1963 ല്‍ കെ. കൃഷ്ണപിള്ള ഉന്നയിച്ചത് ഇന്നും പ്രസക്തമായ കാര്യങ്ങള്‍
കേരളത്തിനു സമഗ്രമായ ഒരു സഹകരണനിയമം കൊണ്ടുവരാനുള്ള
ആദ്യശ്രമം നടന്നത് 1963 ലാണ്. പക്ഷേ, ബില്‍ പാസാക്കാനായില്ല.
ആദ്യമായി നിയമം കൊണ്ടുവന്നപ്പോള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു
കെ. കൃഷ്ണപിള്ള ( സി.പി.ഐ ) ഉന്നയിച്ച പല കാര്യങ്ങള്‍ക്കും ഇന്നും പ്രസക്തിയുണ്ട്.
കേരള സഹകരണസംഘംനിയമത്തില്‍ സമഗ്രമാറ്റം കൊണ്ടുവരുന്ന ഘട്ടമാണിത്. ഇതിനുള്ള ബില്ല് നിയമസഭയില്‍ അവതരിപ്പിച്ചു. സബ്ജക്ട് കമ്മിറ്റി അതു പരിശോധിച്ച് നിര്‍ദേശങ്ങള്‍സഹിതം റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഈ റിപ്പോര്‍ട്ട്‌സഹിതം സപ്തംബര്‍ 14 നു ബില്ല് നിയമസഭ പരിശോധിക്കുകയാണ്. സഹകരണമേഖലയില്‍ സര്‍ക്കാരിന്റെ നിയന്ത്രണം കര്‍ശനമാക്കുന്ന ഒട്ടേറെ വ്യവസ്ഥകളാണ് ഈ ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സംഘങ്ങളില്‍ പോലീസ് പരിശോധനയ്ക്ക് അവസരം നല്‍കുന്നു, സര്‍ക്കാരിനു നേരിട്ട് അന്വേഷണം നടത്താനാകും, സംഘങ്ങള്‍ക്ക് അനുബന്ധസ്ഥാപനങ്ങള്‍ തുടങ്ങുന്നതിനു നിയന്ത്രണം കൊണ്ടുവരുന്നു, ഓഡിറ്റ്‌രീതി മാറുന്നു, ഭരണസമിതിയെ സസ്‌പെന്‍ഡ് ചെയ്യാനുള്ള പുതിയ വ്യവസ്ഥ കൊണ്ടുവരുന്നു- ഇങ്ങനെ ഉദ്യോഗസ്ഥര്‍ക്കു കൂടുതല്‍ അധികാരം നല്‍കുന്നതാണ് ഈ ഭേദഗതിയിലെ വ്യവസ്ഥയിലേറെയും. കേരളത്തിനു സ്വന്തമായി ഒരു സഹകരണനിയമം കൊണ്ടുവരാന്‍ ആദ്യമായി ശ്രമിച്ചപ്പോള്‍ അന്നു നിയമസഭാംഗമായിരുന്ന കമ്മ്യൂണിസ്റ്റ് നേതാവ് കെ. കൃഷ്ണപിള്ള പറഞ്ഞ വാക്കുകള്‍ ഇപ്പോഴത്തെ നിയമപരിഷ്‌കരണഘട്ടത്തിലും പ്രസക്തമാകുന്നുണ്ട്. ആറു പതിറ്റാണ്ട് മുമ്പു കൃഷ്ണപിള്ള നിയമസഭയില്‍ പറഞ്ഞ കാര്യങ്ങള്‍ സഹകാരികള്‍ക്കായി ഇവിടെ കുറിക്കുന്നു.
ഇ.എം.എസ്സിന്റെ നേതൃത്വത്തിലുള്ള ആദ്യസര്‍ക്കാരിനെ ഭരണഘടനയുടെ 356-ാം വകുപ്പനുസരിച്ച് 1959 ല്‍ പിരിച്ചുവിട്ടു. ഇതു വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും 356-ാം വകുപ്പിന്റെ അപകടകരമായ രാഷ്ട്രീയ ഉപയോഗത്തെക്കുറിച്ചുള്ള ചിന്തകള്‍ക്കും വഴിവെച്ച ഘട്ടമാണത്. ഇതിനുശേഷം 1960 ഫെബ്രുവരി ഒന്നിനാണു തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യകമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍നിന്നു ഭരണം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ്, പി.എസ്.പി., മുസ്ലീം ലീഗ് എന്നീ പാര്‍ട്ടികള്‍ ചേര്‍ന്നുള്ള മുക്കൂട്ട് മുന്നണിയാണ് അന്നു മത്സരിച്ചത്. ‘ഇ.എം.എസ്സിന്റെ വാതം മാറ്റാന്‍ കാച്ചിയതാണീ മുക്കൂട്ട്’ എന്നൊരു മുദ്രാവാക്യംതന്നെ അന്നു മുഴങ്ങിയിരുന്നു. ആ മുക്കൂട്ട് മുന്നണി വിജയിച്ചു. പി.എസ്.പി.യിലെ പട്ടം താണുപിള്ളയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍വന്നു.
രാമമംഗലം മണ്ഡലത്തില്‍നിന്നു ജയിച്ച കോണ്‍ഗ്രസ് നേതാവ് ഇ.പി. പൗലോസാണു പട്ടംമന്ത്രിസഭയില്‍ സഹകരണമന്ത്രിയായത്. തിരുവിതാംകൂര്‍ ലജിസ്ലേറ്റീവ് അസംബ്ലിയിലും പൗലോസ് അംഗമായിരുന്നു. സ്വാതന്ത്ര്യസമര സേനാനിയും അഭിഭാഷകനും സഹകാരിയുമൊക്കെയായിരുന്നു പൗലോസ്.
പഞ്ചാബ് ഗവര്‍ണറായതിനെത്തുടര്‍ന്നു 1962 സെപ്റ്റംബര്‍ രണ്ടിനു പട്ടം താണുപിള്ള മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. അതോടെ, കോണ്‍ഗ്രസ് നേതാവായ ആര്‍. ശങ്കറിന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍വന്നു. ശങ്കറിന്റെ സര്‍ക്കാരിലും സഹകരണവകുപ്പിന്റെ മന്ത്രി പൗലോസ്തന്നെയായിരുന്നു. ഈ ഘട്ടത്തിലാണു കേരളത്തിന്റെതായ ഒരു സഹകരണനിയമം കൊണ്ടുവരുന്നതിനുള്ള ബില്‍ സഭയില്‍ പരിഗണനയ്ക്കു വന്നത്. ചരിത്രപ്രധാനമായ ഭൂപരിഷ്‌കരണനിയമമടക്കം 161 നിയമങ്ങള്‍ രണ്ടാം കേരള നിയമസഭ പാസാക്കിയിട്ടുണ്ട. 1960-64 കാലത്തെ രണ്ടാം കേരള നിയമസഭയില്‍ കൊല്ലം ജില്ലയിലെ പുനലൂര്‍ മണ്ഡലത്തില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയായിരുന്നു കെ. കൃഷ്ണപിള്ള. സഭയിലെ നിയമനിര്‍മാണകാര്യങ്ങളില്‍ പഠിച്ചുപറയുന്ന സാമാജികനായിരുന്നു അദ്ദേഹം. സി.പി.ഐ.യുടെ സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്നു. കോണ്‍ഗ്രസ്സിലെ സത്യഭായിയെയാണു കൃഷ്ണപിള്ള തോല്‍പ്പിച്ചത്. 1943 ല്‍ ഇന്ത്യന്‍ നേവിയില്‍ ഉദ്യോഗസ്ഥനായി ചേര്‍ന്ന അദ്ദേഹം സേനയിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സമരം നടത്തിയിരുന്ന പോരാളിയായിരുന്നു. സമരത്തിന്റെ പേരില്‍ 1946 ല്‍ നേവിയില്‍നിന്നു പുറത്തായി. ഇതിനു ശേഷമാണു രാഷ്ട്രീയത്തിലേക്കു തിരിയുന്നത്. 1951 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. പുനലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വഹിച്ചതിനു ശേഷമാണ് അദ്ദേഹം നിയമസഭാംഗമാകുന്നത്.
1963 ആഗസ്റ്റ് 24നാണു സഹകരണബില്‍ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന പ്രമേയം മന്ത്രി ഇ.പി. പൗലോസ് അവതരിപ്പിച്ചത്. ആഭ്യന്തരമന്ത്രിയായിരുന്ന പി.ടി. ചാക്കോ അതിനെ പിന്തുണച്ചു. ബില്‍ പൊതുജനാഭിപ്രായം തേടുന്നതിനായി സര്‍ക്കുലേറ്റ് ചെയ്യണമെന്ന പ്രമേയം കെ. കൃഷ്ണപിള്ള അവതരിപ്പിച്ചു. ആഗസ്റ്റ് 24, 25 തീയതികളിലായാണു നിയമസഭയില്‍ ഇതിന്റെ ആവശ്യകത വിശദീകരിച്ച് കൃഷ്ണപിള്ള സംസാരിച്ചത്. ദീര്‍ഘമായിരുന്നു ആ പ്രസംഗം. ബില്ലിലെ പ്രധാന വ്യവസ്ഥകളെല്ലാം ഉദ്ധരിച്ചും അതിന്റെ ഗുണദോഷങ്ങള്‍ വിശദീകരിച്ചും പരിണിതപ്രജ്ഞനായ ഒരുസഹകാരിയായാണു കൃഷ്ണപിള്ള ഇക്കാര്യം അവതരിപ്പിച്ചത്. സഹകരണസംഘങ്ങളുടെ സ്വാശ്രയത്വം, സ്വയംഭരണാധികാരം എന്നിവ ഉറപ്പാക്കണമെന്ന വാദത്തില്‍ ഊന്നിയാണ് അദ്ദേഹം സംസാരിച്ചത്. ബില്ലിലെ പല വ്യവസ്ഥകളും ഇതിനു തടസ്സമാകുന്നതാണെന്നും സര്‍ക്കാര്‍ സഹകരണസംഘങ്ങളുടെ അധികാരത്തില്‍ കടന്നുകയറുകയാണെന്നും അദ്ദേഹം പറഞ്ഞു. ആസൂത്രണക്കമ്മീഷന്റെ നിര്‍ദേശങ്ങള്‍, ദേശീയതലത്തിലെ സഹകരണ കാഴ്ചപ്പാട് എന്നിവയെല്ലാം ഉദ്ധരിച്ചായിരുന്നു കൃഷ്ണപിള്ളയുടെ വാദം.
കെ. കൃഷ്ണപിള്ള
പറയുന്നു
കെ. കൃഷ്ണപിള്ളയുടെ പ്രസംഗം ഇങ്ങനെയായിരുന്നു : ഈ ബില്ലിനെ സംബന്ധിച്ച് വളരെധികം അഭിപ്രായവ്യത്യാസങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്. പുതിയ സഹകരണനിയമത്തിന്റെ ആവശ്യകതയെക്കുറിച്ച് അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാനിടയില്ല. കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിക്കണമെങ്കില്‍ സഹകരണമേഖല കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നുള്ളത് എല്ലാവരും സമ്മതിച്ചിട്ടുള്ളതാണ്. മറ്റു പല രംഗങ്ങളിലും സഹകരണസംഘങ്ങളെ വിജയിപ്പിക്കണമെന്നുള്ളതുപോലെ കാര്‍ഷികരംഗങ്ങളിലും സഹകരണസംഘങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനം ഉണ്ടായാല്‍ മാത്രമേ ഭക്ഷ്യക്ഷാമം തടയാനാകൂ. കാര്‍ഷികരംഗങ്ങളില്‍ത്തന്നെ പല പ്രവര്‍ത്തനങ്ങളും ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനുവേണ്ടി നടത്തുന്നുണ്ട്. എന്നാല്‍, പല ഘടകങ്ങളുടെയും ഒരുമിച്ചുചേര്‍ന്നുള്ള പ്രവര്‍ത്തനത്തില്‍ക്കൂടി മാത്രമേ കാര്‍ഷികാഭിവൃദ്ധി നേടാന്‍ കഴിയുകയുള്ളൂ. ഇന്നു കൃഷിക്കാര്‍ക്കു രാസവളം വിതരണം ചെയ്യുന്നതിനും വിത്ത് വിതരണം ചെയ്യുന്നതിനും ജലസേചനസൗകര്യം ഉറപ്പാക്കുന്നതിനും ഇങ്ങനെ പല ആവശ്യങ്ങളും നിറവേറ്റുന്നതിനുമുള്ള പ്രവര്‍ത്തനം പല ഏജന്‍സി വഴിയായി നടത്തുന്നുണ്ട്. പക്ഷേ, ഏതെങ്കിലും ഒരു ഘടകത്തിന്റെ പ്രവര്‍ത്തനം കൊണ്ടുമാത്രം കാര്‍ഷികോല്‍പ്പാദനം കൂട്ടാനാകില്ല.
കൃഷിക്കാര്‍ക്കു സഹകരണസംഘങ്ങളില്‍ക്കൂടി മാത്രമേ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ടാണു സഹകരണമേഖലയെ കൂടുതല്‍ വികസിപ്പിക്കണമെന്നും എല്ലാ ഘടകങ്ങളുടെയും പ്രവര്‍ത്തനം ഒരുമിപ്പിച്ച് കാര്‍ഷികോല്‍പ്പാദനരംഗത്തു കൊണ്ടുവരണമെന്നും പറയുന്നത്. സഹകരണമേഖലയെ ശക്തിപ്പെടുത്തുന്നതിനും അതിനെ സഹായിക്കുന്നതിനും സഹകരണനിയമം ആവശ്യമാണ്. വളരെക്കാലം കാത്തിരുന്നതിനുശേഷം വന്ന ഒരു നിയമമാണിത്. ഇന്നത്തെ കാലഘട്ടത്തെ കണക്കിലെടുത്തുകൊണ്ടുള്ള ഒരു നിയമമായിരിക്കും കൊണ്ടുവരുന്നതെന്നാണു സ്വാഭാവികമായും എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, വളരെ നിരാശാജനകമായ ബില്ലാണ് അവതരിപ്പിച്ചത്. സഹകരണപ്രസ്ഥാനത്തോടുള്ള സമീപനം എന്താകണമെന്നതു വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ബഹുമാനപ്പെട്ട മന്ത്രി സൂചിപ്പിച്ചപ്പോലെ പുതിയ നിയമമനുസരിച്ച് സഹകരണസംഘങ്ങളില്‍ സര്‍ക്കാരിന് ഓഹരി കൊടുക്കുന്നതിനുള്ള വ്യവസ്ഥയുണ്ട്. അങ്ങനെ ഓഹരിയെടുക്കുന്ന സംഘങ്ങളില്‍ സര്‍ക്കാരിനു കൂടുതല്‍ നിയന്ത്രണം ആവശ്യമാണ്. സഹകരണപ്രസ്ഥാനത്തെയും ഭൂപരിഷ്‌കരണത്തെയും സംബന്ധിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെയും പ്ലാനിങ് കമ്മീഷന്റെയും അഭിപ്രായങ്ങള്‍ക്ക് കടകവിരുദ്ധമായ ഒന്നാണിത്.
സര്‍ക്കാരിനു
കൂടുതല്‍ അധികാരം
ഡല്‍ഹിയില്‍ ചേര്‍ന്ന 41-ാം ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി ഇങ്ങനെയാണ് പറഞ്ഞത് : ‘ സഹകരണ സംഘങ്ങളില്‍ ആവശ്യമുള്ളതിനേക്കാള്‍ ഏറെ സര്‍ക്കാര്‍ ഇടപെടുന്ന പ്രവണത ഉണ്ടാകുന്നുണ്ട്. സംഘങ്ങളുടെ മികച്ച പ്രവര്‍ത്തനത്തിനു സര്‍ക്കാരിന്റെ പങ്കാളിത്തം നല്ലതാണ്. സര്‍ക്കാരിന്റെ അനാവശ്യരീതിയിലുള്ള ഇടപെടല്‍ സഹകരണപ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുക. അതു സഹകരണമേഖലയുടെ വളര്‍ച്ച മുരടിപ്പിക്കും’. എന്നാല്‍, നമ്മുടെ മന്ത്രി പറയുന്നതു സര്‍ക്കാരിനു കൂടുതല്‍ അധികാരം വേണമെന്നാണ്. ഇതെങ്ങനെ പൊരുത്തപ്പെടുമെന്നു മനസ്സിലാകുന്നില്ല. സഹകരണവകുപ്പിന്റെ ചുമതല വഹിക്കുന്ന എസ്.കെ.ഡേ പറഞ്ഞതു സഹകരണപ്രസ്ഥാനത്തോട് വിശ്വാസമില്ലാത്ത പല മന്ത്രിമാരും പല സംസ്ഥാനങ്ങളിലും സഹകരണവകുപ്പിന്റെ ചുമതല വഹിക്കുന്നുണ്ടെന്നാണ്. (സ്വാതന്ത്ര്യ സമര സേനാനി ബിപിന്‍ ചന്ദ്രപാലിന്റെ മരുമകനാണ് എസ്.കെ.ഡേ. കേന്ദ്ര ക്യാബിനറ്റ് മന്ത്രിയായിരുന്നു. സഹകരണം-പഞ്ചായത്ത് രാജ് വകുപ്പുകളുടെ ചുമതലയായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്). അദ്ദേഹം നമ്മുടെ സംസ്ഥാനത്തെ മന്ത്രിയേയുംകൂടി ഉള്‍പ്പെടുത്തിയാണോ ഇതു പറഞ്ഞതെന്നു ഞാന്‍ സംശയിക്കുകയാണ്. തികച്ചും ഒരു ജനകീയ പ്രസ്ഥാനമായി മാറേണ്ട സഹകരണമേഖലയില്‍ ജനങ്ങളുടെ അഭിപ്രായത്തെ മാനിക്കുന്നതിനോ അതു വളരുന്നതിനോ അനുവദിക്കാത്ത സാഹചര്യമാണ് ഈ ബില്ലുകൊണ്ടുണ്ടാകുന്നത്.
പ്ലാനിങ് കമ്മീഷന്‍ സഹകരണപ്രസ്ഥാനത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്: ‘സഹകരണം ഒരു ജനകീയ പ്രസ്ഥാനമാണ്. എല്ലാ മേഖലകളിലും സഹകരണപ്രസ്ഥാനം വളര്‍ന്നുവരേണ്ടത് ഇന്നത്തെ സാഹചര്യത്തില്‍ ഏറെ പ്രധാനമാണ്. ഈ വളര്‍ച്ചയ്ക്കു സംഘങ്ങള്‍ക്കു കൂടുതല്‍ അധികാരം കൈമാറുകയും ഉദ്യോഗസ്ഥസംവിധാനത്തിന്റെ ഇടപെടല്‍ പരിമിതപ്പെടുത്തുകയുമാണു വേണ്ടത്. രജിസ്‌ട്രേഷന്‍, ഓഡിറ്റ്, ആര്‍ബിട്രേഷന്‍, ഇന്‍സ്‌പെക്ഷന്‍ എന്നീ നാലു കാര്യങ്ങളിലേക്കു ഭരണപരമായ നിയന്ത്രണം ചുരുക്കണം’. ഈ നാലു കാര്യങ്ങളൊഴിച്ചാല്‍ ബാക്കിയുള്ള എല്ലാ അവകാശങ്ങളും അധികാരങ്ങളും കോ-ഓപ്പറേറ്റീവ് ഫെഡറല്‍ ഓര്‍ഗനൈസേഷനു നല്‍കണമെന്നാണു പ്ലാനിങ് കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത്. ഇതൊന്നും ബില്ല് തയാറാക്കിയ ഈ സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല.
സഹകരണമേഖലയില്‍ വരുന്നവരെല്ലാം ആകെ കുഴപ്പം പിടിച്ചവരാണെന്ന ഒരഭിപ്രായമുണ്ട്. സഹകരണപ്രസ്ഥാനത്തില്‍ കുഴപ്പം കാണിക്കുന്ന ആളുകളും അതില്‍നിന്നു ധനാപഹരണം നടത്തുന്ന ആളുകളും ധാരാളമുണ്ട്. പക്ഷേ, എല്ലാ ആളുകളും അങ്ങനെയായിരിക്കുമെന്നു വിചാരിച്ച് ഒരു നിയമമുണ്ടാക്കുന്നതു ശരിയല്ല. ഈ നിലയിലാണ് ഈ ബില്ലില്‍ വകുപ്പുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
രജിസ്ട്രാര്‍ക്ക്
വിപുലമായ അധികാരം
തിരുവിതാംകൂര്‍നിയമത്തില്‍ അന്വേഷണത്തിനു രജിസ്ട്രാര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. റീസണബില്‍ ടൈമില്‍ രജിസ്ട്രാര്‍ക്കു സംഘത്തിന്റെ എല്ലാ രേഖകളും പണവും സെക്യൂരിറ്റിയും പരിശോധിക്കാമെന്നാണു പറഞ്ഞിട്ടുള്ളത്. അതു പുതിയ നിയമത്തിലേക്കു വന്നപ്പോള്‍ അറ്റ് ഓള്‍ ടൈം എന്നായി. റീസണബിള്‍ ടൈം എന്നതു മാത്രം എടുത്തുമാറ്റിയതില്‍ മനപ്പൂര്‍വമായ എന്തോ ഉദ്ദേശ്യമുണ്ട്. ഇനി രജിസ്ട്രാര്‍ക്കു സംഘത്തിന്റെ പൊതുയോഗം വിളിച്ചുചേര്‍ക്കാന്‍ തിരുവിതാംകൂര്‍നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഇതിനു മൂന്നു ദിവത്തെ നോട്ടീസ് നല്‍കണമെന്നും തീരുമാനം എടുക്കുന്നതിനു ക്വാറം തികയണമെന്നുമാണു പറയുന്നത്. ഇതു രണ്ടും പുതിയ നിയമത്തില്‍ ഒഴിവാക്കി. അപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് എത്രമാത്രം അധികാരങ്ങള്‍ കൊടുക്കാമോ അതു മുഴുവന്‍ കൊടുക്കുന്നതിനുള്ള വ്യഗ്രതയാണ് ഇതിനു പുറകില്‍ കാണുന്നതെന്നതു വ്യക്തമാണ്. സംഘങ്ങള്‍ക്കു കഴിയാവുന്നിടത്തോളം അധികാരം കൊടുക്കാതിരിക്കുക, ഉദ്യോഗസ്ഥര്‍ക്കു നല്‍കുക എന്ന മനപ്പൂര്‍വമായ ഉദ്ദേശ്യം ഈ ബില്‍ തയാറാക്കിയതില്‍ കാണാനാകും. രജിസ്ട്രാര്‍ക്ക് ഒരു സംഘത്തിന്റെ ബൈലോ ഭേദഗതി ചെയ്യാന്‍ ആവശ്യപ്പെടാമെന്നതാണു മറ്റൊരു വ്യവസ്ഥ. അങ്ങനെ ചെയ്തില്ലെങ്കില്‍ രജിസ്ട്രാര്‍ക്ക് ഇഷ്ടം പോലെ ഭേദഗതി വരുത്താം. ആ ഭേദഗതി സംഘത്തിനെയും അതിലെ അംഗങ്ങളെയും ബാധിക്കുമെന്നാണു വ്യവസ്ഥ. സംഘത്തിലെ ഭൂരിപക്ഷം അംഗങ്ങളും ഭേദഗതി സാധ്യമല്ലെന്നു പറഞ്ഞാലും രജിസ്ട്രാര്‍ക്കു ഭേദഗതി വരുത്തി അവരെക്കൊണ്ട് അംഗീകരിപ്പിച്ച് നിയമസാധുത്വം കൊടുക്കാന്‍ കഴിയും. രജിസ്ട്രാര്‍ക്കു നല്‍കിയിരിക്കുന്ന വിപുലമായ അധികാരമാണിത്.
ഇനി സംഘങ്ങളുടെ സംയോജനം, വിഭജനം മുതലായ കാര്യങ്ങളെ സംബന്ധിച്ച്. രണ്ടു സംഘങ്ങള്‍ തമ്മില്‍ സംയോജിക്കാന്‍ സംഘങ്ങളോട് ആവശ്യപ്പെടുന്നതിനു രജിസ്ട്രാര്‍ക്ക് അധികാരം നല്‍കിയിരിക്കുന്നു. എന്നിട്ട് അവരതു ചെയ്യുന്നില്ലെങ്കില്‍ രജിസ്ട്രാര്‍ക്ക് ഒരു ഉത്തരവ് മൂലം നടപ്പാക്കാം. അതുപോലെ സംഘങ്ങളെ വിഭജിക്കണമെന്ന് ആവശ്യപ്പെടാനും രജിസ്ട്രാര്‍ക്ക് അധികാരം നല്‍കുന്നുണ്ട്. സംഘം അതിനു സമ്മതിച്ചില്ലെങ്കില്‍ ഒരു ഉത്തരവിലൂടെ അതു നടപ്പാക്കാം. ഇങ്ങനെ നോക്കുമ്പോള്‍ സംഘങ്ങളിന്മേലുള്ള എല്ലാ അധികാരങ്ങളും രജിസ്ട്രാര്‍ക്കു നല്‍കിയിരിക്കുകയാണ്. അതുപോലെ സംഘങ്ങളുടെ പ്രവര്‍ത്തനമേഖലയെ സംബന്ധിച്ച് തര്‍ക്കം വരികയാണെങ്കില്‍ അത് ഇന്ന രീതിയില്‍ തീര്‍ക്കണമെന്നു നിര്‍ദേശിക്കാന്‍ രജിസ്ട്രാര്‍ക്ക് അധികാരമുണ്ട്. സംഘങ്ങള്‍ അത് അംഗീകരിച്ചില്ലെങ്കില്‍ ഒരു ഉത്തരവിലൂടെ രജിസ്ട്രാര്‍ക്ക് അതു ചെയ്യാനാകും. രണ്ടു സംഘങ്ങള്‍ തമ്മില്‍ സംയോജിപ്പിക്കുമ്പോള്‍ അംഗങ്ങള്‍ക്ക് അതില്‍നിന്നു വിട്ടുപോകാനുള്ള അനുവാദം കൊടുത്തിട്ടുണ്ട്. സംഘത്തിലെ ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായത്തിനു വിരുദ്ധമായി ഒരു തീരുമാനം രജിസ്ട്രാര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതു ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ഫലത്തില്‍, അതുകൊണ്ട് സംഘങ്ങള്‍ ഇല്ലാതാകും. ഭൂരിപക്ഷ അംഗങ്ങളും ഇതു വേണ്ടെന്നുവെച്ചാല്‍ ആ സംഘം ഇല്ലാതാകും. ഉദ്ദേശിച്ച ഫലം ലഭിക്കുകയുമില്ല. നിയമംമൂലം ഇത്തരം അധികാരങ്ങള്‍ നല്‍കേണ്ടതില്ലെന്നു ഞാന്‍ പറയുന്നില്ല. ചിലപ്പോള്‍ സംഘങ്ങളെ സംയോജിപ്പിക്കുകയും പ്രവര്‍ത്തനമേഖല ചുരുക്കേണ്ടിവരികയുമൊക്കെ വന്നേക്കാം. അതൊക്കെ ആവശ്യമാണ്. പക്ഷേ, അതിനാവശ്യമായ നിര്‍ബന്ധം ചെലുത്തുന്നതിനുള്ള അവകാശം ഉദ്യോഗസ്ഥര്‍ക്കു നല്‍കുന്നതു വിഷമം സൃഷ്ടിക്കും.
ചില വകുപ്പുകള്‍
വളര്‍ച്ച തടയും
നമ്മുടെ സഹകരണപ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കു സഹായകരമല്ലാത്ത, ഒരു പക്ഷേ, പ്രതിബന്ധമാകുമെന്നു ഞാന്‍ ഭയപ്പെടുന്ന, ചില വകുപ്പുകള്‍ ഈ ബില്ലിലുള്ളതിനെയാണു ചൂണ്ടിക്കാണിച്ചത്. സഹകരണപ്രസ്ഥാനത്തിന്റെ വളര്‍ച്ച ഉദ്യോഗസ്ഥരുടെ ഇടപെടല്‍കൊണ്ട് തടസ്സമാകുമെന്ന ഭയത്തിലാണു ഞാന്‍ ചില കാര്യങ്ങള്‍ എടുത്തുപറഞ്ഞത്. അതേസമയം, ഇതിലെ ചില വകുപ്പുകള്‍ വളരെ സ്വാഗതാര്‍ഹമാണ്. നമ്മുടെ നാട്ടിലെ പല സഹകരണസംഘങ്ങളിലും കുഴപ്പമുണ്ടെന്നത് എല്ലാവര്‍ക്കും ബോധ്യപ്പെട്ടിട്ടുള്ളതാണ്. സംഘങ്ങളില്‍ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലുള്ളവര്‍ അഴിമതി നടത്തുന്നതായി ആക്ഷേപമുണ്ട്. അതിനെ നേരിടേണ്ടതുണ്ടെന്നതു സംശയമില്ലാത്ത കാര്യമാണ്. അതിനാല്‍, സംഘങ്ങളുടെ ഓഡിറ്റ്, ഇന്‍സ്‌പെക്ഷന്‍ മുതലായ കാര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നുതന്നെയാണ് എന്റെ അഭിപ്രായം. പക്ഷേ, സര്‍ക്കാര്‍ ഇടപെടാന്‍ പാടില്ലാത്ത കാര്യങ്ങളിലും ഇടപെടുന്നുവെന്നതാണു ഞാന്‍ ഉന്നയിച്ച കാര്യങ്ങളുടെ അടിസ്ഥാനം. കോ-ഓപ്പറേറ്റീവ് ട്രിബ്യൂണല്‍ രൂപവത്കരിക്കണമെന്ന് ഈ ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ട്രിബ്യൂണലിന് ഇത്രയും അധികാരം നല്‍കിയാല്‍ മതിയോ എന്ന സംശയമാണ് എനിക്കുള്ളത്. സര്‍ക്കാരിന് അപ്പീല്‍ കേള്‍ക്കുന്നതിന് അധികാരം നല്‍കിയിരിക്കുന്ന പലതും കോ-ഓപ്പറേറ്റീവ് ട്രിബ്യൂണലിനു കൈമാറുന്നതു നല്ലതായിരിക്കുമെന്നാണ് ഇതേക്കുറിച്ച് പറയാനുള്ളത്. എന്റെ അഭിപ്രായത്തില്‍ പ്ലാനിങ് കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നതുപോലെ സഹകരണപ്രസ്ഥാനത്തിന്റെ കാര്യത്തില്‍ അതിന്റെ രജിസ്‌ട്രേഷന്‍, ഓഡിറ്റ്, ആര്‍ബിട്രേഷന്‍, ഇന്‍സ്‌പെക്ഷന്‍ എന്നീ നാലു കാര്യങ്ങളില്‍ മാത്രമാണു സര്‍ക്കാരിന് അധികാരം നല്‍കേണ്ടത്. മറ്റുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ അധികാരങ്ങള്‍ ഏറ്റെടുക്കുന്നതു ശരിയല്ല. അവര്‍ നിര്‍ദേശിക്കുന്ന രീതിയില്‍ത്തന്നെ ഈ സഹകരണ സംഘങ്ങളുടെ ഫെഡറല്‍ ഓര്‍ഗനൈസേഷന്‍ ഉണ്ടാക്കുന്നതിനും അവര്‍ക്ക് ഈ അധികാരങ്ങള്‍ വിട്ടുകൊടുക്കുന്നതിനുമുള്ള മനോഭാവമാണ് ഇക്കാര്യത്തില്‍ താത്വികമായി സ്വീകരിക്കേണ്ടത് എന്നാണ് എന്റെ അഭിപ്രായം.
സഹകരണത്തിന്റെ സഭാരേഖകള്‍
(മൂന്നാംവഴി സഹകരണമാസിക സെപ്റ്റംബര്‍ ലക്കം – 2023)