നിരഞ്ജൻ രാജിനു സഹകരണ സമൂഹത്തിന്റെ ഹൃദ്യമായ യാത്രയയപ്പ്.
നിരഞ്ജൻ രാജിനു സഹകരണ സമൂഹം ഒന്നടങ്കം ഹൃദ്യമായ നന്ദി രേഖപ്പെടുത്തി.കണ്ണൂർ ഇൻസ്റ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് സ്റ്റഡീസ് ഡെപ്യൂട്ടി ഡയറക്ടറായിരുന്ന നിരഞ്ജൻ രാജ് അറസ് ഔദ്യോഗിക ജീവിതത്തിൽ നിന്നും ഇന്നലെ വിരമിച്ചു. മൈസൂർ സ്വദേശിയായ അദ്ദേഹം അകക്കണ്ണിന്റെ വെളിച്ചത്തിലാണ് കാലമത്രയും സേവനമനുഷ്ഠിച്ചത്. പതിനൊന്നാം വയസ്സുവരെ കാഴ്ച ഉണ്ടായിരുന്ന അദ്ദേഹത്തിന് പിന്നീട് കാഴ്ച നഷ്ടപ്പെടുകയായിരുന്നു. എന്നാൽ തോറ്റു പിന്മാറാതെ പൊരുതിയ അദ്ദേഹം പിന്നീട് മൈസൂർ സർവ്വകലാശാലയിൽ നിന്ന് എം.എ( സഹകരണം) ഒന്നാം റാങ്കോടെ വിജയിച്ചു. സഹകരണമേഖലയ്ക്ക് ഒട്ടേറെ സംഭാവനകൾ നല്കിയിട്ടുള്ള അദ്ദേഹത്തിന് സഹകരണ മേഖല ഒന്നടങ്കമാണ് കഴിഞ്ഞദിവസം ഓൺലൈനിലൂടെയും മറ്റും യാത്രയയപ്പ് നൽകിയത്. അദ്ദേഹത്തിന്റെ സേവനങ്ങൾക്കുള്ള അംഗീകാരമായിരുന്നു സാമൂഹ്യമാധ്യമങ്ങളിലുള്ള ചർച്ചകൾ. പൊതുസമൂഹത്തിനും സഹകരണമേഖലയ്ക്കും നൽകിയ വലിയ സംഭാവനകൾക്ക് മൂന്നാംവഴിയും സഹകരണ സമൂഹത്തിൻ ഒപ്പം നന്ദി രേഖപ്പെടുത്തുന്നു.