിലുള്ള ‘ചായം’ പദ്ധതി ഇങ്ങനെ ലഭിച്ചതാണ്. ടെണ്ടറുകള്‍, ക്വട്ടേഷനുകള്‍ എന്നിവയിലൂടെ കൂടുതല്‍ ബിസിനസ് ലഭിക്കാന്‍ നടപടി എടുത്തിട്ടുണ്ട്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും സഹകരണസ്ഥാപനങ്ങളുടെയും നോഡല്ഏജന്സിയായതിനാല് അവയിലെ പ്രോജക്ടുകള്‍ ആര്‍ട്ട്കോയിലൂടെ നടപ്പാക്കാന്‍ പ്രത്യേക സ്കീമുകള്‍ തയാറാക്കി പ്രവര്‍ത്തിക്കുന്നുണ്ട്. കേരളസര്‍ക്കാരിന്റെ വിവിധപദ്ധതികള്‍ ഏറ്റെടുത്തു നടത്താനുള്ള അക്രഡിറ്റഡ് ഏജന്‍സിയായി കേരളസര്‍ക്കാര്‍ ആര്‍ട്ട്കോയെ തിരഞ്ഞെടുത്തിട്ടുള്ളതിനാല് അതുസംബന്ധിച്ച പ്രവൃത്തികള്‍ ഏറ്റെടുത്തു ചെയ്യാനും അത്തരം പുതിയ പ്രവൃത്തികള്‍ കണ്ടെത്താനും ശ്രമിക്കുന്നുണ്ട്. വായ്പക്കുടിശ്ശികയും പലിശക്കുടിശ്ശികയും കുറയ്ക്കാന്‍ കര്‍മപദ്ധതിയുണ്ട്. എന്‍.ബി.സി.എഫ.്ഡി.സി.യില്‍നിന്നുള്ള വായ്പ ആര്‍ട്ട്കോ വഴിയായിരിക്കും അംഗങ്ങള്‍ക്കു നല്‍കുന്നത്. അതിനു സര്ക്കാര്ഗ്യാരണ്ടിക്കു നടപടിയായി.
2017 മാര്‍ച്ചില്‍ സര്‍ക്കാര്‍ ആര്ട്ട്കോയ്ക്ക്് ഓഹരിമൂലധനമായി ഒരു കോടി രൂപ അനുവദിക്കുകയുണ്ടായി. 2018 ഫെബ്രുവരിയില്‍ നവീകരിച്ച പാലക്കാട് ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു. 2018 ഫെബ്രുവരിയില്‍ത്തന്നെ ആര്‍ട്ടിസാന്‍സ് കുടുംബസുരക്ഷാപദ്ധതിയുടെ മലപ്പുറം സമ്മേളനവും നടന്നു. 2018 ഏപ്രിലില്‍ പാലക്കാട് ആര്‍ട്ട്കോ ശില്‍പ്പശാല നടത്തിയിരുന്നു. ആര്‍ട്ടിസാന്‍സ് കുടുംബസുരക്ഷ ഗ്രൂപ്പ് കോ-ഓര്‍ഡിനേറ്റര്‍മാരുടെ പരിശീലനശില്പ്പശാലയായിരുന്നു അത്. 2022 സപ്റ്റംബര്‍ 19 ന് ആര്‍ട്ട്കോയുടെ മലപ്പുറം ശാഖ സഹകരണമന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്തു. 2022 ല്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തിയ വിവിധോദ്ദേശ്യ സഹകരണസ്ഥാപനത്തിനുള്ള തിരുവനന്തപുരം ജില്ലാതല പുരസ്കാരം ആര്‍ട്ട്കോയ്ക്കു ലഭിച്ചു.
ആര്‍ട്ട്കോയുടെ വിപണനപ്രവര്ത്തനങ്ങളും നിക്ഷേപസമ്പാദ്യപ്രവര്ത്തനങ്ങളും ഫലപ്രദമായി നടപ്പാക്കുന്നതിന് ഒരു സോഫ്റ്റ്്വെയര്‍ തയാറാക്കിയിട്ടുണ്ട്. സേഫ് എന്ന കമ്പനിയാണ് ഇതു തയാറാക്കിയിട്ടുള്ളത്.
സ്ട്രീറ്റ്ലൈറ്റ്
പ്രോജക്ട്
നഗരസഭകളില്‍ നിലവിലുള്ള ബള്‍ബുകള്‍ മാറ്റി എല്‍.ഇ.ഡി. ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനായി ആര്‍ട്ട്കോ തയാറാക്കിയിട്ടുള്ള പദ്ധതിയാണ് സ്മാര്‍ട്ട് സിറ്റി ഇന്റലിജന്റ് സ്ട്രീറ്റ്ലൈറ്റ് പ്രോജക്ട്. ഇതിന്റെ വൈദ്യുതിനിരക്ക് സ്മാര്‍ട്ട് മീറ്റര്വഴിയാകും നിര്‍ണയിക്കുക. എവിടെയെങ്കിലും വൈദ്യുതി വിച്ഛേദിക്കപ്പെട്ടാല്‍ ചുമതലപ്പെട്ട എഞ്ചിനിയര്‍മാര്‍ക്കും ആര്‍ട്ട്കോയുടെ കമ്പ്യൂട്ടര്സംവിധാനത്തിലും അക്കാര്യം അപ്പോള്‍ത്തന്നെ അറിയാനും ഉടന്‍ അറ്റകുറ്റപ്പണി നടത്താനുമാവും എന്നതാണ് ഇതിന്റെ പ്രത്യേകത. ഇതുകൊണ്ടു കോര്‍പ്പറേഷനുകള്‍ക്കും നഗരസഭകള്‍ക്കും കാര്യമായ സാമ്പത്തികലാഭമുണ്ടാകും. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍പരിധിയില്‍ ഇതു നടപ്പാക്കാന്‍ തൃശ്ശൂര്‍ കോര്പ്പറേഷന് സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. ഇതിനു നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ വൈദ്യുതിനിരക്ക് നല്‍കേണ്ടിവരില്ല. ഇത് ആര്‍ട്ട്കോയെ ഏല്‍പ്പിക്കുന്ന നഗരസഭകളും മറ്റും നിലവില്‍ അടച്ചുകൊണ്ടിരിക്കുന്ന വൈദ്യുതിനിരക്കുതുക ആര്‍ട്ട്കോയ്ക്കു നല്കിയാല് മതിയാകും. എല്‍.ഇ.ഡി. സംവിധാനം ഉപയോഗിക്കുമ്പോള്‍ വൈദ്യുതി കുറച്ചു മതിയാകുമല്ലോ? നിലവിലുള്ള വൈദ്യുതിനിരക്കില്നിന്ന് എല്‍.ഇ.ഡി. സംവിധാനം ഉപയോഗിക്കുമ്പോള്‍ കുറവുവരുന്ന വൈദ്യതിഉപയോഗമാണ് ആര്‍ട്ട്കോയുടെ ലാഭത്തിന്റെ അടിസ്ഥാനമാവുക. പത്തു വര്‍ഷത്തേക്കുള്ള പദ്ധതിയാണിത്.
കുടുംബ
സുരക്ഷാപദ്ധതി
ആര്‍ട്ട്കോ അംഗങ്ങള്‍ ഏതാണ്ടെല്ലാവരും തൊഴിലാളികളാണ്. മിക്കവരും തടിഉരുപ്പടികള്‍, സ്റ്റീര്ഫര്ണിച്ചറുകള് എന്നിവ ഉണ്ടാക്കുന്നവര്‍. സ്വര്ണാഭരണത്തൊഴിലാളികള്, ഇരുമ്പുപണിക്കാര്‍, കെട്ടിടനിര്‍മാണത്തൊഴിലാളികള്‍ തുടങ്ങിയവരും ഏറെയുണ്ട്. തുടക്കത്തില്‍ സംഘം പ്രതിസന്ധികളിലൂടെയാണു കടന്നുപോയത്. കടബാധ്യത ഭാവിപ്രവര്‍ത്തനത്തെ ബാധിക്കും എന്നായപ്പോഴാണു പുനരുദ്ധാരണത്തിനായി ആര്‍ട്ടിസാന്‍സ് കുടുംബസുരക്ഷാപദ്ധതി ആവിഷ്കരിച്ചത്. സഹകരണ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെയാണു പ്രോജക്ട് തയാറാക്കിയത്. ‘ശില്‍പ്പി’ ഗ്രൂപ്പുകളിലൂടെ അംഗങ്ങളെ ചെറുഗ്രൂപ്പുകളായി തിരിച്ചു ചെറുനിക്ഷേപങ്ങള്‍ സ്വീകരിക്കാനും തിരികെ അവര്‍ക്കു സാമ്പത്തികസാങ്കേതികസഹായങ്ങള് ലഭ്യമാക്കാനുമുള്ള ആര്‍ട്ടിസാന്‍സ് സുരക്ഷാഫണ്ട് എന്ന ലഘുനിക്ഷേപപദ്ധതി ഇതിന്റെ ഭാഗമാണ്. ‘അക്ഷയ’ എന്ന നിത്യോപയോഗസാധനവിതരണപദ്ധതി, ‘സൃഷ്ടി’ എന്ന ഫര്‍ണിച്ചര്‍ വിതരണപദ്ധതി, ‘സ്വര്‍ണധാര’ എന്ന ആര്‍ട്ട്കോ ജുവലറി വായ്പാപദ്ധതി, ‘വര്‍ണം’ എന്ന തയ്യല്‍ ഗാര്‍മെന്റ് യൂണിറ്റ്, ആര്‍ട്ട്കോ ലേബര്‍ ബാങ്ക്, ആര്‍ട്ട്കോ തൊഴില്‍കരാര്‍ പദ്ധതി, ഗവേഷണ വിദ്യാഭ്യാസ പരിശീലനകേന്ദ്രം, ‘കലവറ’ എന്ന ആര്‍ട്ടിസാന്‍സ് വിപണനഷോറൂം, ‘പ്രതീക്ഷ’ എന്ന ആര്‍ട്ട്കോ ഗൃഹനിര്മാണപദ്ധതി, ആര്‍ട്ട്കോ അംഗക്ഷേമനിധി എന്നിവ ഇതിന്റെ ഭാഗമായി വിഭാവനം ചെയ്തു. ഇതില്‍ അക്ഷയ, സൃഷ്ടി, സ്വര്ണധാരാപദ്ധതി, വര്‍ണം, ലേബര്‍ ബാങ്ക്, തൊഴില്കരാര്പദ്ധതി, കലവറ, ക്ഷേമനിധി എന്നിവ സഹകരണസംഘം രജിസ്ട്രാര്‍ അംഗീകരിച്ചു. തുടക്കത്തില്‍ കൊല്ലം, കോട്ടയം, പത്തനതിട്ട, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ കുടുംബസുരക്ഷാപദ്ധതിയില്‍ അംഗീകാരം കിട്ടിയ വിവിധ പ്രോജക്ടുകള്‍ ആരംഭിക്കാനും തുടര്‍ന്നു മറ്റു ജില്ലകളിലേക്കു വ്യാപിപ്പിക്കാനുമായിരുന്നു പദ്ധതി. നടത്തിപ്പിന് ഐ.സി.എം. മേല്‍നോട്ടം വഹിക്കണമെന്നും ഓരോ മൂന്നു മാസവും സഹകരണസംഘം രജിസ്ട്രാര്‍ക്ക് അവലോകനറിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശിച്ചിരുന്നു. ഗവേഷണവിദ്യാഭ്യാസപരിശീലനകേന്ദ്രം, ‘പ്രതീക്ഷാ’ ഭവനം, ഓഫീസ്കെട്ടിടങ്ങള്‍ നിര്‍മിക്കല്‍ എന്നിവ വിശദമായി പരിശോധിക്കേണ്ടതിനാല്‍ പ്രത്യേക പദ്ധതിനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു.
സര്‍ക്കാര്‍
ഇളവ്
സര്‍ക്കാര്‍വകുപ്പുകള്‍ക്കും പൊതുമേഖലാസ്ഥാപനങ്ങള്‍ക്കും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്കും സ്വയംഭരണാവകാശമുള്ള സ്ഥാപനങ്ങള്‍ക്കുമൊക്കെ ടെണ്ടര്‍ നടപടിക്രമങ്ങള്‍ കൂടാതെതന്നെ വില നിശ്ചയിച്ചശേഷം തിരഞ്ഞെടുക്കപ്പെട്ടയിനം സ്റ്റീല്‍ ഫര്‍ണിച്ചറുകള്‍, മരഉരുപ്പടികള്‍, ആശുപത്രിഫര്ണിച്ചറുകള് എന്നിവ നല്കാന് ആര്ട്ട്കോയ്ക്ക് 2011 ജനുവരി 17 നു അനുമതി ലഭിച്ചു. ഒരു വര്‍ഷത്തേക്കായിരുന്നു ഇത്. സ്റ്റോര്‍ പര്‍ച്ചേസ് മാനുവലില്‍ ഇതിനായി ഇളവനുവദിച്ചു. പിന്നീട് സര്‍ക്കാര്‍ നിരക്കുകള്‍ പുതുക്കിനിശ്ചയിക്കുകയും ആര്‍ട്ട്കോയ്ക്കു നല്കിയ അനുമതി 2023 ഫെബ്രുവരി ഒന്നുവരെ നീട്ടുകയും ചെയ്തു. 2023 ല്‍ ഇതു രണ്ടു വര്‍ഷത്തേക്കുകൂടി നീട്ടിനല്‍കിയിട്ടുണ്ട്. സ്റ്റീല്‍ ഫര്‍ണിച്ചര്‍, മരഉരുപ്പടികള്‍, ആശുപത്രിഫര്ണിച്ചര് എന്നിവയ്ക്കു പുറമെ സ്മാര്‍ട്ട് ക്ലാസ്റൂം ഫര്‍ണിച്ചര്‍ വസ്തുക്കള്‍ കൂടി ടെണ്ടര്‍ കൂടാതെ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ കവിയാത്ത തുകയ്ക്കു ലഭ്യമാക്കാന്‍ ആര്ട്ട്കോയ്ക്ക് അനുമതി കിട്ടിയിട്ടുണ്ട്.
ആര്‍ട്ട്കോയുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെ അനുവദിച്ചുകൊണ്ട് 2018 ആഗസ്റ്റ് ഒന്നിനു തദ്ദേശ സ്വയംഭരണവകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളിലെ ഫര്‍ണിഷിങ് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ നോഡല്‍ ഏജന്‍സിയായി ആര്‍ട്ട്കോയെ അതില്‍ അംഗീകരിക്കുകകയും ചെയ്തു. ആര്‍ട്ട്കോയുടെ ഉല്‍പ്പന്നങ്ങളും ഫര്‍ണിച്ചറുകളും സഹകരണസംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ള സഹകരണസ്ഥാപനങ്ങളില്‍ ടെണ്ടര്‍ / ക്വട്ടേഷന്‍ നടപടികള്‍ കൂടാതെ വാങ്ങാനും ഫര്‍ണിഷിങ് അനുബന്ധപ്രവൃത്തികള്‍ ഏറ്റെടുത്തുനടത്താനും ആര്‍ട്ട്കോയെ നോഡല്‍ഏജന്‍സിയായി അംഗീകരിച്ച് സഹകരണസംഘം രജിസ്ട്രാറും അനുമതി നല്‍കിയിട്ടുണ്ട്. അതിനാല്‍ എല്ലാ സഹകരണസ്ഥാപനങ്ങള്‍ക്കും നവീകരണപ്രവര്‍ത്തനങ്ങള്‍, ഓഫീസ് ആധുനികീകരണം, കൗണ്ടര്ജോലികള്, നെയിംബോര്‍ഡുകള്‍ തയാറാക്കല്‍, ഫര്‍ണിച്ചര്‍ വിതരണം തുടങ്ങിയവയ്ക്കു ആര്‍ട്ട്കോയെ പ്രയോജനപ്പെടുത്താമെന്ന് അനുമതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പൊതുമരാമത്തുവകുപ്പല്ലാതെയുള്ള ഏജന്‍സികളിലൂടെ സര്‍ക്കാര്‍സ്ഥാപനങ്ങള്‍ക്കു ചെയ്യിക്കാവുന്ന ജോലികള്‍ ഏല്‍പ്പിക്കാനുള്ള അക്രഡിറ്റഡ് ഏജന്‍സിയായി സര്‍ക്കാര്‍ ആര്‍ട്ട്കോയെ അംഗീകരിച്ചിട്ടുണ്ട്. ഒരു കോടി രൂപവരെയുള്ള ഇന്റീരിയര്വര്ക്കുകള് ചെയ്യാനുള്ള അക്രഡിറ്റഡ് ഏജന്‍സിയായാണ് അംഗീകാരം. ഒരേസമയം ഏറ്റെടുത്തു നടപ്പാക്കിവരുന്ന ഇത്തരം പ്രവൃത്തികളുടെ ആകെ മൂല്യം അഞ്ചു കോടിയില്‍ കവിയരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. 2022 ല്‍ ദേശീയ പിന്നാക്കസമുദായ ധനകാര്യവികസനകോര്പ്പറേഷന്റെ ധനസഹായം ആര്‍ട്ട്കോയ്ക്കു ലഭ്യമാക്കുന്നതിനു സര്‍ക്കാര്‍ ഗ്യാരണ്ടി നില്ക്കാന് തയാറായിട്ടുണ്ട്. 45 കോടി രൂപവരെയുള്ള ധനസഹായത്തിനാണു സര്‍ക്കാര്‍ ഗ്യാരണ്ടി നില്ക്കുക. ഈ ധനസഹായം ഉപയോഗിച്ച് ആര്‍ട്ട്കോ തങ്ങളുടെ അംഗങ്ങള്‍ക്കു വായ്പ നല്‍കും. കേരളത്തില്‍ പരമ്പരാഗതവും അല്ലാത്തതുമായ കൈവേലകളിലൂടെ ഉപജീവനമാര്‍ഗം കണ്ടെത്തുന്ന പിന്നാക്കവിഭാഗങ്ങളിലെ ദരിദ്രര്‍ക്കു വായ്പ നല്‍കുന്നതിനുള്ള ചാനലായി ആര്‍ട്ട്കോ നാമനിര്‍ദേശം ചെയ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഈ തീരുമാനം. ആര്‍ട്ട്കോ ഈ ധനസഹായം അംഗങ്ങള്‍ക്കു പണിയായുധങ്ങള്‍ വാങ്ങാനും പണിശാലകള്‍ നവീകരിക്കാനുമുള്ള വായ്പ നല്‍കാനാവും ഉപയോഗിക്കുക.
‘ശില്‍പ്പി’
ഗ്രൂപ്പുകള്‍
കുടുംബസുരക്ഷാപദ്ധതി പ്രകാരം അനുമതി ലഭിച്ച ‘ശില്‍പ്പി’ ഗ്രൂപ്പുകള്‍ പാലക്കാട് ജില്ലയിലാണു പരീക്ഷണാര്‍ഥം തുടങ്ങിയിട്ടുള്ളത്. 10 മുതല്‍ 20 പേര് വരെയുള്ളതാണ് ഓരോ ഗ്രൂപ്പും. പാലക്കാട് ജില്ലയില്‍ 2896 പേര് ഇതില്‍ അംഗങ്ങളാണ്. നിര്‍മാണത്തൊഴിലാളികള്‍, തയ്യല്‍ത്തൊഴിലാളികള്‍, ഇരുമ്പുപണിക്കാര്‍, സ്വര്‍ണപ്പണിക്കാര്‍ തുടങ്ങിയവരാണ് അംഗങ്ങള്‍. ഓരോ അംഗത്തില്‍നിന്നും 50 രൂപ വീതം ആഴ്ചനിക്ഷേപമായി സ്വീകരിക്കും. ഇതിനു പ്രതിവര്‍ഷം ആറു ശതമാനം പലിശ നല്‍കും. പലിശയുടെ നാലു ശതമാനം നിക്ഷേപത്തിലേക്കും രണ്ടു ശതമാനം ക്ഷേമനിധി-ഇന്‍ഷുറന്‍സ് പരിരക്ഷകള്ക്കുമായാണു പോകുക. അംഗങ്ങളുടെ ചെറുകിടസംരംഭങ്ങള്ക്കു വായ്പ നല്‍കുകയും ചെയ്യും. പപ്പടം നിര്‍മാണയൂണിറ്റ്, സോപ്പുപൊടി നിര്‍മാണയൂണിറ്റ്, വെളിച്ചെണ്ണ നിര്‍മാണയൂണിറ്റ് തുടങ്ങിയവയ്ക്കാണു വായ്പ നല്‍കിയിട്ടുള്ളത്.
പട്ടിണി മാറ്റാന്‍
അക്ഷയ
കുടുംബസുരക്ഷാപദ്ധതിപ്രകാരംതന്നെ അനുമതി ലഭിച്ച മറ്റൊരു പദ്ധതിയായ ‘അക്ഷയ’ ആര്ട്ടിസാന്തൊഴിലാളികളുടെ പട്ടിണി മാറ്റാന്‍ വലിയ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇതും പരീക്ഷണാടിസ്ഥാനത്തില്‍ പാലക്കാട് ജില്ലയില്ത്തന്നെയാണു തുടങ്ങിയിട്ടുള്ളത്. 2018 ലെ പ്രളയകാലത്ത് ഓണക്കിറ്റ് വിതരണത്തോടെയാണ് ‘അക്ഷയ’ പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഇതിന്റെ സംസ്ഥാനാടിസ്ഥാനത്തിലുള്ള വിപുലീകരണത്തിനായി ആന്ധ്രയിലെ സഹകരണ അരിമില്ലുകള്‍ ആര്‍ട്ട്കോയുടെ സംഘം സന്ദര്‍ശിച്ചു. അവിടങ്ങളില്‍നിന്നു വലിയതോതില്‍ അരി വാങ്ങുമ്പോള്‍ കാര്യമായ വിലക്കുറവില്‍ അരി നല്കാന് ആ സഹകരണമില്ലുകള് തയാറായിട്ടുണ്ട്. മറ്റ് ഉല്‍പ്പന്നങ്ങളും ഇങ്ങനെ കുറഞ്ഞവിലയ്ക്കു സംഭരിച്ച് അംഗങ്ങള്‍ക്കു നിത്യോപയോഗസാധനങ്ങള്‍ വിതരണം ചെയ്യാനാണു പദ്ധതി. കണ്ണൂര്‍ ഐ.സി.എമ്മിലെ പ്രൊഫ.വി.എന്‍. ബാബുവാണ് ഇതിനുള്ള പ്രോജക്ട് ആര്‍ട്ട്കോയ്ക്കു തയാറാക്കി നല്‍കിയത്.
തയ്യല്‍ത്തൊഴിലാളികളുടെ ക്ഷേമത്തിനുള്ളതാണു ‘വര്‍ണം’ പദ്ധതി. ഇതു നടത്തിപ്പിന്റെ ആദ്യഘട്ടത്തിലാണ്. അംഗങ്ങളുടെ ഒരു കുടുംബം ഒരു വര്‍ഷം രണ്ടു നൈറ്റിയെങ്കിലും വാങ്ങണമെന്ന് ഇതില്‍ നിര്‍ദേശിക്കുന്നു. ഇതുവഴി ഒരു വര്‍ഷം ഒരു ലക്ഷം നൈറ്റിയെങ്കിലും വില്‍ക്കാം. മറ്റു വസ്ത്രഇനങ്ങളുുടെ കാര്യത്തിലും ഈ വികസനം സാധ്യമാണ്. ആര്ട്ടിസാന്തൊഴിലാളികള്ക്ക് അടച്ചുറപ്പുള്ള നല്ല വീടുവേണമെന്ന ധാരണയിലാണ് ഈ പദ്ധതിക്കു രൂപംകൊടുത്തത്. ഫര്‍ണിച്ചര്‍ തവണവ്യവസ്ഥയില്‍ നല്കാന് ഇതില്‍ സൗകര്യമുണ്ടാവും. പ്രായാധിക്യംമൂലം ജോലിചെയ്യാനാകാതെവരുന്ന ആര്ടിസാന്മാരുടെ പുനരധിവാസത്തിനായി ഒരു പുനരധിവാസകേന്ദ്രവും ഇതില്‍ വിഭാവനം ചെയ്യുന്നുണ്ട്. പത്തനംതിട്ട ജില്ലയിലായിരിക്കും ഈ പുനരധിവാസകേന്ദ്രം സ്ഥാപിക്കുക. അംഗങ്ങള്‍ മരിച്ചാല്‍ ആശ്രിതര്‍ക്കു 10,000 രൂപ ക്ഷേമനിധി-ഇന്‍ഷുറന്‍സ് പരിരക്ഷാപദ്ധതി പ്രകാരം നല്‍കിവരുന്നുണ്ട്. പദ്ധതി കൂടുതല്‍ വിപുലമാക്കാന്‍ ആലോചനയുണ്ട്.
ആര്‍ട്ട്കോ
ലേബര്‍ ബാങ്ക്
വിവിധ തൊഴില്‍ ചെയ്യുന്നവരുടെ ലേബര്‍ ബാങ്കുണ്ടാക്കി ആര്‍ട്ട്കോയിലൂടെ തൊഴില്‍ ലഭ്യമാക്കുന്ന പദ്ധതിയാണ് ആര്‍ട്ട്കോ ലേബര്‍ ബാങ്ക്. ഇതിനായി വെബ്സൈറ്റ് തയാറാക്കും. ആര്‍ട്ട്കോ ലേബര്‍ ബാങ്കില്‍ ആര്‍ട്ട്കോ അംഗങ്ങളായ തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യിക്കും. പ്രാദേശികമായി വിവിധ തൊഴിലുകളില്‍ തൊഴിലാളികളെ ആവശ്യമുള്ളവര്‍ക്ക് ആര്‍ട്ട്കോയിലൂടെ ലഭ്യമാക്കും. തൊഴിലാളികള്‍ക്കു വേതനം നല്‍കുന്നതും ആര്ട്ട്കോയിലൂടെയായിരിക്കും. ഇതുവഴി അംഗങ്ങള്‍ക്കു ശമ്പളം ലഭിക്കുന്നതുപോലെ സ്ഥിരവരുമാനം ലഭ്യമാക്കാമെന്നാണു പ്രതീക്ഷ. പാലക്കാട് ജില്ലയിലായിരിക്കും ഈ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങുക.
മിക്ക ജില്ലകളിലും ജില്ലാ പഞ്ചായത്തുകളുടെയും ഗ്രാമപ്പഞ്ചായത്ത് ഓഫീസുകളുടെയുമൊക്കെ നവീകരണ-ഫര്‍ണിഷിങ് ജോലികള്‍ ആര്‍ട്ട്കോ ചെയ്തിട്ടുണ്ട്. സ്മാര്‍ട്ട് അങ്കണവാടികള്‍ ആര്‍ട്ട്കോയുടെ പ്രത്യേക പദ്ധതിയാണ്. സാധാരണക്കാരുടെ കുട്ടികള്‍ക്ക് ഏറ്റവും നല്ല ബാലപരിചരണം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ആര്‍ട്ട്കോ ഇവ നിര്‍മിച്ചുനല്‍കുന്നത്. ആര്‍ട്ട്കോ കൊണ്ടുവന്ന അങ്കണവാടി പരികല്പനയാണിത്. രണ്ടായിരത്തിലധികം സ്മാര്‍ട്ട് അങ്കണവാടികള്‍ ആര്‍ട്ട്കോ നിര്‍മിച്ചിട്ടുണ്ട്. സ്കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും ആവശ്യമായ ഇന്‍ഡോര്‍ സംവിധാനങ്ങളും കുട്ടികള്‍ക്കു കളിക്കാനുള്ള സാമഗ്രികളും ആര്‍ട്ട്കോ നല്‍കുന്നുണ്ട്. റൈഡുകളും ആട്ടക്കസേരകളും ചാഞ്ചാടികളും കിടക്കകളും ആര്‍ട്ട്കോ വിതരണം ചെയ്യുന്നുണ്ട്. ടണലുകളും ലൈബ്രറിറാക്കും ഷൂറാക്കും ബിന്നുകളും കൃത്രിമപ്പുല്ലുകളും ഒക്കെ നല്കുന്നു. വിദ്യാര്‍ഥികളുടെ പഠനത്തെ പ്രോത്സാഹിപ്പിക്കാനുള്ള ആര്‍ട്ട്കോ ‘വിദ്യാകിരണം’പദ്ധതി 2021 ആഗസ്റ്റില്‍ ചെയര്മാന് വി.എസ്. അനൂപ് ഉദ്ഘാടനം ചെയ്തു.
സി.ഐ.ടി.യു. നേതാവായിരുന്ന അഡ്വ. പി. സരസപ്പനാണ് ആര്‍ട്ട്കോയുടെ സ്ഥാപകന്‍. 25 അംഗങ്ങളുടെ പ്രൊമോട്ടിങ് കമ്മറ്റിയായിരുന്നു തുടക്കത്തില്‍. ചീഫ് പ്രൊമോട്ടറായിരുന്ന സരസപ്പന്‍ പിന്നീട് പ്രസിഡന്റായി. അദ്ദേഹത്തിന്റെ നിര്യാണത്തിനുശേഷം സി.പി.എം. തിരുവനന്തപുരം ജില്ലാക്കമ്മറ്റിയംഗമായിരുന്ന എം.കെ. കമലമ്മ പ്രസിഡന്റായി. പിന്നീട് സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റ് നെടുവത്തൂര്‍ സുന്ദരേശന് ചെയര്‍മാനായി. 2018 മുതല്‍ വി.എസ്. അനൂപാണു ചെയര്മാന്. സി.ഐ.ടി.യു. സംസ്ഥാനക്കമ്മറ്റിയംഗവും കേരള ആര്‍ട്ടിസാന്‍സ് യൂണിയന് സംസ്ഥാന സെക്രട്ടറിയുമാണ് അദ്ദേഹം. സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗം മാമ്പറ്റ ശ്രീധരനാണു വൈസ് ചെയര്മാന്. കേരള ആര്‍ട്ടിസാന്‍സ് യൂണിയന് സംസ്ഥാന ജനറല്‍ സെക്രട്ടറി നെടുവത്തൂര്‍ സുന്ദരേശന്, ആര്‍ട്ടിസാന്‍സ് യൂണിയന് സംസ്ഥാന പ്രസിഡന്റ് പി.കെ. ഷാജന്, ആര്‍ട്ടിസാന്‍സ് യൂണിയന് സംസ്ഥാന വൈസ് പ്രസിഡന്റ് ജി. രാജമ്മ, സി.ഐ.ടി.യു. സംസ്ഥാനക്കമ്മറ്റിയംഗം എം. മോഹന്‍ദാസ് എന്നിവരാണ് എക്സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍. ബി. ബാബു, പി. ജയന്തി, ഗ്രേസി സതീഷ്, ശ്രീദേവി രാജന്, പി.വി. ഷിബു, വി.എ. മുരുകന്, എ. രാജന്, ടി.ആര്. സൗദാമിനി, പി.ജി. രാജേന്ദ്രന് എന്നിവരാണു മറ്റു ഡയറക്ടര്‍ബോര്‍ഡംഗങ്ങള്‍. മുന്‍ഭരണസമിതിയുടെ കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്നു ജൂണില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇവര്‍ എതിരില്ലാതെ ജയിക്കുകയായിരുന്നു. മാത്യു. സി.വി.യാണു മാനേജിങ് ഡയറക്ടര്‍. 35 സ്ഥിരംജീവനക്കാരാണു സംഘത്തിലുള്ളത്.
പുതിയ
പ്രോജക്ടുകള്‍
ആര്‍ട്ടിസാന്‍സ് ഉല്‍പ്പന്നങ്ങള്‍ക്കു വിപണി കണ്ടെത്താന്‍ ഇ-കോമേഴ്സ് സംവിധാനം ഏര്‍പ്പെടുത്താന്‍ ഉദ്ദേശ്യമുണ്ട്. നേരത്തേപറഞ്ഞ സ്മാര്‍ട്ട് സിറ്റി ഇന്റലിജന്റ് സ്ട്രീറ്റ് ലൈറ്റ് പദ്ധതിയും ഭാവിയിലേക്കായുള്ള പദ്ധതിയാണ്. കരകൗശലോല്പ്പന്നങ്ങളുടെ കയറ്റുമതിക്കായി പദ്ധതി തയാറാക്കിയിട്ടുണ്ട്. ആര്‍ട്ടിസാന്‍സ് ഷോറൂമുകള്‍, ആര്‍ട്ടിസാന്‍സ് പ്രൊഡക്ഷന്‍-ട്രെയിനിങ് സെന്റര്‍, എല്ലാ ജില്ലയിലും സ്വന്തം ഫര്‍ണിച്ചര്‍ ഷോറൂം, ഹാന്റിക്രാഫ്്റ്റ് ഡിസൈന്‍ ഡവലപ്മെന്റ് പ്രോജക്ട്, ആര്‍ട്ടിസാന്‍സ് കുടുംബസുരക്ഷാപദ്ധതിയുടെ വിപുലീകരണം, എന്‍.ബി.സി.എഫ്.ഡി.സി. വായ്പ ലഭിക്കുന്ന മുറയ്ക്ക് അംഗങ്ങള്‍ക്കു മൈക്രോഫിനാന്‍സ് സ്കീം, സ്വന്തം ഫര്‍ണിച്ചര്‍ വര്‍ക്ക്ഷോപ്പ്, ആര്‍ട്ടിസാന്‍സ് ക്ലസ്റ്റര്‍ രൂപവത്കരണം, ആര്‍ട്ടിസാന്‍സ് ലേബര്‍ ഡാറ്റാ ബാങ്ക് രൂപവത്കരണം എന്നിവയാണു ഭാവി പരിപാടികളെന്നു ചെയര്മാന് വി.എസ്. അനൂപ് പറഞ്ഞു. നിര്‍മാണവസ്തുക്കള്‍ സംഭരിച്ച് വില്‍പ്പനയും വിതരണവും നടത്തുന്ന യാര്‍ഡുകള്‍ കലവറ എന്ന പേരില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ആര്ട്ട്കോതന്നെ ധാരാളം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തുനടത്തുന്നതിനാല് അവയ്ക്കുവേണ്ടി വലിയതോതില്‍ സാധനങ്ങള്‍ വാങ്ങി ഇങ്ങനെ ശേഖരിക്കുന്നതു കുറഞ്ഞനിരക്കില്‍ സാധനങ്ങള്‍ കിട്ടാന്‍ സഹായകമായിരിക്കുമെന്നാണു കരുതുന്നത്. ആര്ട്ടിസാന്തൊഴിലാളികള്ക്ക് ആധുനികമായ യന്ത്രപരിശീലനവും മറ്റും സൗജന്യമായി ലഭിക്കാന്‍ ഒരു ഗവേഷണപരിശീലനസ്ഥാപനം ഉണ്ടാകുന്നതു പ്രയോജനപ്പെടുമെന്നാണു കരുതുന്നത്. എല്ലാ ജില്ലയിലും ഷോറൂമുകള്‍ തുടങ്ങാനും പദ്ധതിയുണ്ട്. കേരളത്തില്‍ പതിനായിരത്തില്‍പ്പരം സ്വര്ണാഭരണശാലകളുണ്ടെങ്കിലും സ്വര്‍ണത്തൊഴിലാളികളുടെ കഷ്ടപ്പാടിനു കുറവില്ല. അതിനാല്‍ സ്വര്‍ണത്തൊഴിലാളികളുടെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തി ജുവല്ലറികള്‍ ആരംഭിക്കാനും പരിപാടിയുണ്ട്. എന്‍.സി.ഡി.സി. യുടെയും മറ്റും സാമ്പത്തികസഹായം ഇതിനു കിട്ടും എന്നാണു പ്രതീക്ഷ. ഇതിനു പ്രോജക്ട് തയാറാക്കി സര്‍ക്കാരിനെ സമീപിക്കും. വ്യവസായമന്ത്രി പി. രാജീവ് മുന്‍കൈയടുത്തു നടപ്പാക്കുന്ന വ്യവസായക്ലസ്റ്ററുകളുടെ ഭാഗമായി ഓരോ ജില്ലയിലും ഉല്‍പ്പന്നങ്ങല്‍ നിര്‍മിക്കാന്‍ ആര്‍ട്ട്കോയ്ക്കു കഴിയുംവിധമുള്ള പ്രവര്‍ത്തനം നടത്തണമെന്നുണ്ടെന്നും അനൂപ് പറഞ്ഞു.
(മൂന്നാംവഴി സഹകണ മാസിക ജൂലായ് ലക്കം 2023)
[mbzshare]