2023 ലെ പുതിയ സഹകരണ നിയമവും മൂന്നു ടേം വ്യവസ്ഥയും

സി.എന്‍. വിജയകൃഷ്ണന്‍ (ചെയര്‍മാന്‍, കേരള സഹകരണ ഫെഡറേഷന്‍)

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 14 നു നിയമസഭ പാസാക്കിയ
മൂന്നാം സഹകരണനിയമ ഭേദഗതിയിലെ നിര്‍ദേശങ്ങളോടുള്ള
യോജിപ്പും വിയോജിപ്പും അറിയിക്കുകയാണു പ്രമുഖ
സഹകാരിയായ ലേഖകന്‍. സഹകരണമേഖലയുടെ
വിശ്വാസ്യതയും ജനപിന്തുണയും അരക്കിട്ടുറപ്പിക്കാന്‍
സംസ്ഥാനസര്‍ക്കാരും രാഷ്ട്രീയകക്ഷികളും സഹകാരികളും
ഒറ്റമനസ്സോടെ നീങ്ങണമെന്നു ലേഖകന്‍ ആവശ്യപ്പെടുന്നു.

 

2023 ലെ പുതിയ സഹകരണനിയമഭേദഗതി നിയമസഭ ഐകകണ്‌ഠ്യേന പാസാക്കിയിരിക്കുകയാണ്. 1969 ലാണു സമഗ്രമായ സഹകരണനിയമം നിലവില്‍ വന്നത്. അന്ന് അതിനു നേതൃത്വം കൊടുത്തത് അതിശക്തനായ രാഷ്ട്രീയനേതാവും അന്നത്തെ സഹകരണമന്ത്രിയുമായ പി.ആര്‍. കുറുപ്പായിരുന്നു. 54 കൊല്ലങ്ങള്‍ക്കുശേഷം സമഗ്രമായ ഒരു ഭേദഗതിബില്‍, അതും പ്രതിപക്ഷത്തിന്റെ പൂര്‍ണപിന്തുണയോടെ, പാസാക്കാന്‍ സഹകരണമന്ത്രി വി.എന്‍. വാസവനു കഴിഞ്ഞു എന്നുള്ളതാണു പ്രത്യേകത. സംസ്ഥാന നിയമസഭയില്‍ സഹകരണ ബില്ല് അവതരിപ്പിച്ചുകൊണ്ട് വാസവന്‍ സംസാരിക്കുമ്പോള്‍ പി.ആര്‍. കുറുപ്പിന്റെ മകന്‍ കെ.പി. മോഹനന്‍ ഭരണപക്ഷ ബഞ്ചിലുണ്ടായിരുന്നു എന്നുള്ളതു കാലത്തിന്റെ നിശ്ചയമാകാം.

പ്രതിപക്ഷത്തെക്കൂടി ഉള്‍പ്പെടുത്തി ബില്ല് എതിരില്ലാതെ പാസാക്കാന്‍ വാസവനു കഴിഞ്ഞത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനമികവിന്റെ ഉദാഹരണമാണ്. പ്രതിപക്ഷത്തോടുളള അദ്ദേഹത്തിന്റെ മതിപ്പ് പ്രശംസനീയമാണ്. ബില്ല് നിയമസഭ ഒന്നായി അംഗീകരിക്കണമെന്ന കാര്യത്തില്‍ മുഖ്യമന്ത്രി ഇടപെട്ടിട്ടുണ്ടെങ്കില്‍പ്പോലും അതിനുമുമ്പുതന്നെ നല്ല ഹോംവര്‍ക്ക് ചെയ്തു ബില്ല് സഭയില്‍ അവതരിപ്പിക്കാനും പിന്നീട് പാസാക്കിയെടുക്കാനും വാസവന്‍ കാണിച്ച മിടുക്ക് കാണാതിരുന്നുകൂടാ. സഹകരണമേഖല സജീവമായി നില്‍ക്കുന്ന കാലത്തോളം വി.എന്‍. വാസവനെയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെയും പുതുതലമുറ ഓര്‍മിക്കും. അര നൂറ്റാണ്ടിനുശേഷവും സഹകാരികള്‍ പി.ആര്‍. കുറുപ്പിനെ ഓര്‍മിക്കുന്നുണ്ടല്ലോ?

ക്രമക്കേടിനു കാരണം
മൂന്നു ടേം വ്യവസ്ഥയോ?

കാലോചിതമായ മാറ്റങ്ങളൊക്കെ സഹകരണബില്ലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെങ്കില്‍പ്പോലും സംഘങ്ങളിലെ ഭരണസമിതിയംഗങ്ങളുടെ മൂന്നു ടേം വ്യവസ്ഥ ജനാധിപത്യത്തിനും സാമാന്യ നീതിബോധത്തിനും എതിരാണ്. ആരെങ്കിലും ചോദ്യംചെയ്തു കോടതിയില്‍ പോയാല്‍ ഈ വ്യവസ്ഥ നിലനില്‍ക്കുമോ എന്നുറപ്പില്ല. ഒരംഗത്തിനു സംഘത്തില്‍ വോട്ട് ചെയ്യാനുള്ള അവകാശമുണ്ട്. അങ്ങനെ ഭരണസമിതിയെ തിരഞ്ഞെടുക്കാനുള്ള അധികാരമുണ്ട്. പക്ഷേ, മൂന്നു തവണയില്‍ക്കൂടുതല്‍ ആ അംഗത്തിനു മത്സരിക്കാന്‍ പാടില്ല. ഇന്ത്യയെന്ന ജനാധിപത്യരാജ്യത്തു മത്സരിക്കാനും ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെടാനും മൂന്നു ടേം വ്യവസ്ഥ എന്ന വിലക്ക് നിലവിലില്ല. അങ്ങനെ നോക്കുമ്പോള്‍, സഹകരണനിയമത്തിലെ മൂന്നു ടേം വ്യവസ്ഥ, മിതമായ ഭാഷയില്‍പ്പറഞ്ഞാല്‍, ഒരേ പന്തിയിലെ രണ്ടുതരം വിളമ്പലാണ്. ഇതു ജനാധിപത്യവിരുദ്ധവും അധാര്‍മികവും അപ്രായോഗികവുമാണ്. അതുകൊണ്ടുതന്നെ അസ്വീകാര്യമാണ്.

മൂന്നു ടേം വെച്ചതുകൊണ്ടുമാത്രം കേരളത്തിലെ സഹകരണസ്ഥാപനങ്ങളിലെ അഴിമതി തീരില്ല. കരുവന്നൂര്‍ ബാങ്കിലെ ക്രമക്കേടുകള്‍ക്കു കാരണം മൂന്നു ടേം വ്യവസ്ഥയാണെന്ന ധാരണയും തെറ്റാണ്. ഈ വ്യവസ്ഥയൊഴിച്ചുനിര്‍ത്തിയാല്‍ നിയമത്തിലെ മറ്റു ഭേദഗതികളൊക്കെ സ്വാഗതാര്‍ഹമാണ്. എങ്കിലും, സഹകരണസംഘങ്ങളിലെ ജൂനിയര്‍ ക്ലര്‍ക്കിനുമേലെയുള്ള നിയമനം സഹകരണ പരീക്ഷാ ബോര്‍ഡിനു വിട്ടതു നല്ല കാര്യമായി തോന്നുന്നില്ല. സഹകരണസംഘങ്ങളെ അതതു പ്രദേശത്തുള്ള ആളുകളാണു മുന്നോട്ടു കൊണ്ടുപോകുന്നത്. അവിടത്തെ ജനങ്ങളെ മനസ്സിലാക്കി, അവരുടെ പ്രശ്‌നങ്ങള്‍ പഠിച്ച്, അവയ്ക്കു പരിഹാരം കണ്ടെത്താന്‍ ആ മണ്ണില്‍ വളര്‍ന്നവര്‍ക്കേ സാധിക്കൂ. പുറത്തുള്ളവര്‍ സംഘങ്ങളില്‍ വന്നു ജോലിചെയ്യുന്നതു ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കുക. വായ്പ നല്‍കുന്നതിലും പുതിയ പരിഷ്‌കരണം വന്നിരിക്കുന്നു. ഇനി സഹകരണ ബാങ്കുകളില്‍ 10 ലക്ഷത്തിനു മുകളിലുളള ലോണുകള്‍ കൊടുക്കാന്‍ അഞ്ചംഗസമിതിക്കു മാത്രമേ കഴിയൂ. വായ്പാ ആവശ്യത്തിലേക്കായി വെക്കുന്ന ഈടുവസ്തുവിന്റെ മൂല്യം നിശ്ചയിക്കുന്നതു രണ്ടു സംഘംഉദ്യോഗസ്ഥരും ഭരണസമിതിയിലെ രണ്ട് അംഗങ്ങളും ചേര്‍ന്നായിരിക്കും. പുറമേനിന്നുള്ള ഒരു രജിസ്േ്രടഡ് വാല്യൂവറും സമിതിയില്‍ വേണം എന്നു വ്യവസ്ഥയുണ്ട്. ഇതോടെ, കണ്ണുമടച്ചു സ്വന്തക്കാര്‍ക്കു മൂല്യമില്ലാത്ത വസ്തുവിന്മേല്‍ വാരിക്കോരി വായ്പ കൊടുക്കുന്ന സമ്പ്രദായം അവസാനിക്കും.

നമ്മള്‍ സഹകരണതത്വങ്ങള്‍ക്കതീതമായി വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. ഒരു കമ്പനിആക്ടിന്റെ ഉള്ളിലേക്കു സഹകരണസംഘങ്ങള്‍ എത്തിനില്‍ക്കുന്നു എന്നതാണ് അവസ്ഥ. ഒരു പ്രദേശത്തിന്റെ വളര്‍ച്ചയ്ക്കു പുറമേ ആ സംസ്ഥാനത്തിന്റെ വളര്‍ച്ചയില്‍വരെ കേരളത്തിലെ സഹകരണസംഘങ്ങള്‍ പങ്ക് വഹിക്കുന്ന ഉയരത്തിലേക്കു നമ്മള്‍ വളരുകയാണ്. അതുകൊണ്ട് സഹകരണപ്രസ്ഥാനം പുതിയ മേഖലകള്‍ കണ്ടെത്തി പടര്‍ന്നു പന്തലിക്കണം. വന്‍പദ്ധതികള്‍ ഏറ്റെടുത്തു നടപ്പാക്കുന്ന ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ക്കും കണ്‍സ്ട്രക്ഷന്‍ രംഗത്തെ സംഘങ്ങള്‍ക്കും ഓഡിറ്റിന്റെ രീതി മാറണം. പല കാര്യങ്ങളും ഇനിയും ചെയ്തുതീര്‍ക്കാനുണ്ട്. ചട്ടങ്ങള്‍ വരുമ്പോള്‍ മാത്രമേ ഈ സഹകരണനിയമം പൂര്‍ണതയിലെത്തൂ. അപ്പോള്‍ മാത്രമേ കൂടുതല്‍ പറയാന്‍ പറ്റൂ.

ചെറുപ്പക്കാര്‍ക്ക് കൂടുതല്‍
പരിഗണന വേണം

സംഘംഭരണസമിതിയില്‍ 40 വയസ്സിനുതാഴെയുള്ള രണ്ടുപേരെ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശം സ്വാഗതാര്‍ഹമാണ്. ഇതു രണ്ടംഗങ്ങളില്‍ കൂടുതലാകാമായിരുന്നു. ഭരണസമിതിയില്‍ നാല്‍പ്പതു ശതമാനമെങ്കിലും ചെറുപ്പക്കാരാവണം. സംഘത്തിന്റെ യുവത്വം നിലനിര്‍ത്താന്‍ ഇത് അത്യാവശ്യമാണ്. കേരളത്തിലെ സഹകാരികളെ ഏറെ നിരാശപ്പെടുത്തുന്നതാണ് ഓണറേറിയം പ്രശ്‌നം. 10 കൊല്ലമായി സഹകാരികളുടെ ഓണറേറിയം വര്‍ധിപ്പിക്കുമെന്നു മാറിമാറിവരുന്ന മന്ത്രിമാരൊക്കെ പറയുന്നതാണ്. പക്ഷേ, വഞ്ചി ഇപ്പോഴും തിരുനക്കരെത്തന്നെ. സഹകരണ രംഗത്തുള്ളവര്‍ക്കുമാത്രം ഇങ്ങനെ ‘സേവനം’ അടിച്ചേല്‍പ്പിക്കുന്നതു ന്യായമാണോ? പാര്‍ലമെന്റിലും നിയമസഭകളിലും അംഗങ്ങളാകുന്നവരുടെ മുഖമുദ്രയും സേവനം തന്നെയല്ലേ? അവര്‍ക്കു വിവിധതരത്തിലുള്ള സാമ്പത്തികാനുകൂല്യങ്ങള്‍ക്കു പുറമേ പെന്‍ഷനും ലഭിക്കുന്നില്ലേ? അതേസമയം, സഹകാരികള്‍ക്കു കിട്ടുന്നതു പണ്ടെങ്ങോ നിശ്ചയിച്ച നാമമാത്രമായ ഓണറേറിയം മാത്രം. ഈ അമസത്വവും പരിഹരിക്കപ്പെടേണ്ടതാണ്. ചെറുപ്പക്കാരെ സംഘങ്ങളുടെ തലപ്പത്തേക്ക് എത്തിക്കാന്‍ ന്യായമായ ഒരു ഓണറേറിയം നല്‍കിയേ മതിയാകൂ. അല്ലെങ്കില്‍, റിട്ടയേഡ് ജീവനക്കാര്‍ക്കു വന്നിരുന്നു സമയംപോക്കാനുള്ള ലാവണമായി സംഘംഭരണസമിതിയംഗങ്ങളുടെ പദവി മാറും. ഓണറേറിയം ചെറുതാണെങ്കിലും ഭരണസമിതിയംഗങ്ങള്‍ക്കു വഹിക്കാനുള്ളതു വലിയ ഉത്തരവാദിത്തമാണ്. കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട കേസുകളില്‍ നിരപരാധികളടക്കം കുറെ സഹകാരികള്‍ ജയിലില്‍ പോയി. ആരോ കട്ടതിനു നിരപരാധികളായ ഭരണസമിതിയംഗങ്ങളും കുടുങ്ങി. ഈ ഭരണസമിതിയംഗങ്ങള്‍ വാങ്ങിയ സിറ്റിങ്ഫീസ് തുച്ഛമായ മുന്നൂറോ നാനൂറോ രൂപയായിരിക്കും. അതിനു പ്രതിഫലമായി അവര്‍ക്കു കിട്ടുന്നത് ഇരുമ്പഴി. സംഘത്തിലെ ഏതെങ്കിലും കുടിലബുദ്ധികളായിരിക്കും ക്രമക്കേടുകള്‍ക്കു പിന്നില്‍. അതിന്റെ പേരില്‍ പലപ്പോഴും ബലിയാടാകുന്നതു നിരപരാധികളായിരിക്കും. കുറ്റക്കാരനല്ലെന്നു തെളിയിക്കാന്‍ ഈ പാവങ്ങള്‍ക്കു ഏറെ പണവും സമയവും ചെലവാക്കേണ്ടിവരും. മാന്യമായ ഒരു ഓണറേറിയത്തെക്കുറിച്ച് മന്ത്രി വാസവനടക്കം ആരെങ്കിലും ആലോചിക്കുന്നുണ്ടോ എന്നറിയില്ല. ഈ ലേഖകനും ഞങ്ങളുടെ സംഘടനയായ കേരള സഹകരണ ഫെഡറേഷനും ഏറെക്കാലമായി നിരന്തരം ഈയാവശ്യമുന്നയിച്ചുവരികയാണ്. കരയുന്ന കുട്ടിയ്‌ക്കേ പാലുള്ളു എന്നതാണല്ലോ ലോകതത്വം. ഓണറേറിയം വര്‍ധിപ്പിക്കുക അല്ലെങ്കില്‍ അത് എടുത്തു കളയുക എന്നു ഭരണചക്രം തിരിക്കുന്നവരോടൊക്കെയും ഈ ലേഖകന്‍ പറയാറുണ്ട്. കേരള ബാങ്കിന്റെ പ്രസിഡന്റിനു പോലും 20,000 രൂപയാണു കിട്ടുന്നത്. അപക്‌സ് സംഘങ്ങളിലൊക്കെ അതിലും താഴെയേ കിട്ടൂ.

സര്‍ക്കാര്‍
മുന്നോട്ടുവരണം

ആശയക്കുഴപ്പവും സംശയങ്ങളും നിലനില്‍ക്കുന്ന ഇന്നത്തെ പശ്ചാത്തലത്തില്‍ സഹകരണമേഖലയെക്കുറിച്ചു ജനങ്ങളില്‍ വിശ്വാസം പകരാന്‍ കേരളസര്‍ക്കാര്‍ ശക്തമായി മുന്നോട്ടുവരേണ്ടതുണ്ട്. തകര്‍ച്ചയിലേക്കു പോകുന്ന സംഘങ്ങളിലെ നിക്ഷേപകര്‍ക്കു അഞ്ചു ലക്ഷം രൂപവരെ തിരിച്ചുകൊടുക്കുമെന്നു നിക്ഷേപ ഗ്യാരണ്ടി സ്‌കീമില്‍ ഉറപ്പുകൊടുക്കുന്നുണ്ട്. വലിയ തുക നിക്ഷേപിക്കുന്നവര്‍ക്കു അഞ്ചു ലക്ഷം രൂപ നിസ്സാരമാണെങ്കിലും അതെങ്കിലും എത്രപേര്‍ക്കു കൊടുത്തിട്ടുണ്ട് എന്നു വെളിപ്പെടുത്തണം. അത്രയെങ്കിലും വിശ്വാസം ജനങ്ങളില്‍ ഉണര്‍ത്താന്‍ അതു സഹായിക്കും. പുതിയ സഹകരണനിയമത്തിന്റെ കാതലായ ഉദ്ദേശ്യം നിലനില്‍ക്കണമെങ്കില്‍ കേരളത്തില്‍ നിക്ഷേപം തിരിച്ചുകൊടുക്കാന്‍ കഴിയാത്ത സംഘങ്ങളുടെ, പ്രത്യേകിച്ച് സഹകരണ ബാങ്കുകളുടെ, നിക്ഷേപം മൂന്നുമാസത്തിനുള്ളില്‍ തിരിച്ചുകൊടുക്കാനുള്ള ധൃതഗതിയിലുള്ള നടപടികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്. ജനജിഹ്വയായി പ്രവര്‍ത്തിക്കുന്ന പത്ര-ദൃശ്യമാധ്യമങ്ങളിലൂടെ സഹകരണമേഖലയുടെ വിശ്വാസ്യതയും ആവശ്യകതയും വര്‍ധിപ്പിക്കാനാവശ്യമായ നടപടികളും കൈക്കൊള്ളേണ്ടതുണ്ട്. രാഷ്ട്രീയതലത്തില്‍ യു.ഡി.എഫും എല്‍.ഡി.എഫും ബി.ജെ.പി.യും മറ്റെല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടായി സഹകരണമേഖലയ്ക്കു പിന്തുണ നല്‍കേണ്ട കാലഘട്ടമാണിത്. ഏതെങ്കിലും സ്ഥാപനത്തില്‍ ക്രമക്കേടുകള്‍ നടന്നാല്‍ അതിന്മേല്‍ നടപടിയെടുക്കുന്നതിന് ആരും എതിരല്ല. മറ്റുള്ളവര്‍ക്ക് ഒരു പാഠമാകാനും ജനങ്ങളില്‍ വിശ്വാസ്യതയും ജാഗ്രതയും വളര്‍ത്താനും ഇത്തരം നടപടികള്‍ ഉപകരിക്കും. അതിനാരുടെയും മുഖം നോക്കരുത്. കട്ടവന്‍ പുറത്ത് എന്നതാകണം നമ്മുടെ മുദ്രാവാക്യം. അവനെ പുറത്താക്കിയാല്‍ മാത്രം പോരാ നിയമത്തിനു മുന്നില്‍ കൊണ്ടുപോയി നിര്‍ത്തി ശിക്ഷിപ്പിക്കുകയും വേണം.

വായ്പ എടുക്കുന്നവരിലും ചില സാമര്‍ഥ്യക്കാരും കുടിലമാനസരുമുണ്ട്. എടുത്ത വായ്പ എങ്ങനെ തിരിച്ചടയ്ക്കാതിരിക്കാം എന്നതില്‍ ഗവേഷണം നടത്തുന്നവരാണു ചിലര്‍. ഇവര്‍ക്കു തെറ്റായ ഉപദേശം നല്‍കാനും ചിലരൊക്കെയുണ്ട്. ഒരു അടിയന്തരഘട്ടത്തില്‍ തനിക്ക് ഉപകാരപ്പെട്ട പണം തിരിച്ചുകൊടുത്താലേ കഷ്ടപ്പെടുന്ന മറ്റൊരുത്തനു പ്രയോജനപ്പെടൂ എന്നു ചിന്തിക്കാനുള്ള മഹാമനസ്‌കത ഓരോരുത്തര്‍ക്കും ഉണ്ടാവണം. അധ്വാനിച്ചുണ്ടാക്കിയ നിക്ഷേപം തിരിച്ചുകൊടുക്കുകയും വായ്പക്കുടിശ്ശിക കര്‍ശനമായി തിരിച്ചുപിടിക്കുകയും ചെയ്യേണ്ട കാലഘട്ടമാണിത്. ഇതു നടപ്പാക്കാന്‍ സര്‍ക്കാര്‍തന്നെ മുന്‍കൈയെടുക്കണം. സര്‍വകക്ഷികളുടെയും സഹകാരികളുടെയും യോഗങ്ങള്‍ വിളിച്ചുചേര്‍ത്തു തുറന്ന മനസ്സോടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണം. കേരളത്തിലെ സഹകാരികള്‍ കൊടികളുടെ നിറത്തിനപ്പുറം ഒറ്റക്കെട്ടാണെന്നു വിളിച്ചുപറയേണ്ട സമയമാണിത്. നിയമസഭയില്‍ പ്രതിപക്ഷത്തെ കൈയിലെടുത്തതുപോലെ മന്ത്രി വാസവന് എല്ലാ സഹകാരികളെയും കൈയിലെടുക്കാന്‍ കഴിഞ്ഞാലേ സഹകരണ മേഖലയ്ക്കു ശോഭനമായ ഭാവി ഉണ്ടാവുകയുള്ളു. ഏതെങ്കിലും പുഴുക്കുത്തുകള്‍ ചെയ്യുന്നതിന്റെ എല്ലാ പാപഭാരവും സഹകരണമേഖലയിലെ മുഴുവന്‍ ആളുകളെയും ബാധിക്കുന്ന തരത്തിലേക്കു കാര്യങ്ങള്‍ പോയിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ പിടി പൂര്‍ണമായും വിട്ടുപോകുംമുമ്പു സഹകരണമന്ത്രി അടിയന്തരമായി ഈ കാര്യത്തില്‍ക്കൂടി ഇടപെടണം.

(മൂന്നാംവഴി സഹകരണമാസിക ഒക്ടോബര്‍ ലക്കം 2023)

Leave a Reply

Your email address will not be published.