വായ്‌പാസംഘങ്ങളില്‍ തുടര്‍ച്ചയായി മൂന്നിലേറെ തവണ ഭരണസമിതിയംഗമാകരുതെന്ന വ്യവസ്ഥ ഹൈക്കോടതി ശരിവച്ചു
വായ്‌പാസഹകരണസംഘങ്ങളില്‍ ആരും തുടര്‍ച്ചയായി മൂന്നിലേറെ തവണ ഭരണസമിതിയംഗമാകരുതെന്നു സഹകരണസംഘംനിയമത്തില്‍ കൊണ്ടുവന്ന ഭേദഗതി കേരളഹൈക്കോടതി ഡിവിഷന്‍ബെഞ്ച് ശരിവച്ചു. സിംഗിള്‍ബെഞ്ച് ഈ വ്യവസ്ഥ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചു റദ്ദാക്കിയിരുന്നെങ്കിലും സര്‍ക്കാരിന്റെ അപ്പീലില്‍ ഡിവിഷന്‍ബെഞ്ച് അത് സ്റ്റേ ചെയ്യുകയും മൂന്നുതവണ ഭരണസമിതിയംഗമായിരുന്നശേഷം തുടര്‍ച്ചയായി നാലാംതവണ മല്‍സരിച്ച സംഭവങ്ങളുടെയും മറ്റും വിശദവിവരങ്ങള്‍ ഹാജരാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്‌തിരുന്നു. അതിനെ തുടര്‍ന്നുള്ള വാദങ്ങള്‍ കേട്ട ശേഷമാണ് മൂന്നുതവണയിലേറെ തുടര്‍ച്ചയായി വായ്‌പാസഹകരണസംഘംഭരണസമിതിയംഗമാകുന്നതിനുള്ള നിയന്ത്രണം ഡിവിഷന്‍ ബെഞ്ച് ഇപ്പോള്‍ ശരിവച്ചിരിക്കുന്നത്. ജസ്റ്റിസ് അമിത് റാവല്‍, ജസ്റ്റിസ് കെ. വി. ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണു ഉത്തരവ്. ഇത്തരമൊരു നിയന്ത്രണം കൊണ്ടുവരാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് ഉത്തരവില്‍ വ്യക്തമാക്കി. വായ്‌പാസഹകരണസംഘങ്ങള്‍ വലിയ തുകകള്‍ കൈകാര്യം ചെയ്യുന്നുണ്ട്. അവയില്‍ തുടര്‍ച്ചയായി അധികാരം കൈയാളുന്നവരില്‍ സ്ഥാപിതതാല്‍പര്യങ്ങള്‍ വളര്‍ന്നുവരാമെന്ന വാദത്തില്‍ കഴമ്പുണ്ട്. സഹകരണസംഘങ്ങളുടെ സ്വയംഭരണാവകാശം അനിയന്ത്രിതമല്ല. മൂന്നുതവണ തുടര്‍ച്ചയായി ജയിച്ചവരെ മല്‍സരിക്കുന്നതില്‍നിന്നു വിലക്കുന്നതു വിവേചനപരമല്ല. നിരോധനമല്ല, നിയന്ത്രണമാണ് നടപ്പാക്കുന്നത്. അതു ഭരണഘടനാപരമാണെന്നു കോടതി പറഞ്ഞു. വായ്‌പാസഹകരണസംഘങ്ങളില്‍മാത്രമാണ് ഈ നിയന്ത്രണമെന്നും സാമ്പത്തികഇടപാടുകള്‍ നടക്കുന്ന അവിടങ്ങളില്‍ നിക്ഷിപ്‌തതാല്‍പര്യം കടന്നുവരാതിരിക്കാനും നിക്ഷേപകരുടെ താല്‍പര്യം സംരക്ഷിക്കാനുമാണ് ഇത്തരം നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതെന്നും സര്‍ക്കാര്‍ വാദിച്ചു.