81 മള്‍ട്ടി സ്‌റ്റേറ്റ് സംഘങ്ങള്‍ അടച്ചുപൂട്ടുന്നു; ഉദ്യോഗസ്ഥരെ നിയോഗിച്ച് കേന്ദ്രം
രാജ്യത്തെ 81 മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ അടച്ചുപൂട്ടാന്‍ കേന്ദ്രസഹകരണ മന്ത്രാലയം തീരുമാനിച്ചു. ഇതിനുള്ള സമാപ്തീകരണ നടപടി പൂര്‍ത്തിയാക്കാനായി ഉദ്യോഗസ്ഥരെ നിയോഗിച്ചു. 14 സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങളാണ് അടച്ചുപൂട്ടല്‍ നടപടിയിലേക്ക് കടന്നിട്ടുള്ളത്. ഓഡീഷ -11, രാജസ്ഥാന്‍ -19, ഡല്‍ഹി -11, മഹാരാഷ്ട്ര-13, ഉത്തര്‍പ്രദേശ്-9, ജാര്‍ഗണ്ഡ്-1, ആന്ധ്ര- 1, തെലുങ്കാന-2, തമിഴ്‌നാട്- 3, ഛണ്ഡിഗഡ്-1, പഞ്ചാബ് -1, ഗുജറാത്ത്-2, ബീഹാര്‍-1, ബംഗാള്‍-5 എന്നിങ്ങനെയാണ് ഓരോ സംസ്ഥാനത്തെയും അടച്ചുപൂട്ടുന്ന മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ കണക്ക്.
മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ക്ക് കേരളം സുരക്ഷിത കേന്ദ്രമാണെന്നാണ് വിലയിരുത്തല്‍. അതിനാല്‍, കൂടുതല്‍ സംഘങ്ങള്‍ കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങാനുള്ള ശ്രമത്തിലാണ്. നിലവില്‍ 81 മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളാണ് വിവിധ വിഭാഗങ്ങളിലായി കേരളം പ്രവര്‍ത്തന പരിധിയായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 19 എണ്ണം ക്രഡിറ്റ് സൊസൈറ്റികളാണ്. എന്നാല്‍, ഈ സംഘങ്ങളില്‍ പകുതിയും കേരളത്തില്‍ അവരുടെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല.
മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തിന് കേന്ദ്രസഹകരണ മന്ത്രാലയം നല്ല പിന്തുണയാണ് ഇപ്പോള്‍ നല്‍കുന്നത്. ഒട്ടേറെ പദ്ധതികളിലും ഇത്തരം സംഘങ്ങളെ പങ്കാളിയാക്കുന്നുണ്ട്. കേരളത്തില്‍ പ്രവര്‍ത്തന സാഹചര്യം മെച്ചമാണെന്ന വിലയിരുത്തലും, കേന്ദ്രത്തിന്റെ പിന്തുണയും അടിസ്ഥാനമാക്കിയാണ് കൂടുതല്‍ സംഘങ്ങള്‍ ഇവിടേക്ക് എത്താനൊരുങ്ങുന്നത്.
[mbzshare]