194N- മദ്രാസ് ഹൈക്കോടതിയുടെ വിധിയുടെ അവലോകനം.

adminmoonam

ആദായനികുതി സെക്‌ഷൻ 194N – തിരുനെൽവേലി ഡിസ്ട്രിക്ട് സെൻട്രൽ കോപ്പറേറ്റീവ് ബാങ്കിന്റെ മദ്രാസ് ഹൈ കോടതിയുടെ വിധിയുടെ അവലോകനം. ചാർട്ടേർഡ് അക്കൗണ്ടന്റ് ആയ ശിവദാസ് ചേറ്റൂരിന്റെ ലേഖനം. ഭാഗം 2.

194N പ്രകാരം പിടിച്ച നികുതി തന്നെ നമ്മുടെ വരുമാനം ആവുമോ?

17. സെക്‌ഷൻ 198 ലേക്ക് ഞാൻ വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നു. നമ്മുടെ പക്കൽ നിന്നും പിടിക്കുന്ന TDS സംഖ്യ നമ്മുടെ വരുമാനമായി കണക്കാക്കും എന്നാണ് ആ വകുപ്പ് പറയുന്നത്. ആയതുകൊണ്ട് നമ്മൾ ക്യാഷ് ആയി പിൻവലിക്കുന്ന സംഖ്യയിൽ നിന്നും ബാങ്കുകൾ പിടിക്കുന്ന TDS നമ്മുടെ വരുമാനമായി കണക്കാക്കും എന്നല്ലേ ആ വകുപ്പ് പറയുന്നത്? എന്തൊരു അന്യായമായ ഒരു സ്ഥിതിവിശേഷമാണ് എന്ന് നോക്കു.

18. ആക്ടിന്റെ സെക്‌ഷൻ 194N, ആക്ടിന്റെ സെക്‌ഷൻ 198 ന്റെ ഭാഷ എന്നിവ സംയോജിപ്പിച്ചു വായിക്കുമ്പോൾ വകുപ്പിന്റെ ഉദ്ദേശലക്ഷ്യങ്ങൾ കണക്കിലെടുത്തു ക്യാഷ് ഇടപാടിന്റെ സ്വഭാവം അവഗണിക്കണമെന്ന് ആദായനികുതി വകുപ്പിന് വേണ്ടി അവരുടെ അഭിഭാഷകൻ അഭ്യർത്ഥിച്ചു. നമ്മുടെ കയ്യിൽ നിന്നും പിടിക്കുന്ന TDS നമ്മുടെ വരുമാനമായി കണക്കാക്കിയാലും 194N വകുപ്പ് അനുസരിച്ച TDS പിടിക്കാൻ അനുവദിക്കണം എന്ന് കോടതിയോട് അഭ്യർത്ഥിച്ചു. അംഗ-സൊസൈറ്റികൾ ക്യാഷ് ആയി പിൻവലിച്ച തുക അവരുടെ കൈയ്യിൽ വരുമാനത്തെ പ്രതിനിധീകരിക്കുന്നില്ലെങ്കിലും, ഒരു കോടി രൂപയുടെ അധിക തുകയിൽ 2% ന് തുല്യമായ തുക കുറയ്ക്കാൻ ബാധ്യസ്ഥനാണെന്നാണ് ആദായനികുതി വകുപ്പിന്റെ പ്രധാന വാദം. എന്നാൽ കോടതി അതൊന്നും ചെവികൊണ്ടില്ല.

19. ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിനും ബിസിനസ് പേയ്‌മെന്റുകൾ പണമായി (ക്യാഷ് ) ആയി നടത്തുന്ന രീതിയെ നിരുത്സാഹപ്പെടുത്തുന്നതിനുമാണ് ആക്ടിന്റെ 194N സെക്‌ഷൻ പാര്ലമെന്റ് കൊണ്ടുവന്നത് എന്നത് ശരിയാണ്. പണത്തിന്റെ ഒഴുക്ക് കുറഞ്ഞ ഒരു സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിന്, ബാങ്ക് അക്കൗണ്ടിൽ നിന്ന് ഒരു വർഷത്തിൽ ഒരു കോടി രൂപയിൽ കൂടുതൽ പണം പിൻവലിക്കുന്നതിന് TDS 2% ഈടാക്കാൻ നിർദ്ദേശിക്കുന്നുവെന്നു ബഹുമാനപ്പെട്ട ധനമന്ത്രിയുടെ പ്രസംഗത്തിൽ നിന്ന് മനസ്സിലാക്കാം. എന്നാൽ ഒരു വിധേനയും പിൻവലിച്ച ക്യാഷ് വരുമാനമാവാൻ സാധ്യത ഇല്ലാത്ത സാഹചര്യത്തിൽ എങ്ങനെ TDS പിടിക്കും എന്ന് കോടതി ആരാഞ്ഞു. ഈ അവസരത്തിൽ ബഹു: കോടതി സുപ്രീം കോടതിയുടെ Commissioner of Income Tax Vs. M/s. VasisthChay Vyapar Limited (2019) 13SCC 747 എന്ന കേസിലെ വിധിയെ അടിസ്ഥാനമാക്കി മേല്പറഞ്ഞ ആദായനികുതി വകുപ്പിന്റെ വാദം തള്ളിക്കളഞ്ഞു. വരുമാനം അല്ലെങ്കിൽ അങ്ങനെയുള്ള തുകയിന്മേൽ ഒരിക്കലും നികുതി ചുമത്താൻ ആവില്ലെന്ന് സുപ്രീം കോടതി വളരെ വ്യക്തമായി ആ കേസിൽ പറഞ്ഞിട്ടുണ്ട്.

നികുതി ചുമത്തലും നികുതി പിരിക്കലൂം – അധികാരങ്ങൾ

20. നികുതി വേഗത്തിലും ബലപ്രദമായും പിരിച്ചെടുക്കാനുള്ള വകുപ്പുകളെ നികുതി ചുമത്താൻ അധികാരപ്പെട്ട വകുപ്പുകളായി കാണാൻ കഴിയില്ല എന്ന് കോടതികൾ വ്യക്തമാക്കിയിട്ടുണ്ട്. ബഹു: ബോംബെ ഹൈക്കോടതിയുടെ Rupesh Rashmikanth shah 417 ITR 169 എന്ന കേസിലെ വിധി വായിച്ചു നോക്കു. അതിൽ ബഹു കോടതി പറഞ്ഞത് വളരെ പ്രസക്തമാണ്. പണം കയ്യിൽ കിട്ടുന്ന ആൾക്ക് ആ പണത്തിനു നികുതി ഇല്ലെങ്കിൽ TDS പിടിക്കരുതെന്നും പിടിക്കാനായി പണം കൊടുക്കുന്ന ആളെ അതിനു നിർബന്ധിക്കരുത് എന്നും കോടതി വിധിച്ചു.

കോടതിയുടെ അന്തിമ തീരുമാനം

21. ഇത്രയും പറഞ്ഞുകൊണ്ട് TDS ഓഫീസർ പാസ്സാക്കിയ ഉത്തരവിനെ കോടതി റദ്ധാക്കി. പൊങ്കൽ ഗിഫ്റ്റിനെ TDS പിടിക്കുന്നതിൽ നിന്നും കോടതി ഒഴിവാക്കി ഉത്തരവായി. ഈ ലേഖകനെ സംബധിച്ചിടത്തോളം ഈ വിധി വളരെ സുപ്രധാനമാണ്. കേരള ഹൈക്കോടതി മുന്പാകെ തീർപ്പ് കൽപ്പിക്കാനായി കെട്ടികിടക്കുന്ന കേസുകൾക്ക് മദ്രാസ് ഹൈക്കോടതിയുടെ ഈ വിധി കൂടുതൽ കരുത്ത് നൽകും എന്ന് ഈ ലേഖകൻ വിശ്വസിക്കുന്നു.

അവസാനിച്ചു…..

Leave a Reply

Your email address will not be published.