കേരളബാങ്കിനോട് രജിസ്ട്രാര്‍ -‘ഈ നിലപാട് തിരുത്തണം’
– കിരണ്‍ വാസു
വായ്പേതര സഹകരണ സംഘങ്ങളുടെ നിക്ഷേപത്തിനു കേരള ബാങ്ക് നല്‍കേണ്ട
പലിശ സംബന്ധിച്ചുള്ള ആശയക്കുഴപ്പം ഇനിയുംഅവസാനിച്ചിട്ടില്ല. എല്ലാ സംഘങ്ങള്‍ക്കും ഒരേ പലിശനല്കണം എന്നാവശ്യപ്പെട്ട് സഹകരണ സംഘം രജിസ്ട്രാര്‍ നല്കിയ നിര്‍ദേശം നടപ്പാകാതെ നീളുകയാണ്.
വായ്പേതര സഹകരണ സംഘങ്ങളുടെ നിക്ഷേപത്തിനു നല്‍കേണ്ട പലിശ സംബന്ധിച്ച് നിലനില്‍ക്കുന്ന ആശയക്കുഴപ്പം നിര്‍ണായകമായ ഒരുഘട്ടത്തിലാണ് എത്തിനില്‍ക്കുന്നത്. സഹകരണ സംഘങ്ങളുടെ ആശങ്ക ന്യായമാണെന്നും കേരള ബാങ്കിന്റെ നിലപാട് സഹകരണ മേഖലയെ പ്രതിസന്ധിയിലാക്കുന്നതാണെന്നുമുള്ള നിഗമനത്തിലാണു സഹകരണ സംഘം രജിസ്ട്രാര്‍. അതിനാല്‍, നിലപാട് തിരുത്തണമെന്ന നിര്‍ദേശം രജിസ്ട്രാര്‍ കേരള ബാങ്കിനു നല്‍കിയിട്ടുണ്ട്. അതേസമയം, ഈ നിര്‍ദേശം ഇതുവരെ കേരള ബാങ്ക് നടപ്പാക്കിയിട്ടില്ല. അതിനു കേരള ബാങ്കിനു ചില ന്യായീകരണങ്ങളുണ്ട്. വാണിജ്യ ബാങ്കുകള്‍ നല്കുന്നതിനേക്കാള് ഒരു ശതമാനം അധികം പലിശയാണു സഹകരണ ബാങ്കുകള്‍ നല്‍കുന്നത്. സഹകരണ സംഘങ്ങള്‍ ഇതിലും അധികമാണു നല്‍കുന്നത്. സംഘങ്ങള്‍ വ്യക്തികള്‍ക്കു നല്കുന്ന പലിശ കേരള ബാങ്ക് സംഘങ്ങള്‍ക്കു നല്കേണ്ടിവന്നാല് ബാങ്കിങ് രംഗത്തു മറ്റു വാണിജ്യ ബാങ്കുകളോടു പിടിച്ചുനില്ക്കാന് കേരള ബാങ്കിനു കഴിയാതെ വരും. ഈ പ്രതിസന്ധിക്ക് എങ്ങനെ പരിഹാരം കാണുമെന്നതാണു കേരള ബാങ്കിന്റെ ചോദ്യം.
രണ്ടു വര്‍ഷത്തിലേറെയായി മിസലേനിയസ് സഹകരണ സംഘങ്ങള്‍ നിരന്തരം ഉന്നയിക്കുന്ന ഒരു പരാതിയാണ് ഇപ്പോള്‍ രജിസ്ട്രാറുടെ തീര്‍പ്പില്‍ എത്തിയിട്ടുള്ളത്. കേരള ബാങ്കില്‍ പ്രാഥമിക സഹകരണ ബാങ്കുകളും അര്‍ബന്‍ ബാങ്കുകളുമാണ് എ-ക്ലാസ് അംഗങ്ങള്‍. മറ്റു സഹകരണ സംഘങ്ങള്‍ നോമിനല്‍ അംഗങ്ങള്‍ മാത്രമാണ്. സഹകരണ സംഘങ്ങളുടെയും ബാങ്കുകളുടെയും പലിശ നിശ്ചയിക്കുന്നതു സഹകരണ സംഘം രജിസ്ട്രാറുടെ അധ്യക്ഷതയിലുള്ള ഉപസമിതിയാണ്. ഈ സമിതി പലിശ നിശ്ചയിക്കുമ്പോള്‍ പ്രാഥമിക സംഘങ്ങളെ വായ്പാ സംഘങ്ങളെന്നും വായ്പേതര സംഘങ്ങളെന്നും രണ്ടു രീതിയില്‍ കണക്കാക്കുന്നില്ല. എല്ലാ പ്രാഥമിക സഹകരണ സംഘങ്ങളെയും ഒറ്റ വിഭാഗമായാണു പരിഗണിക്കുന്നത്. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കു പരമാവധി ഏഴു ശതമാനം പലിശനിരക്കില്‍ വ്യക്തികളില്‍നിന്നു നിക്ഷേപം സ്വീകരിക്കാമെന്നാണു സഹകരണ പലിശ നിര്‍ണയ സമിതി നിശ്ചയിച്ചത്. ഇതില്‍ പ്രാഥമിക വായ്പാ സഹകരണ സംഘങ്ങള്‍, പ്രാഥമിക സഹകരണ ബാങ്കുകള്‍ എന്നിവ സംസ്ഥാന സഹകരണ ബാങ്കില്‍ (കേരള ബാങ്ക്) നിക്ഷേപിക്കുമ്പോള്‍ അവ നിക്ഷേപകര്‍ക്കു നല്കുന്ന അതേ നിരക്കില്‍ പലിശ നല്‍കണമെന്നും സമിതി നിശ്ചയിച്ചു. മറ്റു സംഘങ്ങള്‍ക്ക് ഏതു നിരക്കില്‍ നല്‍കണമെന്ന പ്രത്യേക വ്യവസ്ഥ നിര്‍ദേശിച്ചുമില്ല. സാധാരണരീതിയില്‍ എല്ലാ പ്രാഥമിക സംഘങ്ങളുടെയും നിക്ഷേപത്തിന് ഒരേ പലിശയാണ് അപക്സ് ബാങ്ക് നല്‍കിയിരുന്നത്. ജില്ലാ ബാങ്കുകളായിരുന്നപ്പോള്‍ ഇതായിരുന്നു രീതി. കേരള ബാങ്ക് അപക്സ് ബാങ്കായപ്പോള്‍ പ്രാഥമിക സംഘങ്ങളെ രണ്ടു തരത്തിലാക്കി. എ-ക്ലാസ് അംഗങ്ങളല്ലാത്ത വായ്പേതര സംഘങ്ങള്‍ക്ക് അവയുടെ നിക്ഷേപത്തിനു കുറഞ്ഞ പലിശയും നിശ്ചയിച്ചു. ഇവിടെയാണു പ്രശ്നങ്ങള്‍ തുടങ്ങുന്നത്.
കടംകയറിയപ്പോള്‍
കര്‍മ സമിതി
സംസ്ഥാനത്തു 1607 സംഘങ്ങള്‍ മാത്രമാണു കേരള ബാങ്കിന്റെ എ-ക്ലാസ് അംഗങ്ങളായ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളുടെ വിഭാഗത്തിലുള്ളത്. ഭൂരിപക്ഷം വരുന്ന വായ്പേതര സംഘങ്ങള്‍ക്ക് ഈ പരിഗണനയില്ല. എല്ലാ സംഘങ്ങളും ഏഴു ശതമാനം പലിശനിരക്കിലാണു നിക്ഷേപം സ്വീകരിക്കുന്നത്. അതിനാണു രജിസ്ട്രാര്‍ അനുമതി നല്‍കിയിട്ടുള്ളത്. ഇങ്ങനെ സ്വീകരിച്ച നിക്ഷേപം, വായ്പച്ചെലവു കഴിഞ്ഞ് ബാക്കി കേരള ബാങ്കിലാണ് എല്ലാ പ്രാഥമിക സംഘങ്ങളും നിക്ഷേപിക്കേണ്ടത്. ഈ നിക്ഷേപത്തിനു കേരള ബാങ്ക് രണ്ടു തരത്തിലാണ് പലിശ കണക്കാക്കിയത്. എ-ക്ലാസ് അംഗങ്ങളായ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് ഏഴു ശതമാനംതന്നെ നല്‍കും. എ-ക്ലാസ് അംഗങ്ങളല്ലാത്ത മറ്റു സംഘങ്ങള്‍ക്കു 6.25 ശതമാനമാണു നല്‍കുക. അതായത്, വായ്പേതര സംഘങ്ങള്‍ വാങ്ങിയ ഓരോ നൂറുരൂപ നിക്ഷേപത്തിനും 0.25 ശതമാനം കടബാധ്യതയുണ്ടാകുമെന്നര്ഥം. കേരള ബാങ്ക് നിലവില്‍വന്നു രണ്ടു വര്‍ഷവും ഇങ്ങനെ കടം കയറിക്കൊണ്ടിരുന്നപ്പോഴാണു മിസലേനിയസ് സംഘങ്ങളെല്ലാം സംഘടിച്ചത്. അവര്‍ ഈ പ്രശ്നത്തിനു പരിഹാരം തേടി ആക്ഷന്‍ കൗണ്‍സിലുണ്ടാക്കി.
നെല്ലിമൂട് പ്രഭാകരന് ചെയര്‍മാനും കരുംകുളം വിജയകുമാര്‍ കണ്‍വീനറുമായ മിസലേനിയസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ഷന്‍ കൗണ്‍സില്‍ എന്ന സംഘടനയ്ക്കു പ്രത്യേകിച്ച് രാഷ്ട്രീയ ലക്ഷ്യമൊന്നുമുണ്ടായിരുന്നില്ല. പ്രാഥമിക വായ്പേതര സംഘങ്ങളുടെ നിലനില്പ് അപകടത്തിലാക്കുന്ന പലിശനിര്‍ണയ രീതി അവസാനിപ്പിക്കണമെന്നതായിരുന്നു അവരുടെ ആവശ്യം. ഈ ആവശ്യം മാത്രം മുന്‍നിര്‍ത്തി ഒരു സംഘടന രൂപപ്പെടണമെങ്കില്‍ അതിന്റെ പിന്നില്‍ നടന്ന കാര്യങ്ങള്‍ക്ക് എത്രമാത്രം തീക്ഷണതയുണ്ടാകുമെന്നു ബോധ്യപ്പെടാവുന്നതേയുള്ളൂ. സംഘടനാ ഭാരവാഹികള്‍ സഹകരണ മന്ത്രി, സഹകരണ സംഘം രജിസ്ട്രാര്‍, കേരള ബാങ്ക് അധികൃതര്‍ എന്നിവര്‍ക്കെല്ലാം നിവേദനം നല്കി. ഈ പ്രശ്നത്തിന്റെ അപകടം ബോധ്യപ്പെടുത്തി. ഇതു തിരുത്തേണ്ടതാണെന്ന അഭിപ്രായമാണ് എല്ലാവരും പങ്കുവെച്ചത്. കേരള ബാങ്ക് അധികൃതര്‍ക്കടക്കം മറ്റൊരു അഭിപ്രായമുണ്ടായിരുന്നില്ല. എന്നിട്ടും, പലിശ സംരക്ഷണത്തിനുള്ള തീരുമാനമുണ്ടായില്ല. സെക്രട്ടറിയേറ്റ് നടയില്‍ സംഘം പ്രതിനിധികളുടെ വലിയൊരു പ്രതിഷേധം സംഘടിപ്പിച്ചു. കേരളത്തിലെ എല്‍.ഡി.എഫ്.- യു.ഡി.എഫ്. രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്യുന്ന നേതാക്കള്‍ ഈ സമരത്തിന്റെ ഭാഗമായി ഒത്തുചേര്‍ന്നു. നീതീകരണമില്ലാത്ത നടപടി എന്നാണു സി.ഐ.ടി.യു. സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന് ഈ പ്രശ്നത്തെ വിശേഷിപ്പിച്ചത്. ഇതിനെല്ലാം അവസാനമെന്നോണമാണു സഹകരണ സംഘം രജിസ്ട്രാറുടെ നിര്‍ണായകമായ തീരുമാനം ഉണ്ടാകുന്നത്.
രജിസ്ട്രാര്‍
നിര്‍ദേശിച്ചത്
സഹകരണ പലിശനിര്‍ണയ ഉപസമിതി കണ്‍വീനര്‍ കൂടിയായ സഹകരണ സംഘം രജിസ്ട്രാര്‍ കേരള ബാങ്ക് സി.ഇ.ഒ.യ്ക്കാണു മിസലേനിയസ് സൊസൈറ്റികളുടെ നിക്ഷേപം സംബന്ധിച്ച പ്രശ്നത്തില്‍ അടിയന്തര നടപടി വേണമെന്നു ചൂണ്ടിക്കാട്ടി കത്തു നല്‍കിയത്. ലാഭം നോക്കിയുള്ള കേരള ബാങ്കിന്റെ നിലപാട് സഹകരണ മേഖലയില്‍ ഗുരുതരമായ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ടെന്നാണ് ഈ കത്തില്‍ രജിസ്ട്രാര്‍ ചൂണ്ടിക്കാട്ടുന്നത്. എല്ലാ പ്രാഥമിക സഹകരണ സംഘങ്ങളുടെയും നിക്ഷേപത്തിന് ഒരേ പലിശ നല്‍കണമെന്നും ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രാഥമിക സംഘങ്ങളെ രണ്ടു തട്ടിലാക്കി പലിശ നല്കുന്ന കേരള ബാങ്കിന്റെ നിലപാടിനെ രജിസ്ട്രാര്‍ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. രജിസ്ട്രാറുടെ കത്തിന്റെ ഉള്ളടക്കം ഇതാണ് : ‘ കേരള ബാങ്ക് രൂപവത്കരണത്തിനു മുമ്പു സംസ്ഥാനത്തെ എല്ലാ സഹകരണ സംഘങ്ങളും അവരുടെ ഫിനാന്‍സിങ് ബാങ്കായ ജില്ലാ സഹകരണ ബാങ്കിലായിരുന്നു നിക്ഷേപിക്കാറുള്ളത്. ഈ നിക്ഷേപത്തിനു ജില്ലാ ബാങ്കുകള്‍ പലിശ സംരക്ഷണം നല്‍കിയിരുന്നു. അതായത്, പ്രാഥമിക സംഘങ്ങള്‍ വ്യക്തിഗത നിക്ഷേപങ്ങള്‍ക്കു നല്കുന്ന പലിശതന്നെ സംഘങ്ങളുടെ നിക്ഷേപത്തിനു ജില്ലാ ബാങ്കുകളും നല്‍കും. എന്നാല്‍, കേരള ബാങ്ക് രൂപവത്കരണത്തിനു ശേഷം പലിശ സംരക്ഷണം എല്ലാതരം സംഘങ്ങള്‍ക്കും നല്കുന്നതു കേരള ബാങ്കിന്റെ ലാഭക്ഷമതയെ ബാധിക്കുമെന്നു കണക്കാക്കി നിയന്ത്രിച്ചു. എ-ക്ലാസ് അംഗങ്ങളായ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്കു മാത്രമായി പരിമിതപ്പെടുത്തുന്ന നിലപാടാണു കേരള ബാങ്ക് സ്വീകരിച്ചത്. ഇതു സംബന്ധിച്ച് നിരവധി പരാതികള്‍ സഹകരണ മന്ത്രിക്കും രജിസ്ട്രാറുടെ ഓഫീസിലും ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ബഹുഭൂരിപക്ഷം വരുന്ന മിസലേനിയസ് സഹകരണ സംഘങ്ങള്‍ക്ക് അപക്്സ്/ ഫിനാന്‍സ് ബാങ്കായ കേരള ബാങ്കില്‍നിന്നു പലിശ സംരക്ഷണം ലഭിക്കാതെ വരുന്നതു സംസ്ഥാനത്തെ സഹകരണ മേഖലയില്‍ ഗുരുതരമായ പ്രതിസന്ധിയാണ് ഉണ്ടാക്കിയിട്ടുള്ളത്. 2022 ഫെബ്രുവരി പത്തിനു സഹകരണ സംഘം രജിസ്ട്രാര്‍ ഇറക്കിയ 05/2022 നമ്പര്‍ സര്‍ക്കുലറില്‍ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍, സര്‍വീസ് സഹകരണ ബാങ്കുകള്‍ എന്നിവ സംസ്ഥാന സഹകരണ ബാങ്കിലും ജില്ലാ സഹകരണ ബാങ്കിലും നടത്തുന്ന നിക്ഷേപത്തിന് അവ നിക്ഷേപകര്‍ക്കു നല്കിയ അതേ പലിശനിരക്ക് നല്‍കണമെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടുന്ന മള്‍ട്ടി പര്‍പ്പസ്/ മിസലേനിയസ് സഹകരണ സംഘങ്ങള്‍ ഉള്‍പ്പടെയുള്ള എല്ലാ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും അവയുടെ നിക്ഷേപങ്ങള്‍ക്കു നല്കുന്ന അതേ നിരക്കില്‍ പലിശ സംരക്ഷണം നല്‍കേണ്ടതാണ്. പലിശ നിര്‍ണയ ഉപസമതിയുടെ തീരുമാനപ്രകാരം രജിസ്ട്രാര്‍ പുറപ്പെടുവിക്കുന്ന സര്‍ക്കുലര്‍ അനുസരിച്ച് നടപടി സ്വീകരിക്കേണ്ടതാണ് ‘ .
തുടരുന്ന
അവ്യക്തത
മിസലേനിയസ് സഹകരണ സംഘങ്ങളുടെ നിക്ഷേപത്തിനും പ്രാഥമിക സഹകരണ ബാങ്കുകളുടെ നിക്ഷേപത്തിനു കണക്കാക്കുന്ന അതേ രീതിയില്‍ പലിശ നല്‍കണമെന്നു സഹകരണ സംഘം രജിസ്ട്രാര്‍ നിര്‍ദേശിച്ചിട്ടും അതു നടപ്പായിട്ടില്ല. അക്കാര്യം ഭരണസമിതി ആലോചിച്ചു തീരുമാനിക്കുമെന്നാണു കേരള ബാങ്ക് മിസലേനിയസ് കോ-ഓപ്പറേറ്റീവ് സഹകരണ സംഘം ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളെ അറിയിച്ചിട്ടുള്ളത്. ആക്ഷന്‍ കൗണ്‍സില്‍ നല്കിയ നിരവധി പരാതികളുടെയും നടത്തിയ പ്രക്ഷോഭങ്ങളുടെയും അടിസ്ഥാനത്തിലാണ് അനുകൂല തീരുമാനമുണ്ടായത്. അതു നടപ്പാക്കുന്നതില്‍ കേരള ബാങ്ക് അമാന്തം കാണിക്കുന്നതു സംഘങ്ങള്‍ക്കു വീണ്ടും നഷ്ടം വരുത്തിവെക്കുമെന്നു ചെയര്മാന് നെല്ലിമൂട് പ്രഭാകരനും കണ്‍വീനര്‍ കരുംകുളം വിജയകുമാറും പറഞ്ഞു. പലിശനിരക്ക് ഏകീകരിക്കണമെന്ന രജിസ്ട്രാറുടെ നിര്‍ദേശം പുറത്തുവന്നതിനു പിന്നാലെ കര്‍മസമിതി നേതാക്കള്‍ കേരള ബാങ്ക് ഉദ്യോഗസ്ഥരെക്കണ്ട് ആവശ്യം അറിയിച്ചു. സംഘങ്ങളുടെ പലിശ ഏകീകരണം നടപ്പാക്കുന്നതിനു ഉടന്‍ ബ്രാഞ്ചുകള്‍ക്കു നിര്‍ദേശം നല്‍കണമെന്നു കേരള ബാങ്ക് ചീഫ് ജനറല്‍ മാനേജറോട് ആവശ്യപ്പെട്ടു. ഈ ഘട്ടത്തിലാണു ഭരണസമിതി തീരുമാനം വേണമെന്ന നിലപാട് സി.ജി.എം. ഇവരെ അറിയിച്ചത്.
സംഘങ്ങളുടെ പലിശനിരക്ക് ഏകീകരിക്കാമെന്നു ജനുവരി 13 ന് കേരള ബാങ്ക് ഭരണസമിതി തീരുമാനിച്ചതാണെന്നാണു കര്‍മ സമിതി നേതാക്കള്‍ പറയുന്നത്. ഇതു നടപ്പാക്കാന്‍ പലിശനിര്‍ണയ സമിതിയുടെ അനുമതി വേണ്ടതുണ്ടെന്നു ചൂണ്ടിക്കാട്ടി രജിസ്ട്രാര്‍ക്കു കത്ത് നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ രജിസ്ട്രാറുടെ തീര്‍പ്പുണ്ടായിരിക്കുന്നത്. അതിനാല്‍, ഇനി വീണ്ടും ഭരണസമിതി യോഗത്തിന്റെ തീരുമാനം ആവശ്യമില്ല. ഒന്നര വര്‍ഷത്തോളമായി മിസലേനിയസ് സംഘങ്ങള്‍ പലിശനഷ്ടം സഹിക്കുകയാണെന്നും ഇനിയും അനാവശ്യ കാലതാമസം ഉണ്ടാക്കരുതെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. വായ്പേതര സംഘങ്ങളുടെ നിക്ഷേപപ്പലിശ സംബന്ധിച്ചുള്ള പരാതി പരിഹരിക്കപ്പെടേണ്ടതുതന്നെയാണെന്നു സഹകരണ മന്ത്രി വി.എന്‍. വാസവനും പ്രതികരിച്ചിട്ടുണ്ട്. കേരള ബാങ്കിന്റെ ‘ബി ദി നമ്പര്‍ വണ്‍’ കാമ്പയിനിന്റെ ഭാഗമായി സംഘങ്ങള്ളുടെ പ്രവര്‍ത്തനം വിലയിരുത്തി നല്കുന്ന മിനിസ്റ്റേഴ്സ് ട്രോഫി പ്രഖ്യാപനച്ചടങ്ങിലാണു മന്ത്രി ഇക്കാര്യം മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്. അനുകൂല നിലപാടുകൊണ്ടാണു രജിസ്ട്രാര്‍ അത്തരമൊരു നിര്‍ദേശം കേരള ബാങ്കിനു നല്‍കിയത്. അതില്‍ ഉടന്‍ നടപടിയുണ്ടാകുമെന്നാണു മന്ത്രി വിശദീകരിച്ചത്.
അതേസമയം, പലിശ ഉയര്‍ത്തുന്ന കാര്യത്തില്‍ കേരള ബാങ്ക് ചില ആശങ്ക പങ്കുവെക്കുന്നുണ്ട്. നിക്ഷേപത്തിനു വാണിജ്യ ബാങ്കുകള്‍ നല്കുന്നതിനേക്കാള് ഒരു ശതമാനത്തിലധികമാണു സഹകരണ ബാങ്കുകള്‍ നല്കുന്ന പലിശ. ഇത്തരത്തില്‍ ഉയര്‍ന്ന നിരക്കില്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ സ്വീകരിക്കുന്ന നിക്ഷേപത്തിന് ഉയര്‍ന്ന പലിശ നല്‍കേണ്ട ബാധ്യത കേരള ബാങ്കിനു വരുമ്പോള്‍ അതു ഭാവിയില്‍ വലിയ സാമ്പത്തിക പ്രതിസന്ധിക്കു വഴിവെക്കുമെന്നാണു കേരള ബാങ്ക് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്. നിക്ഷേപത്തിന് ഉയര്‍ന്ന പലിശനിരക്ക് നല്കേണ്ടിവരുമ്പോള് വായ്പയ്ക്കും ഉയര്‍ന്ന പലിശനിരക്ക് ഈടാക്കേണ്ടിവരും. ഇതു നല്ല വായ്പക്കാരെ, പ്രത്യേകിച്ച് കോര്‍പ്പറേറ്റ്-വ്യവസായ സംരംഭകരെ, കേരള ബാങ്കില്‍ നിന്നകറ്റും. ഇതു വാണിജ്യ ബാങ്കുകളോടുള്ള കേരള ബാങ്കിന്റെ മത്സരക്ഷമത കുറയ്ക്കും. എ-ക്ലാസ് അംഗങ്ങളെന്ന നിലയില്‍ പ്രാഥമിക സഹകരണ ബാങ്കുകളെ സംരക്ഷിക്കുമ്പോള്ത്തന്നെ കേരള ബാങ്കിന് ഈ ബാധ്യത വരുന്നുണ്ട്. ഇതിനൊപ്പം, 13,000ത്തോളം വരുന്ന മറ്റു സംഘങ്ങളുടെ ബാധ്യതകൂടി കേരള ബാങ്ക് ഏറ്റെടുക്കുന്നതു ഗുരുതരമായി ബാധിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. വായ്പേതര സംഘങ്ങളെ കേരള ബാങ്ക് സംരക്ഷിച്ചില്ലെങ്കില്‍ മറ്റേത് അപക്സ് സ്ഥാപനത്തിനാണ് അതിന്റെ ഉത്തരവാദിത്തം എന്നതാണ് ഇതിനു സഹകാരികളുടെ മറുചോദ്യം. ഈ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ രജിസ്ട്രാറുടെ പലിശ ഏകീകരണ നിര്‍ദേശം നടപ്പാകാതെ കിടക്കുകയാണ്.