1580 കോടിയുടെ പ്രവര്‍ത്തന മൂലധന കരുത്തോടെ കാലിക്കറ്റ് സിറ്റി ബാങ്ക് 21-ാം വര്‍ഷത്തിലേക്ക്

moonamvazhi

1580 കോടി രൂപയുടെ പ്രവര്‍ത്തന മൂലധനക്കരുത്തുമായി കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് ഇരുപത്തിയൊന്നാം വര്‍ഷത്തിലേക്കു കടന്നു. ബാങ്കിന്റെ ഇരുപതാം വാര്‍ഷികവും ബാങ്കിന്റെ കീഴിലുള്ള സൗജന്യ ഡയാലിസിസ് സെന്ററിന്റെ പത്താം വാര്‍ഷികവും ജൂലായ് 28 നു ബാങ്ക് ഓഡിറ്റോറിയത്തില്‍ ആഘോഷിച്ചു.

സി.എന്‍. വിജയകൃഷ്ണന്‍ എന്ന കര്‍മനിരതനായ സഹകാരിയുടെ നേതൃത്വത്തില്‍ 2002 ല്‍ കേവലം ഏഴു ലക്ഷം രൂപ പ്രവര്‍ത്തന മൂലധനവുമായാണു കാലിക്കറ്റ് സിറ്റി ബാങ്ക് പ്രവര്‍ത്തനമാരംഭിച്ചത്. ഇന്നു ഇന്ത്യയിലെ ഏറ്റവും വലിയ പ്രാഥമിക സര്‍വീസ് സഹകരണ ബാങ്കായി കാലിക്കറ്റ് സിറ്റി ബാങ്ക് വളര്‍ന്നിരിക്കുന്നു. പ്രതിസന്ധികളില്‍പ്പോലും തളരാതെ തുടര്‍ച്ചയായി ലാഭത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ഈ സഹകരണ ബാങ്ക് സാധാരണ ജനങ്ങള്‍ക്കൊപ്പം നിലനിന്നുകൊണ്ട് അവര്‍ക്കു സഹായകരമായ പദ്ധതികളിലൂടെ മുന്നേറുകയാണ്. 176 സ്ഥിരം ജീവനക്കാരുള്ള ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൗജന്യ ഡയാലിസിസ് സെന്റര്‍, നീതി മെഡിക്കല്‍ സ്റ്റോര്‍ എന്നിവിടങ്ങളിലായി 15 ജീവനക്കാരുണ്ട്. ഒരു മൊബൈല്‍ ബാങ്കുള്‍പ്പെടെ 26 ശാഖകളാണു ബാങ്കിനുള്ളത്. ഇതില്‍ മാവൂര്‍ റോഡ് ശാഖ 365 ദിവസവും രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെ പ്രവര്‍ത്തിക്കുന്നു.

സൗജന്യ ഡയാലിസിസ്
സെന്ററും കാന്‍സര്‍ സെന്ററും

2012 ലാണു കാലിക്കറ്റ് സിറ്റി ബാങ്കിന്റെ കീഴില്‍ സൗജന്യ ഡയാലിസിസ് സെന്റര്‍ ആരംഭിച്ചത്. ഇതുവരെ അറുപതിനായിരത്തോളം നിര്‍ധന രോഗികള്‍ക്കു സൗജന്യമായി ഡയാലിസിസ് ചെയ്തുകൊടുക്കാന്‍ ഈ സെന്ററിനു കഴിഞ്ഞു. ബാങ്കിന്റെ കീഴിലുള്ള കെയര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ 2017 ല്‍ ആരംഭിച്ച എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്നു രാജ്യത്തെ മികച്ച കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളിലൊന്നായി വളര്‍ന്നുകഴിഞ്ഞു. കാന്‍സര്‍ ചികിത്സക്കുള്ള ഭാരിച്ച ചെലവു താങ്ങുന്നതിനു ഒരുകൈ സഹായമെന്ന നിലയില്‍ ഒരു സഹായപദ്ധതിയും മാസ് കെയര്‍ ആരംഭിച്ചിട്ടുണ്ട്. 15,000 രൂപ സിറ്റി ബാങ്കില്‍ നിക്ഷേപിക്കുന്ന ഒരാള്‍ക്കു അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണിത്. 20,000 പേര്‍ ഇതില്‍ ചേര്‍ന്നുകഴിഞ്ഞു.

സഹകരണ മന്ത്രി വി.എന്‍. വാസവനാണു ബാങ്കിന്റെ ഇരുപതാം വാര്‍ഷികം ഉദ്ഘാടനം ചെയ്തത്. സഹകരണ മേഖലയുടെ സുരക്ഷയ്ക്കായി സമഗ്രമായ ഒരു നിയമ ഭേദഗതി അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും അതിനുള്ള കരടുരേഖ തയാറായിക്കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. സഹകരണ മേഖലയിലെ ഏതു തരത്തിലുള്ള ക്രമക്കേടും തക്ക സമയത്തു കണ്ടെത്താനും സുതാര്യമായി ഇടപാടുകള്‍ മുന്നോട്ടുകൊണ്ടുപോകാനും സഹായിക്കുന്ന കുറ്റമറ്റ ഒരു നിയമമാണു വരാന്‍ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് സിറ്റി ബാങ്ക് രജതജൂബിലിയിലെത്തുമ്പോള്‍ രണ്ടായിരം കോടിക്കപ്പുറം നിക്ഷേപമുള്ള ബാങ്കായിത്തീരട്ടെ എന്നു മന്ത്രി ആശംസിച്ചു.

സൗജന്യ ഡയാലിസിസ് സെന്ററിന്റെ പത്താം വാര്‍ഷികം തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍എ. ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് സിറ്റി ബാങ്ക് ചെയര്‍മാന്‍ ജി. നാരായണന്‍കുട്ടി അധ്യക്ഷത വഹിച്ചു. സഹകരണ മന്ത്രിക്കും തോട്ടത്തില്‍ രവീന്ദ്രനും എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ ഉപഹാരം നല്‍കി. മികച്ച പ്രവര്‍ത്തനത്തിനു കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ്, ചക്കിട്ടപ്പാറ വനിതാ സഹകരണ സംഘം പ്രസിഡന്റ് എം.ജേ. ത്രേസ്യ, കാരശ്ശേരി സഹകരണ ബാങ്ക് ചെയര്‍മാന്‍ എന്‍.കെ. അബ്ദുറഹ്മാന്‍, യു.എല്‍.സി.സി. ചെയര്‍മാന്‍ രമേശന്‍ പാലേരി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സഹകരണ വകുപ്പ് ജോ. രജിസ്ട്രാര്‍ ബി. സുധ, കാലിക്കറ്റ് ഡെവലപ്‌മെന്റ് അതോറിറ്റി മുന്‍ ചെയര്‍മാന്‍ എം.സി. മായിന്‍ ഹാജി, കോഴിക്കോട് ജില്ലാ പാക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജി.സി. പ്രശാന്ത് കുമാര്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു. കാലിക്കറ്റ് സിറ്റി ബാങ്ക് ഡയറക്ടര്‍മാരായ പി. ദാമോദരന്‍ സ്വാഗതവും കെ.പി. രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.

സഹകരണപ്രസ്ഥാനം നല്ലൊരു നാളേയ്ക്ക് ‘ എന്ന വിഷയത്തെക്കുറിച്ചു നടന്ന സെമിനാര്‍ മുന്‍ സംസ്ഥാന പ്ലാനിങ് ബോര്‍ഡംഗം സി.പി. ജോണ്‍ ഉദ്ഘാടനം ചെയ്തു. സഹകരണത്തിനു കേരളത്തിലെല്ലായിടത്തും അതിന്റേതായ വേരുകളുണ്ടായിരുന്നെങ്കില്‍പ്പോലും കോഴിക്കോട്ട് ഒരു സവിശേഷസ്ഥിതിയുണ്ടായിരുന്നെന്നു ജോണ്‍ അഭിപ്രായപ്പെട്ടു. വടക്കേ മലബാറില്‍ നിലനിന്നിരുന്ന പണപ്പയറ്റ് സംസ്‌കാരത്തില്‍ നിന്നാണു സഹകരണത്തിന്റെ അടിത്തറ രൂപപ്പെട്ടത്. അന്നു നിലനിന്നിരുന്ന സാമൂഹികബന്ധങ്ങളെ മറികടക്കാന്‍ ആര്‍ക്കും സാധിച്ചിരുന്നില്ല – അദ്ദേഹം പറഞ്ഞു. നാഷണല്‍ ലേബര്‍ കോ-ഓപ്പറേറ്റീവ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഡയറക്ടര്‍ ടി.കെ. കിഷോര്‍കുമാര്‍ വിഷയമവതരിപ്പിച്ചു. സഹകരണ വകുപ്പ് അസി. രജിസ്ട്രാര്‍ വാസന്തി കെ.ആര്‍, റിട്ട. അസി. രജിസ്ട്രാര്‍ എ.കെ. അഗസ്തി, വേണുഗോപാല്‍ ( പാക്‌സ് ഡവലപ്‌മെന്റ് സെല്‍ ), റിട്ട. അഡീഷണല്‍ രജിസ്ട്രാര്‍ കെ.വി. സുരേഷ് ബാബു, അസി. രജിസ്ട്രാര്‍ ശശികുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കാലിക്കറ്റ് സിറ്റി ബാങ്ക് ഡയറക്ടര്‍മാരായ അഡ്വ. അരങ്ങില്‍ ശിവദാസ് സ്വാഗതവും പി.എ. ജയപ്രകാശ് നന്ദിയും പറഞ്ഞു. കലാപരിപാടികള്‍ നടന്‍ നിര്‍മല്‍ പാലാഴി ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News