കേരള ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ് സെപ്റ്റംബർ 25ന്: കോഴിക്കോട് ജില്ല പട്ടികജാതി/ പട്ടികവർഗ സംവരണം : പത്തനംതിട്ട, എറണാകുളം, കണ്ണൂർ വനിതാസംവരണ ജില്ലകൾ.

adminmoonam

കേരള ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ് സെപ്റ്റംബർ 25ന് നടത്താൻ വിജ്ഞാപനമായി. കോഴിക്കോട് ജില്ല പട്ടികജാതി/ പട്ടികവർഗ സംവരണമാണ്. പത്തനംതിട്ട, എറണാകുളം, കണ്ണൂർ എന്നിവയാണ് വനിതാസംവരണ ജില്ലകൾ. കേരള സംസ്ഥാന സഹകരണ ബാങ്ക്( കേരള ബാങ്ക്) തിരഞ്ഞെടുപ്പ് സെപ്റ്റംബർ 25 നടത്തുന്നത് സംബന്ധിച്ച് വിജ്ഞാപനം സംസ്ഥാന സഹകരണ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ പുറത്തിറക്കി. രാവിലെ 10 മുതൽ 4 വരെയാണ് തിരഞ്ഞെടുപ്പ് നടക്കുക. മലപ്പുറം ഒഴികെയുള്ള 13 ജില്ലകളിലായി തിരഞ്ഞെടുപ്പ് നടക്കും. വിജ്ഞാപനത്തിൽ ഒരിടത്തും കേരള ബാങ്ക് എന്ന പദം ഉപയോഗിക്കുന്നില്ല.


പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളിൽ നിന്നായി 14 പ്രതിനിധികളും അർബൻ സഹകരണ ബാങ്കുകളിൽ നിന്നായി ഒരു പ്രതിനിധിയും ഉൾപ്പെടെ 15 പേരെയാണ് തിരഞ്ഞെടുക്കേണ്ടത്. നിലവിൽ മലപ്പുറം ജില്ല, സംസ്ഥാന സഹകരണ ബാങ്കിൽ ലഭിക്കാത്ത സാഹചര്യത്തിൽ മലപ്പുറം ഒഴികെയുള്ള 13 ജില്ലകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതുകൊണ്ടുതന്നെ പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളിൽ നിന്ന് നിലവിൽ 13 പ്രതിനിധികളെയാണ് ഇപ്പോൾ തിരഞ്ഞെടുക്കുന്നത്.

പട്ടികജാതി പട്ടികവർഗ്ഗ സംവരണ മണ്ഡലം ആയി കോഴിക്കോട് ജില്ലയേയും വനിതാസംവരണം ആയി പത്തനംതിട്ട, എറണാകുളം, കണ്ണൂർ ജില്ലകളെയും തിരഞ്ഞെടുത്തു. സഹകരണ സംഘം രജിസ്ട്രാർ ഓഫീസിലെ ക്രെഡിറ്റ് വിഭാഗം അഡീഷണൽ രജിസ്ട്രാർ ആണ് ഇലക്ടറൽ ഓഫീസർ. തിരുവനന്തപുരം ജില്ലാ ജോയിന്റ് രജിസ്ട്രാർ( ഭരണം) ആണ് വരണാധികാരി. 13 നാണ് ഇതു സംബന്ധിച്ച വിജ്ഞാപനം സംസ്ഥാന സഹകരണ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എസ്. എച്ച്. ജയ്കേശൻ പ്രസിദ്ധീകരിച്ചത്.


പ്രാഥമിക വോട്ടർ പട്ടിക മറ്റന്നാൾ രാവിലെ 11ന് സംസ്ഥാന സഹകരണ ബാങ്ക് ഹെഡ് ഓഫീസിലും പഴയ ജില്ലാ ബാങ്ക് ഹെഡ് ഓഫീസ് കളിലെ നോട്ടീസ് ബോർഡിലും പ്രസിദ്ധീകരിക്കും.അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത് ഈ മാസം 27 നാണ്. രാവിലെ 11 മണിക്ക് സംസ്ഥാന സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസിലും, റീജിയണൽ ഓഫീസുകളിലും പഴയ ജില്ലാ ബാങ്ക് ഹെഡ് ഓഫീസ്കളിലെ നോട്ടീസ് ബോർഡിലും പ്രസിദ്ധീകരിക്കും. നാമനിർദ്ദേശപത്രിക സെപ്റ്റംബർ ഏഴിന് രാവിലെ 11 മണി മുതൽ ഒരു മണി വരെ സ്വീകരിക്കും. പഴയ ജില്ലാ ബാങ്ക് ഫെഡ് ഓഫീസുകളിലാണ് സ്വീകരിക്കുക.

വിജ്ഞാപനം നാളെ പത്രങ്ങളിൽ പ്രസിദ്ധീകരിക്കും. മലപ്പുറം ജില്ല ഒഴികെയുള്ള ജില്ലകളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തിരഞ്ഞെടുപ്പും തിരഞ്ഞെടുപ്പ് പ്രക്രിയകളും നടത്തേണ്ടതെന്ന് വിജ്ഞാപനത്തിൽ പ്രത്യേകം പറയുന്നുണ്ട്.

Leave a Reply

Your email address will not be published.

Latest News