9000 കോടി രൂപ ലക്ഷ്യമിട്ട് സഹകരണ നിക്ഷേപ സമാഹരണമാസം തുടങ്ങി

moonamvazhi

സഹകരണ വായ്പാമേഖലയിലെ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനും യുവജനങ്ങളെ സഹകരണ ബാങ്കുകളില്‍ അംഗങ്ങളാക്കുക, ഒരു വീട്ടില്‍ നിന്ന് ഒരു പുതിയ അക്കൗണ്ട് തുടങ്ങുക എന്നീ ലക്ഷ്യങ്ങള്‍ നേടുന്നതിനുമുള്ള സഹകരണ നിക്ഷേപ സമാഹരണയജ്ഞം തുടങ്ങി. ജനുവരി പത്തു മുതല്‍ ഫെബ്രുവരി പത്തുവരെ നീളുന്ന നിക്ഷേപസമാഹരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ തിരുവനന്തപുരത്തു നിര്‍വ്വഹിച്ചു. 9000 കോടി രൂപ സമാഹരിക്കാനാണ് ഇത്തവണ ലക്ഷ്യമിട്ടിരിക്കുന്നത്. ഏറ്റവും വലിയ തുകതന്നെ സമാഹരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പറഞ്ഞു.

സഹകരണമേഖലയില്‍ നിലവിലുള്ള നിക്ഷേപത്തിന്റെ പലിശനിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. ദേശസാല്‍കൃതബാങ്കുകള്‍, മറ്റു ബാങ്കുകള്‍ എന്നിവയേക്കാളും പലിശ സഹകരണ ബാങ്കുകളിലെ നിക്ഷേപകര്‍ക്ക് കിട്ടുന്നവിധത്തിലാണ് പലിശനിരക്ക് ക്രമീകരിച്ചിരിക്കുന്നത്. പ്രാഥമിക സഹകരണ സംഘങ്ങള്‍, കേരള ബാങ്ക് എന്നിവയുടെ പലിശനിരക്കാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. കരുവന്നൂര്‍ ബാങ്കിന്റെ പ്രവര്‍ത്തനം പഴയ രീതിയിലായിക്കഴിഞ്ഞു. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. കേസ് നടന്നുകൊണ്ടിരിക്കുന്ന സമയത്തുതന്നെ 104 കോടി രൂപ ഇരുപതിനായിരത്തില്‍പരം നിക്ഷേപകര്‍ക്ക് തിരിച്ചു നല്‍കിയിട്ടുണ്ട്. നിക്ഷേപ ഗ്യാരണ്ടി സ്‌കീമില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ലിക്യുഡേഷനിലേക്ക്പോയ സംഘങ്ങള്‍ക്ക് കൊടുത്തിരുന്ന നിക്ഷേപ ഗ്യാരണ്ടിത്തുക രണ്ടു ലക്ഷം രൂപയില്‍ നിന്നു അഞ്ചു ലക്ഷം രൂപയായി ഉയര്‍ത്തി. ഏതെങ്കിലും ബാങ്കില്‍ നിക്ഷേപം കൊടുക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായാല്‍ വിശദമായ പ്രോജക്ടുകള്‍ തയാറാക്കി ആ ബാങ്കിന് നിക്ഷേപം മുന്‍കൂട്ടി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്- മന്ത്രി അറിയിച്ചു.

ഈയിടെ പാസാക്കിയ സമഗ്ര സഹകരണ നിയമഭേദഗതിയില്‍ 56 ഭേദഗതികളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. സഹകരണമേഖലയില്‍ നിക്ഷേപത്തിന് സംരക്ഷണം ലഭിക്കുന്ന പുനരുദ്ധാരണ നിധി രൂപീകരിക്കാനുളള ഭേദഗതിയും അതില്‍പ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും തരത്തില്‍ സംഘങ്ങള്‍ താഴേക്ക് പോവുകയാണെങ്കില്‍ അവയെ മുന്നോട്ടു കൊണ്ടുവരാന്‍ സഹായിക്കുന്ന ഒന്നാണ് പുനരുദ്ധാരണ നിധി. സഹകരണ മേഖലയിലെ നിക്ഷേപങ്ങള്‍ക്ക് പൂര്‍ണ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇത്തരത്തില്‍ രണ്ട് നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്- മന്ത്രി പറഞ്ഞു.

സഹകരണ മേഖലയിലെ നിക്ഷേപം വര്‍ധിപ്പിക്കുകയും യുവതലമുറയെ സഹകരണ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുക എന്നതാണ് ഈ യജ്ഞത്തിന്റെ പ്രധാന ലക്ഷ്യമെന്നും ഏത് സാമൂഹികപ്രശ്നങ്ങളിലും സഹായഹസ്തവുമായി ഓടിയെത്തുന്ന ഏറ്റവും നല്ല രൂപത്തിലുള്ള സമാന്തര സാമ്പത്തിക സങ്കേതമായിട്ടാണ് സഹകരണ മേഖല മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ജവഹര്‍ സഹകരണ ഭവനില്‍ നടന്ന ചടങ്ങില്‍ വി. ജോയ് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് കൃഷ്ണന്‍ നായര്‍, സഹകരണ സംഘം രജിസ്ട്രാര്‍ ടി.വി. സുഭാഷ്, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ഓഡിറ്റ് ഡയറക്ടര്‍ ഷെറിന്‍, എം.വ.ി.ആര്‍. കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.