ധനകാര്യ സ്ഥാപനങ്ങളും സാമ്പത്തിക ധാര്‍മികതയും

[mbzauthor]

വിശ്വാസം ആര്‍ജിക്കുക എന്നതു അതികഠിനവും വിശ്വാസം
നഷ്ടപ്പെടുത്തുക എന്നതു അതിലളിതവുമാണെന്നു അന്യരുടെ പണം
കൈകാര്യം ചെയ്യുന്ന സഹകരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള
എല്ലാ ധനകാര്യ സ്ഥാപനങ്ങളും തിരിച്ചറിയേണ്ടിയിരിക്കുന്നു.
ധനകാര്യ സ്ഥാപനങ്ങളിലെ സാമ്പത്തിക ധാര്‍മികത ഒന്നോ രണ്ടോ
ദിവസംകൊണ്ട് ഉരുത്തിരിഞ്ഞുവരേണ്ട ഒന്നല്ല. ഓരോ വ്യക്തിയിലും
ധാര്‍മികതയും ജീവിതമൂല്യങ്ങളും കാലാകാലങ്ങളായി
രൂപപ്പെട്ടുവരേണ്ടതാണ്.

 

സാമ്പത്തികധാര്‍മികത അല്ലെങ്കില്‍ നൈതികത. ധനകാര്യസ്ഥാപനങ്ങള്‍ മന:പൂര്‍വം മറക്കുന്ന വാക്ക്. എന്നാല്‍, ധനകാര്യസ്ഥാപനങ്ങള്‍ പുരോഗതിയുടെ പാതയിലൂടെ മുന്നേറാനൊരുങ്ങുമ്പോള്‍, ആധുനികീകരണത്തിലൂടെ ലോകോത്തരമാവാന്‍ ശ്രമിക്കുമ്പോള്‍, ഏറ്റവുമധികം പ്രാധാന്യം കൊടുക്കേണ്ടതു ഈ വാക്കിനാണ്. ഓരോ വ്യക്തിയും ആരായിത്തീരണം, എങ്ങനെയുള്ളയാളാവണം എന്നു നമ്മുടെ മാതാപിതാക്കളും പൊതുസമൂഹവും അവരവര്‍ തന്നെയും നിശ്ചയിക്കുന്നതുപോലെത്തന്നെ ഓരോ സ്ഥാപനവും എങ്ങനെയുള്ള സ്ഥാപനമായി വളരണം, എങ്ങനെ അറിയപ്പെടണം, നിലനില്‍ക്കണം എന്നു തീരുമാനിക്കുന്നതു ആ സ്ഥാപനം ധാര്‍മികതയ്ക്കും മൂല്യങ്ങള്‍ക്കും നല്‍കുന്ന പ്രാധാന്യമനുസരിച്ചാണ്. സമഗ്രമായ ദീര്‍ഘകാല വീക്ഷണത്തിനും സാമ്പത്തിക അച്ചടക്കത്തിനും നീതിന്യായങ്ങള്‍ക്കും ഊന്നല്‍ കൊടുക്കുന്ന ഒരു സ്ഥാപനസംസ്‌കാരത്തിനു മാത്രമേ നമ്മുടെ ധനകാര്യസ്ഥാപനങ്ങളെ സുശക്തമായ അടിത്തറയുള്ള സ്ഥാപനങ്ങളായി വളര്‍ത്തിയെടുക്കാനാവൂ. അമിത ലാഭേച്ഛ അധാര്‍മികതയിലേക്കു നയിക്കുമെന്ന തിരിച്ചറിവുണ്ടാവണം.

ധാര്‍മികമായി ശരി എന്നവകാശപ്പെടാവുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, അവ ശരിയായ രീതിയില്‍ നിര്‍വഹിക്കാനുള്ള കഴിവ്, അത്തരം സേവനങ്ങള്‍ സ്വീകരിക്കുന്ന ഉപഭോക്താക്കളുടെ അഭിപ്രായത്തില്‍ ലഭിച്ച സേവനങ്ങളുടെ വ്യാപ്തി എന്നിങ്ങനെ ശരികളുടെ ആകത്തുകയാണ് ഏതൊരു സ്ഥാപനത്തിന്റെയും ധാര്‍മികത. ഹ്രസ്വകാല നേട്ടങ്ങള്‍ക്കുവേണ്ടി സ്ഥാപനങ്ങള്‍ ധാര്‍മികത കൈവെടിയുമ്പോള്‍ അതുമൂലമുണ്ടാകാവുന്ന ദീര്‍ഘകാല നഷ്ടങ്ങള്‍ പലപ്പോഴും മന:പൂര്‍വം വിസ്മരിക്കാറുണ്ട്. ധനകാര്യസ്ഥാപനങ്ങളില്‍ ഈ നഷ്ടങ്ങളുടെ വ്യാപ്തി വളരെ വലുതാണ്.

* മറ്റു ബിസിനസ് സ്ഥാപനങ്ങളില്‍ നിന്നു വ്യത്യസ്തമായി ധനകാര്യസ്ഥാപനങ്ങളില്‍ ഉപഭേക്താക്കള്‍ക്കുള്ള വിശ്വാസം ഒരിക്കല്‍
നഷ്ടപ്പെട്ടാല്‍ അതു വീണ്ടെടുക്കാനാവാത്തവിധം നഷ്ടപ്പെട്ടതിനു സമമാണ്.
* ഒരിക്കല്‍ നഷ്ടപ്പെട്ടുപോകുന്ന വിശ്വാസം അത്തരം സ്ഥാപനങ്ങളുടെ സഹോദരസ്ഥാപനങ്ങളിലുള്ള വിശ്വാസത്തെയും ബാധിക്കും.
ഓരോ ധനകാര്യസ്ഥാപനത്തിലെയും ഉടമസ്ഥര്‍, ഭരണസമിതിയംഗങ്ങള്‍, മേലധികാരികള്‍ എന്നിവരിലുള്ള വിശ്വാസ്യതയെയും
സ്വീകാര്യതയെയും അതു പ്രതികൂലമായി ബാധിക്കും.
* സ്ഥാപനത്തിന്റെ തുടക്കം മുതല്‍ ഒരു പുതിയ ബ്രാന്‍ഡ് കെട്ടിപ്പടുക്കാനായി ചെലവഴിച്ച പണം, സമയം എന്നിവയൊക്കെ
എന്നെന്നേക്കുമായി നഷ്ടപ്പെട്ടേക്കാം.
* നിയമലംഘനത്തിനുള്ള പിഴ, വ്യവഹാരങ്ങള്‍ക്കായുള്ള കോടതികയറ്റങ്ങള്‍ എന്നിവ ദീര്‍ഘകാല വളര്‍ച്ചയെ പുറകിലോട്ടു വലിക്കും.

അടിസ്ഥാന
ധാര്‍മികഗുണങ്ങള്‍

എല്ലാ സേവന-വാണിജ്യ സ്ഥാപനങ്ങളുടെയും വളര്‍ച്ച ആ സ്ഥാപനത്തിനായി ചെലവാക്കുന്ന പണത്തിന്റെയും അവര്‍ വിവിധതരം ബിസിനസ്സിലൂടെ നേടിയെടുക്കുന്ന ലാഭത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും. സ്ഥാപനാരംഭത്തിലുള്ള മൂലധനനിക്ഷേപം മുതല്‍ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും നിക്ഷേപിക്കുന്നതും നേടിയെടുക്കുന്നതുമായ സമ്പത്താണ് ഓരോ സ്ഥാപനത്തിന്റെയും ആധാരശില. ധനകാര്യസ്ഥാപനങ്ങള്‍ ക്രയവിക്രയം ചെയ്യുന്നതുതന്നെ ധനത്തിന്റെ വിവിധതരം രൂപങ്ങളാകയാല്‍ വളരെ സൂക്ഷ്മതയോടെയും ഉത്തരവാദിത്തത്തോടെയും ഓരോ പ്രവൃത്തിയും കൈകാര്യം ചെയ്താല്‍ മാത്രമേ ഉപഭോക്താക്കളുടെയും പൊതുസമൂഹത്തിന്റെയും സര്‍ക്കാരിന്റെയും വിശ്വാസം നേടാനാകൂ. ഓരോ ധനകാര്യസ്ഥാപനവും ധാര്‍മികമായി മുന്നേറണമെങ്കില്‍ ചില അടിസ്ഥാന ഗുണങ്ങള്‍ക്കു പ്രാധാന്യം കൊടുത്തേ മതിയാകൂ. അവയില്‍ ചിലതു ഇനി പറയുന്നു:

* സമഗ്രത: ശുദ്ധമായ, സുതാര്യമായ, എല്ലാ വിഭാഗങ്ങളെയും പൂര്‍ണമായി ഉള്‍ക്കൊള്ളുന്ന ഒരു സുസ്ഥിര സാമ്പത്തിക മാനേജ്‌മെന്റ് സംവിധാനമാണ് ഏതൊരു ധനകാര്യ സ്ഥാപനത്തിന്റെയും അടിസ്ഥാനശില. ഇത്തരം ഒരു സംവിധാനത്തിന്റെ രൂപവത്കരണവും നടപ്പാക്കലും സ്ഥാപനത്തിന്റെ സംസ്‌കാരവുമായും സാമൂഹിക പ്രതിബദ്ധതയുമായും ബന്ധപ്പെട്ടു കിടക്കുന്നു. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ്, സമയാസമയങ്ങളില്‍ അവര്‍ക്കുവേണ്ട ഉപദേശങ്ങള്‍ നല്‍കി, അവരെ ധാര്‍മികപാതയിലൂടെ നയിക്കാന്‍ കഴിവുള്ള ജീവനക്കാരും അതിനുതകുന്ന സ്ഥാപനഘടനയും ഒന്നിച്ചുചേര്‍ന്ന സമഗ്രമായ ഒരന്തരീക്ഷമാണു ധനകാര്യസ്ഥാപനങ്ങളുടെ കരുത്ത്. സ്ഥാപനവും ഉപഭോക്താക്കളുമായുള്ള ബന്ധം സുദൃഢമാണോ എന്നതും കാലാകാലങ്ങളില്‍ ഉപഭോക്താക്കളുടെ മുന്നിലേക്ക് അവതരിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്നതും അളക്കുന്നതിന്റെ ഒരു പ്രധാന മാനദണ്ഡവും ഈ സമഗ്രതയാണ്. ഇതിലെല്ലാമുപരി, ഒരു ധനകാര്യസ്ഥാപനം അവരുടെ പരസ്യങ്ങളിലൂടെയും മറ്റു ഉപഭോക്തൃ സേവന മാര്‍ഗങ്ങളിലൂടെയും സ്ഥാപനത്തെക്കുറിച്ച് ഏതുതരം സങ്കല്‍പ്പമാണോ സ്വീകര്‍ത്താവിന്റെ മനസ്സില്‍ രൂപവത്കരിച്ചെടുക്കാന്‍ ശ്രമിക്കുന്നത് അതു പൂര്‍ണമായും ഉദ്ദേശിച്ച രീതിയില്‍ത്തന്നെ ഉപഭോക്താവില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടോ, അത് എത്രത്തോളം ഉപഭോക്താവിനെ സ്വാധീനിച്ചിട്ടുണ്ട് തുടങ്ങി സാമ്പത്തികസ്ഥാപനങ്ങളിലെ വിവിധതരം ധാര്‍മികപ്രവൃത്തികള്‍ സമഗ്രത എന്ന ആശയത്തിന്റെ പ്രത്യുല്‍പ്പന്നങ്ങളാണെന്നു പറയാം.

* സുതാര്യത: സമയാസമയങ്ങളില്‍ അര്‍ഥവത്തായ, വിശ്വസനീയമായ അവശ്യവിവരങ്ങള്‍ ഉപഭോക്താക്കള്‍ക്കു കൈമാറാന്‍ ഓരോ ധനകാര്യസ്ഥാപനവും ബാധ്യസ്ഥമാണ്. സ്ഥാപനത്തിന്റെ സാമ്പത്തികസ്ഥിതി, ഓരോ ഉപഭോക്താവിനും ലഭിക്കാനര്‍ഹതയുള്ള വിവിധതരം സേവനങ്ങള്‍, ഈടാക്കുന്ന ഫീസുകള്‍, സ്ഥാപനത്തിന്റെ ദീര്‍ഘകാല നയങ്ങളും ഏര്‍പ്പെടാനുദ്ദേശിക്കുന്ന ബിസിനസ്സുകളും, ഉപഭോക്താവിന്റെ പണം നിക്ഷേപിക്കാനുദ്ദേശിക്കുന്ന മറ്റു സംരംഭങ്ങളും നിക്ഷേപമാര്‍ഗങ്ങളും തുടങ്ങി ഓരോ ഉപഭോക്താവിനും കിട്ടാനര്‍ഹതയുള്ള ഏതുതരം വിവരവും അവരിലേക്കെത്തിക്കുന്ന സുതാര്യ നടപടിക്രമങ്ങളാണു ധനകാര്യസ്ഥാപനം പുലര്‍ത്തേണ്ടത്. നല്‍കുന്ന വിവരങ്ങള്‍ ഓരോ ഉപഭോക്താവിനും പ്രാപ്യമായ രീതിയില്‍, ലളിതമായ ഭാഷയില്‍, സങ്കീര്‍ണമായ നടപടിക്രമങ്ങളില്ലാതെ, എത്രയുംവേഗം കിട്ടുന്നതരത്തില്‍ കൃത്യമായ ഇടവേളകളില്‍ അറിയിക്കുക എന്നതും സുതാര്യതയുടെ ഭാഗമാണ്. സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെരുമാറ്റം, സഹായമനസ്‌കത, ഉപഭോക്താക്കളെ നേരിട്ടും അല്ലാതെയും കത്തിടപാടുകളിലും അഭിസംബോധന ചെയ്യുന്ന രീതി, വിവരങ്ങള്‍ ആരായുമ്പോഴുള്ള ജീവനക്കാരുടെ പ്രതികരണം എന്നിവയെല്ലാം സുതാര്യതയുടെ പ്രതിഫലനങ്ങളാണ്. ഓരോ സ്ഥാപനവും സുതാര്യമാണെന്നു വാക്കിലും പരസ്യവാചകങ്ങളിലും പറയുന്നതുകൊണ്ടുമാത്രം അങ്ങനെയാവണമെന്നില്ല. ഉപഭോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും അത് അനുഭവവേദ്യമാവണം.

* വിശ്വാസ്യത: ഭൂരിഭാഗം ധനകാര്യസ്ഥാപനങ്ങളും പൊതുപണം കൈകാര്യം ചെയ്യുന്ന മധ്യസ്ഥസ്ഥാപനങ്ങള്‍ മാത്രമാണ്. നിക്ഷേപകരില്‍ നിന്നു പണം സ്വീകരിച്ച് വായ്പ ആവശ്യമുള്ളവര്‍ക്കു പണം കൈമാറ്റം ചെയ്യുന്നതിലൂടെ കിട്ടുന്ന ലാഭവര്‍ധനവിന്റെ ഒരു ഭാഗം തിരികെ നിക്ഷേപകരില്‍ എത്തിക്കുന്ന ഒരു ഇടനിലക്കാരന്റെ കര്‍ത്തവ്യമാണ് ഇത്തരം സ്ഥാപനങ്ങള്‍ നിര്‍വഹിക്കുന്നത്. ഒരു വ്യക്തിയുടെ മേല്‍ മറ്റൊരാള്‍ക്കുള്ള വിശ്വാസം പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നതുപോലെത്തന്നെ ഒരു ധനകാര്യസ്ഥാപനത്തിന്മേല്‍ ഉപഭോക്താക്കള്‍ക്കുള്ള വിശ്വാസം ആ സ്ഥാപനത്തിന്റെ മുന്‍കാല ചരിത്രം, അതിന്റെ ഭരണാധികാരികളിലുള്ള വിശ്വാസം, സാമ്പത്തികസ്ഥിതിയെക്കുറിച്ച് പ്രസിദ്ധീകരിക്കപ്പെട്ട വിവരങ്ങള്‍, ജീവനക്കാരുടെ ആത്മവിശ്വാസം, സ്ഥാപനത്തിനു വായ്പ നല്‍കിയ മറ്റു സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും അഭിപ്രായം തുടങ്ങി നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. സ്ഥാപനത്തിന്റെ സാമ്പത്തികസ്ഥിതിയെക്കുറിച്ചുള്ള അപവാദപ്രചരണങ്ങള്‍, നിക്ഷേപം മടക്കിക്കൊടുക്കാനെടുക്കുന്ന കാലതാമസം, ശമ്പളവിതരണത്തിലുണ്ടാവുന്ന പ്രതിസന്ധി, സ്ഥാപനത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനങ്ങള്‍ക്കു തുടര്‍ച്ചയായി ഉണ്ടാകുന്ന തടസ്സം നേരിടല്‍ എന്നിങ്ങനെ ചെറുതും വലുതുമായ സൂചനകള്‍ ചിലപ്പോള്‍ ഉപഭോക്താവിനു സ്ഥാപനത്തിന്മേലുള്ള വിശ്വാസത്തിനു മങ്ങലേല്‍പ്പിച്ചേക്കാം. ഇതിലൊക്കെയുപരിയായി ഭരണകര്‍ത്താക്കളുടെയും ജീവനക്കാരുടെയും അനധികൃത സ്വത്തുസമ്പാദനവും അമിതമായ രാഷ്ട്രീയ ഇടപെടലുകളും വിശ്വാസ്യതയ്ക്കു വിഘാതമാവാറുണ്ട്. വിശ്വാസം ആര്‍ജിക്കുക എന്നതു അതികഠിനവും വിശ്വാസം നഷ്ടപ്പെടുത്തുക എന്നതു അതിലളിതവുമാണെന്നു അന്യരുടെ പണം കൈകാര്യം ചെയ്യുന്ന എല്ലാ ധനകാര്യസ്ഥാപനങ്ങളും തിരിച്ചറിയേണ്ടിയിരിക്കുന്നു.

* നിഷ്പക്ഷത: കേരളീയ ധനകാര്യസ്ഥാപനങ്ങളില്‍ പൊതുവെയും, സഹകരണ സ്ഥാപനങ്ങളില്‍ കൂടുതലായും, ഉയര്‍ന്നുകേള്‍ക്കുന്ന പരാതിയാണു പല സ്ഥാപനങ്ങളും സേവനങ്ങള്‍ നല്‍കുന്നതില്‍ നിഷ്പക്ഷത പുലര്‍ത്തുന്നില്ല എന്നത്. സ്വജനപക്ഷപാതവും രാഷ്ട്രീയപ്രീണനവും പലപ്പോഴും നിഷ്പക്ഷ സേവനങ്ങള്‍ക്കു വിലങ്ങുതടിയാവാറുണ്ട്. ഇന്നത്തെ മത്സരാധിഷ്ഠിത ലോകത്ത് ഉപഭോക്താക്കളെ പിടിച്ചുനിര്‍ത്താനും ഭാവിയില്‍ ഉപഭോക്തൃശൃംഖല വിശാലമാക്കാനും നിഷ്പക്ഷമായ, ഗുണമേന്മയുള്ള സേവനം അനിവാര്യമാണ്. നിഷ്പക്ഷത എന്ന വാക്ക് സേവനരേഖകളില്‍ എഴുതിവെച്ചതുകൊണ്ടായില്ല. ഓരോ സേവന സ്വീകര്‍ത്താവിനും അവരവര്‍ക്കു നിഷ്പക്ഷ സേവനം ലഭിക്കുന്നുണ്ടെന്നു അനുഭവിച്ചറിയാനാവണം. ധനകാര്യസ്ഥാപനങ്ങളിലെ മേലധികാരികള്‍ മുതല്‍ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍വരെ എല്ലാവരും ഇത്തരം സേവനങ്ങള്‍ നല്‍കാന്‍ തയാറാകണം. സേവനങ്ങളെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ സമയബന്ധിതമായ പ്രതികരണം തേടുകയും അതിനനുസരിച്ച് സേവനദാന പ്രക്രിയയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതും അനിവാര്യമാണ്.

* നീതിയും ന്യായവും: ധനകാര്യസ്ഥാപനങ്ങള്‍ സാധാരണക്കാരനായ ഉപഭോക്താവിന്റെ ആത്യന്തികമായ അഭയകേന്ദ്രങ്ങളാണ്. നമുക്കു കിട്ടുന്ന സേവനങ്ങള്‍ യഥാസമയം ന്യായമായി കിട്ടുന്നുണ്ടെന്നും അവ ലഭ്യമാക്കാനായി നമ്മുടെ മുന്നിലേക്കു സ്ഥാപനങ്ങള്‍ നിഷ്‌കര്‍ഷിക്കുന്ന നടപടിക്രമങ്ങളും നിബന്ധനകളും തികച്ചും ന്യായമാണെന്നും ഉപഭോക്താവിനു തോന്നണം. അതോടൊപ്പം, ഓരോ ഉപഭോക്താവിനോടും സ്ഥാപനത്തിലെ ജീവനക്കാര്‍ പുലര്‍ത്തുന്ന മര്യാദ, ബഹുമാനം, വിവരങ്ങളുടെ കൈമാറ്റത്തില്‍ പുലര്‍ത്തുന്ന സുതാര്യത എന്നിവയെല്ലാം നീതീകരിക്കാനാവുന്നതാവണം. ഇതിലൊക്കെയുപരിയായി, നമ്മുടെ നാട്ടിലെ നിയമങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്നവയാണെന്ന ബോധ്യവും ഓരോ ഉപഭോക്താവിലും ജനിപ്പിക്കത്തക്കരീതിയില്‍ ധനകാര്യസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കണം. ഒരേസമയംതന്നെ നീതിയും ന്യായവും സ്വന്തം സ്ഥാപനങ്ങളില്‍ നടപ്പാക്കുകയും അതോടൊപ്പം നീതിക്കും ന്യായത്തിനുമനുസരിച്ച് പെരുമാറുകയും രാജ്യത്തു നിലനില്‍ക്കുന്ന നിയമങ്ങള്‍ പാലിക്കുകയും ചെയ്യുക എന്ന ഉത്തരവാദിത്തവും ഓരോ ധനകാര്യസ്ഥാപനത്തിലും നിക്ഷിപ്തമാണ്.

ധാര്‍മികതയുടെ
രണ്ടു തലങ്ങള്‍

വിവിധതലത്തിലുള്ള സാമ്പത്തിക ധാര്‍മികത വിലയിരുത്തപ്പെടുന്നതു പ്രധാനമായും ധാര്‍മികതയെ രണ്ടായി തിരിച്ചാണ്. ധാര്‍മികത രൂപപ്പെടുത്തിയെടുക്കാനും നിലനിര്‍ത്താനുമായി സ്ഥാപനത്തിനുള്ളില്‍ നിന്നുതന്നെ എന്തെല്ലാം മാര്‍ഗങ്ങള്‍ സ്വീകരിക്കാം? ധനകാര്യസ്ഥാപനങ്ങള്‍ക്കു പുറത്തുള്ള മാര്‍ഗങ്ങള്‍ ഏതൊക്കെ? ഈ രണ്ടു തലങ്ങളും സന്തുലിതമായി നിര്‍വഹിക്കപ്പെടുന്ന സ്ഥാപനങ്ങള്‍ക്കു കൂടുതല്‍ ധാര്‍മികതാക്ഷമതയുണ്ടാകും എന്നു കണക്കാക്കാം.

സാമ്പത്തികധാര്‍മികത വളര്‍ത്തിയെടുക്കേണ്ടതിന്റെ ഒന്നാം ഘട്ടം ആരംഭിക്കേണ്ടതു സ്ഥാപനങ്ങള്‍ക്കുള്ളില്‍ നിന്നുതന്നെയാണ്. ധാര്‍മികനയവും ധാര്‍മിക സംസ്‌കാരവും പിന്തുടരുന്നതിലൂടെ മാത്രമാണ് ഇതു സാധ്യമാവുക. ധാര്‍മിക നയരൂപവത്കരണവും നടപ്പാക്കലും ഭരണതലത്തില്‍ വളരെ കരുതലോടും തയാറെടുപ്പോടുംകൂടി നടപ്പാക്കേണ്ടതാണ്. എല്ലാ ധനകാര്യസ്ഥാപനങ്ങളിലെയും ഡയരക്ടര്‍ ബോര്‍ഡ് ഉള്‍പ്പെടെയുള്ള മേല്‍ഘടകങ്ങളുടെ പ്രവര്‍ത്തനങ്ങളും തീരുമാനങ്ങളും സുതാര്യവും ധാര്‍മികതയ്ക്ക് ഊന്നല്‍ നല്‍കുന്നതുമാവണം. സാമ്പത്തികധാര്‍മികതയിലൂന്നിയ ഒരു പെരുമാറ്റച്ചട്ടം രൂപവത്കരിക്കുകയാണ് ആദ്യപടി. ആ പെരുമാറ്റച്ചട്ടത്തില്‍ സ്ഥാപനത്തില്‍ ധാര്‍മികതയ്ക്കു വിരുദ്ധമായി ഉണ്ടാകാവുന്ന ഓരോ സാഹചര്യവും എങ്ങനെ നേരിടണമെന്നും പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കപ്പെടണമെന്നും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടാവണം. ഇത്തരം പെരുമാറ്റച്ചട്ടത്തിന്റെ സസൂക്ഷ്മമായ വിലയിരുത്തലും നടപ്പാക്കലുമാണു സ്ഥാപനമേധാവിയുടെ ഭാഗത്തുനിന്നുണ്ടാവേണ്ടത്. പെരുമാറ്റച്ചട്ടം ഒരളവുകോല്‍ മാത്രമാണ്. അതു ശരിയായ രീതിയില്‍ നടപ്പായാല്‍ മാത്രമേ അവകൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളു. നയരൂപവത്കരണത്തിനുപരിയായി പുറംലോകത്തിന്റെ മുന്നില്‍ തെളിവുകളായി നിലനില്‍ക്കുന്ന മറ്റു പല മാനദണ്ഡങ്ങളുമുണ്ട് സ്ഥാപനങ്ങളെ ഉള്ളില്‍ നിന്നളക്കാന്‍. ഓരോ സ്ഥാപനവും ആരംഭിക്കാന്‍ ഉപയോഗിച്ച പണത്തിന്റെ സ്രോതസ്, ഓരോ ഉടമസ്ഥന്റെയും സാമ്പത്തികഭദ്രത, അവരുടെ ധനസമ്പാദന രീതികള്‍, ഒരു വ്യക്തി എന്ന നിലയില്‍ ഉടമസ്ഥര്‍ പാലിക്കുന്ന നിയമം, മേല്‍ഘടകങ്ങള്‍ ഓരോ നയരൂപവത്കരണത്തിലും സാമ്പത്തികകാര്യങ്ങളില്‍ പുലര്‍ത്തുന്ന ശ്രദ്ധ, അവ നടപ്പാക്കാന്‍ കാട്ടുന്ന ആര്‍ജവം എന്നിവയെല്ലാം ഒരു സ്ഥാപനം എത്രത്തോളം ധാര്‍മികതയ്ക്കു പ്രാധാന്യം കൊടുക്കുന്നു എന്നതിന്റെ തെളിവുകളാണ്.

ധാര്‍മികസംസ്‌കാരം
വളര്‍ത്തിയെടുക്കല്‍

ജീവനക്കാരാണ് ഓരോ സ്ഥാപനത്തിന്റെയും നട്ടെല്ല്. ഭരണതലത്തില്‍ എത്രയൊക്കെ ധാര്‍മിക നയരൂപവത്കരണമുണ്ടായാലും അത് ഉപഭോക്താവിലേക്ക് എത്തിക്കേണ്ടത് ഓരോ ധനകാര്യസ്ഥാപനത്തിലെയും ജീവനക്കാരാണ്. സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം എന്ന നിലയില്‍ ഓരോ ഇടപാടിലും പുലര്‍ത്തേണ്ട സൂക്ഷ്മതയും ഉത്തരവാദിത്തത്തെക്കുറിച്ചുള്ള അവബോധവും ഓരോ ജീവനക്കാരനുമുണ്ടായിരിക്കണം. ധാര്‍മികത എങ്ങനെ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാം എന്നതിനു ഊന്നല്‍ നല്‍കുന്ന പരിശീലന പരിപാടികള്‍, സ്ഥാപനത്തില്‍ നടപ്പാക്കുന്ന ഓരോതരം മാനവവിഭവശേഷി വികസന പദ്ധതിയിലും ധാര്‍മികതയ്ക്കു കൂടുതല്‍ പ്രാധാന്യം നല്‍കല്‍, ജീവനക്കാരുടെ പെരുമാറ്റച്ചട്ടം കൃത്യമായി നടപ്പാക്കല്‍, ജീവനക്കാരുടെ പ്രൊമോഷനും ശമ്പള വര്‍ധനവും നടപ്പാക്കുമ്പോള്‍ ധാര്‍മികമായ പെരുമാറ്റത്തിനു പ്രാധാന്യം നല്‍കല്‍ എന്നിങ്ങനെ ഒരു ജീവനക്കാരനെ തിരഞ്ഞെടുക്കുന്നതു മുതല്‍ വിരമിക്കുന്നതുവരെയുള്ള ദീര്‍ഘ കാലഘട്ടത്തില്‍ കൃത്യമായ ഇടവേളകളില്‍ ആവശ്യമായ ഇടപെടല്‍ നടത്തി ധാര്‍മികതയില്‍ നിന്നു വ്യതിചലിക്കാതെയുള്ള ഒരു സ്ഥാപനസംസ്‌കാരം ജീവനക്കാരില്‍ വളര്‍ത്തിയെടുക്കാന്‍ ഓരോ സാമ്പത്തിക സ്ഥാപനത്തിനും സാധിക്കണം.

പുറംലോകത്തെ
ഉപഭോക്താക്കള്‍

ധനകാര്യസ്ഥാപനങ്ങളുടെ പുറംലോകം പ്രധാനമായും ഉപഭോക്താക്കളില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. അവരെക്കൂടാതെ സ്ഥാപനത്തിനാവശ്യമായ മറ്റു സേവനങ്ങള്‍ നല്‍കുന്നവര്‍, പ്രാദേശിക സര്‍ക്കാരുകള്‍, പൊതുസമൂഹം തുടങ്ങിയവരും സ്ഥാപനത്തിന്റെ ധാര്‍മികത നിലനിര്‍ത്താന്‍ നേരിട്ടോ അല്ലാതെയോ ഇടപെടുന്നവരാണ്. ഇവരില്‍ ഏറ്റവും പ്രധാന ഘടകമായ ഉപഭോക്താവിന്റെ തിരഞ്ഞെടുപ്പും അവരെ നിലനിര്‍ത്തലും ചില ധാര്‍മികവശങ്ങളുടെ അടിസ്ഥാനത്തിലായാല്‍ നന്ന്. ധനകാര്യസ്ഥാപനങ്ങള്‍ സേവനങ്ങള്‍ നല്‍കുന്നതിനുമുമ്പ് താഴെ കൊടുത്തിട്ടുള്ള ചോദ്യങ്ങള്‍ സ്വയം ചോദിക്കുന്നതു അഭികാമ്യമാവും.

1. ഓരോ ധനകാര്യസ്ഥാപനവും ഏതൊക്കെത്തരം പ്രോജക്ടുകള്‍ക്കാണു വായ്പ അനുവദിക്കുന്നത്? അനുവദിക്കപ്പെട്ട ആവശ്യങ്ങള്‍ക്കുവേണ്ടിത്തന്നെയാണോ വായ്പത്തുക ഉപയോഗപ്പെടുത്തുന്നത്?
2. സ്ഥാപനം അനുവദിച്ച വായ്പത്തുക സാമൂഹിക വിപത്തുകള്‍ക്കോ പാരിസ്ഥിതിക ചൂഷണത്തിനോ കാരണമാകുന്ന ബിസിനസ് നിക്ഷേപങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നുണ്ടോ?
3. വായ്പ അനുവദിച്ച് ദീര്‍ഘകാലത്തിനുശേഷം അത്തരം ബിസിനസ് സംരംഭങ്ങളുടെ പ്രവര്‍ത്തനമേഖലകള്‍ ഏതൊക്കെയാണെന്നും അവ സ്ഥാപനത്തിന്റെ നയങ്ങള്‍ക്കു നിരക്കാത്തതാണോ എന്നും പരിശോധിക്കാറുണ്ടോ?
4. ധനകാര്യസ്ഥാപനങ്ങള്‍ നിക്ഷേപകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനായി എന്തൊക്ക മാര്‍ഗങ്ങളാണു സ്വീകരിക്കുന്നത്? നിക്ഷേപകര്‍ക്കു കാലാകാലങ്ങളില്‍ അവരുടെ നിക്ഷേപത്തുകയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാറുണ്ടോ? എപ്പോള്‍ വേണമെങ്കിലും നിക്ഷേപങ്ങള്‍ പിന്‍വലിക്കത്തക്കവിധത്തില്‍ അവരുടെ നിക്ഷേപത്തുക ഭദ്രമാണോ?
5. ഓരോ സംസ്ഥാനത്തും നിലനില്‍ക്കുന്ന സാമ്പത്തിക ക്രയവിക്രിയ നിയമങ്ങള്‍ക്കും രാജ്യമൊന്നാകെ പാലിക്കേണ്ട സാമ്പത്തിക പെരുമാറ്റച്ചട്ടത്തിനുമനുസരിച്ച് എല്ലാ ധനകാര്യസ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടോ? കരുതല്‍ധനാനുപാതം, നിക്ഷേപകരുടെ അവകാശങ്ങള്‍ മുതലായവ എത്രത്തോളം പാലിക്കപ്പെടുന്നുണ്ട്? ഇലക്ട്രോണിക് ക്രയവിക്രിയങ്ങളുടെ സുതാര്യത ഉറപ്പാക്കപ്പെടുന്നുണ്ടോ?
6. വായ്പ അനുവദിക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ?
7. ധനകാര്യസ്ഥാപനങ്ങളുടെ ഓഡിറ്റിങ് നടത്തേണ്ട ഉന്നതാധികാരികള്‍ നിഷ്പക്ഷമായും ഉപേക്ഷ കൂടാതെയും സമയബന്ധിതമായും അത്തരം പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാറുണ്ടോ?
8. രാഷ്ട്രീയ അതിപ്രസരവും സ്വജനപക്ഷപാതവും ഭരണത്തിലുള്ള അനാവശ്യ ഉന്നത ഇടപെടലുകളും സാമ്പത്തിക സുതാര്യതയ്ക്കു വിഘാതമാവാറുണ്ടോ?
9. വായ്പ അനുവദിക്കുന്നതില്‍ സാധാരണ ധനകാര്യസ്ഥാപനങ്ങള്‍ മാനദണ്ഡമായി സ്വീകരിക്കുന്ന സിംഗിള്‍ ബോട്ടംലൈന്‍ അനാലിസിസിന് ( സാമ്പത്തിക സുരക്ഷാ മാനദണ്ഡം ) ഉപരിയായി വിദേശരാജ്യങ്ങളിലേതുപോലെ ട്രിപ്പിള്‍ ബോട്ടംലൈന്‍ അനാലിസിസ് ( പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക മാനദണ്ഡങ്ങള്‍ ) നടപ്പാക്കാറുണ്ടോ?
10. ഓരോ ധനകാര്യസ്ഥാപനവും നിക്ഷേപകരില്‍ നിന്നു നിക്ഷേപമായി സ്വീകരിച്ചിരിക്കുന്ന പണം ഏതെല്ലാം മേഖലകളിലും സംരംഭങ്ങളിലുമാണു നിക്ഷേപിച്ചിരിക്കുന്നത്? അവ എത്രത്തോളം സുരക്ഷിതമാണ്? ഇത്തരം പുനര്‍നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ യഥാര്‍ഥ നിക്ഷേപകര്‍ക്കു ലഭ്യമാണോ?

ധനകാര്യസ്ഥാപനങ്ങളിലെ സാമ്പത്തിക ധാര്‍മികത ഒന്നോ രണ്ടോ ദിവസംകൊണ്ട് ഉരുത്തിരിഞ്ഞുവരേണ്ട ഒന്നല്ല. ഓരോ വ്യക്തിയിലും ധാര്‍മികതയും ജീവിതമൂല്യങ്ങളും കാലാകാലങ്ങളായി രൂപപ്പെട്ടുവരേണ്ടതാണ് എന്ന് അനുമാനിക്കുന്നതുപോലെത്തന്നെ സ്ഥാപനങ്ങളിലെ ധാര്‍മികതയും ദീര്‍ഘകാലത്തെ പ്രവര്‍ത്തനപാഠങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞുവരേണ്ടതും സ്ഥാപനസംസ്‌കാരത്തിന്റെ ഭാഗമായി വളര്‍ന്നു വികാസം പ്രാപിക്കേണ്ടതുമാണ്. അതു നയരൂപവത്കരണത്തില്‍ നിന്നു തുടങ്ങി ഓരോ മാനേജ്‌മെന്റ് തലത്തിലൂടെയും സഞ്ചരിച്ച് സേവനദാതാക്കളായ ജീവനക്കാരിലൂടെ യഥാര്‍ഥ ഉപഭോക്താവിലേക്ക് എത്തിച്ചേരുമ്പോഴേ പൂര്‍ണത കൈവരിക്കൂ.

സാമ്പത്തികധാര്‍മികതയെക്കുറിച്ച് ചാണക്യന്റെ നീതിശാസ്ത്രത്തില്‍ എഴുതിയിരിക്കുന്ന കുറിപ്പുകള്‍ നമ്മുടെ ധനകാര്യസ്ഥാപനങ്ങള്‍ ഓര്‍ക്കുന്നതു നന്ന്. ‘ ജീവിതത്തില്‍ പണവും വിജയവും കൈവരിക്കാന്‍ ഒരിക്കലും അനീതിയുടെ പാത തിരഞ്ഞെടുക്കരുത്. അതു ലാഭത്തേക്കാളേറെ നഷ്ടത്തിലേക്കു നയിക്കുന്നു. അതിനാല്‍ സമ്പത്തു നേടുന്ന രീതിയില്‍ നിങ്ങള്‍ തെറ്റായ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെങ്കിലോ ശത്രുക്കളുമായി കൈകോര്‍ക്കേണ്ടിവരുന്നെങ്കിലോ അതൊഴിവാക്കുന്നതാണ് അഭികാമ്യം ‘. ഈ ചാണക്യസൂത്രം നമ്മുടെ ധനകാര്യസ്ഥാപനങ്ങള്‍ക്കും വഴികാട്ടിയാകുമെന്നു പ്രതീക്ഷിക്കാം.

[mbzshare]

Leave a Reply

Your email address will not be published.