വരുമാനം നിലച്ച ജീവിതവും ഇരുട്ടിലായ വിപണിയും

[mbzauthor]

 

കിരണ്‍ വാസു

(ആഗസ്റ്റ് ലക്കം 2021)

കോവിഡിന്റെ രണ്ടാം തരംഗത്തോടെ ജീവിതത്തിന്റെയും വ്യാപാരത്തിന്റെയും
സമസ്ത മേഖലകളും നമ്മളില്‍ വലിയൊരു വിഭാഗം വരുമാനം നിലച്ച
ജനതയായി മാറിക്കഴിഞ്ഞു. വരുമാനം നിന്നുപോയാല്‍ അതു വിപണിയെ
ഇരുട്ടിലാഴ്ത്തും. നിലവിലെ സാമ്പത്തിക സാഹചര്യങ്ങള്‍ പ്രതീക്ഷയ്ക്കു
ഒട്ടും വക നല്‍കുന്നില്ല.

 

കോവിഡ് രണ്ടാം തരംഗം ചെറിയ പ്രതിസന്ധിയല്ല സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കുന്നത്. വാണിജ്യ-വ്യാപാര മേഖല തകര്‍ന്നുതുടങ്ങി. ബാങ്കുകള്‍ക്കു മൊറട്ടോറിയവും ഇളവും ഇനി നല്‍കാനാവാത്ത സ്ഥിതിയിലെത്തി. സര്‍ക്കാരിനു ജനങ്ങളില്‍ പണമെത്തിക്കാനുള്ള സ്രോതസ് കുറഞ്ഞു. നികുതിവരുമാനം കുത്തനെ ഇടിഞ്ഞു. കേരളം പോലുള്ള ഒരു ഉപഭോക്തൃസംസ്ഥാനത്ത് ഇതുണ്ടാക്കുന്ന ആഘാതം ചെറുതല്ല. സര്‍ക്കാരിനു കൂടുതല്‍ നികുതിവരുമാനം ലഭിക്കുന്ന ജ്വല്ലറി, ടെക്സ്റ്റൈല്‍ എന്നിവയെല്ലാം അടഞ്ഞുകിടക്കുകയാണ്. ഇപ്പോള്‍ ചെറിയ രീതിയിലുള്ള ഇളവുണ്ടെങ്കിലും അവ കോവിഡിനു മുമ്പുള്ള കാലത്തെ കച്ചവടാവസ്ഥയിലേക്കു വരാന്‍ സമയമെടുക്കും. കട അടഞ്ഞുകിടന്ന കാലത്തെ നഷ്ടമെന്നാല്‍ വരുമാനനഷ്ടം തന്നെയാണ്. അതായതു സംസ്ഥാനത്തിന്റെ നികുതിവരുമാനത്തില്‍ കുറവ് വരികതന്നെ ചെയ്യും. സംസ്ഥാനത്തിന്റെ വരുമാനമുപയോഗിച്ച് നടത്തുന്ന ചെലവുകള്‍ ഏറിയ പങ്കും കൂടുതല്‍ വരുമാനമുണ്ടാക്കാവുന്ന വിഭാഗത്തിലേക്കല്ല ചെല്ലുന്നത്. മൊത്തം വരുമാനത്തിന്റെ 57 ശതമാനവും ചെലവിടുന്നത് ശമ്പളവും പെന്‍ഷനും നല്‍കാനാണ്. ഉയര്‍ന്ന ശമ്പളവും പെന്‍ഷനും സര്‍ക്കാര്‍ വിതരണം ചെയ്യുമ്പോള്‍ അത് അതേപോലെ തിരിച്ച് വിപണിയില്‍ എത്തുന്നില്ല. കാരണം, പെന്‍ഷന്‍ വാങ്ങുന്ന മുതിര്‍ന്ന പൗര•ാരുടെ ഉപഭോഗം കുറവാണ്. അവര്‍ ചെറുപ്പക്കാരെപ്പോലെ പുറത്തുപോയി ഭക്ഷണം കഴിക്കുന്നില്ല. സാധനങ്ങള്‍ക്കുവേണ്ടി കൂടുതല്‍ പണം ചെലവിടുന്നില്ല.

ലഭിക്കുന്ന പണം കരുതലോടെ മാത്രം ചെലവഴിക്കുന്ന ഒരവസ്ഥയിലാണു നമ്മളുള്ളത്. അതിനാല്‍, ഉയര്‍ന്ന പെന്‍ഷനും ശമ്പളവും ലഭിക്കുന്നവരും ചെലവ് പരിമിതപ്പെടുത്തും. നാളത്തെ സ്ഥിതി എന്താകുമെന്ന് ഉറപ്പില്ലാത്തതിനാല്‍ പണം നിക്ഷേപമാക്കി മാറ്റുന്ന രീതിയുണ്ടാകും. സര്‍ക്കാരിന്റെ ഭൂരിഭാഗം ചെലവും വിപണിയെ ഉത്തേജിപ്പിക്കാനാവശ്യമായ പണത്തിന്റെ തോത് ഉണ്ടാക്കുന്നതല്ല എന്നര്‍ഥം. കേരളത്തിന്റെ പ്രധാന വരുമാന സ്രോതസ് ചരക്ക് സേവന നികുതിയാണ്. അതു ലഭിക്കണമെങ്കില്‍ വിപണി ചലിക്കണം. ഉപഭോഗം കൂടണം. അതായതു , കൂടുതല്‍ ചെലവുചെയ്യുന്ന ജനങ്ങളിലേക്കു സര്‍ക്കാര്‍ പണമെത്തിക്കുമ്പോഴാണ് അതു തിരിച്ച് നികുതിയായി സര്‍ക്കാരിലേക്ക് എത്തുന്നത്. ഈ ചാക്രിക പ്രവര്‍ത്തനം ഉണ്ടാകുമ്പോഴേ കേരളം പോലുള്ള സംസ്ഥാനത്തിനു വരുമാനമുണ്ടാവുകയുള്ളൂ.

കോവിഡ് കാലത്തു കടകള്‍ അടഞ്ഞുകിടക്കുന്നു എന്നതു മാത്രമല്ല കടകളില്‍ പോയി വാങ്ങുന്ന ആവശ്യങ്ങളും ആഗ്രഹങ്ങളും ജനങ്ങളില്‍ കുറയുകയും ചെയ്തിരിക്കുന്നു. കേരളത്തിന്റെ മാത്രമല്ല, നിലവില്‍ രാജ്യത്തെ സാമ്പത്തിക സാഹചര്യങ്ങള്‍ ഒട്ടും പ്രതീക്ഷയ്ക്കു വക നല്‍കുന്നതല്ലെന്നാണു സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. സാധാരണക്കാരായ ജനങ്ങള്‍ വലിയ കഷ്ടതയും ദുരിതവുമാണ് അനുഭവിക്കുന്നത്. അവശ്യ സാധനങ്ങള്‍ വാങ്ങാന്‍പോലും പണം കൈവശമില്ലാത്ത സ്ഥിതിയാണ്. ഇടത്തരം , ചെറുകിട വ്യവസായങ്ങള്‍ തകര്‍ച്ചയിലാണ്. അതു തകരുമ്പോള്‍ ജീവനക്കാര്‍ക്കു ശമ്പളവും തൊഴിലാളികള്‍ക്കു കൂലിയും കിട്ടാത്ത സ്ഥിതിവരും. ഇതൊക്കെ വീണ്ടും കടക്കെണിയിലേക്കാണു ജനങ്ങളെ എത്തിക്കുന്നത്. ദീര്‍ഘ വീക്ഷണത്തോടെയുള്ള നടപടികളാണു രാജ്യത്ത് ആവശ്യമെന്നു വിദഗ്ധര്‍ പറയുന്നു. അതുണ്ടായില്ലെങ്കില്‍ വരാനിരിക്കുന്നതു സാമ്പത്തിക പ്രതിസന്ധിയുടെ കാലമായിരിക്കും. കോര്‍പ്പറേറ്റുകള്‍ ശക്തി പ്രാപിക്കുകയും തൊഴിലില്ലായ്മ പെരുകുകയും ചെയ്യും. വരുമാനം നിലച്ച ജനത വിപണിയെ ഇരുട്ടിലാക്കുമെന്നാണു മുന്നറിയിപ്പ്. കോര്‍പ്പറേറ്റ് വളര്‍ച്ചയുടെ തോതു വിലയിരുത്തി സാമ്പത്തിക വളര്‍ച്ചയുടെ കണക്കു നിരത്തിയിട്ട് കാര്യമുണ്ടാവില്ല. അതു സാധാരണ ജനങ്ങള്‍ക്ക് എന്തു നേട്ടമാണു നല്‍കുന്നതെന്നു പരിശോധിക്കേണ്ടതുണ്ട്. സമ്പദ് വ്യവസ്ഥയില്‍ ഒരു പ്രതിസന്ധികാലത്തെ ചുരുങ്ങലിനു ശേഷം സ്വഭാവികമായും ഉണ്ടാവുന്ന കയറ്റത്തിനപ്പുറം യഥാര്‍ഥ വളര്‍ച്ചയിലേക്കു സമ്പദ് വ്യവസ്ഥ എത്താനുള്ള സാധ്യതയില്ല. വളര്‍ച്ചയ്ക്ക് ഇനിയും വ്യക്തമായ നടപടികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ടെന്നാണു കെ.എന്‍. ഹരിലാലിനെപ്പോലുള്ള സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

സാമ്പത്തിക വളര്‍ച്ച പറഞ്ഞ് ആര്‍.ബി.ഐ.

നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ പത്തര ശതമാനം വളര്‍ച്ച നേടുമെന്നാണു റിസര്‍വ് ബാങ്കിന്റെ നിഗമനം. ഏപ്രിലില്‍ നയപ്രഖ്യാപനത്തിനിടെ റിസര്‍വ് ബാങ്കിന്റെ ധനസമിതി ഈ അഭിപ്രായം മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍, കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ കഴിഞ്ഞ മാസം വളര്‍ച്ച സംബന്ധിച്ച പ്രവചനം ഒമ്പതര ശതമാനത്തിലേക്കു കുറച്ചു. പ്രതീക്ഷിച്ച വളര്‍ച്ച ഉണ്ടാവില്ലെന്നു വിലയിരുത്തിയായിരുന്നു ഇത്. കോവിഡ് അല്ലാതെ ജി.ഡി.പി. കുറയാന്‍ മറ്റു കാരണങ്ങളൊന്നുമില്ലെന്നാണു റിസര്‍വ് ബാങ്ക് പറയുന്നത്. റേറ്റിങ് ഏജന്‍സിയായ ഐ.സി.ആര്‍.എ.യുടെ റിപ്പോര്‍ട്ടനുസരിച്ച് കോവിഡ് രണ്ടാം തരംഗത്തിനുശേഷം നിയന്ത്രണങ്ങളും ലോക്ഡൗണും എടുത്തുമാറ്റുന്നതിന്റെ ഫലമായി സാമ്പത്തികവീണ്ടെടുക്കല്‍ ശക്തി പ്രാപിച്ചിട്ടുണ്ട്. എങ്കിലും, ഇതു അപൂര്‍ണമായ നിലയിലാണെന്ന് ഐ.സി.ആര്‍.എ. പറയുന്നു. അതായതു, കോവിഡ് നിയന്ത്രണങ്ങള്‍ മാറുന്നതോടെ മുന്നേറ്റമുണ്ടാക്കുന്ന സാമ്പത്തിക സ്ഥിതിയിലാണു രാജ്യം നില്‍ക്കുന്നത് എന്നതാണ് അനുമാനം.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ രാജ്യവ്യാപകമായ ലോക്ഡൗണിന്റെ ഫലമായി 23.7 ശതമാനം കുറവാണു ജി.ഡി.പി.യിലുണ്ടായത്. 2020 – 21 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം 7.3 ശതമാനം ഇടിവുണ്ടായി. രണ്ടാം തരംഗം സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ബാധിച്ചുവെന്നു മിക്ക റേറ്റിങ് ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ ശോഷണം മറികടക്കുന്നതിനു രണ്ടാം തരംഗം കാരണമായി. എന്നാല്‍, ഇതും മറികടക്കാവുന്നതേയുള്ളൂവെന്നാണു കണക്കാക്കുന്നത്. വാക്സിനേഷന്റെ വേഗം വര്‍ധിപ്പിക്കുകയും മൂന്നാം തരംഗത്തിന്റെ പ്രത്യാഘാതം കുറയ്ക്കുകയും ചെയ്യുന്നതു സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുവരവിന് ആക്കം കൂട്ടുന്നതില്‍ നിര്‍ണായകമാവും.

കോവിഡ് വ്യാപനത്തിനിടയിലും രാജ്യത്തു വിദേശ നിക്ഷേപമുണ്ടാകുന്നുവെന്നതു പോസീറ്റീവായാണു റേറ്റിങ് ഏജന്‍സികളെല്ലാം വിലയിരുത്തുന്നത്. കോവിഡ് കാലത്തു പല കമ്പനികളും ഇന്ത്യയിലേക്കു വന്നു. അതിന്റെ സാധ്യതകള്‍ ഏറെയാണ്. പ്രധാന ബിസിനസ് ഹൗസുകളിലെല്ലാം കൂടുതല്‍ നിക്ഷേപമെത്തി. ഇതു വളര്‍ച്ചയ്ക്കു വഴിയൊരുക്കും. സമ്പദ്്‌വ്യവസ്ഥയ്ക്ക് ഊര്‍ജം ലഭിക്കാന്‍ പാകത്തില്‍ കൂടുതല്‍ നിക്ഷേപമെത്തിക്കണമെന്നാണു നിര്‍ദേശം. ഇതിനു ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തണം. അതിനുള്ള കര്‍മപദ്ധതികളാണു കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിക്കേണ്ടതെന്നും ഇത്തരം ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉത്തേജക പാക്കേജുകളും ഇളവുകളും ഈ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ളതാണ്. രാജ്യത്തു ധനപരമായ അടിസ്ഥാന സൗകര്യം ഒരുക്കുകയെന്നതാണു പ്രധാനം എന്നാണു സര്‍ക്കാര്‍ കരുതുന്നത്. വിദേശ നാണ്യം ഉയരുന്നതു സമ്പദ്‌വ്യവസ്ഥയുടെ ശക്തിയും മുന്നേറ്റവുമായി കാണണമെന്നാണു റിസര്‍വ് ബാങ്കിന്റെയും കണക്കുകൂട്ടല്‍. അതുകൊണ്ടാണു കോവിഡ് രണ്ടാം തരംഗത്തിന്റെ ആഘാതം കുറയുന്നതോടെ ആഭ്യന്തര ഉല്‍പ്പാദനത്തില്‍ വര്‍ധനവുണ്ടാകുമെന്ന നിരീക്ഷണത്തില്‍ ആര്‍.ബി.ഐ. എത്തുന്നത്.

കോവിഡ് അനുകൂലമാകുന്ന സ്ഥിതിയും ചില മേഖലകളിലുണ്ട്. ചെറുവാഹനങ്ങളുടെ വില്‍പ്പന ഗണ്യമായി കൂടിയതാണ് ഇതിലൊന്ന്. ഓണ്‍ ലൈന്‍, ഡിജിറ്റല്‍ മേഖലകള്‍ ശക്തി പ്രാപിച്ചു. ഈ രംഗത്ത് ഒട്ടേറെ പുതിയ കമ്പനികള്‍ വന്നു. കാര്‍ഷികോല്‍പ്പാദനം കൂടി. ഭക്ഷ്യ – സംസ്‌കരണ – മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍മാണ മേഖലകളില്‍ കൂടുതല്‍ സംരംഭങ്ങളുണ്ടായി. ഇതെല്ലാമാണു നേട്ടമായി പറയുന്നത്. ഇന്ത്യയുടെ മൊത്തം വാഹന ചില്ലറ വില്‍പ്പന ജൂണില്‍ മുന്‍മാസത്തെ അപേക്ഷിച്ച് നല്ല വര്‍ധനയാണു രേഖപ്പെടുത്തിയിട്ടുള്ളത്. ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ (ഫെഡ) പുറത്തുവിട്ട കണക്കുപ്രകാരം 2020 ജൂണുമായുള്ള താരതമ്യത്തില്‍ 22.6 ശതമാനം വര്‍ധനയാണു 2021 ജൂണിലുണ്ടായത്. 2020 ജൂണില്‍ 9,92,610 യൂണിറ്റുകളുടെ വില്‍പ്പനയാണു റീട്ടെയില്‍ മേഖലയിലുണ്ടായത്. 2021 ജൂണില്‍ ഇതു 12,17,151 യൂണിറ്റായി ഉയര്‍ന്നു.


കച്ചവടസ്ഥാപനങ്ങള്‍ പൂട്ടുന്നു

രണ്ടാം തരംഗത്തില്‍ ഗതിമുട്ടിപ്പോയവരാണു കേരളത്തിലെ വ്യാപാരികള്‍. കോവിഡ് കാലത്തു മാത്രം കേരളത്തില്‍ ജി.എസ്.ടി. രജിസ്ട്രേഷനുള്ള 20,000 വ്യാപാര സ്ഥാപനങ്ങള്‍ പൂട്ടി. രജിസ്ട്രേഷന്‍ റദ്ദാക്കണമെന്നു കാണിച്ച് ജി.എസ്.ടി. വകുപ്പിനു നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലുള്ള കണക്കാണിത്. പൂട്ടിപ്പോയവയില്‍ കൂടുതലും ഹോട്ടലുകളാണ്. 12,000 ഹോട്ടലുകള്‍ ഇത്തരം അപേക്ഷ നല്‍കിയിട്ടുണ്ട്. വിനോദ സഞ്ചാര മേഖലയിലെ വ്യാപാര സ്ഥാപനങ്ങള്‍, ചെറുകിട ജ്വല്ലറികള്‍, മാളുകള്‍ കേന്ദ്രീകരിച്ചും അല്ലാതെയും നടത്തുന്ന ബ്രാന്‍ഡഡ് വസ്ത്രശാലകള്‍, കരകൗശല വില്‍പ്പന ശാലകള്‍ എന്നിവയാണു മറ്റുള്ളവ. ജി.എസ്.ടി. രജിസ്ട്രേഷന്‍ റദ്ദാക്കുന്നതിനുള്ള നടപടിക്രമങ്ങളാണു ഇവരെ അലട്ടുന്ന മറ്റൊരു പ്രശ്‌നം. റദ്ദാക്കാന്‍ അനുമതി നല്‍കി വകുപ്പിന്റെ കത്തു കിട്ടിയവര്‍ക്കെല്ലാം വലിയ പിഴ ചുമത്തുകയാണ്. അപേക്ഷ നല്‍കിയാല്‍ ഒരു മാസത്തിനുള്ളില്‍ റദ്ദാക്കിയതായുള്ള അറിയിപ്പ് സ്ഥാപന ഉടമയ്ക്കു എസ്.എം.എസ്സായി ലഭിക്കും. അതിനുശേഷം മൂന്നു മാസത്തിനുള്ളില്‍ ഫൈനല്‍ റിട്ടേണ്‍ സമര്‍പ്പിക്കണമെന്നു വ്യവസ്ഥയുണ്ട്. ഇതു പലര്‍ക്കും അറിയില്ല. ഇങ്ങനെ ഫൈനല്‍ റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്കാണ് ഇപ്പോള്‍ 10,000 രൂപ പിഴയൊടുക്കണമെന്ന നോട്ടീസ് ലഭിച്ചിട്ടുള്ളത്. പിഴ ഒടുക്കിയില്ലെങ്കില്‍ ജി.എസ്.ടി.യുമായി ബന്ധിച്ച അക്കൗണ്ടില്‍നിന്നു തുകയെടുക്കുകയോ റവന്യൂ റിക്കവറി നടത്തുകയോ ചെയ്യുമെന്നു നോട്ടീസിലുണ്ട്. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്കു 50,000 രൂപ പിഴയൊടുക്കാനുള്ള വ്യവസ്ഥയും നിയമത്തിലുണ്ട്.

ഒന്നാം തരംഗത്തിലുള്ളതിനേക്കാള്‍ പ്രശ്‌നം ഇപ്പോള്‍ വ്യാപാര മേഖല നേരിടുന്നുണ്ട്. ജനങ്ങളുടെ കൈയില്‍ പണമില്ലാതായി. തൊഴില്‍ നഷ്ടമായവരും ഏറെ. ചെറുകിട സംരംഭകരെല്ലാം തകര്‍ന്നു. വിപണിയെ ചലിപ്പിക്കുന്നതു സാധാരണക്കാരന്റെയും തൊഴിലാളികളുടെയും കൈയില്‍ പണമെത്തുമ്പോഴാണ്. അത്തരം സാഹചര്യം പൂര്‍ണമായി കോവിഡ് രണ്ടാം തരംഗത്തില്‍ ഇല്ലാതായി. വാടക, ബാങ്ക് വായ്പ, ജീവനക്കാര്‍ക്കുള്ള ശമ്പളം എല്ലാം കുടിശ്ശികയാണ്. വരുമാനത്തില്‍നിന്നു ദിനേന തിരിച്ചടവ് നല്‍കുന്ന രീതിയിലാണു മിക്ക വ്യാപാരികളുടെയും വായ്പകളുള്ളത്. ഇതു മുടങ്ങിയിട്ട് മാസങ്ങളായി. ഇതെല്ലാം പൂര്‍വസ്ഥിതിയിലാക്കാന്‍ കഴിയില്ലെന്ന ബോധ്യത്തിലേക്കു കച്ചവടക്കാര്‍ എത്തിയിട്ടുണ്ട്. അത്തരത്തില്‍ നിരാശരായവര്‍ ആത്മഹത്യയില്‍ അഭയം തേടുന്നതായും വാര്‍ത്തകള്‍ വന്നുതുടങ്ങി. കര്‍ഷക ആത്മഹത്യകള്‍ കേട്ട നാട് ഇപ്പോള്‍ കച്ചവടക്കാരുടെയും ബസ് ഉടമകളുടെയും സംരംഭകരുടെയും ദുരന്തമരണങ്ങള്‍ കേട്ടുതുടങ്ങുകയാണ്. വിപണിയെ ചലിപ്പിക്കാനായില്ലെങ്കില്‍ ഇതിന്റെ ആഘാതം വലുതായിരിക്കും.

കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്നു വന്‍കിട ഹോട്ടലുകള്‍ പലതും പൂട്ടാനൊരുങ്ങുന്നുവെന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. കടബാധ്യതയാണു കാരണം. ലെമണ്‍ ട്രി ഹോട്ടല്‍സ് – 1898.97 കോടി, മഹീന്ദ്ര ഹോളിഡേയ്സ് – 1892.53 കോടി, ചാലറ്റ് ഹോട്ടല്‍സ് – 1799 കോടി, ഏഷ്യന്‍ ഹോട്ടല്‍സ് ( വെസ്റ്റ് ) – 876.39 കോടി, വെസ്റ്റ് ലൈഫ് ഡെവലപ്മെന്റ് – 758.55കോടി, ഓറിയന്റല്‍സ് ഹോട്ടല്‍സ് – 194.47 കോടി എന്നിങ്ങനെയാണു കടബാധ്യതയുടെ പുറത്തുവന്ന കണക്കുകള്‍. 2021 മാര്‍ച്ചിലെ കണക്കാണിത്. ഇടത്തരം – ചെറുകിട ഹോട്ടലുകളുടെ കണക്ക് ഇതിലൂം എത്രയോ കൂടും. കോവിഡ് രണ്ടാം തരംഗവും ബാധിച്ചതു ഹോസ്പിറ്റാലിറ്റി മേഖലയെയാണ്. ഒന്നും രണ്ടും തരംഗങ്ങള്‍ക്കിടയിലുണ്ടായ ചെറിയ കാലത്തു വിലക്കില്ലാത്ത ജീവിതഘട്ടത്തില്‍ 18 മുതല്‍ 20 ശതമാനം വരെ റൂമുകള്‍ മാത്രമാണു ഹോട്ടലുകളില്‍ പോയത് എന്നാണു കണക്ക്. അതിനു ലഭിക്കുന്ന വാടക 50 ശതമാനത്തില്‍ താഴെയായിരുന്നു.

സംരംഭകരും ബാങ്ക് വായ്പയും

സംസ്ഥാനത്തെ ചെറുകിട സംരംഭകര്‍ വര്‍ഷങ്ങളായി പ്രതിസന്ധിയുടെ നടുവിലാണ്. പിടിച്ചുനില്‍ക്കാനുള്ള പെടാപ്പാടിലായിരുന്നു അവര്‍. ഇതിനിടയിലാണു കോവിഡ് വ്യാപനമുണ്ടാകുന്നത്. അതു തരംഗമായി ആവര്‍ത്തിച്ചുവന്നതോടെ ഭൂരിഭാഗം ചെറുകിട – ഇടത്തരം സംരംഭകരുടെയും നില പരുങ്ങലിലായി എന്നുമാത്രം. ബാങ്ക് വായ്പയിലെ തിരിച്ചടവാണു സംരംഭകരെ ഏറ്റവുമധികം ബുദ്ധിമുട്ടിക്കുന്ന കാര്യം. വാടക, ജീവനക്കാരുടെ വേതനം, വില്‍പ്പന നടത്തിയ ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും പണം തിരിച്ചുകിട്ടാത്ത അവസ്ഥ, തകര്‍ന്ന വിപണന ശൃംഖല, ഓഫീസുകള്‍ പലതും അടഞ്ഞതുകൊണ്ടും കുറഞ്ഞ ജീവനക്കാരുമായി പ്രവര്‍ത്തിക്കുന്നതുകൊണ്ടും സേവനങ്ങള്‍ ലഭിക്കുന്നതിലെ കാലതാമസം, അതിനിടെ വ്യക്തിജീവിതത്തിലെ സാമ്പത്തിക ബാധ്യതകളും പ്രശ്നങ്ങളും – എല്ലാം കൊണ്ടും സംരംഭകര്‍ പൊറുതിമുട്ടുകയാണ്.

വായ്പകള്‍ പുന:ക്രമീകരിക്കാന്‍ പല ബാങ്കുകളും തയാറാകുന്നില്ലെന്നതാണ് ഉയരുന്ന പരാതി. വായ്പ തിരിച്ചടക്കാനാവാതെ ക്രെഡിറ്റ് സ്‌കോര്‍ കുറയുകയും മറ്റും ചെയ്താല്‍ സംരംഭകനെ സംബന്ധിച്ചിടത്തോളം അതൊരു താല്‍ക്കാലിക പ്രശ്നം മാത്രമാവില്ല. ബാങ്ക് വായ്പകള്‍ കിട്ടാത്ത സ്ഥിതി വരും. അതിനാല്‍, തിരിച്ചടവ് ഉറപ്പാക്കാന്‍ ഓടുന്ന സംരംഭകരാണ് അധികവും. ടൂറിസം മേഖലയിലുള്ളവര്‍ എല്ലാ പ്രതീക്ഷകളും അവസാനിച്ച അവസ്ഥയിലാണ്. ട്രാന്‍സ്‌പോര്‍ട്ട് രംഗം പൂര്‍ണമായും കൈവിട്ടു. ഹൗസ്‌ബോട്ടുകളിലും ടൂറിസം മേഖലയിലും മുതല്‍ മുടക്കിയവരും പ്രതിസന്ധിയിലാണ്. എം.എസ്.എം.ഇ.കളെ സഹായിക്കാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ പരമാവധി സഹായ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതൊന്നും പര്യാപ്തമല്ലെന്നതാണു വസ്തുത. ചുവപ്പുനാടയില്‍ കുരുക്കാതെ സര്‍ക്കാര്‍ പദ്ധതികളും നിക്ഷേപകരുടെ പദ്ധതികളും അതിവേഗം നടപ്പാക്കാനുള്ള ആര്‍ജവം ഈ സാഹചര്യത്തില്‍ ഭരണകര്‍ത്താക്കള്‍ സ്വീകരിച്ചാല്‍ മാത്രമേ സമ്പദ്‌വ്യവസ്ഥ ചലിക്കുകയുള്ളൂ.

ചെറുകിട – സഹകരണ ബാങ്കിങ് മേഖലയിലും പ്രതിസന്ധിയുണ്ടാകുമെന്ന വിലയിരുത്തലും സാമ്പത്തിക വിദഗ്ധരുടേതായി പുറത്തുവന്നിട്ടുണ്ട്. ബാങ്കുകളില്‍ നിക്ഷേപത്തിനു കുറവുണ്ടായിട്ടില്ല. പണം മറ്റൊന്നിനും ചെലവിടാതെയുള്ള കരുതല്‍ ജനങ്ങള്‍ കാണിക്കുന്നു എന്നതുകൊണ്ടാണിത്. അതേസമയം, വായ്പകള്‍ക്കു തിരിച്ചടവ് ഉണ്ടാകുന്നില്ല. പുതിയ വായ്പകളും നല്‍കുന്നില്ല. ഒന്നര വര്‍ഷത്തോളമായി വായ്പ തിരിച്ചടവുകള്‍ എറക്കുറെ നിശ്ചലമായിട്ട്. ഇതെല്ലാം കുടിശ്ശികയാണെങ്കിലും ഇപ്പോഴത്തെ പ്രതിസന്ധി മാറുന്ന ഘട്ടത്തിലും തിരിച്ചുപിടിക്കാന്‍ പരിമിതിയുണ്ടാകുമെന്നാണു കണക്കാക്കുന്നത്. ജപ്തി അസാധ്യമാകുന്ന ഘട്ടത്തിലാണു ബാങ്കുകളുള്ളത്. കോവിഡ് പ്രതിസന്ധി മാറുന്നതോടെ നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നതിനു സാധ്യതയുണ്ട്. പുതിയ കാര്യങ്ങള്‍ക്കു മുതല്‍ മുടക്കാനാണിത്. വിപണി ചലിച്ചാല്‍ മറ്റ് അടിയന്തരാവശ്യങ്ങള്‍ നിറവേറ്റിയശേഷമായിരിക്കും ബാങ്ക് വായ്പയുടെ കുടിശ്ശിക തീര്‍ക്കാര്‍ സാധാരണക്കാര്‍ ശ്രമിക്കുക. നിക്ഷേപങ്ങള്‍ കുറയുകയും വായ്പയ്ക്കു തിരിച്ചടവ് കിട്ടാതെ വരികയും ചെയ്യുന്ന കുറഞ്ഞ കാലമാണെങ്കിലും അത്രയും സമയം ബാങ്കുകളെ സംബന്ധിച്ച് പ്രതിസന്ധിഘട്ടം തന്നെയായിരിക്കും.

[mbzshare]

Leave a Reply

Your email address will not be published.